അമിതമായ മൊബൈൽ ഫോൺ ഉപയോഗം വരുത്തിവയ്ക്കും ‘സെർവിക്കൽ നേർവ് കമ്പ്രഷൻ’

764

എഴുതിയത്  : Rajesh Mv

*മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ!!*

2015 കാലയളവിൽ ഞാൻ അനുഭവിച്ച
സെർവിക്കൽ നേർവ് കമ്പ്രഷൻ എന്ന
വളരെ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.
ഒരു പകൽ പുലരുമ്പോൾ ബെഡിൽ നിന്നും എണീക്കാൻ പോലും കഴിയാതെ ഇടതു കൈ അറ്റ് പോവുകയാണോ എന്നു തോന്നും വിധം അസഹനീയമായ വേദന അനുഭവിച്ച ഒരു കാലഘട്ടമായിരുന്നു അതു.

Rajesh Mv
Rajesh Mv

ഇടതു കൈവിരലുകളിൽ മരവിപ്പ്, ഇടതു നെഞ്ചിലേക്ക് പടർന്നു കയറുന്ന വേദന, മസിൽ വെസ്റ്റേജ് എന്നിങ്ങനെ വളരെ ഗുരുതരമായ പ്രശ്നങ്ങൾ അന്ന് അനുഭവിച്ചു. ഒരു പോള കണ്ണടക്കാൻ കഴിയാതെ വേദന തിന്നു കഴിച്ചുകൂട്ടിയ ദിവസങ്ങൾ. വേദന സംഹാരികൾ കഴിച്ചും ഇൻജക്ഷൻ എടുത്തും തള്ളി നീക്കിയ ഒരു മാസ്സം. ടെന്നീസ് എൽബോ ആണ് എന്ന് കണ്ടുപിടിച്ച മാലിദ്വീപിൽ ജോലിചെയ്യുന്ന, ഇന്ത്യക്കാരായ, കിണറ്റിൽ എറിയേണ്ടുന്ന ചില ഡോക്റ്റര്മാരുടെ നിഗമനങ്ങൾ കാരണം മസിൽ വെസ്റ്റേജ് വന്നു കൈ ശോഷിച്ചു.
ഒരുമാസം ഇവരുടെ തെറ്റായ നിഗമനങ്ങളിൽ പെട്ട് വേദന തിന്നു അവസ്സാനം എമർജൻസി ലീവിൽ നാട്ടിൽ പോയപ്പോഴാണ് അസുഖം പെട്ടന്ന് സ്ഥിരീകരിക്കപ്പെട്ടത്.

Image result for cervical nerve compressionഎം ഈ എസ് മെഡിക്കൽ കോളേജ്, അൽഷിഫാ ഹോസ്‌പിറ്റൽ, ഈ എം എസ് മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അമൃത മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നെല്ലാം സർജ്ജറി വേണം എന്നാണ് നിർദ്ദേശിച്ചത്.

സർജ്ജറി ഒഴിവാക്കികൊണ്ടുള്ള ഒരു ചികിത്സക്കുള്ള സാധ്യതകളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി.എന്റെ ഭാര്യ അന്ന് അസിസ്റ്റന്റ് അഡ്മിൻ ഓഫീസർ ആയി ജോലിചെയ്തുകൊണ്ടിരുന്ന
എം ഇ എസ് മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻ ആയിരുന്ന ഡോക്റ്റർ കൃഷ്ണകുമാർ അന്ന് തന്ന വളരെ നല്ലൊരു ഉപദേശമാണ് എന്നെ സർജ്ജറിയിൽ നിന്നും പിന്തിരിപ്പിച്ചത്.

“സർജ്ജറി എന്നത് ഏറ്റവും അവസാനത്തെ മാർഗ്ഗം മാത്രമായെ opt ചെയ്യാവൂ” എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
മറ്റു മാർഗ്ഗങ്ങൾ പരീക്ഷിച്ചു പരാജയപ്പെടുമ്പോൾ മാത്രമേ ആരും സർജ്ജറി എന്ന ഓപ്‌ഷൻ എടുക്കാവൂ.

