ദൈവമുണ്ടെങ്കിൽ ആ ദൈവം അയാളോട് പൊറുക്കും

83

Rajesh Shiva, Bibith Kozhikkalathil

ദൈവം ഇല്ലെന്നു നിരീശ്വരവാദികളേക്കാൾ ഉറപ്പുള്ള വർഗ്ഗം എല്ലാ മതങ്ങളിലെയും പുരോഹിത വർഗ്ഗമാണ്. അത്രമാത്രം അലവലാതിത്തരങ്ങളാണ് ദിവസവും കാണിച്ചുകൂട്ടുന്നത്. അധാർമ്മികമായി ജീവിക്കാനും സഹജീവികളെ ദ്രോഹിക്കാനും ശ്രമിക്കുന്നവരുടെ എണ്ണമെടുത്താൽ മൃഗീയഭൂരിപക്ഷവും വിശ്വാസികളോ അവരെ നയിക്കുന്ന പുരോഹിതന്മാരോ ആണെന്ന് മനസിലാക്കാം. ഇവിടെ ഒരു ക്ഷേത്രജീവനക്കാൻ ബലിക്കല്ലിൽ ചവുട്ടിനിന്നു മാറാലയടിച്ചതാണ് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയത്. അയാളുടെ രക്തത്തിനു വേണ്ടി അലറുകയാണ് കപടഭക്തിയുടെ പേ പിടിച്ച സോംബികൾ. അതിൽ ലോക്കൽ ഭക്തരെന്നോ സെലിബ്രിറ്റികൾ എന്നോ ഭേദമില്ല.

നിഷാദനായ ഭക്തന് ശിവലിംഗത്തിൽ അഭിഷേകം ചെയ്യാൻ നദിയിൽ നിന്നും ജലമെടുക്കാൻ പാത്രം കിട്ടാഞ്ഞിട്ട് വായിൽ ജലം ശേഖരിച്ചു ശിവലിംഗത്തിനരികിൽ വന്നു അതിലേക്കു ആഞ്ഞു തുപ്പിയതായി പുരാണത്തിൽ ഒരു കഥ പറയുന്നുണ്ട്. ഇങ്ങനെ സാഹചര്യത്തിന്റെ സ്വാധീനം നിമിത്തം മനുഷ്യർ യാഥാർഥ്യ ജീവിതത്തിലും പലതും കാണിച്ചുകൂട്ടാറുണ്ട്. പ്രസ്തുത ജീവനക്കാരൻ ബലിക്കല്ലിൽ ചവുട്ടിയതു വാർത്തയായതാണ് പ്രശ്നമുണ്ടായതെങ്കിൽ ഈ ഭക്ത ഭ്രാന്തന്മാർ അറിയാതെ സംഭവിച്ച സമാനമായ ഒരായിരം കാര്യങ്ങൾ ഉണ്ടാകും. ദൈവം ഉണ്ടെങ്കിൽ, ചവിട്ടുകൊണ്ടും ഇതുവരെയുള്ള ഭക്ത-പുരോഹിത തെമ്മാടിത്തങ്ങൾ കണ്ടു വശംകെട്ടും ദൈവങ്ങൾ ഒന്നടങ്കം ഓടി രക്ഷപെട്ടിരിക്കാൻ ആണ് സാധ്യത.

ശിൽപികൾ ആണ് നിങ്ങളുടെയുള്ളിൽ നിറഞ്ഞു നിൽക്കുന്ന പല ദൈവങ്ങളെയും കൊത്തിയുണ്ടാക്കിയത്. എന്നാൽ ആ ശില്പം കൊത്തിക്കഴിഞ്ഞാലോ ശില്പി പിന്നെ അധഃകൃതൻ, ശിൽപം അമ്പലംവിഴുങ്ങികളുടെ മാത്രം കുത്തകയാകും. ബോധമുള്ളവന്റെ ‘ദൈവം’ ബോധമില്ലാത്തവന്റെ ദൈവത്തെ കൊത്തിയുണ്ടാക്കിയ ശില്പിയാണ്. കാരണം, കലയുടെ അപാരമായ സമ്മേളനം. സ്‌കൂൾ കുട്ടികളെ പോലെ മന്ത്രം മനഃപാഠമാക്കിയവൻ മഹാൻ എന്നാലോ അപാര കഴിവുള്ള ശില്പി മനുഷ്യരിൽ കുറഞ്ഞവർ, പൂജ എന്ന കപടകർമ്മം ചെയ്യുന്നവന്റെ പാദങ്ങൾക്ക് ശില്പിയുടെ കൈകൾക്കില്ലാത്ത മഹത്വം ആണ് മണ്ടന്മാർ കല്പിച്ചു നൽകുന്നത്.
അങ്ങനെയുള്ള മണ്ടന്മാർ ഒരു ക്ഷേത്രജീവനക്കാരന്റെ രക്തത്തിനായി ആക്രോശിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. ആ ബലിക്കല്ലിൽ അയാളുടെ കഴുത്തു വെട്ടി ബലിയർപ്പിച്ചാൽ മാത്രമേ തെറ്റിന്റെ പരിഹാരം ആകൂ എന്നുവരെ അവർ വിളിച്ചുപറയും. കാരണം അവർക്കു നന്മയോ അവർ തന്നെ പറയുന്ന ദൈവത്തിന്റെ മഹത്വമോ ഒന്നും അവകാശപ്പെടാനില്ല. ഒക്കേത്തിനും മതഭ്രാന്തിന്റെ സോംബി വൈറസ് ബാധിച്ചിരിക്കുകയാണ്.

