പെൺകുട്ടികളുടെ വിവാഹപ്രായം 24 ആക്കുന്ന വിധി കാലങ്ങൾക്ക് മുന്നേ വന്നിരുന്നെങ്കിൽ ഇന്നെന്റെ കൈയ്യിൽ ഒരു പിജി എങ്കിലും കാണുമായിരുന്നു

93
Rajesh Shiva

 

വിവാഹപ്രായം സ്ത്രീപുരുഷന്മാർക്ക് 24 ആക്കണം എന്നാണ് എന്റെ അഭിപ്രായം. സ്വന്തംകാലിൽ നില്ക്കാൻ പ്രാപ്തരാക്കുക എന്നതാണ് ആദ്യം വേണ്ടത്. കാമ്പസിൽ അടിച്ചുപൊളിച്ചു പഠിക്കേണ്ട പ്രായത്തിലൊക്കെയാണ് പല പെൺകുട്ടികളും കരിപിടിച്ച അടുക്കളകളിൽ മൂന്നുംനാലും പെറ്റുകൂട്ടി, വഴുപ്പലക്കി ജീവിതം ഹോമിക്കുന്നത്. വർണ്ണവസ്ത്രങ്ങൾ അണിഞ്ഞു സ്വാതന്ത്ര്യത്തോടെ കൂട്ടുകാർക്കൊപ്പം പാറിക്കളിക്കേണ്ട പ്രായത്തിലാണ് മുഷിഞ്ഞ നൈറ്റിയുമിട്ട് ഏകാന്ത തടവ് അനുഭവിക്കേണ്ടിവരുന്നത്. ഈ അവസ്ഥകൾ മാറണം. ദുഷിച്ച സ്ത്രീധന സമ്പ്രദായത്തെ കൂടി തച്ചുടയ്ക്കാൻ സ്ത്രീ സ്വയംപര്യാപ്ത ആയേപറ്റൂ. പെണ്ണ് പ്രായപൂർത്തി ആകുമ്പോൾ മുതൽ തുടങ്ങുന്ന മാതാപിതാക്കളുടെ ആധികൾ, വിവാഹ ആലോചനകൾ, വിവാഹ അന്വേഷണങ്ങൾ എല്ലാം തികഞ്ഞ യാഥാസ്ഥിതിക ബോധത്തിൽനിന്നും ഉണ്ടാകുന്നതാണ്. പുരുഷനില്ലാത്ത ‘വഴിപിഴപ്പ് ‘ ഒന്നും സ്ത്രീയ്ക്കുണ്ടാകാൻ പോകുന്നില്ല. കുറേ കുരുക്കൾ പൊട്ടിക്കഴിയുമ്പോൾ എല്ലാരുമൊന്ന് ശാന്തരായിക്കൊള്ളും.

അല്പം വൈകിയുള്ള വിവാഹങ്ങൾ കൊണ്ട് അനവധി ഗുണങ്ങളുണ്ട്. പക്വതയില്ലാത്ത പ്രായത്തിൽ ജീവിതം തുടങ്ങുന്ന പലർക്കും ഈ വൈകാതെ തന്നെ അത് മടുക്കുന്നുണ്ട്. കാരണം ജീവിതം ആഘോഷിക്കാനുള്ള കാലം ബാക്കി കിടന്നിരുന്നു. ഉള്ളിലെ ആഘോഷത്തിന്റെ തിമിർപ്പിനെ ജീവിതമെന്ന വിലങ്ങുബോധം കൊണ്ട് കെട്ടിയിടുന്ന അവസ്ഥ കുറച്ചുകാലമൊക്കെ കഴിയുമ്പോൾ പലർക്കും ഉൾക്കൊള്ളാൻ ആകില്ല. സ്വന്തംകാലിൽ നിൽക്കാനുള്ള ത്രാണിയുണ്ടാക്കി ജീവിതത്തെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടാകുമ്പോൾ വേണം വിവാഹം കഴിക്കാൻ. അല്ലാതെ ബന്ധുജനങ്ങളുടെ താത്പര്യത്തിനും സ്വാർത്ഥതയ്ക്കും വേണ്ടി ചെയ്യേണ്ടതല്ല . എന്നാൽ ശക്തമായ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പലർക്കും കഴിയില്ല, അവിടെയാണ് നിയമത്തിന്റെ പ്രസക്തി. ഭ്രമമാണ് പ്രണയമൊന്നൊക്കെ കവികൾ എഴുതുന്നത് എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ പ്രണയിച്ചു അടിച്ചു പിരിയുന്നത് കണ്ടിട്ടാകും. നമുക്ക് പ്രായം കൂടുന്തോറും നമ്മുടെ തിരഞ്ഞെടുക്കലുകൾ ശരിയായി വരുന്നു. ബന്ധങ്ങൾ ദൃഢമാകുന്നു.


