രാജേഷ് ശിവ
ചുരുളിയിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ സംവിധായകന്റെ സൃഷ്ടിയെണെന്നു പറയുന്നതിലൂടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെയും കോടതി ഇവിടെ മാനിച്ചിരിക്കുകയാണ്. എന്താണ് ചുരുളിയിലെ തെറി ? ചുരുളി എന്ന സ്ഥലത്തെ സംസ്കാരത്തിന്റെ ഭാഗം ആയിട്ടാണ് അതിൽ അത്തരം വാക്കുകൾ ഉപയോഗപ്പെടുത്തിയത്. സിനിമ അതിന്റെ ആശയത്തിലേക്ക് ഇറങ്ങി ചെന്ന് കണ്ടവർക്ക് അതിന്റെ ആശയവും അല്ലാതെ കണ്ടവർക്ക് അതിലെ തെറിയുമാണ് മനസിലായത്. ലോകത്തു മലയാള ഭാഷയിൽ ഉള്ളതിനേക്കാൾ തെറിവാക്കുകൾ മറ്റൊരു ഭാഷയിലും ഇല്ല. ഇവിടെ പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവം വരെ തെറിയായി ഉപയോഗപ്പെടുത്തുന്നു. അതിനു വേണ്ടി പ്രത്യകമായി വാക്കുകളും രൂപപ്പെടുത്തിയിട്ടുണ്ട്.
പകൽമാന്യന്മാർക്കു ദഹിക്കുന്നതല്ല ചുരുളി എന്ന് നിസംശയം പറയാം. കാരണം അവരുടെ ഉപബോധ മനസിന്റെ കപടതകൾ കൂടിയാണ് ചുരുളി തുറന്നിടുന്നത്. ‘സാഹചര്യ’മില്ലായ്മയിൽ മാന്യന്മാരും സാഹചര്യം ഒത്തുവരുമ്പോൾ ആഭാസന്മാരും എന്നതാണ് ബഹുഭൂരിപക്ഷത്തിന്റെയും സ്വഭാവരീതി. മാന്യതയ്ക്കും ആഭാസത്തരത്തിനും ഇടയ്ക്കുള്ള പാലമാണ് ചുരുളിയിലെ ആ പാലം . ആ പാലം ക്രോസ് ചെയ്തു ചുരുളിയിൽ എത്താത്തവർ ആരും തന്നെ ഉണ്ടാകില്ല. ഒരുപക്ഷെ ചുരുളിയെ വിമർശിക്കുന്നവർ അവരുടെ ഉള്ളിൽ കൃത്യമായി ചുരുളി എന്ന ഭൂഭാഗത്തെ വർണ്ണിച്ചു കവിതകൾ എഴുതുന്നവർ കൂടിയാണ്.
അല്ലെങ്കിൽ തന്നെ ചുരുളിയിലെ തെറികൾ ആരാണ് കണ്ടുപിടിച്ചത് ? ലിജോ ജോസ് ആണോ ? അതിന്റെ കഥാകൃത്തായ വിനോയ് തോമസാണോ ? അതിന്റെ തിരക്കഥാകൃത്ത് എസ് ഹരീഷാണോ ? അതിലെ തെറികൾ എല്ലാം തന്നെ നമ്മുടെ പൂവ്വസൂരികളുടെ വായിൽ നിന്നും ഇടതടവില്ലാതെ ബഹിർഗ്ഗമിച്ചതാണ്. നമ്മൾ പിൽക്കാലത്തു ഓരോവാക്കിനേയും ഡിക്ഷ്ണറികളിൽ വരെ ഉൾപ്പെടുത്തി ബഹുമാനിച്ചു. എന്നിട്ടും കുറ്റം സിനിമയ്ക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ആണെന്നത് വിരോധാഭാസം തന്നെ.
ഒരാൾ തെറി പഠിക്കുന്നത് എവിടെയൊക്കെ നിന്നൊക്കെയാണ് ? അത് തീർച്ചയായതും കുടുംബം-സൗഹൃദങ്ങൾ-സമൂഹം ഇങ്ങനെയുള്ള ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സമൂഹത്തിലെ ചിലർ ഓരോ സമയങ്ങളിൽ ചുരുളിയിലേക്കുള്ള യാത്രപുറപ്പെടും. അവരുടെ ചുരുളി അവരുടെ ഇടങ്ങൾ തന്നെയാണ്. അവരുടെ ഉള്ളിലാണ് യാത്രകൾ. ചുരുളിയിൽ എത്തുമ്പോൾ തെരുവിലെ ഏതൊരു സ്ഥലത്തും ആരെയും കൂസാതെ അവർ അഴിഞ്ഞാടും. വായിൽ നിന്നും തെറികളുടെ പ്രവാഹവും ഉണ്ടാകും. നമ്മുടെ കൂട്ടുകാരോ .അവരും അങ്ങനെ തന്നെ.. കുടുംബം നല്ലതാണോ ? എത്രയോ കുടുംബങ്ങളിൽ വെകുന്നേരങ്ങളിൽ ചുരുളിയിലെ ഭരണിപ്പാട്ട് അനുദിനം കേൾക്കാം. അപ്പോൾ ചുരുളി നമ്മിലും നമ്മുടെ സമൂഹത്തിലും കുടുബത്തിലും ഒക്കെ ഉള്ളപ്പോൾ നിങ്ങൾക്ക് ഒരു സിനിമയെ ക്രൂശിക്കാൻ നാണമില്ലേ മനുഷ്യന്മാരെ ?
