Rajil P R

സവർക്കറിന് ഭാരതരത്‌ന നൽകണമെന്നും നൽകരുതെന്നുമുള്ള വാഗ്വാദങ്ങൾ അന്തരീക്ഷത്തിൽ തീപാറി കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതിനു പുറകിൽ നടക്കുന്ന രാഷ്ട്രീയവും മതപരവുമായ അജണ്ടകളെക്കുറിച്ചും ചരിത്ര യാഥാർഥ്യങ്ങളെക്കുറിച്ചും ഏതൊരു ഇന്ത്യൻ പൗരനും ബോധവാനായിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

ഇന്ത്യൻ ചരിത്രം ഇന്ത്യക്കാരുടെ (പ്രത്യേകിച്ചും തീവ്രവലതുപക്ഷ ഹിന്ദുത്വവാദികളുടെ) കാഴ്ചപ്പാടിൽ നിന്നുകൊണ്ട് തിരുത്തിയെഴുതപ്പെടണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞു വെച്ചത് വളരെ നിസ്സാരവത്കരിച്ചു തള്ളിക്കളയേണ്ട ഒരു പ്രസ്താവനയല്ല. അതോടൊപ്പം ‘1857ൽ നടന്ന ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന രീതിയിൽ ആദ്യമായി ഉയർത്തിക്കാട്ടിയത് വീർ സവർക്കർ ആണെന്നു’ കൂടി വെടിപൊട്ടിക്കുകയും ചെയ്തു അമിത് ഷാ.

വാസ്തവത്തിൽ കമ്മ്യൂണിസ്റ്റ് തത്ത്വചിന്തകൻ കാറൽ മാർക്സ് 1857 കാലഘട്ടത്തിൽ Newyork Daily Tribune ൽ എഴുതി വന്നിരുന്ന ലേഖന പരമ്പരയിൽ ആണ് ഇന്ത്യൻ ശിപായി ലഹളയെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരമായി ഉയർത്തിക്കാണിക്കുന്നത്. ഈ ലേഖന പരമ്പരകൾ പുറത്തു വന്ന് രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് സവർക്കറുടെ ജനനം (1883 ൽ) പോലും എന്ന ചരിത്രവസ്തുത നമ്മൾ അറിഞ്ഞിരിക്കണം.

‘ഗാന്ധിജി എങ്ങനെയാണ് ആത്മഹത്യ ചെയ്തത്?’ എന്ന വികലമായ ചോദ്യം ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ ഒരു സ്‌കൂൾ (Sufalam Shala Vikas Sankul) ചോദ്യപേപ്പറിൽ വന്നത് വെറുമൊരു കൈപ്പിഴയോ തമാശയോ ആയി തള്ളിക്കളയാവുന്നതല്ല. ചരിത്രവസ്തുതകൾ തങ്ങൾക്കനുകൂലമായി വളച്ചൊടിക്കുവാൻ അധികാരത്തിലിരിക്കുന്നവർ എന്ത് തറവേലയും പുറത്തെടുക്കുമെന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണിത്.

‘മഹാത്മാ’ വിശേഷണം ഗാന്ധിജിക്ക് ആദ്യമായി ചാർത്തി നൽകിയത് മഹാനായ കവിയും തത്ത്വചിന്തകനുമായ രബീന്ദ്രനാഥ ടാഗോർ ആണെന്ന വസ്തുത നമുക്കേവർക്കും അറിയാവുന്നതാണ്. അതുപോലെ ഏതെങ്കിലുമൊരു മഹദ് വ്യക്തിയായിരിക്കും ‘വീർ’ വിശേഷണം വിനായക് ദാമോദർ സവർക്കറിന് ചാർത്തി നൽകിയത് എന്നൊരു ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ ആ ധാരണ ഇപ്പോഴേ ചവറ്റു കുട്ടയിലെറിഞ്ഞോളൂ.