നട്ടെല്ലിന്റെ മുകൾ ഭാഗത്തെ സെർവിക്കൽ ഡിസ്‌ക്കുകളിൽ C6-C7 ഡിസ്‌ക്കുകൾക്ക് ഇടയിലൂടെ ഇടത്തുകയിലേക്കും ഇടതു നെഞ്ചിലേക്കും പടർന്നു വ്യാപിക്കുന്ന ഞെരമ്പു ഡിസ്‌ക്കുകൾക്കിടക്കു ജാം ആയതായിരുന്നു എന്റെ രോഗാവസ്ഥ.
സെർവിക്കൽ നേർവ് കമ്പ്രഷൻ എന്ന രോഗം.

ഡോക്റ്ററുടെ നിർദ്ദേശപ്രകാരം 6 ദിവസത്തോളം അഡ്മിറ്റ് ആയി ട്രാക്ഷൻ ഇട്ടു കിടന്നു. രണ്ടു നേരം ഫിസിയോയും ഒപ്പം 3 ദിവസ്സം സ്റ്റിറോയ്ഡ്‌സ് അടങ്ങിയ ഇഞ്ചക്ഷനും. നല്ല ഭേദമായി.

Image result for cervical nerve compressionഡിസ്ചാജ്ജ് ആയി വീട്ടിൽ വന്നിട്ട് 10 ദിവസ്സം ട്രാക്ഷൻ തുടർന്നു. ലീവ് കുറവായതിനാൽ തിരിച്ചു പോന്നു. ഇവിടെ രാത്രിയിൽ കിടക്കുമ്പോൾ ട്രാക്ഷൻ ഇട്ട് 3 മാസ്സം കിടന്നു. വേദന കുറഞ്ഞു. നെക്ക് കോളറും ഉപയോഗിച്ചു. ഇപ്പോൾ മസ്സിൽസ് ഒക്കെ റീ ഗൈൻ ചെയ്തു. വേദന മാറി.

ഇതേ സാഹചര്യങ്ങൾ ഇന്ന് നേരിടുന്ന, സർജ്ജറി ഒക്കെ കഴിഞ്ഞു വിശ്രമിക്കുന്ന ചില സുഹൃത്തുക്കളുടെ കൂടെ അനുഭവങ്ങൾ മുൻനിർത്തിയാണ് ഇത് പങ്കുവെക്കുന്നത്.

മനോരമ ഓൺലൈനിൽ മുന്നേ വന്ന ഇതു സംബന്ധിച്ചുള്ള ഒരു ലേഖനം ഇതേക്കുറിച്ചുള്ള കൃത്യമായ അവബോധം നൽകുന്ന ഒന്നായതിനാൽ ഷെയർ ചെയ്യുന്നു.

*മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ!!*

ചുറ്റും ഒന്നു കണ്ണോടിക്കൂ. ഏതെങ്കിലുമൊരാൾ തല കുമ്പിട്ടു മൊബൈലിൽ തോണ്ടിക്കൊണ്ടിരിപ്പുണ്ടാകും. ചെറിയ കുട്ടികളടക്കം, കുനിഞ്ഞിരിക്കുന്ന ഒരു തലമുറയാണു നമ്മുടെ മുന്നിൽ വളർന്നു വരുന്നത്.

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വ്യക്തിയുടെ സാമൂഹിക, കുടുംബ ജീവിതത്തെ സാരമായി ബാധിക്കുന്നതോടൊപ്പം അവരുടെ വിലയേറിയ സമയം കൂടിയാണ് അപഹരിക്കുന്നത്.

