പത്തോ അഞ്ഞൂറോ രൂപയുടെ ഒരു കഞ്ഞി കിറ്റ് ഭരണകൂടം നമ്മൾക്ക് തന്നാൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്ര ശൈശവാവസ്ഥയിലാണ് നമ്മുടെ ജനാധിപത്യ ബോധം

151

Rajesh Shiva എഴുതുന്നു

മൃഗീയഭൂരിപക്ഷമുള്ള സർക്കാർ അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയത് ഫേസ്ബുക്കിൽ ആഘോഷിക്കുന്നത് ഗോളിയില്ലാ പോസ്റ്റിൽ ഗോളടിച്ചിട്ടു തലകുത്തി മറിയുന്നതിന് തുല്യമാണ്. അങ്ങനെ നോക്കിയാൽ, കേന്ദ്രത്തിൽ മോദി സർക്കാരിനെതിരെ ആരെങ്കിലും അവിശ്വാസം കൊണ്ടുവന്നാലും വിജയിക്കില്ലല്ലോ. അപ്പോൾ ധർമ്മം ജയിച്ചു എന്ന് ബിജെപിക്കാർ പറയുന്നത് സമ്മതിച്ചുകൊടുക്കാൻ പറ്റുമോ ? ഉൾപാർട്ടീ ജനാധിപത്യത്തിന് പുല്ലുവില കല്പിക്കുന്ന ഇന്ത്യയിൽ ന്യായാന്യായങ്ങൾ നോക്കി സ്വാത്രന്ത്രമായി വോട്ടുചെയ്യാൻ ജനപ്രതിനിധികൾക്ക് സ്വാതന്ത്ര്യമില്ല. പാർട്ടിയുടെ നേതൃത്വം പറയുന്നത് ചോദ്യംചെയ്യാതെ അനുസരിക്കുക എന്നതാണ് കീഴ്‌വഴക്കം. ഞാൻ കണ്ടിടത്തോളം അല്പം സ്വതന്ത്രമായി അഭിപായം പറയാനെങ്കിലും സ്വാതന്ത്ര്യമുള്ള ജനപ്രതിനിധികളെ താരതമ്യേന കോൺഗ്രസിലാണ് കണ്ടിട്ടുള്ളത്. അച്ചടക്കം എന്ന പേരിട്ടു അടിമത്തം ശീലിക്കുന്ന ഇന്ത്യയിലെ ജനാധിപത്യത്തേക്കാൾ ഞാനെന്നും പാശ്ചാത്യനാടുകളിലെ ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നത് മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാൻ ജനപ്രതിനിധികൾക്ക് സ്വാതന്ത്ര്യം ഉണ്ട് എന്നതുകൊണ്ടാണ്. അവിശ്വാസത്തിനു അനുകൂലമായോ പ്രതികൂലമായോ വോട്ട് ചെയ്യാൻ അതാത് പാർട്ടികളിലെ അംഗങ്ങൾക്ക് വിപ്പ് നൽകുന്നത് നമ്മൾ വിശാലമാണ് എന്ന് അവകാശപ്പെടുന്ന ജനാധിപത്യത്തിലെ വിരോധാഭാസമാണ്. കാരണം ന്യായാന്യായങ്ങൾ ഏതെങ്കിലും ഒരു പാർട്ടിയിൽ മാത്രം നിക്ഷിപ്തമായ ഒന്നല്ല. ചില നയങ്ങൾ ശരിയാകും ചിലതു തെറ്റും. ഇങ്ങനെ അല്ലാത്ത ഒരു പാർട്ടിയെയും ഇന്ത്യയിൽ കണ്ടിട്ടില്ല. എന്നാൽ ഭരണഘടനയെ വെല്ലുവിളിച്ചു ഒരു വിഭാഗത്തിന് പരിഗണന നൽകാൻ ശ്രമിക്കുന്ന വർഗ്ഗീയരാഷ്ട്രീയം ആ പ്രവർത്തി