1926 ൽ ചിത്രഗുപ്തൻ എന്നൊരു വ്യക്തിയെഴുതിയ ‘Life of Barrister Savarkar’ എന്ന ജീവചരിത്രത്തിലാണ് സവർക്കറെ ആദ്യമായി ‘വീർ’ എന്ന് വിശേഷിപ്പിച്ചു കാണുന്നത്. വീരശൂരപരാക്രമിയും ആദർശവാനും സർവഗുണസമ്പന്നനുമായ സവർക്കർ എന്ന വ്യക്തിത്വത്തെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു ചിത്രഗുപ്തൻ എഴുതിയ ആ ജീവചരിത്രം. സവർക്കറുടെ മരണശേഷം ഏതാണ്ട് രണ്ടു ദശാബ്ദങ്ങൾ പിന്നിട്ട് 1987 ൽ ‘Life of Barrister Savarkar’ ന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുകയുണ്ടായി. സവർക്കർ പുസ്തകങ്ങളുടെ ഔദ്യോഗിക പബ്ലിഷർ ആയ Veer Savarkar Prakashan ന്റെ രവീന്ദ്ര രാംദാസ് ഈ പതിപ്പിനെഴുതിയ അവതാരികയിൽ ഏവരെയും ഞെട്ടിച്ചു കളഞ്ഞ ഒരു യാഥാർഥ്യം വെളിപ്പെടുത്തുകയുണ്ടായി. സവർക്കറെ വാഴ്ത്തിപ്പാടി ജീവചരിത്രമെഴുതിയ ചിത്രഗുപ്തൻ മറ്റാരുമല്ല, അത് സവർക്കർ തന്നെയാണ് !

പ്രധാനമന്ത്രിമാരായിരിക്കെ നെഹ്രുവും(1955 ൽ) മകൾ ഇന്ദിരയും(1971 ൽ) അവർക്ക് തന്നെ ഭാരതരത്‌ന നൽകി ആ പദവിയുടെ മൂല്യം കെടുത്തിക്കളഞ്ഞിട്ടുണ്ട് എന്നത് നാണക്കേടിന്റെ മറ്റൊരു ചരിത്രമുഖം.

ഇന്ത്യാ വിഭജനത്തിന് നെഹ്‌റു, ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ മേൽ പരിപൂർണ്ണ ഉത്തരവാദിത്തം കെട്ടി വെച്ച് സ്വയം നല്ലപിള്ള ചമയുന്ന നയം കാലാകാലങ്ങളായി തീവ്രവലതുപക്ഷം കൈക്കൊള്ളുന്നുണ്ട്. എന്നാൽ ചരിത്ര യാഥാർഥ്യമെന്താണ്?

1937 ൽ പതിനൊന്ന് ഇന്ത്യൻ പ്രവിശ്യകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന കോൺഗ്രസ് എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ കൂടി പങ്കുചേരണം എന്ന ബ്രിട്ടീഷ് ഉത്തരവിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് (തങ്ങളുമായി കൂടിയാലോചന നടത്താതെ ബ്രിട്ടീഷ് ഗവണ്മെന്റ് സ്വന്തം താൽപ്പര്യ പ്രകാരം ഈ തീരുമാനം കൈക്കൊണ്ടു എന്നതായിരുന്നു കോണ്ഗ്രസ്സിന്റെ വിയോജിപ്പിനുള്ള മുഖ്യ കാരണം) 1939 ൽ പ്രവിശ്യാ ഭരണം രാജിവെച്ച് ഒഴിയുകയുണ്ടായി. ഈ അവസരം മുതലെടുത്ത് സവർക്കർ നേതൃത്വം നൽകുന്ന ഹിന്ദുമഹാസഭ ബദ്ധവൈരികളായ മുസ്ലിം ലീഗുമായി കൈകോർത്ത് സിന്ധ്, ബംഗാൾ, നോർത്ത് വെസ്റ്റ് ഫ്രണ്ടിയർ പ്രവിശ്യകളിൽ അധികാരത്തിൽ വരികയുണ്ടായി. 1943 മാർച്ച് 3 ന് മുസ്ലിം ലീഗ് നേതാവ് ജി എം സയ്യിദ് സിന്ധ് ലെജിസ്ലേറ്റിവ്‌ അസംബ്ലിയിൽ ‘ഇന്ത്യൻ മുസ്ലീങ്ങൾക്ക് പ്രത്യേക രാഷ്ട്രം’ വേണമെന്ന പ്രമേയം അവതരിപ്പിക്കുകയുണ്ടായി. സവർക്കറുടെ ഹിന്ദുമഹാസഭ പ്രമേയത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മുസ്ലിം ലീഗുമായുള്ള സഖ്യമുപേക്ഷിച്ചു പ്രവിശ്യകളിലെ അധികാരം കൈവിട്ടു കളയാൻ തയ്യാറായില്ല എന്നതാണ് ചരിത്രസത്യം.

