ഒരാൾ എങ്ങനെ നിരീശ്വരവാദി ആയെന്ന് മറ്റൊരാൾക്ക് അറിയാൻ ഒരു കൗതുകം ഉണ്ടാവുമല്ലോ

226

Rajesh Pattazhy എഴുതുന്നു

സ്വന്തം ജീവിതം,സ്വന്തം അനുഭവം. ആരെയും ഒന്നും ബോധ്യപ്പെടുത്താനോ വെറുപ്പിക്കാനോ അല്ല. ഒരാൾ എങ്ങനെ നിരീശ്വരവാദി ആയി എന്ന് മറ്റൊരാൾക്ക് അറിയാൻ ഒരു കൗതുകം ഉണ്ടാവുമല്ലോ. ഇത് ഒരു തുടക്കം ആവട്ടെ. നിങ്ങളും പറയുക. അറിയട്ടെ ലോകം.

ഒരു സാധാരണ ഹിന്ദു കുടുംബത്തിൽ ജനിച്ചു. മാസം ഒന്നോ രണ്ടോ തവണ അമ്പലത്തിൽ പോവും…50 പൈസയോ ഒരു രൂപയോ വഞ്ചിയിൽ ഇടും, അച്ഛനോ അമ്മയോ കൂടെ ഉണ്ടെങ്കിൽ പുഷ്പാഞ്ജലി കഴിപ്പിക്കും. ഉത്സവങ്ങൾ, ഓണം, ക്രിസ്തുമസ് എല്ലാം ആഘോഷിക്കും. ക്രിസ്തുമസിന് പുൽക്കൂട് ഉണ്ടാക്കും, ക്ലബ്ബിൽ നിന്ന് കരോളിന്‌ രാത്രിയിൽ മറ്റുള്ളവരുടെ കൂടെ പോവും..അങ്ങനെ ശരാശരി ഒരു മലയാളി പയ്യൻ.

അമ്പലം, പള്ളി, കുരിശ് മൂട്, മോസ്ക് ഏതു കണ്ടാലും പ്രാർത്ഥിക്കും കുരിശ് വരയ്ക്കും, തൊഴും, നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിക്കും..എന്നും സന്ധ്യക്ക് വിളക്കു കൊളുത്തി സന്ധ്യാ നാമം ചൊല്ലും…പ്രാർത്ഥിക്കുമ്പോൾ ആദ്യം കൈ കൂപ്പും പിന്നെ കുരിശു വരയ്ക്കും പിന്നെ രണ്ടു കൈയും വിടർത്തി അല്ലാഹുവിനോട് പ്രാർഥിക്കും…പറയുന്നത് ഒരേ വാചകം…” ദൈവമേ നല്ലത് വരുത്തണേ…എല്ലാർക്കും നല്ലത് വരുത്തണേ..” പിന്നെ എന്തേലും എക്സ്ട്രാ ആവശ്യങ്ങൾ ഉണ്ടേൽ അതും..! പിന്നെ കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റ് ആണ്. വോട്ട് ചെയ്യാൻ നേരം മാത്രം രാഷ്ട്രീയം നോക്കുന്ന വീട്..അവിടെ നിന്നും അതി പ്രസരണങ്ങൾ ഒന്നും തന്നെ ഉണ്ടായതും ഇല്ല.