കൊണ്ടാണ് അപ്പാടെ തെറ്റാകുന്നത്. ആ അടിസ്ഥാന തെറ്റിൽ നിന്നുകൊണ്ട് അവർ എന്തൊക്കെ ജനപ്രിയ നടപടികൊണ്ടുവന്നാലും അതിലൂടെയും തങ്ങളുടെ അജണ്ടകളുടെ പൂത്തീകരണം ആണ് ലക്ഷമാക്കുന്നതെന്നു പുരോഗമനമനസുകൾ ചിന്തിക്കുന്നത് തെറ്റാകുന്നില്ല. ബിജെപിയുടെ അണികളെ പോലെ തങ്ങളുടെ നേതാക്കളെ പുകഴ്ത്തിയും വീരകഥകൾ പ്രചരിപ്പിച്ചും അവരെ വിഗ്രഹങ്ങളാക്കി സിപിഎം അണികളും സായൂജ്യമടയുന്ന കാഴ്ചയാണ് ഈ ദിവസവും കാണാൻ കഴിയുന്നത്. വ്യക്തിഹത്യകളും സൈബർ അറ്റാക്കുകളും അവരിലും പരക്കെ കണ്ടുവരുന്നു. ശബരിമല പോലുള്ള വിഷയങ്ങളിൽ പരമോന്നത നീതിപീഠത്തിന്റെ വിധിക്കു അനുകൂലമായി എടുത്ത പുരോഗമന നിലപാടുകൾ കൊണ്ടാണ് ഞാനൊക്കെ സിപിഎമ്മിനെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നത്. എന്നാൽ അതിലൊക്കെ പിന്നീട് വെള്ളം ചേർക്കുന്നതും കോടതിവിധി ഒരു ഔപചാരികതയ്ക്കു എന്നോണം നടപ്പാക്കി കൈകഴുകുന്നതാണ് കാണാൻ കഴിഞ്ഞത്. വർഗ്ഗീയവാദികളെയും സദാചാരപോലീസിനെയും അക്രമികളെയും ആജന്മശത്രുക്കൾ ആയി കാണുന്ന തികഞ്ഞ ജനാധിപത്യവാദിയായ എന്നെപോലുള്ളവർക്ക് രാഷ്‌ടീയപക്ഷം എന്നത് ‘തമ്മിൽഭേദം തൊമ്മൻ’ എന്ന നയം മാത്രമാകുന്നു.രാഷ്‌ടീയക്കാർ എന്തെങ്കിലും വികസനം പ്രവർത്തികമാക്കുമ്പോൾ അവരെ മാരകമായി പുകഴ്ത്തേണ്ട ആവശ്യമില്ല, കാരണം അതൊക്കെ ചെയ്യാൻ തന്നെയാണ് തിരഞ്ഞെടുത്തത്, ചെയുന്നതാകട്ടെ ജനത്തിന്റെ പണം കൊണ്ടും. കേവലം നടത്തിപ്പുകാർ മാത്രമാണ് രാഷ്ട്രീയക്കാർ. ഒരു കെട്ടിടംകണ്ടാലോ ഒരു പാലം കണ്ടാലോ വീരാരാധന നടത്തുമ്പോൾ സ്വയം വില കളയുകയാണ് ചെയുന്നത്. അതൊക്കെ മനസ്സിലാക്കണമെങ്കിൽ വികസനത്തിന്റെ അവസാനവാക്കായി കരുതുന്ന നാടുകളെ കൂടി നമ്മൾ കാണണം. ക്രിക്കറ്റിൽ, സിനിമയിൽ … എന്നപോലെ രാഷ്ട്രീയത്തിലും വ്യക്ത്യാരാധന അതിരുകടക്കുകയാണ്. നമ്മുക്ക് എന്നുമുതലാണ് വികസനം എന്നത് രാഷ്‌ടീയക്കാരൻ എറിഞ്ഞു തരുന്ന ഭിക്ഷയായി മാറിയത് ? അതൊക്കെ കൊണ്ടാണ് പാലാരിവട്ടം പഞ്ചവടിപ്പാലങ്ങൾ അവർത്തിക്കുന്നത് . ആദ്യം ആൾക്കൂട്ടങ്ങളിൽ നിന്നും നല്ല പൗരന്മാർ ആകുക.


