ഒരു മാധ്യമത്തിനെതിരെ യൂട്യൂബിന്റെ അപൂർവ്വ നടപടി, ഇത് അനിവാര്യം

304

Rajesh Mv

വ്യാജവാർത്തകൾ പ്രചരിപ്പിച്ച മറുനാടൻ മലയാളീ ഓൺലൈൻ ചാനൽ യൂട്യൂബ് തന്നെ പൂട്ടി; ഒരു മാധ്യമത്തിനെതിരെ യൂട്യൂബിന്റെ അപൂർവ്വ നടപടി. നിരവധി വ്യാജ വാർത്തകൾ സൃഷ്ടിച്ച് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മറുനാടൻ മലയാളിയുടെ യുട്യൂബ് പ്രധാന ചാനൽ പൂട്ടി. കഴിഞ്ഞ ഒരാഴ്ചയായി പ്രവർത്തനം മരവിപ്പിച്ച ചാനലിനെതിരെ തുടർച്ചയായ അച്ചടക്ക മാനദണ്ഡ ലംഘന റിപ്പോർട്ടുകൾ എത്തിയതോടെ ചാനൽ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന നടപടി യൂട്യൂബ് കൈക്കൊള്ളുകയായിരുന്നു. പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള ചാനലിന്റെ ശേഷി ആഗസ്റ്റ് 17 ന് എടുത്തു കളഞ്ഞ യൂട്യൂബ് ഇന്ന് മറുനാടൻ മലയാളിയുടെ സാമൂഹിക നിലവാരത്തകർച്ചയിൽ മൂന്നാമത്തെ അച്ചടക്ക നടപടിയും കൈകൊണ്ടു. ഒരു വാർത്താമാധ്യമത്തിനെതിരെ ഇതാദ്യമായാണ് യൂട്യൂബ് ഇത്ര കർശന നിലപാട് സ്വീകരിക്കുന്നത്. ആഗസ്റ്റ് 31 നകം ചാനൽ യൂട്യൂബിൽ നിന്നും പൂർണമായും അപ്രത്യക്ഷമാകും.

സ്ത്രീകളെ അവഹേളിച്ചും സ്ത്രീത്വത്തെ അപമാനിച്ചും വ്യാജ വാർത്ത നൽകിയതിന് വനിതാ കമ്മീഷൻ മറുനാടൻ മലയാളിക്കെതിരെയും അതിന്റെ ഉടമ ഷാജൻ സ്കറിയയ്‌ക്കെതിരെയും നിയമ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതേ കുറ്റത്തിന് തൃശൂർ പോലീസ് സൂപ്രണ്ടിന്റെ നിർദേശത്തിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം ആരംഭിച്ചു. വനിതാ മാധ്യമ പ്രവർത്തക അപർണ കുറുപ്പ് , അദ്ധ്യാപിക ദീപാ നിശാന്ത് തുടങ്ങി നിരവധി വനിതകൾക്കെതിരെ ഷാജൻ സ്കറിയ പ്രത്യക്ഷപ്പെട്ട് നടത്തിയ അപകീർത്തികരമായ വീഡിയോ വർത്തകളും നിയമ നടപടികൾ നേരിടുകയാണ്.

വ്യവസായ സ്ഥാപനങ്ങൾ, വ്യാപാരികൾ, മാധ്യമ സ്ഥാപനങ്ങൾ, മാധ്യമ പ്രവർത്തകർ തുടങ്ങി സിനിമ താരങ്ങൾക്കെതിരെയും മറുനാടൻ മലയാളീ വ്യാജ വാർത്തകൾ എഴുതിയതിന് കേസ്സുകൾ ഉണ്ട്. ട്വൻറി ഫോർ ചാനലിനെയും ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരെയും ചാനലിന്റെ ഡയറക്ട്ടർമാരെയും അപകീർത്തിപ്പെടുത്തിയതിന് പ്രത്യേകം കേസ്സുകൾ നടക്കുന്നുണ്ട്.
ഷാജൻ സ്കറിയയും കുടുംബവും യു.കെ.യിൽ നടത്തിയിരുന്ന ‘ബ്രിട്ടീഷ് മലയാളീ’ ഉൾപ്പെടയുള്ള ഓൺലൈൻ പോർട്ടലുകളിൽ വ്യാജ വാർത്തകൾ എഴുതുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിന് യു.കെ. കോടതി ഷാജൻ സ്കറിയയെ ഒന്നരക്കോടിരൂപ പിഴ ഈടാക്കി ശിക്ഷിച്ചിരുന്നു. ഇതേ തുടർന്ന് യു,കെ.യിലെ കമ്പനികളുടെ പ്രവർത്തനം അവസാനിപ്പിച്ച ഷാജൻ കേരളത്തിലെത്തിയാണ് ‘മറുനാടൻ മലയാളി ‘ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്.

വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കാൻ ഷാജൻ ഏറ്റവും പ്രധാനമായും ഉപയോഗിച്ച യൂട്യൂബ് ചാനലിനാണ് ഇപ്പോൾ പൂട്ട് വീണത്. ബ്ലാക്ക് മെയിൽ ജേർണലിസത്തിനു വിദേശ കോടതിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ഷാജൻ മറുനാടൻ മലയാളിയുടെ പ്രവർത്തനത്തിന്റെ തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നിരന്തരമായ നുണകൾ കൊണ്ട് വ്യാജ വാർത്തകൾ സൃഷ്ടിച്ച് വിമർശകരുടെ വായടപ്പിച്ച ഷാജന്റെയും മറുനാടന്റെയും വലിയ വിതരണ മാർഗമാണ് യൂട്യൂബ് ഇടപെട്ട് ഇപ്പോൾ പൂട്ടിച്ചിരിക്കുന്നത് . മറുനാടൻ മലയാളിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് ഇതോടെ നിലച്ചത്.