Asha Susan 

ഞാൻ ആലോചിക്കുവായിരുന്നു പെൺകുട്ടികളുടെ വിവാഹ പ്രായം 24 ആക്കിയൊരു വിധി കാലങ്ങൾക്ക് മുന്നേ വന്നിരുന്നെങ്കിൽ ഇന്നെന്റെ കൈയ്യിൽ ചുരുങ്ങിയ പക്ഷം ഒരു പിജി എങ്കിലും കണ്ടേനേലോന്നു.അതുകൊണ്ടിപ്പോ പ്രത്യേകിച്ച് എന്ത് മാറ്റം ഉണ്ടായേനെന്നു ചോദിച്ചാ ഒന്നൂല്ലേലും അനുഭവത്തിൽ നിന്ന് മാത്രം എഴുതി വെയ്ക്കുന്നവൾ എന്നൊരു ടാഗ് എനിക്ക് വീഴില്ലായിരുന്നല്ലോ? ഇതിപ്പോ ജീവിതത്തിൽ എനിക്കുണ്ടായ മോശം അനുഭവങ്ങളിൽ നിന്ന് മാത്രം ഞാൻ കാര്യങ്ങൾ നോക്കിക്കാണുന്നു, അത് വെച്ച് മാത്രം സംസാരിക്കുന്നു, സൊ അതിൽ കൂടുതൽ അതിനെ കാണേണ്ടെന്നാണ് സംസാരം. ഞാനിത് എഴുതുമ്പോഴും എന്റെ കണ്ണിൽ നിന്ന് കണ്ണുനീര് വീഴുന്നത് എന്നെമാത്രം ഓർത്തല്ല പതിനെട്ടിലും ഇരുപതിലും വിവാഹം കഴിച്ചു, കെട്ടിക്കാൻ വേണ്ടി മാത്രം കെട്ടിയിട്ടു വളർത്തിയ എന്നെപ്പോലത്തെ എത്രയോ പൊട്ടിക്കാളികൾ തന്റേതല്ലാത്ത കാരണത്താൽ വട്ടമേശ സംവാദങ്ങളിലും തീരുമാനങ്ങൾ എടുക്കുന്ന ചർച്ചകളിലും അവഗണിക്കപ്പെടുന്നുണ്ടാവും. കൂട്ടത്തിൽ കൂടാൻ പറ്റാത്ത കൊണ്ട് നീറുന്നുണ്ടാവും,സ്വന്തം വാക്കുകൾക്ക് വിലയില്ലെന്ന് അറിഞ്ഞു രണ്ടാം തരക്കാരെ പോലെ ദൃശ്യപ്പെടുമ്പോഴും അദൃശ്യരാവുന്നുണ്ടാവും, ആൾകൂട്ടത്തിൽ പെടാതെ ഓടിഒളിക്കാൻ തോന്നുന്നവരുണ്ടാവുംഇനിയാ നീറ്റൽ ഇവിടെ കുടഞ്ഞിടാമെന്നു വെച്ചാതന്നെ അതും ഒന്നുകിൽ കോംപ്ലെക്‌സാണെന്നോ അല്ലേൽ സഹതാപത്തിനു വേണ്ടിയല്ലേന്നോ ചോദിക്കും. ഫലമോ നേരത്തെയുള്ള വിവാഹത്തിലൂടെ അറിവിന്റെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്ന സ്ത്രീവിഷയം ആ സഹതാപ കണ്ണീരിൽ മുങ്ങിപ്പോവുകയും ചെയ്യും .

