എന്താണ് കേരള ബാങ്ക് ?

0
741

എഴുതിയത്  : Rajesh Mv

എന്താണ് കേരള ബാങ്ക്?

കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബർ ഒന്നാം തീയതി പ്രാബല്യത്തില്‍ എത്തുന്നു . മുമ്പ് കേരളത്തിന്‍റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ടിരുന്ന എസ്ബിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയുമായി ലയിപ്പിച്ചതോടെ കേരളത്തിന് ആശങ്കയുണ്ടായിരുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരുന്നത് എസ്ബിടി ആയിരുന്നു. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് എസ്ബിടിയില്‍ നിന്ന് വായ്പകള്‍ യഥേഷ്ടം നല്‍കിയിരുന്നു. എന്നാല്‍ ലയനത്തിനുശേഷം കേരളത്തിന് പുതിയ ബാങ്കില്‍ നിന്ന് എത്രമാത്രം പരിഗണന ലഭിക്കുമെന്ന സശയം ഉണ്ടായിതുന്നു. ഇതോടെയാണ് കേരള ബാങ്ക് എന്ന കാഴ്ചപ്പാട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

എങ്ങനെയാണ് കേരള ബാങ്കിന്‍റെ രൂപീകരണം ?

ത്രിതല സംവിധാനമാണ് നമ്മുടെ സഹകരണ ബാങ്കിന്‍റെ പൊതുഘടന. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് സഹകരണ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ചുകൊണ്ടാണ് പൂതിയ ബാങ്കിന്‍റെ രൂപീകരണം. 804 ബ്രാഞ്ചുകളുടെ ലയനമാണ് പൂര്‍ത്തികരിക്കേണ്ടത്.

കേരള ബാങ്കിന്‍റെ സാമ്പത്തിക അടിത്തറ
സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചുകൊണ്ടാണ് കേരള ബാങ്ക് എന്ന കേരളത്തിന്‍റെ സ്വന്തം ബാങ്ക് രൂപീകരിക്കുന്നത്. ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനു റിസര്‍വ്വ് ബാങ്കിന്‍റെ പച്ചക്കൊടി കേരളത്തിന് വലിയ സന്തോഷം നേടിതരുന്നതാണ്.

സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളില്‍ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

എന്തൊക്കെ ഗുണങ്ങള്‍ കേരള ബാങ്കിലൂടെ?

ത്രിതല ബാങ്കിങ് മേഖലയില്‍ നിന്ന് ദ്വിതല ബാങ്കിങ് മേഖലയിലേക്കാണ് കേരളം എത്തിപ്പെടുന്നത്. സഹകരണ ബാങ്കിങ് മേഖലയെ കേരള ബാങ്കായി മാറ്റുന്നതോടെ വായ്പാ പലിശ നിരക്കില്‍ നല്ല കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. വായ്പക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. സംസ്ഥാന സഹകരണ ബാങ്കുകളിലേക്കും ജില്ലാ സഹകരണ ബാങ്കുകളിലേക്കുമുള്ള രണ്ടു ചാര്‍ജുകളുമാണ് ലയനത്തോടെ ഇല്ലാതെയാകുന്നത്.
സഹകരണ ബാങ്കുകള്‍ക്ക് ഇപ്പോഴുള്ള അടിസ്ഥാനവികസന പ്രതിസന്ധി ഇല്ലതാകും. 2.52 ശതമാനമാണ് സംസ്ഥാന കോ-ഒാപ്പറേറ്റീവ് ബാങ്കിന്‍റെ എന്‍പിഎ. മറ്റു സഹകരണ ബാങ്കുകളുടെ എന്‍പിഎ 3.81 മുതല്‍ 16.36 ശതമാനം വരെ ആണ്. ലയനത്തോടെ ഈ കിട്ടാകടത്തിന് പരിഹാരമാകുകയും ചെയ്യും. നിലവില്‍ നഷ്ടത്തില്‍ കഴിയുന്ന സംസ്ഥാന സഹകരണ ബാങ്കിന് പുനര്‍ജീവന്‍ നല്‍കാന്‍ കേരള ബാങ്കിന് ആകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
കേരള ബാങ്ക് കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ .

1.ഇപ്പോൾ സഹകരണമേഖല മൂന്ന് തട്ടാണ് . അത് കൊണ്ട് നബാർഡ് വഴി ഒക്കെ ഉള്ള പദ്ധതികൾക്ക് 3 മാർജിൻ വരും . രണ്ട് തട്ടായി മാറുമ്പോൾ കാർഷിക വായ്പകൾ ഇപ്പോളുള്ളതിൽ കുറഞ്ഞ നിരക്കിൽ കൊടുക്കാൻ സാധിക്കും ..

2.പൊതുമേഖലയെ അപേക്ഷിച്ചു സഹകരണ മേഖല സാധാരണക്കാർക്ക് പ്രാപ്യമാണ് എന്നതിനാൽ കേരള ബാങ്ക് വരുന്നതോടെ സഹകരണ മേഖലയിൽ നിലനിൽക്കുന്ന ഉയർന്ന പലിശ നിരക്ക് ( പൊതുമേഖലാ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ) ഘട്ടം ഘട്ടമായി കുറയുന്നതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കും .

  1. സാങ്കേതിക നൂലാമാലകളിൽ കുറുക്കി സാധാരണക്കാരനെ വലക്കുന്ന പൊതുമേഖലാ ബാങ്കുകളിൽ നിന്നും സാധാരണക്കാർക്ക് മനുഷ്യത്വപരമായ സമീപനം ഉറപ്പാക്കുന്ന ഒരു ജനകീയ ബാങ്കിങ് രീതി ഉടലെടുക്കും ..

  2. പ്രാഥമിക സഹകരണബാങ്കുകളിൽ കേരളാബാങ്ക് നൽകുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കുക വഴി സാധാരണക്കാർക്ക് ആർ ടി ജി എസ് , നെഫ്ട് , മൊബൈൽ ബാങ്കിങ് , ഇന്റർനെറ്റ് ബാങ്കിങ് , ഡെബിറ്റ് കാർഡുകൾ തുടങ്ങിയ ആധുനിക ബാങ്കിങ് സൗകര്യങ്ങൾ കുറഞ്ഞ ചെലവിലോ സൗജന്യമായോ ലഭിക്കും .( ഇപ്പോൾ പല ബാങ്കുകളും ഹിഡ്ഡൻ ചാർജ്ജുകൾ ഈടാക്കുന്ന മേഖലയാണിത് )

  3. കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു ഔദ്യോഗിക ബാങ്ക് ഉണ്ടാകും എന്നതിനാൽ സർക്കാർ പണമിടപാടുകൾ മുഴുവൻ സുഗമമായി കൈകാര്യം ചെയ്യാൻ സാധിക്കും .

  4. ഏത് വിദേശ രാജ്യത്ത് നിന്നും കേരള ബാങ്ക് വഴി പണം ഇങ്ങോട്ടും തിരിച്ചങ്ങോട്ടും അയക്കാൻ സാധിക്കും . അത് വഴി പ്രവാസി നിക്ഷേപം വളരെയധികം വർദ്ധിക്കും .

  5. മുൻപ് ഗോശ്രീ പാലത്തിനും കൊച്ചി മെട്രോക്കും എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്‌പകൾ അനുവദിച്ചത് പോലെ സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് ഫണ്ട് ലഭ്യമാക്കാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകും