Rajesh Shiva

വൈശാലി സിനിമയും അതിലെ ‘ഇന്ദ്രനീലിമയോലും’ എന്ന ഗാനവും അന്നത്തെ കാലത്തു വീട്ടിലിരുന്നു കാണാൻ പറ്റുന്നതായിരുന്നില്ലെന്ന് മനോരമ സൈറ്റിൽ ഒരു ആർട്ടിക്കിൾ കണ്ടിരുന്നു. ശരിയാണ്, അന്നത്തെ ‘സദാചാര’സമൂഹത്തിന് അത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നെന്നു കേട്ടിട്ടുണ്ട്. എന്തായാലും എനിക്കാ പ്രശ്നമൊന്നും ആ സിനിമ ഉണ്ടാക്കിയിട്ടില്ല. എന്നാൽ അതിനും ഏറെക്കാലം കഴിഞ്ഞിറങ്ങിയ ടൈറ്റാനിക്ക് എന്ന സിനിമയെക്കുറിച്ച് രസകരമായൊരു സംഭവം പറയാനുണ്ട്.

കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ തിയേറ്ററിൽ നിന്നും ടൈറ്റാനിക്ക് ആദ്യമായി കാണുമ്പോൾ അത്ര പ്രശ്നമൊന്നും തോന്നിയിരുന്നില്ല അതായത് കഥാനായകനായ ജാക്ക് നായികയായ റോസിന്റെ ചിത്രംവരയ്ക്കുന്ന രംഗം. കുറെയൊക്കെ സെൻസർ ചെയ്തായിരുന്നു തിയേറ്ററുകാർ അന്നത്തെ സദാചാരസമൂഹത്തെ തൃപ്തിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലുള്ളവർ നിരാശരാകുകയും കുടുംബസമേതം വന്നവർ ആശ്വാസനെടുവീർപ്പുകൾ തുറന്നുവിടുകയും ചെയ്തു. അഥവാ സെൻസർ ചെയ്തില്ലെങ്കിൽ ആ സമയത്തു എന്തുചെയ്യണമെന്നുപോലും പലരും തീരുമാനിച്ചിരുന്നത്രെ. ഇന്നത്തെപ്പോലെ മൊബൈൽ ഫോണില്ലാത്തതുകൊണ്ട് ആ പേരിൽ പുറത്തിറങ്ങാൻ സാധിക്കുകയുമില്ല അതിനാൽ കൂട്ടത്തോടെ മൂത്രമൊഴിക്കാൻ പോകുകയോ ചായകുടിക്കാൻ പോകുകയോ ചെയ്യാമെന്നായിരുന്നു പ്ലാൻ .ഭാഗ്യത്തിന് ആ സീൻ സെൻസർ ചെയ്തു തീയേറ്ററുകാർ അവരുടെ മാനംകാത്തു.

ഈ അനുഭവം വച്ചുകൊണ്ടാകണം ഒരു മാസത്തിനുശേഷം ടൈറ്റാനിക്കിന്റെ ഒറിജിനൽ കാസറ്റ് കൈയിൽ കിട്ടിയപ്പോൾ ഞാൻ അതിരറ്റു ആഹ്ലാദിച്ചത്. ഹോളീവുഡ് സിനിമകൾ തിയേറ്ററിൽ നിന്നെന്നല്ല ടീവിയിൽ പോലും കാണുന്ന ശീലം അന്നത്തെ എന്റെ മഹാകൂട്ടുകുടുംബത്തിലെ ആർക്കും ഇല്ലായിരുന്നു. ഇംഗ്ലീഷ് സിനിമയെന്നു പറഞ്ഞാലേ അശ്ലീലം എന്നായിരുന്നു അതിൽ പലരും ധരിച്ചു വച്ചിരുന്നത്. ഒരു ചുംബനരംഗംപോലും താങ്ങാൻ കെല്പില്ലാത്ത വീട്ടുകാരെ ലോകചരിത്രത്തിൽ തന്നെ ഏറ്റവുംവലിയ കപ്പൽഛേദത്തിന്റെ കഥപറയുന്ന ആ സിനിമ കാണിക്കാം എന്നുതന്നെ കരുതി. സെൻസർ ചെയ്തതിനാൽ പ്രശ്നവുമില്ലല്ലോ. ഒരു ഞായറാഴ്ച ദിവസം, “അമ്മാ ടൈറ്റാനിക്ക് …അമ്മാവാ ടൈറ്റാനിക്ക്…” എന്നുവിളിച്ചുകൂവി എല്ലാരേയും ആകാംഷയിൽ കെട്ടിയിട്ട് ഒരിടത്തിരുത്തി സിനിമ പ്ളേ ചെയ്തു.

