ദൈവത്തെ പറ്റിച്ച കവി.

587

 

കവി അന്തപ്പൻ താനെഴുതിയ കവിതകൾ അടുക്കിവച്ചിട്ടു അതിനു മുകളിൽ കയറിനിന്നു. അയ്യാൾ സ്വർഗ്ഗത്തിലെത്തി. അവിടെ അയ്യാൾ പുഞ്ചിരിപൊഴിച്ചുകൊണ്ടു നിൽക്കുന്ന ദൈവത്തെക്കണ്ടു. മാനവികതയുടെ അവധൂതനെന്ന് ദൈവത്താൽ വിശേഷിപ്പിക്കപ്പെട്ട കവിയോട്, നിന്റെ വെണ്മ തൂകുന്ന ആഗ്രഹങ്ങളെ അയ്യായിരംവർഷത്തെ മുന്കാലപ്രാബല്യത്തോടെ നടപ്പിൽവരുത്താമെന്നു തമ്പുരാനരുൾചെയ്തു.

കവി ചിന്തിച്ചു. പ്രകൃതിക്ഷോഭങ്ങൾ, യുദ്ധം, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, പീഡനങ്ങൾ, ചൂഷണങ്ങൾ, അപചയങ്ങൾ,മൂല്യച്യുതികൾ, വഞ്ചന, പ്രണയനൈരാശ്യം… ഇങ്ങനെ ഒരായിരം വിഷയങ്ങൾക്കെതിരെ താനെഴുതിയിട്ടുണ്ട്. ഇവയൊന്നുമില്ലാതെ സമത്വമനോഹരമായി ജനങ്ങൾ ജീവിക്കുന്ന ദുരിതരഹിത ലോകമാണ് എന്നുമുള്ളതെങ്കിൽ, അഴകൊഴമ്പൻ വിഷയങ്ങളെക്കുറിച്ചുള്ള ഏതാനും കവിതകളൊഴികെ താനെഴുതിയ ഭൂരിഭാഗം കവിതകളും അസാധുവാകും. അതോടൊപ്പം അവാർഡുകൾ,അംഗീകാരങ്ങൾ, ആരാധികമാർ എല്ലാം പോയിമറയും.. കവി തന്റെ ജീവിതത്തെ മനക്കണ്ണിൽ സങ്കല്പിച്ചു. ആ എൺപതുശതമാനം കവിതകളും എഴുതപ്പെടാത്ത ജീവിതം. ആരുമറിയപ്പെടാതെ, സോഷ്യൽമീഡിയയിൽ അജ്ഞാതനായി ഭൂമിയുടെ ഏതോ കോണിൽ നയിക്കുന്ന സാധാരണ ജീവിതം.

Rajesh Shiva

ഭൂമിയിലെ ദുഖങ്ങളെയോർത്തുള്ള മദ്യപാനവും ദുരന്തങ്ങളെയോർത്തുള്ള വിലാപങ്ങൾ കൊണ്ടുനേടുന്ന ആത്മരതിനിർവൃതികളും അസാധാരണക്കാരാണെന്നുള്ള നാട്യങ്ങളും രതിയുടെ അഭിരാമതീരങ്ങളിൽ അഴിച്ചുവിട്ട കുതിരയെപ്പോലുള്ള പാച്ചിലും അപ്രസക്തമാക്കുന്ന സാധാരണജീവിതം. കവി ചിന്തകളെ ഖണ്ഡിച്ചുകൊണ്ടു വർത്തമാനകാലത്തിലേക്കു തിരിച്ചുവന്നു. ഓടിച്ചെന്നു ദൈവത്തോട് ഇക്കാര്യങ്ങളെല്ലാം ഉണർത്തിച്ചു. ലോകം ഇങ്ങനെതന്നെ പോയാൽ മതിയെന്നും ഇടയ്ക്കിടയ്ക്ക് ഭൂമിയെ പിടിച്ചു കുലുക്കി ഹിംസ തുടരണമെന്നും കൂടുതൽ മാനവികമായ കവിതകൾ തനിക്കെഴുതണമെന്നും അതിനുവേണ്ടി അധമന്മാരെ ഇനിയും സൃഷ്ടിക്കണമെന്നും അയാൾ വാശിപിടിച്ചു. മാസ്റ്റർപീസ് ഇനിയും എഴുതിയിട്ടില്ലെന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ വിലപിച്ചു..

ഇതെല്ലം കേട്ട ദൈവത്തിനു വല്ലാതെ തലപെരുക്കുകയും ബോധശൂന്യനായി നിലംപതിക്കുകയും ചെയ്തു. ‘ബോധമില്ലാത്ത ദൈവം’ എന്ന രചനാസമാഹാരത്തിന് കവിക്ക് അക്കൊല്ലത്തെ സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. അധർമ്മങ്ങളിൽ എരിയുന്ന ലോകത്തെക്കണ്ടിട്ടും നിസംഗതയോടെ ഉറങ്ങുന്ന ദൈവത്തെ വരച്ചുകാട്ടിയ രചനകൾ ഉത്തമമാണെന്ന് അവാർഡ് കമ്മറ്റി അസന്നിഗ്ധമായി വിധിയെഴുതി.