Rajesh Shiva
ഓണംബമ്പർ ഒന്നാംസമ്മാനം അടിച്ചവൻ ചാനലുകളിൽ കിടന്നു കരയുന്നു. സഹായം ചോദിച്ചുവരുന്നവരെ കാരണം ജീവിക്കാൻ പറ്റുന്നില്ലെന്ന് . അല്ലേ … ഈ നാട്ടുകാർക്ക് ഉളുപ്പില്ലേ..ഒരുത്തനു ലോട്ടറിയടിച്ചു എന്നുകരുതി അവന്റെ വീട്ടിൽ ചെന്ന് കൈനീട്ടാൻ . പലരും എന്തോ അവകാശം ചോദിക്കുന്ന പോലെയാണ് പണം ചോദിക്കുന്നതെന്ന് . വെറുതെ കിട്ടിയതല്ലേ പിന്നെന്താ തന്നാലെന്നാണ് പലരുടെയും ചോദ്യം. ചിലർക്ക് സിനിമ നിർമ്മിക്കാൻ അവൻ രണ്ടുകോടി നൽകണമത്രേ. ആ പയ്യൻ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇതിനൊക്കെ അമിതമായ പബ്ലിസിറ്റി നൽകിയാലുള്ള കുഴപ്പം ഇതാണെന്നു ലോട്ടറി അടിച്ചവരും മാധ്യമങ്ങളും മനസിലാക്കണം. പണത്തിനു വേണ്ടി എന്തും ചെയുന്ന ലോകമാണ്.
അപ്പോൾ ഈ ഭീമമായ തുക കൈയിൽ കിട്ടിയ ഒരാളെ കൊള്ളക്കാർ നോട്ടമിട്ടേക്കാം. ഇത്രയും വലിയ തുക നറുക്കെടുപ്പിലൂടെ അടിക്കുമ്പോൾ സ്വകാര്യത കാത്തുസൂക്ഷിക്കണം എന്നതാണ് ഇനിയുള്ളവർ മനസിലാക്കേണ്ടത്. തുക ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന ലഭിക്കുന്ന പലിശയിൽ നിന്നും പാവങ്ങളെ സഹായിക്കാൻ മനസ്സുണ്ടെങ്കിൽ ചെയുക എന്നതല്ലാതെ ചോദിക്കുന്നവർക്കൊക്കെ എടുത്തുകൊടുക്കാൻ പോയാൽ അധോഗതി. ഒന്നാം സമ്മാനം അടിച്ച അനൂപിന് , ഓസിനു കിട്ടിയാൽ ആസിഡും കുടിക്കുന്നവരിൽ നിന്നും കുറച്ചു ദിവസത്തേക്കെങ്കിലും സുരക്ഷ കൊടുക്കേണ്ടത് സർക്കാരിന്റെകൂടി കൂടി ഉത്തരവാദിത്തമാണ്.
ഭാഗ്യവാൻ എന്ന സിനിമയിൽ ‘അലഭ്യലഭ്യശ്രീ’ എന്ന ജാതകയോഗം ഉള്ള ശ്രീനിവാസനെ ആണ് ഓര്മവരുന്നത്. അയാളിൽ നിന്നും ഭാഗ്യം ലഭിക്കാൻ അയാളുടെ വീട്ടുമുറ്റത്തു തടിച്ചുകൂടുന്ന ജനം അയാളുടെ സ്വസ്ഥത തന്നെ നശിപ്പിക്കുന്നു . മന്ത്രിയാകാൻ നടക്കുന്ന രാഷ്ട്രീയക്കാരും സിനിമാക്കാരും വക്രബുദ്ധികളും എല്ലാം അയാളെ നോട്ടമിടുന്നു. അലഭ്യലഭ്യശ്രീ യോഗക്കാരന്റെ വീട്ടിൽ ദർശനത്തിനു വരുന്നവരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു ഓടിക്കുന്നു… ഒടുവിൽ അയാളുടെ ‘അലഭ്യലഭ്യശ്രീ’ യോഗം അവസാനിച്ചു എന്ന് ജ്യോത്സ്യന് തന്നെ പറയേണ്ടിവന്നു. ഒരു അന്ധവിശ്വാസത്തെ സരസമായി അവതരിപ്പിച്ചു എന്നതല്ല, ഇതൊക്കെ ഇപ്പോഴും പലവിധത്തിൽ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നതിലാണ് കലാസൃഷ്ടികൾ വിജയിക്കുന്നത് .

