ശരിക്കും പുച്ഛം തോന്നിപ്പോയി മാതൃഭൂമീ പത്രത്തിന്റെ തലക്കെട്ട് കണ്ടിട്ട്

332

Rajil P R

രാജസ്വം’.. ശരിക്കും പുച്ഛം തോന്നിപ്പോയി മാതൃഭൂമി പത്രത്തിന്റെ തലക്കെട്ട് കണ്ടിട്ട്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം സുപ്രീംകോടതി ശരിവെക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന ഒരു വിഷയമേ അല്ല ഇത്. ഇത്രയും കാലം രാജകുടുംബത്തിന് തന്നെയായിരുന്നു അവകാശം. ഇതിനിടയ്ക്ക് നിലവറകളിൽ നിന്നും സ്വർണ്ണങ്ങളും രത്നങ്ങളും പലകുറി അടിച്ചു മാറ്റപ്പെട്ടിട്ടുണ്ടെന്ന യാഥാർഥ്യം മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കും അറിവുള്ളതാണ്. പക്ഷേ വലിയ വായിൽ ജനാധിപത്യവും പൗരാവകാശവും പറഞ്ഞു പലകുറി വെണ്ടയ്ക്കാ അക്ഷരത്തിൽ തലക്കെട്ടുകൾ ഇറക്കിയിട്ടുള്ള മാതൃഭൂമി ‘രാജസ്വം’ എന്ന് വളരെ അഭിമാനപൂർവ്വം വെണ്ടയ്ക്കാ അക്ഷരത്തിൽ തലക്കെട്ട് ഇറക്കിയത് കണ്ടപ്പോൾ ചോദിക്കാൻ തോന്നിപ്പോയത് Double Daddy Syndrome ബാധിച്ചിട്ടുണ്ടോ എന്നാണ്. രാജഭരണവും രാജഭക്തിയും മണ്ണടിഞ്ഞു ജനാധിപത്യം പുനഃസ്ഥാപിച്ച (രേഖകളിലെങ്കിലും) ഇന്ത്യാ മഹാരാജ്യത്തെ ഒരു പ്രധാന പ്രാദേശിക പത്രം ഒരേസമയം ജനാധിപത്യ മൂല്യങ്ങളെയും രാജകുടുംബത്തിന്റെ അവകാശങ്ങളെയും വാഴ്ത്തിപ്പാടുമ്പോൾ ഇതിനെ മറ്റെന്തു പറഞ്ഞു വിളിക്കണം എന്നറിയില്ല.ക്ഷേത്രാവകാശം രാജകുടുംബത്തിന് മാത്രമായി സുപ്രീംകോടതി പതിച്ചു നൽകിയിട്ടില്ല. ഭരണസമിതിയിൽ ജില്ലാ ജഡ്ജിയും സംസ്ഥാന സർക്കാർ പ്രതിനിധിയും കേന്ദ്ര സാംസ്‌ക്കാരിക പ്രതിനിധിയുമെല്ലാം ഉണ്ടെന്നിരിക്കേ ‘രാജസ്വം’ എന്ന് വാഴ്ത്തിപ്പറയേണ്ട യാതൊരു ആവശ്യവും ദിനപത്രത്തിനില്ല (ഇപ്പോഴും രാജഭക്തി മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഭക്തശിരോമണികളെ ഈ ടൈറ്റിൽ സുഖിപ്പിക്കുന്നുണ്ടാകാം).. എ നിലവറയിൽ മാത്രം ഒരു ലക്ഷം കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ ഉണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. ബി നിലവറ തുറന്നിട്ടുമില്ല. നാടിനോ നാട്ടുകാർക്കോ ഉപകാരപ്പെടുന്ന എന്തെങ്കിലും സദ് കർമ്മങ്ങൾക്കായി ഇതിൽ നിന്നും അൽപ്പം എങ്കിലും ഉപയോഗിച്ചിരുന്നെങ്കിൽ രണ്ടു പ്രളയവും നിപ്പയും ഇപ്പോൾ കൊറോണയും കൊണ്ട് നട്ടം തിരിയുന്ന കേരള മക്കൾക്ക് കൈത്താങ്ങ് ആകുമായിരുന്നു. ഭഗവാന്റെ സ്വത്ത് ഭഗവാന്റെ മക്കളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതിൽ എന്താണ് തെറ്റ്? രാഷ്ട്രീയക്കാർ കൈയിട്ടു വാരും എന്ന മറുന്യായം ആണ് പറയുന്നതെങ്കിൽ സുപ്രീംകോടതിക്ക് തന്നെ ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കാമല്ലോ.

Advertisements