ടീച്ചർക്ക് ‘എന്നിരുന്നാലും’ ആദരാഞ്ജലികൾ അർപ്പിക്കുന്നവർ അറിയാൻ

42

രജിത് ലീല രവീന്ദ്രൻ

“മരണം ആരെയും വിശുദ്ധരാക്കുന്നില്ല” എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പുകൾ പിന്നീട് മരണപ്പെട്ടയാളുടെ കുറ്റങ്ങളും, തെറ്റുകളും ഉപന്യസിച്ചതിനു ശേഷം “എന്നിരുന്നാലും ആദരാഞ്ജലികൾ” എന്ന വാചകത്തിൽ അവസാനിക്കുന്നു. ഇങ്ങനെയാണ് പ്രമുഖ വ്യക്തികളുടെ വരാനിരിക്കുന്ന, നിശ്ചയമായ മരണം അടയാളപ്പെടുത്താൻ പോകുന്നതെങ്കിൽ ‘എന്നിരുന്നാലും ആദരാഞ്ജലികൾ’ എന്ന ഗണത്തിൽ വരുന്നവ തന്നെയാകും മിക്കവരുടെയും മരണത്തിലെ അനുശോചന പ്രമേയങ്ങൾ. കാരണം ഒരു മനുഷ്യനും പൂർണ്ണതയിൽ എത്താറില്ലല്ലോ.അവർ ജീവിച്ച ജീവിതത്തിൽ പലതരത്തിലുള്ള വിയോജിപ്പുകൾ, അപൂർണതകൾ, വൈരുധ്യങ്ങൾ ഒക്കെ കണ്ടേക്കാം. ചിലതെല്ലാം അവർ ജീവിച്ചിരുന്ന കാലത്ത് തന്നെ ചൂണ്ടി കാണിക്കപ്പെടുകയും, വിമർശനങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നവയുമായിരിക്കും. അതുകൊണ്ടാണ് അവർ മരണമടഞ്ഞ ദിവസമെങ്കിലും , അവരുടെ ജീവിതത്തിലെ നല്ലവശങ്ങൾ കണ്ടിരുന്ന, അനുഭവിച്ചിരുന്ന, അവരുടെ ജീവിതത്താൽ സ്വാധീനിക്കപ്പെട്ടിരുന്നവർക്ക് എഴുതുന്നതിന് വേണ്ടി, പ്രിയ ജനങ്ങൾക്ക് സ്നേഹത്തോടെ ഓർക്കുന്നതിനായി, അപരിചിതരായവർക്ക് മരണമടഞ്ഞ വ്യക്തിയിൽ ദ്വേഷം ഉണ്ടാകാതിരിക്കുന്നതിനായി വിമർശനങ്ങൾക്ക് അവധി കൊടുക്കുന്നത് നല്ലതായിരിക്കുമെന്ന് പറയുന്നത്.

സുഗതകുമാരി ടീച്ചർ എനിക്കറിയാവുന്ന എത്രയോ പേരുടെ ജീവിതത്തിലെ സ്നേഹ സാന്നിധ്യമായിരുന്നു. അതിനുമെത്രയോ കൂടുതൽ പേരുടെ, ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവരുടെ ജീവിതത്തിലെ ആശ്വാസമായിരുന്നു അവരെഴുതിയ വാക്കുകളും, വരികളും.ടീച്ചറുടെ കവിതകളിലൂടെ എത്രയോ പേർ കണ്ണാടിയിലെന്നപോലെ മുഖം കാണുകയും, കരഞ്ഞു കൊണ്ട് സാന്ത്വനവും ആശ്വാസവും തേടിയിട്ടുമുണ്ട്. തങ്ങളുടെ ജീവിതത്തിലെ ദുഖങ്ങളും, ഒറ്റപ്പെടലും, സ്നേഹ ശൂന്യതയും ടീച്ചറുടെ കവിതകളിലൂടെ മെല്ലെ,മെല്ലെ ഒഴുകി പരക്കുന്നത് കണ്ടിട്ടുണ്ടാവാം.എന്റെയോർമയിൽ വരുന്നത് പ്രിയപ്പെട്ട സുഹൃത്ത് പണ്ടൊരിക്കൽ പറഞ്ഞൊരു കാര്യമാണ്. മാനസികാസ്വസ്ഥ്യമുള്ള അമ്മയ്ക്ക് ഇടയ്ക്കിടെ രോഗത്തിന്റെ കാഠിന്യം കൂടുമ്പോൾ, വിഹ്വലതകൾ വർദ്ധിക്കുമ്പോൾ, അക്രമാസക്തമാകുന്ന ഘട്ടം വരുമ്പോൾ സുഗതകുമാരി ടീച്ചറിന്റെ അഭയയിലേക്കാണ് കൊണ്ടു പോയിരുന്നത്. അവിടെ കുറച്ചു ദിവസം നിന്നു കഴിയുമ്പോൾ അമ്മ ശാന്തയാകും. അവൾ അന്നു പറഞ്ഞതിങ്ങനെയാണ് “സുഗതകുമാരി ടീച്ചറില്ലായിരുന്നുവെങ്കിൽ അഭയ ഉണ്ടാകുമായിരുന്നില്ല, അഭയ ഇല്ലായിരുന്നെങ്കിൽ അന്നത്തെ ഇരുപതുകളിലെ ഞാൻ ഇന്നിങ്ങനെ ഉണ്ടാകുമായിരുന്നില്ല “. പ്രിയപ്പെട്ട ടീച്ചർ ആദരാഞ്ജലികൾ.