രാഷ്ട്രീയ കൊലപാതകങ്ങൾ എങ്ങനെ ഇല്ലാതാവും എന്ന് ആലോചിച്ചിട്ടുണ്ടോ?

69

Rajesh shiva

രാഷ്ട്രീയ കൊലപാതകങ്ങളെ കുറച്ചു അന്നുമിന്നും ചോര തിളപ്പിച്ചുകൊണ്ടു ഒന്നും പറഞ്ഞിട്ടില്ല. ആരെ അനുകൂലിക്കാൻ ? ആരെ എതിർക്കാൻ ? ബുദ്ധധർമ്മം പാലിക്കുന്നവർ ഉണ്ടെങ്കിൽ കാണിച്ചുതരൂ, കൂടെ നിൽക്കാം. മരിച്ചവരുടെ കുടുംങ്ങൾക്കു ജോലിയോ വീടോ ലഭിച്ചേയ്ക്കാം, മരിച്ചവരെ കിട്ടില്ലല്ലോ. ഇവിടെ രാഷ്ട്രീയപാർട്ടികൾ ജനാധിപത്യ വ്യവസ്ഥയിലെ ഉത്തരവാദപ്പെട്ട സേവകർ അല്ല, അവർ ഓരോ ഗ്യാങ്ങുകൾ ആണ്. അതിന്റെ ഏറ്റവും നല്ല തെളിവ് എന്താണെന്നു ചോദിച്ചാൽ, ഇന്ന് ഇവരാരും തന്നെ ആശയങ്ങൾക്ക് വേണ്ടി അല്ല പൊരുതി മരിക്കുന്നതു എന്നാണ്. ഒക്കെയും ഓരോ ലോക്കൽ ഏരിയകളിൽ മേധാവിത്വം ആർക്കെന്ന മത്സരത്തിൽ സംഭവിക്കുന്നതാണ്, ആ മേധാവിത്വം ജനങ്ങൾ നൽകുന്ന വോട്ടിലൂടെ നിശ്ചയിക്കുന്നത് അവർക്കു തൃപ്തിയില്ല. ആയുധത്താൽ തന്നെ നിശ്ചയിക്കപ്പെടണം; ക്വട്ടേഷൻ ടീമുകളും ഇവരും തമ്മിൽ എന്താണ് വ്യത്യാസം ? ഇന്ത്യയിലെ ജനാധിപത്യം കശ്‍മീർ മുതൽ കന്യാകുമാരി വരെ ങ്ങനെയൊക്കെ തന്നെ. കുറെ നേതാക്കളും ജയ് വിളിക്കാൻ കുറെ ആൾക്കൂട്ടങ്ങളുംഎന്നതാണ് ഇവിടത്തെ കക്ഷിരാഷ്ട്രീയം. തൂരൂരിനെ പോലെയോ തോമസ് ഐസക്കിനെ പോലെയോ ഒക്കെ ഉള്ള നേതാക്കളെ ഒരുപരിധിക്കപ്പുറത്തു വളരാൻ വിടില്ല. അവർക്കു ഗിമ്മിക്കുകളിലൂടെ ജനങ്ങളെ വിജൃംഭിതരാക്കാൻ കഴിവില്ല എന്നതാണ് സത്യം. അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഓരോ നേതാക്കളുടെ പ്രസംഗവും ഹിറ്റ്ലറിന്റെ കുപ്രസിദ്ധമായ പ്രസംഗത്തെ ഓർമിപ്പിക്കുന്നു. ഇവിടെ രാഷ്ട്രീയപ്രവർത്തനം ഒരു തൊഴിലും ബിസിനസും ആണ്. സാമ്പത്തികമായി ഉന്നത ജീവിതനിലവാരം ഉണ്ടാകാത്ത ജനങ്ങളാണ് ആകാമാസക്തരായ അണികളായി മാറുന്നത്. അവരെ രാഷ്ട്രീയവും മതവും ചൂഷണം ചെയുന്നു. എന്നാൽ വിദ്യാഭ്യാസവും നല്ല തൊഴിലും ഉന്നത ജീവിതനിലവാരവും ഉണ്ടായാൽ ആരെങ്കിലും ആയുധമെടുക്കുമോ ? ജനാധിപത്യത്തിന് പേരുകേട്ട യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ ജനാധിപത്യം ഇങ്ങനെയാണോ ? അസമത്വവും ദാരിദ്ര്യവും ആണ് അക്രമാസക്തരായ ജനങ്ങക്കൂട്ടങ്ങളെ വാർത്തെടുക്കുന്നതു. നേതാക്കൾക്ക് വേണ്ടതും അതാണ്. അവർക്കു ഭരിക്കണം, ആജ്ഞാപിക്കണം, അനുസരിപ്പിക്കണം. പഴയ രാജവാഴ്ചയുടെ ഓർമകളും ഇടയ്ക്കുള്ള തികട്ടലുകളും ആണ് ഇവിടത്തെ നേതാക്കൾക്ക്. ആജ്ഞാനുവർത്തികൾ കൂടിയേതീരൂ. ഇന്ത്യയുടേയും കേരളത്തിന്റെയുമൊക്കെ രാഷ്ട്രീയത്തെ തന്നെ നിലനിർത്തുന്നത് തന്നെ ദാരിദ്ര്യമാണ്. മരിച്ചവരുടെ വീടുകൾ ഒന്നും മണിമാളികകൾ അല്ലായിരുന്നു.