“കല്ല് ദേവിയായിക്കഴിഞ്ഞു. അപ്പോ ആശാരിമാർ തീണ്ടാപ്പാടകലെ” പെരുന്തച്ചൻ പറയുന്നതാണ്. എം.ടിയുടെ ‘പെരുന്തച്ചൻ’ സിനിമയിൽ വിഗ്രഹത്തിന്രെ പണിതീരുന്നതിനുമുന്പ് കലശത്തിനെടുക്കുന്ന രംഗമുണ്ട്. മകുടത്തിൽ ഒരുവരി ബാക്കിയുണ്ടെന്നു പറയുന്നുണ്ട് തിലകന്റെ പെരുന്തച്ചൻ. “തൊട്ടശുദ്ധമാക്കരുതെ”ന്ന കൽപ്പനയാണ് ലഭിക്കുന്നത്. അവിടെ നന്പൂതിരിയൊഴിച്ചുള്ള മറ്റു ജാതിക്കാർക്ക് പ്രവേശനമില്ല. ആരുണ്ടാക്കിയതാണ് ഈ നിയമങ്ങൾ ? നന്പൂതിരിമാർ തന്നെ.ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത നിയമങ്ങൾ. അതാണ് ഹിന്ദുമതാചാരങ്ങൾ. അതിന് വഴിപ്പെടുകയാണ് സമൂഹത്തിലെ മറ്റു വിഭാഗങ്ങൾ.

എന്ത് പ്രത്യേകതയാണ് ഒരു നന്പൂതിരിയും മറ്റു സാധാരണ മനുഷ്യരും തമ്മിൽ ? ശാസ്ത്രീയമായോജൈവപരമായോ ?
ഏതോ അന്പലത്തിലെ മണ്ഡപത്തിൽ കയറിനിന്ന് അന്പലം വൃത്തിയാക്കിയതാണ് ഇപ്പോൾ വിഷയം. ഈശ്വരസൃഷ്ടിയാണ് മനുഷ്യനെങ്കിൽ അവന്റെ ഏത് അവയവത്തിനും അശുദ്ധി കൽപ്പിക്കുന്നത് എന്തിനാണ് ? ബ്രാഹ്മണൻ തലയിൽ ചവുട്ടി അനുഗ്രഹിക്കുന്ന 😃 ഒരുപാട് ചടങ്ങുകളുണ്ട്. അവരുടെ കാല് അശുദ്ധമല്ലേ ?കാലുതൊട്ടുവന്ദിക്കുന്ന ചടങ്ങില്ലേ ഇന്ത്യയിൽ ?
അപ്പോൾ കാല് അശുദ്ധമല്ലേ ?ആ വ്യക്തി അന്പലം വൃത്തിയാക്കുകയാണ്. ആരുടെയെങ്കിലും വിശ്വാസത്തെ തകർക്കാൻവേണ്ടിയാണോ അത് ചെയ്തത്? ആ രംഗം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച വ്യക്തിയുടേതാണ് നീചമനസ്സ്.

അയാൾക്ക് വലിയ ധാരണയില്ലാതെ ചെയ്തതാവും. ക്ഷമിക്ക്. അതിന് എന്തേലും പരിഹാരം ഉണ്ടെങ്കിൽ അത് ചെയ്ത് പരിഹരിക്കാമല്ലോ. ഇനി അതിൽ ചവുട്ടിയതുകൊണ്ട് എന്തേലും പ്രശ്നം ഉണ്ടേൽ അത് ദൈവത്തിനല്ലേ. ദൈവത്തിന്രെ കാര്യം എന്തിനാണ് മനുഷ്യർ നോക്കുന്നത് ? അന്പലംവരെ കുത്തിക്കവർച്ച നടത്തുന്ന വിശ്വാസികളുള്ള നാടാണിത്. നിങ്ങളീപ്പറയുന്ന ഹൈന്ദവാചാരങ്ങളെന്നത് എന്താണെന്ന് ആരേലുംപറഞ്ഞുതരണം. നൂറുവർഷംപോലുമായിട്ടില്ല കേരളത്തിൽ സാധാരണ ജനങ്ങൾ ക്ഷേത്രത്തിൽ പോകാന് തുടങ്ങിയിട്ട്. ഇവിടെ കലിതുള്ളുന്ന പലരുടേയും അഛനോടോ അമ്മയോടോ മുത്തഛൻമാരോടോ ചോദിച്ചാൽ മനസ്സിലാകും എന്താണ് ചരിത്രമെന്ന്. ക്ഷേത്രത്തിൽ പോയിട്ട് ക്ഷേത്രപരിസരത്തേക്കുപോലും ആളെ അടുപ്പിച്ചിട്ടില്ല. വൈക്കം സത്യാഗ്രഹകാലത്ത് നന്പൂതിരിയുടെ വീട്ടിന്നകത്തേക്ക് കയറിയിരിക്കാൻപോലും കഴിഞ്ഞിട്ടില്ല മഹാത്മാഗാന്ധിക്ക്. ആ ഇല്ലം ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ആപ്പീസാണ്.

ഇനി ദൈവമുണ്ടെങ്കിൽ അയാളോട് ദൈവം പൊറുക്കും. ദൈവത്തിന്റെ പരിസരമാണല്ലോ വൃത്തിയാക്കിയത്. ആരോ പറഞ്ഞതുപോലെ ഇക്കഴിഞ്ഞ പ്രളയത്തിൽ മനുഷ്യമലംകൊണ്ട് അഭിഷിക്തമാകാത്ത വിഗ്രഹങ്ങൾ ചുരുങ്ങും. സൂക്ഷ്മ പരിശോധന നടത്തിയാൽ അതിന്റെ അവശിഷ്ടങ്ങൾ കാണും ഇപ്പോഴും.