നഴ്സിങ് ജോയിൻ ചെയ്ത് ഒരിക്കൽ വീടിന് അടുത്തുള്ള പട്ടാഴി അമ്പലത്തിൽ പോയി തൊഴുത് മടങ്ങുമ്പോൾ കൈ നോട്ടക്കാരി ആയ ഒരു അമ്മൂമ്മ അടുത്തേക്ക് വിളിച്ചു. കൂടെ രണ്ടു കൂട്ട് കാരും ഉണ്ട്, അവരും നിർബന്ധിച്ചു…ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതും ആയ കൈ നോട്ടം..!
കൈ നോക്കി അവർ പറഞ്ഞു..”മോന് തോക്ക് പിടിക്കാനുള്ള യോഗം ഉണ്ട് ” അപ്പൊൾ കൂടെ ഉള്ള കൂട്ടുകാരൻ പറഞ്ഞു, ദേയ് നഴ്സിങ് പഠിക്കാൻ അഡ്മിഷൻ എടുത്ത പയ്യനാ…അപ്പോഴാ..! അവർ നിർത്തുന്നില്ല, തുടർന്നു…”മോന് ദൈവ വിശ്വാസം തീരെ ഇല്ല…”..!!! ഹൊ…എന്റെ നെഞ്ച് പിളർന്നു….അമ്പലത്തിൽ പോയി തൊഴുത് കരഞ്ഞ് പ്രാർത്ഥിച്ചു വരുന്ന എന്നോടോ ബാലാ…!!! ഞാൻ നിർത്തിക്കൊളാൻ പറഞ്ഞു അവരോട്…ഒരു 10 രൂപ കയ്യിൽ വെച്ച് കൊടുത്തു സ്ഥലം കാലിയാക്കി. അവർ പിറകെ വിളിക്കുന്നുണ്ടായിരുന്നു…പക്ഷേ ഞാൻ നോക്കുക പോലും ചെയ്തില്ല…! ഇത് വർഷം..2004…

അങ്ങനെ ബാംഗളൂരിൽ നഴ്സിങ് പഠനം കഴിഞ്ഞ് പുനെ, നോയിഡ, അവസാനം Gurgaon FORTIS Hospital (FMRI) ൽ എത്തി. നഴ്സിങ് പഠന സമയത്ത് ആണ് വീട്ടിൽ നിന്ന് ആദ്യമായി മാറി നിൽക്കുന്നത്. അന്ന് മുതലേ തുടങ്ങിയ ഒരു ശീലം എന്നും ആവർത്തിച്ചു പോന്നിരുന്നു…കുളി കഴിഞ്ഞ് ദേവിയുടെ ഫോട്ടോയുടെ മുൻപിൽ സംബ്രാണി തിരി കത്തിച്ച്, പ്രാർത്ഥിച്ച്, ആ ചാരം എടുത്തു നെറ്റിയിൽ ഒരു കുറി…അമ്പലവാസി എന്നാണ് എന്നെ മറ്റുള്ളവർ വിളിച്ചിരുന്നത്…അത്രയ്ക്ക് ഭക്തി…വിശ്വാസം..!!! നഴ്സിങ് പഠന സമയത്ത് കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ മുഴുവൻ ക്രിസ്ത്യൻസ്‌ ആയിരുന്നു, ഒരാൾ മുസ്ലിം. അവരോടൊപ്പം ബൈബിൾ പാരായണത്തിലും കൂടുമായിരുന്നു…ആകെ ഒരു മത സൗഹാർദ്ദം…ആഹാ…

അങ്ങനെ Fortis ൽ വർക് ചെയ്യുന്ന സമയം, ഫ്ലിപ്കാർട്ട് വഴി The Evolution of Gods എന്ന ബുക്ക് ഓർഡർ ചെയ്തു..ദൈവത്തെ കുറിച്ചൊക്കെ കൂടുതൽ അറിയാലോ… ഹോസ്റ്റൽ മെട്‌സ് നോടൊക്കെ ചെറിയ സംവാദം ഒക്കെ ചെയാലോ..അങ്ങനെ വിചാരിച്ചു ഓർഡർ ചെയ്തു…ആഹാ…സാധനം വന്ന് വായിച്ചു നോക്കിയപ്പോൾ ആണ് സംഭവം അത്ര പന്തിയല്ല എന്ന് മനസിലായത്. കാരണം അതിലെ കാര്യങ്ങൾ സത്യം മാത്രം ആയിരുന്നു…The real Evolution of God. മുൻപ് പലപ്പോഴും മനസ്സിൽ ഉണ്ടായിട്ടുള്ള ഒരു Anti-God spark കൂടുതൽ ജ്വലിച്ചു. പക്ഷേ ബുക്ക് മുഴുവൻ വായിച്ചില്ല. പക്ഷേ അവിടെ തുടങ്ങി…The needful change…!!!

