മരിച്ചുപോയവരുടെ യശസ്സിനെ കാർന്നുതിന്നുന്നവർ

332

Rajesh Sukumaran എഴുതുന്നു 

Rajesh Sukumaran
Rajesh Sukumaran

അറബിക്കഥകളിൽ സിദി നൊമാൻ എന്നൊരാളുടെ കഥയുണ്ട് .ഞാൻ കുട്ടിയായിരുന്നപ്പോഴാണ് ഞാൻ ഈ കഥ വായിച്ചത് . സിദി നോമാൻ ഒരു സമ്പന്നനായ ചെറുപ്പക്കാരനായിരുന്നു . സുന്ദരിയായ ആമിനയെ ആണ് അയാൾ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ ആദ്യ ദിനം ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കുകയായിരുന്നു . സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തയായി ആമിന ഒരു സൂചി കൊണ്ട് കുത്തിയാണ് ചോറ് കഴിച്ചത് .അതും ഒരു കുഞ്ഞു കുരുവിക്ക്‌ പോലും മതിയാവാത്ത അത്ര യും മാത്രമേ ആമിന കഴിച്ചുള്ളൂ . പിന്നീടുള്ള ദിവസങ്ങളിലും ഇതാവർത്തിച്ചപ്പോൾ തൻ്റെ ഭാര്യയെ ചൂഴ്ന്ന് എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്ന് അയാൾക്ക് സംശയം തോന്നി . ഒരു ദിവസം രാത്രിയിൽ സിദി നൊമാൻ ഉറങ്ങിയെന്നു കരുതി ആമിന കട്ടിലിൽ നിന്നെഴുന്നേറ്റ് വസ്ത്രം ധരിച്ചു പുറത്തേക്കു പോയി . എന്നാൽ , സിദി നൊമാൻ ഉറങ്ങിയിരുന്നില്ല . അയാൾ ആമിന അറിയാതെ അവളെ പിന്തുടർന്നു . ആമിന സ്ഥലത്തെ ശ്മാശാനത്തിലേക്കാണ് എത്തിയത് . അവിടെ അവളെ കാത്ത് ഒരു സത്വം നിൽക്കുന്നുണ്ടായിരുന്നു . അവർ രണ്ടു പേരും ചേർന്ന് അന്നത്തെ ദിവസം അടക്കിയ ഒരു ശവശരീരം പുറത്തെടുത്ത് ഭക്ഷിക്കുന്നത് സിദി നൊമാൻ നടുക്കത്തോടെയാണ് കണ്ടത് .
ആമിനയെ പോലെയുള്ള ആളുകൾ ഇന്നും ഉണ്ട് . പക്ഷെ , ശവങ്ങൾക്കു പകരം മരിച്ച മനുഷ്യന്റെ യശസ്സിനെയാണ് ഇവർ കാർന്നു തിന്നുന്നത് . – ഹിപ്പേഷ്യ ബ്രാഡ്‌ലോ ബോണർ .
———————————————————————————
മുൻ ഡി ജി പി ജേക്കബ് അലക്‌സാണ്ടറുടെ ഒരു പ്രസംഗം യുട്യൂബിൽ കാണാൻ ഇടയായി .ഈ വീഡിയോയിൽ അദ്ദേഹം തന്റെ സദസ്സിൻറെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ പറഞ്ഞ ഒരു സംഭവം , അല്ല , ഒരു അത്ഭുതം ആണ് ഈ കുറിപ്പിനാധാരം . ഫ്രാൻസിലെ ലൂർദിൽ , ചാൾസ് ബ്രാഡ്‌ലോ എന്ന അമേരിക്കൻ ന്യൂറോസയന്റിസ്റ്റിന്റെ ക്യാൻസർ മാറിയ ഒരു മിറാക്കിളിനെ കുറിച്ചാണ് ഈ വീഡിയോയിൽ അദ്ദേഹം പറയുന്നത് . ലോക എതീസ്റ്റിക് സൊസൈറ്റിയുടെ സ്ഥാപകനായിരുന്ന അദ്ദേഹം എങ്ങിനെ വിശ്വാസി ആയെന്നും , മേൽപ്പറഞ്ഞ സൊസൈറ്റി അദ്ദേഹം തന്നെപിരിച്ചു വിടാനുണ്ടായ കാരണം എന്താണെന്നും മുൻ ഡിജിപി ഈ പ്രസംഗത്തിൽ വിശദീകരിക്കുന്നു .