സവർക്കറുടെ വളരെ controversial ആയിട്ടുള്ള നിലപാടുകളിലേക്കും പ്രവർത്തനങ്ങളിലേക്കും നമുക്കൊന്നു വേഗത്തിൽ കണ്ണോടിക്കാം..

* He was an anti-muslim, anti-christian – തുടക്കക്കാലത്തെ അദ്ദേഹത്തിന്റെ എഴുത്തുകളിൽ മുസ്ലിം ജനതയോട് അല്പം മൃദുസമീപനം ഉണ്ടായിരുന്നെങ്കിലും വളരെപ്പെട്ടെന്ന് ആ വീക്ഷണത്തിൽ മാറ്റം വരികയുണ്ടായി. ഇന്ത്യയെ holy land ആയി കാണാത്തവരെ (Muslims-Arabia, Christians-Israel) തനിക്ക് ഇന്ത്യക്കാരായി കാണാൻ സാധിക്കില്ലെന്ന് എഴുതിയ സവർക്കർ എന്നാൽ ബുദ്ധമതം ഇന്ത്യയിൽ നിന്നും തുടച്ചുനീക്കപ്പെട്ടതിൽ ഏറെ സന്തോഷിക്കുകയും ചെയ്തു.

* ഹിറ്റ്ലറുടെ നാസി ജർമ്മനിയുടെ വലിയൊരു ആരാധകനായിരുന്നു സവർക്കർ. ഗാന്ധിയും നെഹ്രുവും മുന്നോട്ടു വെക്കുന്ന മതേതരത്വ-ജനാധിപത്യ കാഴ്ചപ്പാടുകളിൽ നിന്നു മാറി ഹിറ്റ്ലറുടെ ഫാസിസ്റ്റ് രീതിയിലുള്ള ഹിന്ദുത്വ ഭരണം സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാവണമെന്നു ഏറെ ആഗ്രഹിക്കുകയും അതിനുവേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.

* മനുഷ്യനെ ജാതിയുടെ പേരിൽ സമൂഹത്തിൽ പലതട്ടുകളായി വേർതിരിക്കുന്ന ചാതുർവർണ്യ വ്യവസ്ഥയെ സവർക്കർ ഏറെ പിന്താങ്ങിയിരുന്നു.

* ഇന്ത്യാ വിഭജനത്തെ സവർക്കർ എതിർത്തിരുവെന്നും അഖണ്ഡ ഭാരതമെന്നതായിരുന്നു സവർക്കറുടെ ചിരകാലസ്വപ്നമെന്നും കാലാകാലങ്ങളായി അദ്ദേഹത്തിന്റെ അനുയായിപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സിഖ് വംശജർ ‘Sikhistan’ എന്നൊരു സ്വതന്ത്ര രാഷ്ട്രം വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ അതിന് അനുകൂലമായി നിലകൊണ്ടതും 1947 ൽ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി ചേരുവാൻ ആഗ്രഹമില്ലെന്നു പറഞ്ഞു ട്രാവൻകൂർ ദിവാൻ സി പി രാമസ്വാമി അയ്യർ തീരുമാനമെടുത്തപ്പോൾ അതിനെ പ്രശംസിച്ച് സന്ദേശമയച്ചതും അഖണ്ഡ ഭാരതത്തിനായി നിലകൊണ്ടു എന്ന് അനുയായികൾ പ്രചരിപ്പിക്കുന്ന ഇതേ സവർക്കർ തന്നെയായിരുന്നു എന്നതാണ് ചരിത്രപരമായ യാഥാർഥ്യം.

* തുടർച്ചയായ മാപ്പെഴുതി കൊടുക്കലുകൾക്ക് ശേഷം ജയിൽ മോചിതനായ സവർക്കർ പിന്നീട് ബ്രിട്ടീഷ് ഗവണ്മെന്റിന് എതിരായ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങിക്കൊണ്ട് പിന്നീടുള്ള കാലം ഹിന്ദുത്വവാദ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്.

