സൂര്യനെ നിറയ്ക്കാൻ 13 ലക്ഷം ‘ഭൂമി’ വേണം !
Rejeesh Palavila
നമ്മളിൽ പലരും താമസിക്കുന്നത് അഞ്ചോ പത്തോ സെന്റ് വസ്തുവിലാകാം.അല്ലെങ്കിൽ ഒരു ഇരുപത്.അങ്ങനെയുള്ള നമുക്ക് ഒരേക്കർ വസ്തു എന്നത് എത്ര വിശാലമാണ്.ആ ഒരേക്കർ നിൽക്കുന്ന ഗ്രാമത്തിന്റെ അല്ലെങ്കിൽ പട്ടണത്തിന്റെ മൊത്തം വലിപ്പം എത്ര ഏക്കറുകൾ ആയിക്കും.അത് ഉൾക്കൊള്ളുന്ന സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയുമൊക്കെ സങ്കൽപ്പിക്കേണ്ടിവരുമ്പോൾ നമ്മുടെ മസ്തിഷ്കത്തിന് കുറച്ച് സങ്കീർണ്ണത അനുഭവപ്പെട്ടു തുടങ്ങും.
ആ രാജ്യം നിൽക്കുന്ന ഭൂഖണ്ഡത്തിന്റേയോ അങ്ങനെ അനവധി ഭൂഖണ്ഡങ്ങൾ നിറഞ്ഞ ഈ മുഴുവൻ ഭൂമിയുടേയും വലിപ്പം നമുക്ക് അനായാസം സങ്കൽപ്പിക്കാൻ പറ്റുന്നുണ്ടോ? ഒരു ഗ്ലോബ് കാണുന്നപോലെ വെറുതെ മനസ്സിൽ കാണാനല്ല.സാധ്യമാകുന്നത്ര വലിപ്പത്തിൽ യഥാർത്ഥ ചിത്രം കാണാൻ!
അനന്ത മഹാസമുദ്രങ്ങൾ,നിഗൂഢമായ ഘോര വനങ്ങൾ,മാനം മുട്ടുന്ന പർവ്വതങ്ങൾ,വിശാലമായ താഴ്വരകൾ, മരുഭൂമികൾ,മഞ്ഞുമലകൾ അങ്ങനെ വൈവിധ്യങ്ങളുടെ കലവറയായ, ജീവന്റെ വിളനിലമായ ഈ മഹാ ഭൂമിയുടെ വലിപ്പം പോലും നമുക്ക് മനസ്സിൽ സങ്കൽപ്പിക്കുക എന്നത് എത്രയോ സാഹസമാണ്.
നടുക്ക് നിന്ന് ഒരു പരിധിയിലേക്ക് ഒരു വര വരച്ചാൽ ഏതാണ്ട് ആറായിരത്തി മുന്നൂറ്റി എഴുപത്തിയൊന്ന് കിലോമീറ്റർ നീളംവരും ഭൂമിയുടെ ആരം(Radius). അങ്ങനെയുള്ള നമ്മുടെ ഭൂമിയ്ക്ക് സൗരയൂഥത്തിൽ വലിപ്പത്തിൽ വ്യാഴവും ശനിയും യുറാനസും നെപ്ട്യൂണും കഴിഞ്ഞ് അഞ്ചാം സ്ഥാനമേയുള്ളൂ!
നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിൽ നമുക്ക് ഏതാണ്ട് ആയിരത്തി മുന്നൂറ് ഭൂമിയെ കൊണ്ട് വയ്ക്കാം! ട്വിസ്റ്റ് അവിടല്ല ,സൗരയൂഥത്തിന്റെ കേന്ദ്രമായ സൗരയൂഥത്തിലെ ഏറ്റവും വലിയ വസ്തുവായ നമ്മുടെ സൂര്യന് പതിമൂന്ന് ലക്ഷം ഭൂമിയെ ഉൾക്കൊള്ളാനുള്ള വലിപ്പമുണ്ട്!! സൂര്യന് ഏതാണ്ട് ആയിരത്തി മുന്നൂറ് വ്യാഴത്തെ ഉൾക്കൊള്ളാൻ കഴിയും!സൂര്യന്റെ വലിപ്പത്തെക്കുറിച്ച് എന്തെങ്കിലും നിശ്ചയം കിട്ടുന്നുണ്ടോ?.ശ്രമകരമാണ് ഇതൊക്ക ഒന്ന് സങ്കൽപ്പിക്കാൻ തന്നെ.
അങ്ങനെ സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഇതര വസ്തുക്കളുമൊക്കെ നിറഞ്ഞ നമ്മുടെ സൗരമണ്ഡലം നിൽക്കുന്ന ആകാശ ഗംഗയിലുണ്ട് സൂര്യനേക്കാൾ വലിപ്പമുള്ള വേറെ നക്ഷത്രങ്ങൾ.എണ്ണിയാൽ തിട്ടപ്പെടുത്താൻ കഴിയാത്ത മഹാ തേജഃപുഞ്ജങ്ങളും അജ്ഞാത ഗ്രഹങ്ങളും നിറഞ്ഞ പരശ്ശതം ഗാലക്സികൾ!
നമ്മുടെ സൗരയൂഥത്തിന് പുറത്തേക്ക് ‘വോയജർ’ പോലെയുള്ള മനുഷ്യ നിർമ്മിത വസ്തുക്കൾ നമ്മൾ വിജയകരമായി നിയന്ത്രിച്ച് കൊണ്ടിരിക്കുകയും പുതിയ വിവരങ്ങൾ നേടുകയും ചെയ്യുന്നു.ജെയിംസ് വെബ് പോലെയുള്ള നൂതന ബഹിരാകാശ ദൂരദർശിനികൾ ഉപയോഗിച്ച് നാം അഭൂതപൂർവ്വമായ ആകാശ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ച മനുഷ്യൻ നേടുന്നു.നാളെ മനുഷ്യൻ അവന്റെ സാങ്കേതിക വിദ്യയുടെ ചിറകിലേറി പ്രപഞ്ചം ചുറ്റിക്കാണുന്ന നാളുകൾ വരും. പ്രപഞ്ചത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും സൃഷ്ടിവാദത്തിന്റെ കളിമൺ കഥകളും അപ്പോഴേക്കും പഴങ്കഥകളായി മാറിയിട്ടുണ്ടാകും.യുദ്ധക്കൊതിയന്മാരും അധികാര ഭ്രാന്തന്മാരും മതാന്ധബോധങ്ങളും ചങ്ങലയ്ക്ക് ഇടാൻ ശ്രമിക്കാതിരുന്നാൽ ശാസ്ത്രം നമുക്ക് പകർന്നു തരിക പ്രപഞ്ചത്തെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്ത മഹാകാവ്യങ്ങളായിരിക്കും! Science is the poetry of reality