Joli Joli എഴുതുന്നു

പത്തോ അഞ്ഞൂറോ രൂപയുടെ ഒരു കഞ്ഞി കിറ്റ് ഭരണകൂടം നമ്മൾക്ക് തന്നാൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്ര ശൈശവാവസ്ഥയിലാണ് നമ്മുടെ ജനാധിപത്യ ബോധം.അത്രയധികം ജനാധിപത്യ നിരക്ഷരരാണ് നമ്മൾ.മറ്റുള്ള സംസ്ഥാനങ്ങളിൽ അതുപോലും കിട്ടുന്നില്ലല്ലോ എന്ന് ഇവർ നമ്മോട് പറയുന്നതാണ് അതിന്റ ഏറ്റവും വലിയ ഭീകരത അല്ലങ്കിൽ ദയനീയത. ബ്രിട്ടീഷുകാർ നൂറ് രൂപ ഇന്ത്യയിൽ നിന്ന് മോഷ്ടിച്ചിരുന്ന കാലത്ത് അതിൽ നിന്ന് ഇരുപത്തി മൂന്ന് രൂപ ഇവിടെ ചിലവാക്കിയിരുന്നു എന്ന് ചരിത്രം പറയുന്നു.ചില ബ്രിട്ടീഷ് ഭരണ കാലത്തെ ചില പ്രശ്നങ്ങൾ എടുത്തിട്ട് വാക്വാവാദങ്ങൾ ഉണ്ടാകുമ്പോൾ ബ്രിട്ടീഷ് ഗവർമെന്റ് ഇന്നും അത് പറയാറുണ്ട്.ഏകദേശം നൂറ്റിക്ക് ഇരുപത്തി മൂന്ന് രൂപ വെച്ച് ഞങ്ങൾ ഇന്ത്യയിൽ ചിലവാക്കിയപ്പോൾ ആ ഇരുപത്തി മൂന്ന് രൂപയിൽ ഞങ്ങൾ കാണിച്ച ആത്മാർത്ഥതയാണ് ഇന്ത്യയിൽ ഇന്നും ഉരുക്ക് പോലെ ഉയർന്നു നിൽക്കുന്ന ചില നിർമാണങ്ങൾ എന്ന്..
കട്ട മുതൽ കടത്തികൊണ്ട് പോകാനായിരുന്നു എങ്കിൽകൂടി.ഇന്ന് ജനാതിപത്യ ഇന്ത്യയിലെ അഭിനവ വൈസ്റോയിമാരുടെ കീഴിൽ നൂറ്റിക്ക് പതിനഞ്ച് രൂപപോലും രാജ്യത്ത് പ്രയോജനപ്പെടുന്നില്ല എന്നാണ് പുറത്തുവരുന്ന പുതിയ കണക്ക്.ആ പതിനഞ്ചിലും കൃത്രിമമാണത്രേ…!ഇരുപത് കോടിയുടെ ഒരു പ്രോജെക്റ്റ്.അതിൽ അഞ്ചു കോടി രൂപയോളം കമ്മീഷൻ പോകുന്നു.നിർമാത്താവിന്റെ ലാഭം അഞ്ചുകോടി.പേപ്പറുകളുടെ സുഗമമായ നീക്കത്തിന് ഉദ്യോഗസ്ഥർക്ക് എത്ര ലക്ഷങ്ങൾ എന്നറിയില്ല.ആവശ്യമായി വരുന്ന തുകയുടെ പകുതിപോലും ചിലവാക്കാതെ നിർമ്മിക്കുന്ന ഒരു വസ്തുവിന് എന്ത് ഉറപ്പാണ് ഉണ്ടാകുക.അതിൽ താമസിക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്ന മനുഷ്യരുടെ ജീവന് എന്ത് സുരക്ഷിതമാണ് ഉണ്ടാകുക.ഒന്നുമില്ല.ഒരിടത്തെ കാര്യമല്ല പറഞ്ഞത്..
ഇന്ത്യയിൽ മൊത്തമുള്ള കാര്യമാണിത്.എതിരാളികൾ സസൂഷമം കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന കേരളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഒരു ശ്രദ്ധയുമില്ലാത്ത വിവരവും വിദ്യാഭ്യാസവും ജനശ്രദ്ധയുമില്ലാത്ത നോർത്തിന്ത്യയിലെ ഭരണകൂടങ്ങളുടെ കാര്യം പ്രത്യേകം പറയണോ.സന്നദ്ധ സംഘടനകൾ പണിത് തരുന്ന കെട്ടിടങ്ങളാണ്.അതിലെ അഴിമതി സർക്കാരിന്റെ വിഷയമല്ല സർക്കാരിന് അതിൽ നഷ്ടമൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് സർക്കാർ പറയുമ്പോൾ യാതൊരു ഉറപ്പുമില്ലാത്ത അത്തരം അഴിമതി കെട്ടിടങ്ങളിൽ ജനങ്ങൾ താമസിക്കുന്നത് ജീവഹാനിക് ഇടയാക്കും എന്ന് കണ്ട് നിൽക്കുന്നവർ പറയുമ്പോൾ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ.പാലാരിവട്ടം പാലം പാസഞ്ചർ ബസുകൾ അടക്കം ഒരു മിനിറ്റിൽ അനേകം വാഹനങ്ങൾ കടന്നുപോകുന്ന ഒരു പാലമായിരുന്നു.നിരപരാതികളായ ജനങ്ങളുടെ നല്ല മനസുകൊണ്ടായിരിക്കണം സഞ്ചാരസമയത്ത് എല്ലാംകൂടി ഇടിഞ്ചുപൊളിഞ്ഞു വീഴാതിരുന്നത്.എന്നിട്ടും ചുള്ളി കമ്പ് ഒടിച്ചുകൂട്ടി ആ പാലം പണിത വൃത്തികെട്ട ജന്തുക്കൾ ഈ സമൂഹത്തിലൂടെ ഇപ്പോഴും തലയുയർത്തി നടക്കുന്നില്ലേ…? ഒന്നും സാംഭവിച്ചില്ലല്ലോ അവർക്ക്..? അപ്പോൾ പിന്നെ ഇനിയും ഈ നാട്ടിൽ കോടാനുകോടികളുടെ കമ്മീഷൻ നടക്കും.