experience
ഒരു പച്ചയായ മനുഷ്യനിൽ അദിതിയുടെ ഓർമ്മകൾ (അനുഭവക്കുറിപ്പ്)

കുഞ്ഞുങ്ങളുടെ മരണം നമ്മെ അത്രമാത്രം നൊമ്പരപ്പെടുത്തുന്നത് എന്തുകൊണ്ടാണ് ?
RAJESH
അഞ്ചാറുവർഷങ്ങൾക്കു മുമ്പ് അദിതിയെന്ന ആറുവയസുകാരി, രണ്ടാനമ്മയുടെ ക്രൂരമായ മർദ്ദനമേറ്റു മരിച്ചിരുന്നു. എന്നെ ഇത്രത്തോളം നോവിച്ച ഒരു സംഭവം അതുവരെ ഉണ്ടായിട്ടില്ല. . കുഞ്ഞുങ്ങളെല്ലാം നിഷ്കളങ്കരാണ് എങ്കിലും അദിതി നിഷ്കളങ്കതകൊണ്ട് ഈ ലോകത്തിലെ എല്ലാ കുഞ്ഞുങ്ങളിലും മുന്നിട്ടു നിന്നതായി

അദിതി
തോന്നി. അവൾക്കു വേണ്ടി കരഞ്ഞപോലെ ഞാൻ മറ്റാർക്കുവേണ്ടിയും കരഞ്ഞിട്ടില്ല. കുറേദിവസങ്ങൾ ശരിക്കുമൊരു മാനസികവിഭ്രാന്തി എന്നെ ബാധിച്ചതായി തോന്നി. എപ്പോഴും പുഞ്ചിരികൊണ്ടു നമ്മെ വരവേൽക്കുന്ന കുഞ്ഞുങ്ങളെ മുഖം കറുപ്പിച്ചൊന്നു നോക്കാൻ പോലും ആകില്ലെന്നിരിക്കെ അവർക്കുനേരെയുള്ള മുതിർന്നവരുടെ ഇത്തരം ക്രൂരതകൾ തീർച്ചയായും നമ്മുടെ സമനിലതെറ്റിക്കും. ഓട്ടോപ്സി റിപ്പോർട്ടിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശരിക്കും എന്നെ ഭ്രാന്തുപിടിപ്പിച്ചത്.
ഏറെദിവസങ്ങൾ മോളെ പട്ടിണിക്കിട്ടിരുന്നു. മരിക്കുന്നതിനും കുറെ ദിവസങ്ങൾക്കു മുമ്പ് കഴിച്ച മാങ്ങയുടെ അവശിഷ്ടങ്ങൾ മാത്രമായിരുന്നു അവളുടെ ഉദരത്തിൽ ഉണ്ടായിരുന്നത് . ഗുഹ്യഭാഗത്തു ചൂടുവെള്ളം വീണ പൊള്ളലിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇടുപ്പിൽ ഏറ്റ ക്ഷതത്തിലെ അണുബാധ ആയിരുന്നു മരണകാരണം…എല്ലാം വായിച്ചു എനിക്ക് തലകറങ്ങി. എത്രയോ ദിവസങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനും ആഹാരം കഴിച്ചു മദിച്ചു നടന്ന എന്നെയോർത്തു എനിക്ക് ലജ്ജ തോന്നി. എന്റെ മോളേ… എന്ന് വിളിച്ചു ഭ്രാന്തുപിടിച്ചു കരഞ്ഞു. ഒരു നേരത്തെ വിശപ്പടക്കാൻ നീ എവിടെനിന്നോ കിട്ടിയ മാങ്ങയെ ആർത്തിയോടെ തിന്നുമ്പോൾ നിനക്കിഷ്ടപ്പെട്ടതെന്തും വാങ്ങിത്തരാൻ കഴിയുമായിരുന്ന ഞാൻ….ഓരോ മർദ്ദനത്തിലും വേദനയോടെ,നിസ്സഹായതയോടെ നിന്റെ നിലവിളികൾ …എല്ലാമോർത്തു എത്രയോ ദിവസങ്ങൾ എന്റെ ഹൃദയം പൊട്ടിത്തെറിച്ചുപോയി..ഇന്നും ഞാൻ മനസുകൊണ്ട് പുന്നാരിക്കുന്നത് അവളെയാണ്.
കുറച്ചു നാൾമുന്നേ ഞാനൊരു പോസ്റ്റിൽ തമാശയായി ഒരു കാര്യം പറഞ്ഞിരുന്നു, എനിക്കുള്ള ‘ബേബീ ഫോബിയ’യെ കുറിച്ച്. ഒരു കുഞ്ഞിനെ ലാളിക്കുന്നതായി തോന്നുന്ന അവസ്ഥ. അതെ, അവൾ ഇതാണ്. വായിക്കുമ്പോൾ ഒരു ഹൊറർ സിനിമയായിട്ടൊക്കെ തോന്നിയേക്കാം പേടിക്കണ്ട, ഞാൻ തികച്ചും നോർമൽ തന്നെയാണ്. അദിതിക്കു ശേഷം പിന്നെയും പിന്നെയും അനവധി കുഞ്ഞുങ്ങൾ ലോകത്തെവിടെയും നിന്ന് എന്നെ തേടിവന്നു. ഇത്തരം സംഭവങ്ങൾ കാരണം, അശാന്തിയുടെ അലയമായി ഞാൻ മാത്രമല്ല, നിങ്ങളോരുത്തരും കേഴുകയാണെന്നറിയാം. പല വിഷയങ്ങളെയുംപോലെ നാലുദിവസം കഴിയുമ്പോൾ മറക്കുന്നതല്ല ഇതൊന്നും. അദിതി തന്നെ ഉദാഹരണം. ഈ ഭൂമിയിൽ സുഖദുഃഖങ്ങളുടെ ഒരു വലിയ ജീവിതപുരാണം വായിക്കാൻ വന്നവർ നമ്മിൽ നിന്നും പെട്ടന്ന് മറഞ്ഞുപോകില്ല. കുഞ്ഞുങ്ങൾ മരിക്കുമ്പോൾ നമ്മൾ ഏറെക്കാലം ഏറ്റവുമധികം ദുഖിക്കുന്നതും അതുകൊണ്ടാണ്.
740 total views, 8 views today