ഹോളീവുഡ് സിനിമയുടെ വിസ്മങ്ങളിൽ മുഴുകി അവരെല്ലാം ഇരിക്കുന്നത് ഇടയ്ക്കിടെ എല്ലാരുടെയും മുഖങ്ങളിൽ നോക്കി ഞാൻ സംതൃപ്തിയോടെ കണ്ടു. ഇത്തരമൊരു അനുഭവം അവർക്കു സമ്മാനിക്കാനായതിൽ എന്റെ മുഖത്ത് കൃതാർത്ഥത കവിഞ്ഞൊഴുകി. സ്‌കൂൾ ക്‌ളാസ്സിൽ പഠിച്ചതുവച്ചു ടൈറ്റാനിക്കിനെ കുറിച്ച് അറിവുള്ളതൊക്കെ ഞാൻ ഇടയ്ക്കിടെ വിശദീകരിച്ചുകൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പലായിരുന്നു, ഒരിക്കലും മുങ്ങില്ലെന്ന ഉറപ്പോടെയായിരുന്നു നിർമ്മിച്ചത്…ഇങ്ങനെയൊക്കെ വിശദീകരണം നീണ്ടു. അങ്ങനെ സിനിമ
തൊന്തരവുണ്ടാക്കാതെ രസംപിടിപ്പിച്ചു നീങ്ങവേ ആയിരുന്നു ആ സീൻ വന്നെത്തിയത്.

ജാക്കിന് പടം വരയ്ക്കാൻ റോസ് കുപ്പായമൂരി പൂർണ്ണ നഗ്നയായി. കിടക്കയിലേക്ക് ഒരു പൊസിഷനിൽ മത്സ്യകന്യകയെ പോലെ ചെന്നുകിടന്നു. അപ്പോഴാണ് ഒരു ഞെട്ടലോടെ ആ സത്യം എന്നിൽ പതിച്ചത്. സെന്സറിംഗും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല. ഒറിജിനൽ കാസറ്റ് അങ്ങനെയാണത്രെ. എന്റെ ശവരിമല മുരുഗാ..എന്ന് നെഞ്ചിൽ കൈവച്ചു. അതിസുന്ദരിയായ കേറ്റ് വിൻസ്ലെറ്റ് തന്റെ മാറിടങ്ങളും കാണിച്ചുകൊണ്ട് അങ്ങനെ കിടക്കുന്നു. എനിക്കാകെ ഒരു പരവേശമായി. ലിയോർണാഡോ ഡികപ്രിയോ എന്ന വെകിളി ചെക്കനാകട്ടെ പടംവരച്ചു തീർക്കുന്നുമില്ല. പിന്നെ വീട്ടിൽ സംഭവിച്ചത് ഇതായിരുന്നു.
“ഞാനിപ്പോ വരാം മോനെ… ഏതോ ഒരു ബന്ധുവിന്റെ വീട്ടിൽ അത്യാവശ്യമായി എന്തിനോ പോകണം” എന്ന് വിളിച്ചുപറഞ്ഞുകൊണ്ടു ‘അമ്മ പുറത്തേയ്ക്കിറങ്ങി ഓടി.

“ന്റെ ദേവിയേ..ഞാനിപ്പോ എന്താ കണ്ടത്..അഴുക്ക ചെറുക്കൻ ഓരോ സിനിമയും കൊണ്ട്…..” എന്ന് മനസ്സിൽ നിലവിളിച്ചുകൊണ്ടു ഇളയമ്മ അടുക്കളയിലേക്കു പലായനം ചെയ്തിട്ട് നട്ടുച്ചയ്ക്ക് ചായ ഇടുകയും സംയമനം നഷ്ടപ്പെട്ടു അതിൽ മീൻകറി മിക്സ് ചെയ്തിട്ട് എടുത്തു ദൂരെക്കളയുകയും ചെയ്തു

ബഞ്ചിലിരുന്ന രണ്ടു അമ്മാവന്മാർ ചുവരിൽ ചാരിയിരുന്നു മത്സരിച്ചു കൂർക്കംവലിക്കുന്നു. രണ്ടിന്റെയും വായ തുറന്നിരിക്കുന്നു. ആ സീൻ കണ്ടു തുറന്നതാകാനേ തരമുള്ളൂ. ആ നിമിഷം ആ പൊസിഷനിൽ തന്നെ ഉറങ്ങിപ്പോയി. ചാളുവ ഒലിക്കുന്നുമുണ്ട്. അതായിരുന്നു മാസ്സ്
നാലുവയസുള്ള തന്റെ കുഞ്ഞുമൊത്തു സ്റ്റൂളിലിരുന്ന മാമി എങ്ങോട്ടേയ്ക്കാണ് ഓടിയെന്നത് ഇന്നും
അജ്ഞാതമായി തന്നെ തുടരുന്നു. ഒരുമണിക്കൂറിനു ശേഷം തിരിച്ചെത്തിയെങ്കിലും ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥയായിരുന്നു.

