“പ്രായം കൂടിയവർ പോകട്ടെ , ചെറുപ്പക്കാരെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കാം” എന്തു ക്രൂരതയാണ്, എന്തു നിസ്സഹായതയാണ്

74
Rajesh Pathiyoor
കൊറോണക്കാലത്ത് ഏറ്റവും വേദനിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു ,
” പ്രായം കൂടിയവർ പോകട്ടെ , ചെറുപ്പക്കാരെ ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കാം ” എന്ന നിലപാട് ഇറ്റലി , സ്‌പെയിൻ , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ചില ആശുപത്രികളിൽ നിന്ന് കേട്ടത് .
വ്യദ്ധനായ ഒരാളിന് നൽകിയിരുന്ന ഓക്സിജൻ എടുത്തു മാറ്റി യുവാവായ ഒരാൾക്ക്‌ നൽകിയപ്പോൾ , ആ വ്യദ്ധൻ ദയനീയമായ നോട്ടം നോക്കിയതിനെ കുറിച്ച് .എന്നെ വിട്ടേക്കൂ , അവരെ നോക്കൂ എന്ന് പ്രായമായ ഒരമ്മച്ചി മരിക്കുന്നതിന് തൊട്ടു മുൻമ്പ് ഇറ്റലിയിലെ ആശുപത്രിയിൽ വെച്ച് പറഞ്ഞത്. ICU വിൽ കിടക്കുന്ന വ്യദ്ധനായ അച്ഛന്റെ രോഗവിവരം അറിയാനായി ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ചപ്പോൾ , അച്ഛൻ ഉടൻ തന്നെ മരിക്കാൻ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കിയ മകൾ കരഞ്ഞു കൊണ്ട് ഡോക്ടറോട് പറഞ്ഞത്, ” ഞാൻ അച്ഛനെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന് ചെവിയിൽ ഒന്ന് പറയണേ ” എന്ന്. ഇത്തരം ഒരുപാട് വാർത്തകൾ കേട്ടിരുന്നു ,
” പ്രായമായവർ പോകട്ടെ ” എന്ന നിലപാടുള്ള വാർത്തകൾ . Expiry Date കഴിഞ്ഞ ഒരു സാധനം വലിച്ചെറിയുന്ന പോലെ .പക്ഷേ ,ഇന്ന് ഇവിടെ ഈ കൊച്ചു കേരളത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ കണ്ട കാഴ്ച , 93 വയസ്സും 88 വയസ്സുമുള്ള റാന്നിയിലെ വ്യദ്ധ ദമ്പതികൾ കൊറോണ രോഗം ഭേദമായി ചിരിച്ചുല്ലസിച്ച് വീട്ടിലേക്ക് തിരികെ പോകുന്നു . ഡോക്ടർമാരും , നഴ്സുമ്മാരും സന്തോഷത്തോടെ അവരെ യാത്രയാക്കുന്നു .ഇന്ത്യയിൽ ഏറ്റവും പ്രായം കൂടിയ രണ്ടു പേർക്ക് രോഗം ഭേദമാകുന്നത് കേരളത്തിൽ .ഒരു മലയാളിയായതിൽ അഭിമാനം തോന്നുന്നില്ലേ ?
കേരളം നശിച്ച് പോകണേ എന്ന് ആഗ്രഹിക്കുന്ന ചെറിയ ഒരു കൂട്ടം ആൾക്കാർ ഈ നാട്ടിലുണ്ട് . ” വിഷം കുത്തി വെയ്ക്കാൻ ” പരമാവധി ശ്രമിച്ചിട്ടും അത് ഏൽക്കാതെ പോകുന്നതിന്റെ നിരാശ അവർ പല രീതികളിലാണ് പ്രകടിപ്പിക്കുന്നത് . അവരോട് ഒരു കാര്യം പറയട്ടെ , ഇവിടെ മനുഷ്യനും മാനവികതയുമാണുള്ളത്.മനുഷ്യർക്കിവിടെ Expiry Date ഇല്ല !
The heads of strong old age are beautiful beyond all grace of youth !
Advertisements