കോവിഡിൽ മാറിയ മാധ്യമശീലങ്ങൾ

0
77

RAJESH SHIVA

കോവിഡിൽ മാറിയ മാധ്യമശീലങ്ങൾ

                    നൂറ്റാണ്ടിന്റെ ഇടവേളകളിൽ ലോക മനുഷ്യരാശിക്കുമേൽ പതിച്ചുകൊണ്ടിരുന്ന ശാപത്തിന്റെ ഇടിത്തീകളാണ് മഹാമാരികൾ. മനുഷ്യർ അന്നുവരെ ഉയർത്തിയ സകല അഹങ്കാര ശൃംഗങ്ങളിൽ നിന്നും നാറാണത്തുഭ്രാന്തന്റെ കല്ലുപോലെ താഴേയ്ക്കു പതിക്കുന്ന ഒരായിരം ജീവിതങ്ങൾ. ഭൂമിയൊരു ശ്മശാനമാകുമ്പോൾ ജീവിതം നഷ്ടപ്പെട്ടവരുടെ ദയനീയതകൾ മറ്റു കോണുകളിൽ ഞരങ്ങുന്നു. സ്പാനിഷ് ഫ്‌ളുവിന്‌ ശേഷം കോവിഡ് 19 നമ്മുടെ സകലവിധ സന്തോഷങ്ങളെയും കീറിമുറിക്കുമ്പോൾ ഇനിയൊരു ഉണർവ് എന്ന് സാധ്യമാകും എന്നുള്ള ചോദ്യങ്ങളാണ് എല്ലാ മേഖലകളിൽ നിന്നും ഉയരുന്നത്. പക്ഷെ മനുഷ്യനാണ്, അങ്ങനെയൊരു കീഴടങ്ങൽ അവന്റെ നിഖണ്ടുവിൽ ഇല്ല തന്നെ. അതിജീവനത്തിന്റെ പാഠപുസ്തകങ്ങളിലൂടെയുള്ള അവന്റെ നിരന്തര പ്രയാണം, അതിന്റെ പരീക്ഷയിൽ നൂറിൽ നൂറു മാർക്ക് നേടിയുള്ള നിരന്തര വിജയങ്ങൾ അവനു കൈമുതലായുണ്ട്. കോവിഡിൽ സകലതും മാറിമറിയുമ്പോൾ മാധ്യമങ്ങൾ എങ്ങനെ ശീലങ്ങൾ പൊളിച്ചെഴുതുന്നു എന്ന് ഒരു സാമൂഹ്യജീവി എന്ന നിലയിൽ എന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും പങ്കുവയ്ക്കാം.

വാർത്ത ശുഭമോ ദുഖമോ ദുരന്തമോ എന്നതല്ല വാർത്തയാണല്ലോ മുഖ്യം അതിനാൽ തന്നെ ഏതൊരു വിഷയത്തെയുമെന്നപോലെ മാധ്യമങ്ങൾക്ക് കിട്ടിയ ചാകരയായിരുന്നു കോവിഡ് 19. ചൈനയിൽ മഹാമാരിയുടെ തുടക്കം കുറിച്ചതുമുതൽ കേരളത്തിൽ ഉൾപ്പെടെ രാജ്യത്തു വ്യാപകമാകുന്നതുവരെയുള്ള കാലത്തു ആശങ്കൾ കൂട്ടിയും കുറച്ചുമാണ് മാധ്യമങ്ങൾ കോവിഡ് വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ചില മാധ്യമങ്ങൾ ജനങ്ങളെ പാനിക് ആക്കാനും മത്സരിച്ചു എന്നുപറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. എങ്കിലും ജനങ്ങളെ ഉത്തരവാദിത്തത്തോടെ രോഗത്തെ സമീപിക്കാനും അതിനുവേണ്ട അറിവ് പകർന്നു നൽകാനും പഠിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല. മാധ്യമങ്ങൾ ഒരുപക്ഷെ നമ്മുടെയൊക്കെ ജീവിതകാലഘട്ടത്തിൽ ഏറ്റവുമധികം ഉത്തരവാദിത്തത്തോടെ സമീപിച്ച വിഷയങ്ങളിൽ ഒന്ന് കോവിഡ് തന്നെയാണ്.