നിങ്ങളെ കണ്ടുതന്നെയാണ് സംവിധായകൻ ചുരുളിയെ അണിയിച്ചൊരുക്കിയത്. ഓരോ മനുഷ്യനും ഉത്തരംകിട്ടാത്ത നിഗൂഢതകളുടെ ഓരോ ചുരുളികൾ ആണ്. നിങ്ങൾ മനസ്സുകൊണ്ടെങ്കിലും തെറി വിളിച്ചിട്ടില്ല എന്ന് ഉറപ്പുള്ളവർ ആണോ ? മനസുകൊണ്ട് ബലാത്‌സംഗവും കൊലപാതകവും ചെയ്തിട്ടില്ലത്തവർ എന്ന് ഉറപ്പുള്ളവർ ആണോ ? എന്റെ വിദ്യാഭ്യാസകാലത്ത് ക്ലാസിലെ കുട്ടികൾ ആറാംക്ലാസ് മുതൽ നല്ല ഉശിരൻ തെറികൾ വിളിച്ചുതുടങ്ങിയതായി ഓർത്തെടുക്കാൻ സാധിക്കുന്നുണ്ട്. അവർ പഠിച്ചത് എവിടെ നിന്നാണ് ?
നമ്മുടെ സമൂഹത്തിലും നമുക്കുള്ളിലും അരാജകത്വത്തിന്റെ ഒരു സ്വപ്നം സജീവമായി ജീവിക്കുന്നുണ്ട്. എന്തും ചെയ്യാവുന്ന ഒരു ‘ചുരുളിസ്വർഗ്ഗം’. ആ സ്വപ്നത്തിന്റെ സൂത്രധാരന്മാർ ആരാണെന്നറിയാമോ ? സംസ്കാരവും വിവേകവും നിയമവും ആരെയൊക്കെയോ ഭയപ്പെട്ടു അനുസരിക്കാൻ തുടങ്ങുന്നതിനു മുൻപുള്ള പ്രാകൃതമായ ആ ശിലായുഗ മനുഷ്യജീവികൾ. അവരാണ് ആ സൂത്രധാരന്മാർ. അവരാണ് പലപ്പോഴും നമ്മെ നിയന്ത്രിക്കുന്നത്. ബലാത്‌സംഗം ചെയ്യാനും അപരിഷ്കൃതമായി സംസാരിക്കാനും ദുർബലനുമേൽ അത്രമേൽ ഹീനനായി അധീശത്വം സ്ഥാപിക്കാനും നിയമങ്ങൾ ബോധപൂർവ്വം തെറ്റിക്കാനും നമ്മുടെ മസ്തിഷ്ക്കങ്ങളിൽ പ്രക്ഷാളനം ചെയുന്നത് അവരാണ്. അതുപക്ഷേ നാം അറിയുന്നില്ല. ഒരു പൗരസമൂഹത്തിലേക്കുള്ള നമ്മുടെ യാത്ര വഴിതെറ്റി പോയിരിക്കുകയാണ്. മേല്പറഞ്ഞ മാടൻ നമ്മെയെല്ലാം വഴിതെറ്റിക്കുന്നു. അങ്ങനെ ചുരുളി’പുറ്റു’കളുടെ കൊടുങ്കാടിൽ കിളിർത്ത നാം ഓരോരുത്തരും എത്ര ഭംഗിയായി ആണ് ആന്റണിമാരും ഷാജീവന്മാരും ആകുന്നത്. എന്തൊക്കെ ആയാലും നമ്മുടെയും യാത്ര ആ അരാജകസ്വർഗ്ഗത്തിലേക്ക് തന്നെ.