സോ അനുഭവം പറയുന്നു എന്ന കാരണത്താൽ നിങ്ങൾക്ക് വേണമെങ്കിൽ അതിനെ എന്റെ മാത്രം പ്രശ്‌നമെന്നോ, എന്റെ ന്യായീകരണമെന്നോ പറഞ്ഞു തള്ളിക്കളയാം. അപ്പോഴും അതിലൂടെ ഞാൻ പറഞ്ഞു വെയ്ക്കുന്ന ഇന്നും നിലനിൽക്കുന്ന സാമൂഹിക പ്രശ്നങ്ങൾ കാണാതെ പോവരുത്. എനിക്ക് അക്കാദമിക് ബിരുദവും ലോകപരിചയം ഇല്ലാതെ പോയത് എന്റെ തീരുമാനമല്ലായിരുന്നു
എന്നത് പോലെ പുരുഷന്മാരുടെ അത്രയും ലോകപരിചയവും അറിവും സ്ത്രീയ്ക്ക് ഇല്ലാത്തത് അവരുടെ തെറ്റോ അവരുടെ ചോയ്‌സോ അല്ലെന്ന് പുരുഷന്റെ ലോകപരിജ്ഞാനത്തിലും അറിവിലും നേട്ടത്തിലും അഹങ്കരിക്കുന്ന ഏതേലും സുഹൃത്തുക്കളുണ്ടെങ്കിൽ ദയവായി മനസ്സിലാക്കണം. നാലാളുടെ മധ്യത്തിൽ അവഗണിക്കപ്പെടുന്ന പൊട്ടിക്കാളികൾ ഇയെങ്കിലും ഉണ്ടാവാതിരിക്കാനാണ് exposure കിട്ടാനുള്ള എല്ലാ വാതിലുകളും പെൺകുട്ടികൾക്ക് തുറന്നു കൊടുക്കാൻ അപേക്ഷിക്കുന്നത് .


രമ്യ ബിനോയ്

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ ചൊല്ലി ചർച്ചകൾ കൊഴുക്കുകയാണ്. 18 വയസ്സ് എന്ന നിലവിലെ വിവാഹപ്രായം ഐഡിയൽ ആണെന്ന് വാദിക്കുന്നവർ ഒട്ടേറെ. ലോകത്തെ വികസിത രാജ്യങ്ങളിലെല്ലാം ഇതു തന്നെയാണ് വിവാഹപ്രായമെന്നാണ് ഇവർ തങ്ങളുടെ വാദത്തിനു ബലം കൂട്ടാൻ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, ഒന്നോർക്കണം. ആ രാജ്യങ്ങളിലെല്ലാം ശരാശരി വിവാഹപ്രായം 25 വയസ്സിനു മുകളിലാണ്. മാത്രമല്ല, അതിനു മുൻപ് വിവാഹിതരാകുന്ന പെൺകുട്ടികൾ സ്വന്തം ഇഷ്ടത്തിനാണ് വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നത്. അതോടെ അവരുടെ വിദ്യാഭ്യാസത്തിനോ കരിയറിനോ എന്നേക്കുമായി പൂട്ടു വീഴുന്നുമില്ല. തുല്യ പങ്കാളിത്തത്തോടെ ഉത്തരവാദിത്തങ്ങൾ പങ്കുവച്ച് ആ പെൺകുട്ടികൾ ജീവിതത്തിലും കരിയറിലും മുന്നേറും.
ഇവിടെ ഇന്ത്യയിലാകട്ടെ, വിവാഹിതയാകുന്ന പെൺകുട്ടിയെ ഭയപ്പെടുത്താനായി വായ് പിളർന്ന് ഒരടുക്കളയുണ്ടാകും. അവളുടെ പഠനത്തിലോ ജോലിയിലോ ഉള്ള മികവൊന്നും ഭർത്തൃകുടുംബത്തിന്റെ കണക്കിലുണ്ടാകില്ല. അവൾക്ക് മുളകിട്ട മീൻകറി വയ്ക്കാൻ അറിയുമോ? ബീഫ് ഉലർത്താൻ മിടുക്കുണ്ടോ? വീട് പൊടി പോലുമില്ലാതെ വൃത്തിയാക്കി വയ്ക്കുമോ (അവളൊഴിച്ചുള്ള സകലരും വൃത്തികേടാക്കാൻ മത്സരിക്കുന്ന ഇടമാണെന്നു കൂടി ഓർക്കുക)… ഇത്തരം അളവുകോലുകളാണ് നമ്മുടെ നവ വിവാഹിതകളെ കാത്തിരിക്കുന്നത്. അത്തരം വിധിയെഴുത്തുകളെ അതിജീവിക്കാൻ അസാമാന്യ ധൈര്യം വേണം. അത് നേടിയെടുക്കാൻ പലരും വർഷങ്ങൾ കഴിയും. അപ്പോഴേക്കും കരിയറിൽ കൂടെ ഓടിത്തുടങ്ങിയവർ ഒരുപാട് മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കും. അങ്ങനെ നിരാശയിൽ ആണ്ടു മുങ്ങിപ്പോയ ഒരുപാട് പെൺകുട്ടികളെ ഞാൻ കാണാറുണ്ട്. അതുകൊണ്ട് തന്നെ എനിക്കറിയുന്ന എല്ലാ പെൺകുട്ടികളോടും ഞാൻ പറയും 27 വയസ്സായിട്ടേ വിവാഹത്തെ കുറിച്ചു ചിന്തിക്കാവൂ എന്ന്.