Poomaram / പൂമരം ": വടിവാള്‍ .Sabeel Chembrasseri

രാഷ്ട്രീയ കൊലപാതകങ്ങൾ എങ്ങനെ ഇല്ലാതാവും എന്ന് ആലോചിച്ചിട്ടുണ്ടോ?

വിദ്യാർത്ഥി കാലഘട്ടത്തിൽ നിന്ന് തുടങ്ങണം. വിദ്യാർഥികളെ ഗുണ്ടകളാക്കി മാറ്റുന്ന പണി രാഷ്ട്രീയ കാരണവൻമാർ അവസാനിപ്പിക്കണം. കമ്പിപ്പാരക്കും ചെയിനിനും കുറുവടിക്കും പകരം ലഘുലേഖയും നോട്ടീസുമാവണം. “ഈ ചോരക്ക് ചോര കൊണ്ട് ഞങ്ങൾ പകരം ചോദിക്കും” എന്ന മുദ്രാവാക്യം മാറ്റി ജനാധിപത്യപരമായി ഞങ്ങൾ നേരിടും എന്ന് പറയാൻ സാധിക്കണം. ആക്രോശങ്ങൾക്കും ഭീഷണികൾക്കും പകരം ആശയപരമായി സംവദിക്കാൻ വിദ്യാർത്ഥി നേതാക്കൾ പഠിക്കണം. ഒറ്റ നിറമുള്ള കോട്ടകൾക്ക് പകരം ബഹുവർണ്ണങ്ങളുള്ള കലാലയമാവാൻ സമ്മതിക്കണം. തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനും തിരുത്താനും വിദ്യാർത്ഥി നേതാക്കൾ തന്നെ തയ്യാറാവണം.നിർഭാഗ്യവശാൽ എന്ത് ചെയ്യരുത് എന്ന് പറയുന്നുവോ അതൊക്കെയാണ് ഇന്ന് ക്യാമ്പസ്‌. അത് കൊണ്ട് വരും കാലത്ത് കേരള രാഷ്ട്രീയത്തിൽ സമാധാനന്തരീക്ഷമുണ്ടാവും എന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ ഞാൻ ആ കൂട്ടത്തിലില്ല. സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ശേഷം നിരവധി ക്യാമ്പസ് യൂണിറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എവിടെയും എന്റെ സഹപ്രവർത്തകർ ഒരാളെയും മർദ്ദിച്ചിട്ടില്ല. നിരവധി സന്ദർഭങ്ങളിൽ ശാരീരികമായും മാനസികമായും മർദ്ദനങ്ങൾ ഏറ്റ് വാങ്ങുമ്പോഴും എന്റെ സഹപ്രവർത്തകർ അക്രമ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഒരാളുടെയും കൊടിമരം നശിപ്പിച്ചിട്ടില്ല. കൊടികൾ കത്തിച്ചിട്ടില്ല. ഒരമ്മയുടെയും കണ്ണുനീര് വീഴ്ത്തിയിട്ടില്ല. അതെ, നിങ്ങൾക്ക് പ്രതീക്ഷിക്കാൻ ഒരു വക ഞാൻ തരാം. അച്ചടക്കമുള്ള, മൂല്യബോധമുള്ള, ജനാധിപത്യ ബോധമുള്ള ഒരു വിദ്യാർത്ഥി തലമുറയെ ഫ്രറ്റേണിറ്റി പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. നാളെയുടെ രാഷ്ട്രീയം ഞങ്ങളെ ഏൽപ്പിച്ച് നോക്കൂ. തെളിമയുള്ള ഒരു പുതുരാഷ്ട്രീയ രീതി ഞങ്ങൾ പരിചയപ്പെടുത്തിത്തരാം. ഇത് വെറും പ്രതീക്ഷയല്ല, ആലോചിച്ചെടുത്ത നിലപാടുകളിലുള്ള വിശ്വാസമാണ്.