അവസാനം അബുദാബിയിൽ എത്തി ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ കുറെ സംഭവങ്ങൾ, “അദ്ഭുതങ്ങൾ”, എല്ലാം ദൈവ വിശ്വാസത്തെ ആട്ടിയുറപ്പിക്കുന്നത് തന്നെ ആയിരുന്നു കൂടുതലും. അങ്ങനെ ആണ് chekuthan ചെകുത്താൻ പേജ് ഒരു സുഹൃത്ത് വഴി അറിയുന്നത്. അതിലെ വീഡിയോസ് കണ്ട് ചിരിച്ച് മണ്ണ് കപ്പി, അന്യ മതത്തിലെ പൊട്ടത്തരങ്ങൾ കണ്ടാണ് കൂടുതലും ചിരിച്ചത്..അത് അങ്ങനെ ആണല്ലോ…! പക്ഷേ എന്റെ ചിന്തകളിലെ മാറ്റത്തിന് തുടക്കം ഇടാൻ അത് കാരണം ആയി. അങ്ങനെ യുക്തിവാദി പേജുകൾ ഫോളോ ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് രവിചന്ദ്രൻ സാറിനെ പറ്റി അറിഞ്ഞു തുടങ്ങുന്നത്. ആദ്യം കാണുന്ന വീഡിയോ രാഹുൽ ഈശ്വർ യുമായി നടത്തിയ ബീഫ് ഇഷ്യൂ ആയ സംവാദം. “നിങ്ങള് നിങ്ങളുടെ സഹോദരിയെ സഹോദരി ആയി കണ്ടോളൂ…പക്ഷേ അത് നിങ്ങളുടെ അളിയനോടും അങ്ങനെ കാണാൻ പറഞ്ഞാൽ..? ” ഹൊ… ആ ഒരൊറ്റ ഡയലോഗിൽ ആ മനുഷ്യന്റെ കാലിബർ എനിക്ക് മനസ്സിലായി…തുടങ്ങുകയാണ് അവിടെ…RC യുടെ വീഡിയോസ് തപ്പി YouTube മുഴുവൻ…എല്ലാം കാണാൻ തുടങ്ങി. അതിനിടയിൽ കല്യാണം ആയി..എല്ലാം മതാചാര വിധി പ്രകാരം തന്നെ നടന്നു…എല്ലാം ഭക്തി മയം…!!!

RC യുടെ കുറെ വീഡിയോസ് കണ്ട് കഴിഞ്ഞ് ഒരു രാത്രി ത്രിൽ അടിച്ച് ഞാൻ fb യിൽ മെസേജ് അയച്ചു. സാറ് റിപ്ലേ അയച്ചു…Litmus’18 ന് ക്ഷണിച്ചു കൊണ്ട് ഒരു ലിങ്ക് ഉം അയച്ചു. പിന്നെ Neuronz, esSENSE ചാനലുകൾ സബ്സ്ക്രൈബ് ചെയ്ത് എല്ലാവരുടെയും വീഡിയോസ് കുറെ കാണാൻ തുടങ്ങി. അങ്ങനെ തലയിൽ വെളിച്ചം വരാൻ തുടങ്ങി. അന്ധ വിശ്വാസങ്ങൾ മാറാൻ തുടങ്ങി. സംസാരത്തിലും പ്രവർത്തിയിലും മാറ്റങ്ങൾ വന്ന് തുടങ്ങി…ഭാര്യയും വീട്ടുകാരും കൂട്ടുകാരും ആ മാറ്റം തിരിച്ച് അറിഞ്ഞു…ഒരു ദിവസം പോലും മുടങ്ങാതെ ചെയ്തിരുന്ന വിളക്ക് കൊളുത്തലും പ്രാർത്ഥനയും നിർത്തി. മാറ്റങ്ങൾ…അത് തുടർന്നു കൊണ്ടേയിരിക്കുന്നു…അതിന് ഒരു മാറ്റവും ഇല്ലാലോ.