Vidyanandan എഴുതിയ കുറിപ്പ് വായിക്കാം
ലോട്ടറി സമ്മാനാർഹർക്ക് പണം കൈകാര്യം ചെയ്യുന്നതിന് സർക്കാർ നൽകുന്ന ട്രെയിനിങ് ഉടനെ ആരംഭിക്കുന്നു എന്ന് കേട്ടാണ് തിരുവോണം ബമ്പർ ജേതാവായ അനൂപിനെ ഇന്നലെ ഫോണിൽ വിളിച്ചത്. ആശാനും ഭാര്യയും അപ്പോൾ കാറിൽ വെറുതെ നഗരം ചുറ്റുകയാണ്, പണം ദാനമായും കടമായും ചോദിച്ചു വീട്ടിലെത്തുന്നവരിൽ നിന്നും രക്ഷപെടാൻ. രണ്ടു ദിവസമായി സുഹൃത്തുക്കളുടെ വീട്ടിൽ മാറി മാറി രാത്രി തങ്ങുകയാണ്.
“അതിരാവിലെ മുതൽ ആളുകൾ വന്നു തുടങ്ങും, മകളെ കെട്ടിക്കാനും, വണ്ടി വാങ്ങാനും, മാല വാങ്ങാനും ഒക്കെ സഹായം ചോദിച്ച്… കൂടുതൽ പേർക്കും ബാങ്കിൽ പണയം വെച്ച സ്വർണം എടുക്കാനാണ് സഹായം വേണ്ടത്. എല്ലാം ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന അപരിചിതർ .. ..കോഴിക്കോട്, കണ്ണൂർ കാസറഗോഡ്, ഇടുക്കി ഒക്കെ. എനിക്കാണെങ്കിൽ ടാക്സ് കിഴിച്ച് ബാക്കി കയ്യിൽ എത്ര കിട്ടുമെന്ന് പോലും ഇത് വരെ മനസിലാക്കാൻ സാധിച്ചിട്ടില്ല,” അനൂപ് പറയുന്നു.
“നറുക്കെടുപ്പിന്റെ പിറ്റേന്ന് രാവിലെ വീട്ടിൽ എത്തിയത് ഗുരുവായൂർ തൊഴുതിട്ടു ഇങ്ങോട്ട് വന്നു എന്ന് പറഞ്ഞ് ഒരു അമ്മയായിരുന്നു. തൃശൂർ എവിടെയോ ആണ് വീട്.. നേഴ്സ് ആയിരുന്നു പണ്ട്, ഒരു വീട് വെക്കാൻ സഹായിക്കണമെന്ന്. രണ്ടു മാസമായി പണി ഇല്ലാതെ വീട്ടിലിരിക്കുന്ന എനിക്ക് അവര്ക് വണ്ടിക്കൂലി പോലും കൊടുത്ത് വിടാൻ പറ്റിയില്ല.”
ബന്ധുക്കളുമായും പിണക്കത്തിൽ അവസാനിക്കാൻ ആണ് സാധ്യത എന്ന് അനൂപ് മുൻകൂട്ടി കാണുന്നു. “ഞാൻ കുറെ പണം വെച്ച് ആളുകളെ സഹായിക്കും. പക്ഷെ ഒരു സമാധാനം തരണ്ടേ. എന്റെ കാര്യങ്ങൾ കൂടി ആലോചിക്കാൻ…. എനിക്ക് സ്വന്തമായി ഒരു വീട് പോലുമില്ല.”
ശംഖുമുഖം കടപ്പുറത്ത് നിക്കാമെന്ന് കരുതി ഇറങ്ങിയതാണ് രണ്ടാളും. പക്ഷെ നിമിഷനേരം കൊണ്ട് ആളുകൾ തിരിച്ചറിഞ്ഞു ഫോട്ടോ എടുപ്പും ബഹളവുമായി. ചിലർ നമ്പർ വാങ്ങി. തിരികെ കാറിൽ കയറിയപ്പോളേ സഹായം ചോദിച്ചു വിളി വന്നു. ഒരു ചായക്കടയിൽ കേറിയപ്പോഴും ഇത് തന്നെ അവസ്ഥ.
സർക്കാർ തുടങ്ങുന്ന പരിശീലന പരിപാടി ഉപകാരപ്പെടുമെന്നാണ് അനൂപ് പറയുന്നത് “ഒരു സുപ്രഭാതത്തിൽ വലിയ തുകകൾ കിട്ടുന്ന എന്നെ പോലുള്ളവർക് സാമ്പത്തിക കാര്യങ്ങളിൽ ഒരു അറിവുമില്ല. എങ്ങനെ ഇത് വിനിയോഗിക്കണം എന്നറിയേണ്ടത് അത്യാവശ്യമാണ്,” അനൂപ് പറയുന്നു.