* ഇന്ത്യയെ ഹിന്ദു-മുസ്ലിം ചേരികളാക്കി തമ്മിലടിപ്പിക്കുക എന്ന ബ്രിട്ടീഷ് പദ്ധതിയിൽ ഹൈന്ദവ വികാരം ആളിക്കത്തിച്ചതിന്റെ മുഖ്യപങ്ക് സവർക്കറിനും അദ്ദേഹം നേതൃത്വം നൽകിയിരുന്ന ഹിന്ദുമഹാസഭയ്ക്കുമായിരുന്നു. ഇന്ത്യയിലെ മുസ്ലിം അധിനിവേശ സമയത്ത്‌ ഹിന്ദുക്കളോട് ചെയ്ത പാതകങ്ങൾക്ക് പ്രതികാരമായി മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യണമെന്ന് വരെ ആഹ്വാനം ചെയ്ത വ്യക്തിയാണ് സവർക്കർ.

* ഹിന്ദുരാഷ്ട്രത്തിന് വേണ്ടി മുറവിളി കൂട്ടിയ സവർക്കർ എന്നാൽ തന്റെ വ്യക്തിജീവിതത്തിൽ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടും വിഗ്രഹാരാധനയോടും തികഞ്ഞ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു എന്നത് വളരെ കൗതുകമുണർത്തുന്നു.

* സവർക്കറുടെ ഹിന്ദുമഹാസഭയിലെ വളരെ കർമ്മോത്സുകരായ പ്രവർത്തകരിൽ ഒരാളായിരുന്നു ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെ. ഗാന്ധി വധത്തെത്തുടർന്നു കൊലപാതക ആസൂത്രണത്തിന് അറസ്റ്റിലായ സവർക്കർ പിന്നീട് തെളിവുകളുടെ അഭാവത്തിൽ തലനാരിഴയ്ക്ക് കേസിൽ നിന്ന് ഊരിപ്പോരുകയാണുണ്ടായത്. തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിവുമില്ലെന്ന സവർക്കറുടെ മൊഴി മുഖവിലക്കെടുത്ത അന്നത്തെ ജുഡീഷ്യറി കാട്ടിയ ആനമണ്ടത്തരത്തിന് കൊടുക്കേണ്ടി വന്ന വിലയാണ് ഇപ്പോൾ ഭാരതരത്‌ന വരെ നൽകി ആദരിക്കാൻ പോകുന്നതിലേക്ക് എത്തി നില്ക്കുന്നത്.

ഭഗത് സിങ്ങിനെപ്പോലെ ചന്ദ്രശേഖർ ആസാദിനെപ്പോലെ അഷ്ഫാഖുള്ള ഖാനെപ്പോലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു മുന്നിൽ നട്ടെല്ലു വളയ്ക്കാതെ മാപ്പെഴുതി കൊടുക്കാതെ ജന്മനാടിനു വേണ്ടി ജീവത്യാഗം ചെയ്ത എത്രയോ ദേശാഭിമാനികൾ നമുക്ക് ഉള്ളപ്പോഴാണ് മാപ്പെഴുതി കൊടുത്തും ഹിന്ദുത്വ വികാരം ആളിക്കത്തിച്ചും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പോലും പങ്കെടുക്കരുതെന്ന് പരസ്യമായി ആഹ്വാനം ചെയ്തും സ്വയം ‘വീര’ നായി തള്ളിയ വ്യക്തിക്ക് രാജ്യം പരമോന്നത ബഹുമതി നൽകി ആദരിക്കുവാൻ ആലോചനകൾ നടക്കുന്നത്. കൃത്യമായ ഒരു സന്ദേശം കൂടിയാണ് ഇത് മുന്നോട്ട് വെക്കുന്നത്. സവർക്കറുടെ വർഗ്ഗീയഹിന്ദുത്വ ആശയങ്ങൾ പുതിയ തലമുറയിലേക്ക് കൂടുതലായി കുത്തിവെക്കുക, ചരിത്രങ്ങൾ തീവ്രവലതുപക്ഷ താൽപര്യങ്ങൾക്ക് അനുകൂലമായി തിരുത്തിയെഴുതുക .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.