* നമ്മുടെ വിരലുകളും മൊബൈൽ ഫോണും*

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പെരുവിരലിനെ ബാധിക്കുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ജോയിന്റ് റീപ്ലേസ്മെന്റ് സർജറി കൺസൽറ്റന്റ് ഡോ. എസ്. വിജയമോഹൻ പറഞ്ഞു. ടെക്സ്റ്റ് മെസേജ് ഇഞ്ചുറിയെന്നാണ് ഈ അസുഖത്തിന്റെ വിളിപ്പേര്. ചികിൽസ തേടിയെത്തിയ 22കാരിയിൽ ഈ രോഗം കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു. പെരുവിരലിനെയും കൈപ്പത്തിയെയും ബന്ധിപ്പിക്കുന്ന സന്ധിയിലെ തേയ്മാനമാണു കണ്ടെത്തിയത്. പെരുവിരലിന്റെ ശരിയല്ലാത്ത ഉപയോഗമാണു തേയ്മാനത്തിനു കാരണം. ടച്ച് സ്ക്രീൻ ഫോണുകൾക്കു മുൻപുള്ള കീപാഡ് ഫോണുകളിൽ ടെക്സ്റ്റ് മെസേജ് അയയ്ക്കാൻ പെരുവിരലാണു കൂടുതലായി ഉപയോഗിച്ചിരുന്നത്. ടച്ച് സ്ക്രീൻ ഫോണുകൾ എത്തിയപ്പോഴും സ്ക്രീൻ സ്ക്രോൾ ചെയ്യാൻ പെരുവിരലാണ് ഉപയോഗിക്കുന്നത്. വളരെ വേഗത്തിലാണു ഫോണുകളിൽ കൈവിരലുകളുടെ സഞ്ചാരം. ഇത് ആഘാതത്തിന്റെ അളവു വർധിപ്പിക്കുന്നു. അമിതമായ ഉപയോഗം നിയന്ത്രിക്കുകയാണു പ്രതിവിധി.

*തുടർച്ചയായി തല കുനിഞ്ഞിരിക്കൽ*

തുടർച്ചയായി കുനിഞ്ഞിരുന്നു മൊബൈലിൽ ടൈപ്പ് ചെയ്യുന്നതു ടെക്സ്റ്റ് നെക്ക് സിൻഡ്രോം എന്ന രോഗത്തിനു കാരണമാകും. അമിതമായ സ്മാർട്ട് ഫോൺ, ടാബ്, ലാപ്ടോപ് ഉപയോഗവും ഈ രോഗം വിളിച്ചുവരുത്തും. തോൾ വേദന, കയ്യിലേക്ക് അരിച്ചിറങ്ങുന്ന വേദന എന്നിവയാണു ലക്ഷണങ്ങൾ. നട്ടെല്ലിന്റെ മുകൾ ഭാഗത്തു തുടർച്ചയായി വേദന വരാം. കഴുത്തു തിരിക്കുമ്പോളും വേദനയുണ്ടാകും. കഴുത്തു തുടർച്ചയായി കുനിച്ചിരിക്കുമ്പോൾ ഏകദേശം 27 കിലോഗ്രാം ഭാരം കഴുത്തിലേക്ക് എടുത്തു വയ്ക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. തലയുടെ സാധാരണ ഭാരം അഞ്ചു മുതൽ അഞ്ചര കിലോഗ്രാമാണ്.
ന്യൂയോർക്ക് സ്പൈൻ സർജറി ആൻഡ് റിഹാബിലിറ്റേഷൻ മെഡിസിനിലെ ഡോ. കെനറ്റ് ഹൻസ്റേയാണ് പഠനത്തിനു നേതൃത്വം നൽകിയത്. ഒരാൾ ഒരു ദിവസം നാലു മണിക്കൂർ വീതം പ്രതിവർഷം 1400 മണിക്കൂർ മൊബൈലിൽ നോക്കാൻ ചെലവഴിക്കുന്നുവെന്നാണു കണക്ക്. തുടർച്ചയായി കഴുത്തിനെ ക്ലേശിപ്പിക്കുന്നത് സെർവിക്കൽ സ്‌പോണ്ടിലോസിസിനു വരെ കാരണമാകാം.

*മുൻകരുതലുകൾ:*

1. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഒഴിവാക്കുക.

2. കഴിയുന്നത്ര ഫോൺ കണ്ണിനു നേരെ പിടിച്ച് ഉപയോഗിക്കുക.
ഇങ്ങനെ ആവശ്യമില്ലാതെ തല കുനിഞ്ഞു കഴുത്തിനെ ക്ലേശിപ്പിക്കുന്നത് ഒഴിവാക്കാം.

3. മൊബൈൽ നോക്കുന്നതിനും കംപ്യൂട്ടർ നോക്കുന്നതിനും ഓരോ 20 മിനിറ്റിലും ഇടവേള നൽകുക.

4. ഇടയ്ക്ക് എഴുന്നേറ്റു നിൽക്കുക.

5. വ്യായാമം ശീലമാക്കുക.

Advertisements