സാധാരണ ഏതൊരു വിഷയത്തിലും ഭരിക്കുന്നവരെ വിമർശിക്കാനുള്ള വ്യഗ്രത പൊതുവെ മാധ്യമങ്ങൾക്കുണ്ട്. അതിന്റെ പ്രധാനകാരണമായി മനസിലാകുന്നത്, മാധ്യമങ്ങൾ ഭൂരിഭാഗവും ഭരണകൂടത്തിന്റെ പ്രതിപക്ഷസ്ഥാനത്തു നിലകൊണ്ടു ജനങ്ങൾക്കൊപ്പം നിൽക്കുന്ന സമീപനമാണ് പുലർത്തുന്നത് എന്നാണ്. എന്നാൽ പ്രതിസന്ധികൾ വേട്ടയാടുമ്പോൾ സർക്കാരിനെ വിമർശിക്കുകയും സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലകുറച്ചു കാണുകയും ചെയുന്ന പ്രവണത നന്നല്ലെന്ന് മാധ്യമങ്ങൾ സ്വയം തിരിച്ചറിഞ്ഞു എന്നതാണ് ശുഭകരമായ കാര്യം. സംസ്ഥാന സർക്കാർ ആകട്ടെ, കേന്ദ്ര സർക്കാർ ആകട്ടെ രാഷ്ട്രീയ പക്ഷപാതങ്ങൾ ഉപേക്ഷിച്ചു ഒന്നായി പൊരുതേണ്ട ചുമതലയുണ്ട്, അവിടെ അനാവശ്യവിമർശനങ്ങൾ  ഉപേക്ഷിച്ചു മാധ്യമങ്ങൾ കൂടി ചേർന്നപ്പോൾ മഹാമാരിക്കെതിരെയുള്ള പ്രവർത്തനങ്ങളെ സംയോജിപ്പിക്കാനും മാധ്യമങ്ങൾക്കു അവരുടേതായ പങ്ക് സമൂഹത്തിനു വേണ്ടി സമർപ്പിക്കാനും കാരണമായി. രോഗഭീതി എന്നത് വലിയൊരു മാനസിക പ്രശ്നമാണ്. ഭരണകൂടത്തിന്റെ സന്ദേശവാഹകരായി കൊണ്ട് ഒരു ജനതയെ ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനും മാധ്യമങ്ങൾ മുന്നോട്ടുവന്നു. ലോകമെങ്ങുമുള്ള കോവിഡ് വാർത്തകളിലൂടെ, ഭൂമുഖത്തെ മനുഷ്യർ മുഴുവൻ ഒരേ ശത്രുവിനെതിരെ പോരാടുകയും ആരും ഒറ്റയ്ക്കല്ലെന്നു വിളിച്ചുപറയുകയും ചെയ്തു മാധ്യമങ്ങൾ.

മറ്റൊരു പ്രധാനപ്പെട്ട കാര്യം, അച്ചടിമാധ്യമരംഗത്തേക്കാൾ ഇലക്ട്രോണിക്, ഇന്റർനെറ്റ് മാധ്യമങ്ങളുടെ കുതിച്ചുചാട്ടമായിരുന്നു കാണാൻ കഴിഞ്ഞത്. കോവിഡ് നിബന്ധനകൾ തെറ്റിച്ചു സഞ്ചരിച്ചു ഓഫീസുകളിൽ എത്തുന്നതിനേക്കാൾ വീട്ടിലിരുന്നു ജോലിചെയ്യാനുള്ള അനുവാദം അനവധി കമ്പനികൾ സ്റ്റാഫുകൾക്ക് നൽകിയിരുന്നു.  പല ഇലക്ട്രോണിക്, ഇന്റർനെറ്റ്  മാധ്യമങ്ങളും അവരുടെ സ്റ്റാഫുകൾക്ക് ആ ആനുകൂല്യം നൽകിയിരുന്നു. അതിലൂടെ സംഭവിച്ചത് മാറുന്ന കാലത്തിന്റെ മാധ്യമരീതികൾ എന്തെന്ന് മനസിലാക്കാൻ മാധ്യമസ്ഥാപനങ്ങൾക്കും ജനങ്ങൾക്കും സാധിച്ചു എന്നതാണ്. ഒരു ദിവസം രാജ്യം നിശ്ചലമായാലും വാർത്തകൾ വിരൽത്തുമ്പിൽ എത്തിക്കാൻ അച്ചടിമഷിയുടെ മണം മറന്നുകൊണ്ട് മാധ്യമങ്ങൾ അവരുടെ ആധുനികസജ്ജീകരണങ്ങൾ കൊണ്ടു മത്സരിച്ചു. പുതിയകാല രീതിയായ ഓൺലൈൻ ജേർണലിസത്തിന്റെ അനന്തസാധ്യതകളുടെ വാതായനങ്ങൾ തുറന്നിടുകയാണ് കോവിഡ് പ്രതിസന്ധികൊണ്ടു സൃഷ്ടിക്കപ്പെട്ടത്.