സെക്സ്ബോംബെന്നൊക്കെ കേട്ടിട്ടേയുള്ളൂ. സത്യത്തിൽ ബോംബുതന്നെയായിരുന്നു. വരാന്തയിൽ മര്യാദയ്ക്കിരുന്നു സിനിമകണ്ട നിരപരാധികളായ ഒരു വലിയ ജനക്കൂട്ടത്തെ നാലുപാടും ചിതറിച്ചുകളഞ്ഞു. (കുറച്ചു ദിവസത്തേയ്ക്ക് പരസ്പരം മുഖത്തോടുമുഖം നോക്കാൻ അതിൽ പലർക്കും വലിയ നാണമായിരുന്നത്രെ. അഥവാ നോക്കിയാൽ തന്നെ “പോ അവിടന്ന് ” എന്നുപറഞ്ഞു മുഖംതിരിച്ചുകളയും.)
കാസറ്റ് പ്ളേ ചെയ്യുന്നതിനുമുമ്പ്, മേലേപ്പറമ്പിൽ ആൺവീട്ടിലെ ജഗതിയെ പോലെ
“അമ്മാ ടൈറ്റാനിക്ക്…അമ്മാവാ ടൈറ്റാനിക്ക്…” എന്ന് വിളിച്ചുകൂവിയതിനുള്ള മറുപടിയായി, ബഞ്ചിൽ കൂര്ക്കംവലിച്ചുറങ്ങുന്ന ഒരമ്മാവനിൽ നരേന്ദ്രപ്രസാദ് സന്നിവേശിച്ചു പറഞ്ഞു
“അവനവന് മോഹമുണ്ടങ്കിൽ അതിനു പാകത്തിന് മുറിയടച്ചിരുന്നു കാണണം…”
ഞാൻ അവിടെത്തന്നെ ഇരുന്നുകൊണ്ട് ജലാൽപാളിക്കിടയിലൂടെ ആ അമ്മാവനെ നോക്കി. പുള്ളി ഒളികണ്ണിട്ടു ടീവിയിൽ നോക്കുന്നുണ്ട്. മറ്റെയാൾ ആ ഇരുപ്പിൽ തന്നെ താത്കാലിക സമാധി ആയിക്കഴിഞ്ഞിരുന്നു.
അപ്പോൾ ലാൻഡ് ഫോണിൽ ഒരു കാൾ വന്നു. ഞാൻ റിസീവർ എടുത്തു.
“ഹലോ…”
“ഞാൻ അമ്മയാണ്..ഏതോ ബന്ധുവിന്റെ വീട്ടിൽ നിൽക്കുകയാണ്. സിനിമയൊക്കെ കഴിഞ്ഞോ..മോനേ ?”

You May Also Like

“യുദ്ധം അത് നിങ്ങളുടെ ഉള്ളിലുള്ള മൃഗത്തെ പുറത്തു കൊണ്ടുവരുന്നു “!

Shameer KN “യുദ്ധം അത് നിങ്ങളുടെ ഉള്ളിലുള്ള മൃഗത്തെ പുറത്തു കൊണ്ടുവരുന്നു “! 🎬The BEAST…

1.34 കോടി രൂപ കടന്ന് മലൈക്കോട്ടൈ വാലിബൻ കേരളത്തിൽ മികച്ച പ്രീ-സെയിൽസ് റെക്കോർഡ് സ്ഥാപിച്ചു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ‘മലൈക്കോട്ടൈ വാലിബൻ’ ഔദ്യോഗിക റിലീസിന് മുമ്പുതന്നെ കേരളത്തിൽ തരംഗം…

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ, രണ്ടു വ്യത്യസ്ത കഥാ പാശ്ചാത്തലങ്ങളിൽ അവതരിപ്പിച്ച ഒരേ വിഷയം

മരണത്തിൽ നിന്ന് തിരിച്ച് വന്നവർ Shaju Surendran 1994 ക്രിസ്മസ് റിലീസായി ഇറങ്ങിയ രണ്ട് സിനിമകളാണ്…

മോഹൻലാലിനെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്തുകൊണ്ട് ? ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ വ്യത്യസ്‌തമായ മേക്കിംഗ് ശൈലി കൊണ്ടും കഥപറച്ചിലുകൾ കൊണ്ടും അദ്ദേഹത്തിന്റെ സിനിമകൾ എപ്പോഴും…