ഇത് മനുഷ്യൻ ഇടപഴകുന്ന എല്ലാ മേഖലയുടെയും അവസ്ഥ തന്നെ. അതിൽ വിർച്വൽ ഇടങ്ങളും ഉൾപ്പെടുന്നു. രാമായണവും ബൈബിളും ഖുറാനും പോസ്റ്റ് ചെയ്യാൻ വെള്ളവസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള പ്രൊഫൈൽ ഫോട്ടോകൾ ഉള്ള യഥാർത്ഥ ഐഡി . അതുകാണുമ്പോൾ ചുരുളിയിലെ ആദ്യകുർബാനയ്ക്ക് തടിച്ചുകൂടിയ വെള്ളവസ്ത്രധാരികളെ ഓർമ്മവരും. അവർ അന്നേരം തെറി വിളിക്കില്ല. ആത്മീയതയുടെ മറയിൽ ആയിരിക്കും. എന്നാലോ അർദ്ധരാത്രികളിലോ സൗകര്യപൂർവ്വം പലപ്പോഴുമോ ആ പ്രൊഫൈലുകളിൽ നിന്നൊരു ചുരുളി യാത്രയുണ്ട്. അവിടെയും രഹസ്യങ്ങളുടെ ഒരു ദുർഘടമായ പാലമുണ്ട്. അതിൽ കയറി ഫേക് ഐഡികളിൽ പലപേരുകളിൽ എത്തിയാലോ തെറിയോട് തെറി തന്നെ . എതിരാളികളെ തെറി, ആശയങ്ങളെ എതിർക്കുന്നവരെ തെറി, സെലിബ്രിറ്റികളുടെ പോസ്റ്റിൽ തെറി , സ്ത്രീകളുടെ വസ്ത്രധാരണം കണ്ടു അശ്‌ളീല തെറികൾ. ഇതേ വ്യക്തി യഥാർത്ഥ പ്രൊഫൈലിൽ സാത്വികേഷ് എന്ന നാമധാരിയും ആയിരിക്കും. അദ്ദേഹത്തിന്റെ ഫോട്ടോയോ പുഞ്ചിരിക്കുന്നതും. ചിലരാകട്ടെ യഥാർത്ഥ ഐഡികളിൽ തന്നെ നിന്നനില്പിലൊരു ചുളുരി യാത്രയുണ്ട് . യഥാർത്ഥ മുഖംകാണിച്ചു കൊണ്ട് ചുരുളിയാത്ര. അത്തരക്കാരുടെ മനസികഘടനയിൽ ആണ് ചുരുളികൾ കൂടുതൽ ശക്തമാകുന്നത്. കംപ്യൂട്ടറിന്റെ സെക്കന്ററി മെമ്മറിയായ ഹാർഡ് ഡിസ്ക് പോലെയാണ് ഇതിന്റെ പ്രവർത്തനം. കാണാൻ ആകുന്നതും കാണാൻ സാധിക്കാത്ത അഥവാ ഹൈഡ് ചെയ്തതുമായ ഫോൾഡറുകൾ അതിൽ സുലഭമാണ്.
ഇവിടെ മനസിന്റെ ഉപബോധഘടനയുടെ പ്രവർത്തനങ്ങളെ നമ്മുടെ ബോധം മറച്ചുപിടിക്കുന്നത്. ചുരുളിയിലെ പച്ചപ്പുകൾ കൊണ്ടാണ്. ഇലപൊഴിയുന്ന ഒരു മഞ്ഞുമാസത്തിൽ എങ്കിലും നാം വെളിപ്പെടുക തന്നെ ചെയ്യുമെന്ന് ഓർത്തുവേണം സദാചാരത്തിന്റെ കുടുക്കകൾ പൊട്ടിക്കാൻ. കാരണം അതിനുള്ളിലെ നാണയങ്ങളിൽ ചുരുളിയിലെ പെങ്ങൾ തങ്കയുടെ മടികുത്തിന്റെ ഗന്ധമുണ്ടാകും. അല്ലെങ്കിൽ അവളുടെ വീട്ടിലെ ചെറുക്കന്റെ ദുസ്വപ്നങ്ങളുടെ കനമുണ്ടായിരിക്കും.
അതുകൊണ്ടുതന്നെ ഇമ്മാതിരി സദാചാരവാദികളെ ചുരുളിയിലെ തെറി വിളിച്ചുകൊണ്ടുതന്നെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. ഞാൻ പ്രത്യക്ഷത്തിൽ വിളിച്ചാൽ നിങ്ങൾ പരോക്ഷമായി മനസുകൊണ്ട് ആ തെറി എന്നെയും വിളിക്കുമെന്നറിയാം. അതിനുവേണ്ടി നിങ്ങൾ ചുരുളിയിലേക്കു വരാൻ ജീപ്പ് കാത്തുനിൽക്കുന്നു എന്നും അറിയാം. സ്വാഗതം…