കോവിഡ് പ്രതിരോധം അക്ഷരാർത്ഥത്തിൽ ഒരു മഹായുദ്ധം തന്നെയായിരുന്നു. യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്തു കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ഏതൊരു അപകടകരമായ സാഹചര്യത്തിലും ജോലിചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ ആർജ്ജവം കോവിഡ് കാലത്തു നാം കണ്ടു. എത്രയോ മാധ്യമപ്രവർത്തകർക്കു രോഗം സ്ഥിരീകരിച്ചു ഓഫീസുകൾ തന്നെ അണുവിമുക്തമാക്കുന്ന സാഹചര്യത്തിലും ധൈര്യത്തോടെ ജോലിചെയ്യാനും സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനും മാധ്യമങ്ങൾക്കു സാധിച്ചു. മുതലാളിമാർക്ക് ലാഭമുണ്ടാക്കുകയല്ല പത്രധർമ്മം എന്ന് ഇത്തരം പ്രതിസന്ധികളിലെ  പ്രവർത്തനങ്ങൾ കൊണ്ട് തെളിയിക്കപ്പെട്ടതും നാം കണ്ടു.

മാധ്യമവിസ്ഫോടനം സംഭവിച്ച വർത്തമാനകാലം, ലോകം ഒരൊറ്റ നഗരമായോ ഗ്രാമമായോ ചുരുങ്ങുന്നെങ്കിൽ അതിന്റെ കാരണക്കാർ  മാധ്യമങ്ങൾ തന്നെയാണ്. കോവിഡിൽ കഷ്ടപ്പെടുന്ന അമേരിക്കക്കാരനെയും ഇറ്റലിക്കാരനെയും ആഫ്രിക്കക്കാരനെയും ഇന്ത്യക്കാരനേയും നിറ, മത, വർഗ്ഗ ഭേദമില്ലാതെ ഒരേ മുഖത്തോടെ, ഒരേ ഭാവത്തോടെ പരസ്പരം കണ്ടു. സമ്പന്നനും ദരിദ്രനും അടുത്തടുത്ത് അന്തിയുറങ്ങുന്നത് വളരെ വലിയൊരു ഫിലോസഫിക്കൽ ചിന്ത ലോകത്തിനു പകർന്നു നല്കി. ഒരുപക്ഷെ ദൃശ്യമാധ്യമങ്ങളുടെ പിറവിക്കു ശേഷം മാധ്യമലോകം  അഭിമുഖീകരിച്ച ഏറ്റവുംവലിയ ഒരു അനുഭവം തന്നെയായിരുന്നു ഇത്. ലോകത്തിന്റെ ഓരോ കോണുകളിൽ ഓരോ സംഭവങ്ങൾ നടക്കുമ്പോൾ അത് നമ്മുടെ പ്രശ്നമല്ല എന്ന് മറ്റു കോണുകളിൽ ഇരുന്നു ചിന്തിക്കുന്ന മനുഷ്യരെ മാത്രമേ നാം കണ്ടിട്ടുണ്ടായിരുന്നുള്ളൂ. കോവിഡ് നൽകിയ മാനവികതയുടെ മഹാസന്ദേശം കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത മാധ്യമലോകത്തിനു സാധിച്ചത് അതിരുകളില്ലാത്ത അളവുകോലുകൾ കൊണ്ട്, ‘പ്രൊഫഷണലിസത്തിന്റെ’ അസ്കിത ബാധിക്കാതെ ലോകത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള അവസരമായിരുന്നു.

മാധ്യമങ്ങളുടെ അടിസ്ഥാനശീലങ്ങൾ മാറ്റിയെഴുതപ്പെട്ടു, അല്ലെങ്കിൽ കീഴ്മേൽ മറിക്കപ്പെട്ടു  എന്നൊന്നും പറയാൻ സാധിക്കില്ലെങ്കിലും കോവിഡ് കാരണം ഉത്തരവാദിത്ത പൂർണ്ണമായ മാധ്യമപ്രവർത്തനത്തിന്റെ  ചില വശങ്ങളിലേക്കു മാധ്യമശീലങ്ങൾ മാറ്റിയെഴുതപ്പെട്ടു. ഒരു വായനക്കാരൻ, അല്ലെങ്കിൽ ദൃശ്യമാധ്യമ കാഴ്ചക്കാരൻ എന്നുള്ള നിലക്കുള്ള അഭിപ്രായമാണിത്. തകർന്നടിഞ്ഞ ജീവിതങ്ങൾ മുങ്ങിച്ചാകാതിരിക്കാൻ കൈകൾ നീട്ടുമ്പോൾ മാധ്യമങ്ങൾ ഇനിയും അല്ലെങ്കിൽ അതിലും കൂടുതലായി അവരുടെ കടമ നിറവേറ്റും എന്ന് വിശ്വസിക്കുന്നു.