നിരീശ്വരവാദി പ്രസ്ഥാനത്തിന്റെ ലോക തലവനായിരുന്ന ബ്രാഡ്‌ലോ ക്യാൻസർ ബാധിതനാവുന്നു .മരണം കാത്തിരിക്കുന്ന അദ്ദേഹത്തെ ഒരു വൈദികൻ കാണാനെത്തുകയും , ലൂർദിൽ പോയി പ്രാർത്ഥിച്ചാൽ അസുഖം മാറുമെന്ന് അറിയിക്കുകയും ചെയ്യുന്നു . നിരീശ്വരവാദിയായ ബ്രാഡ്‌ലോ , ഈ വിശ്വാസം തെറ്റാണെന്നു തെളിയിക്കാൻ ലൂർദിൽ പോയി പ്രാർത്ഥിക്കുന്നു . അത്ഭുതമെന്നു പറയട്ടെ ക്യാൻസർ മാറുന്നു , അപ്പ തന്നെ എതീസ്റ്റിക് സൊസൈറ്റി പിരിച്ചു വിടുന്നു . (വർഷം – 1954). ഇതാണ് അലക്‌സാണ്ടർ ജേക്കബിന്റെ പ്രസംഗത്തിൽ പറയുന്നത് .
ഇനി ആരാണ് ഈ ചാൾസ് ബ്രാഡ്‌ലോ എന്ന് നോക്കാം .

ബഹുമാന്യനായ മുൻ ഡി ജി പി പറയുന്നത് പോലെ ഇദ്ദേഹം ഒരു അമേരിക്കനോ ന്യൂറോ സയന്റിസ്റ്റോ ആയിരുന്നില്ല . ഇംഗ്ലണ്ടിലെ നോർതാംപ്ടണിലെ എം പി ആയിരുന്നു ചാൾസ് ബ്രാഡ്‌ലോ . ഇദ്ദേഹത്തിന്റെ ജീവിതകാലം 26 September 1833 മുതൽ 30 January 1891 വരെ ആയിരുന്നു . മരിക്കുന്നതു വരെ തികഞ്ഞ നിരീശ്വരവാദിയായിരുന്ന ഇദ്ദേഹം നാഷണൽ സെക്കുലർ സൊസൈറ്റി എന്നൊരു സംഘടനയാണ് സ്ഥാപിച്ചത് . ശ്രീമതി ആനീ ബസന്റ് ഈ സംഘടനയിൽ ബ്രാഡ്‌ലോയുടെ സഹപ്രവർത്തകയായിരുന്നു . ശ്രീ അലക്‌സാണ്ടർ ജേക്കബ് പറയുന്നത് പോലെ അദ്ദേഹം ജീവിതത്തിന്റെ ഒരു ഘട്ടത്തിലും വിശ്വാസി ആയി മാറിയില്ല . 1954 ൽ ആണത്രേ ബ്രാഡ്‌ലോ എതീസ്റ്റിക് സൊസൈറ്റി പിരിച്ചു വിട്ടത് . 1891 ൽ മരിച്ച അദ്ദേഹം , അരനൂറ്റാണ്ടിന് ശേഷം ആണ് നിരീശ്വരവാദികളോട് ഈ കടുംകൈ ചെയ്തു കളഞ്ഞത് !
ബ്രാഡ്‌ലോ അന്ത്യകാലത്ത് വിശ്വാസി ആയി എന്നത് പരക്കെ ഉള്ള പ്രചാരണമാണ് . ഈ പ്രചാരണത്തോട് അദ്ദേഹത്തിന്റെ മകൾ ഹിപ്പേഷ്യയുടെ പ്രതികരണമാണ് ഈ പോസ്റ്റിന്റെ ആദ്യ ഭാഗത്ത് . അവരും നിരീശ്വരവാദിയും ആക്റ്റിവിസ്റ്റും ആണ് .
ദൈവവിശ്വാസവും വിശ്വാസമില്ലായ്മയുമൊക്കെ വ്യക്തിപരമാണ് .മുൻ ഡി ജിപി അദ്ദേഹത്തിന്റെ വിശ്വാസം പ്രസംഗിക്കുന്നത് നമ്മുടെ നാട്ടിലെ നിയമപ്രകാരം തെറ്റൊന്നുമല്ല . പക്ഷെ ഇത്ര ഉയർന്ന പൊസിഷനിൽ ഇരുന്ന ഒരു വ്യക്തി പറഞ്ഞു എന്നത് കൊണ്ട് മാത്രം സമൂഹത്തിൽ ധാരാളമാളുകൾ ഈ കഥ വിശ്വസിച്ചേക്കാം . അങ്ങിനെ ചെയ്യുന്നത് ആൾക്കാരെ വഴിതെറ്റിക്കലല്ലേ . കുറഞ്ഞ പക്ഷം ,നുണ പറഞ്ഞാൽ നരകത്തിൽ പോകേണ്ടി വരുമെന്നെങ്കിലും ഓർക്കണ്ടേ സാറേ ?

പറയാൻ മറന്നത് – ലൂർദിൽ സംഭവിച്ച അത്ഭുതങ്ങളിൽ ഏറ്റവും വലിയ ഒരത്ഭുതത്തിന്റെ അവസ്ഥയിതാണെങ്കിൽ , മറ്റുള്ള അത്ഭുതങ്ങൾ എങ്ങിനെയായിരിക്കും എന്നോർത്ത് അത്ഭുതമാണ് തോന്നുന്നത് .