‘വിസിൽ ബ്ളോവർമാർ’ അവരുടെ ജീവൻ അപകടത്തിൽ പെടുത്തിയാണ് പലപ്പോഴും തുറന്നു പറച്ചിലിന് തയ്യാറാകുന്നത്

102

രജിത് ലീല രവീന്ദ്രൻ

ചൈനയിലെ വുഹാനിൽ സാർസ് പോലൊരു രോഗം ദൃശ്യമാകുന്ന ഏഴു കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്ന് ചാറ്റ് ഗ്രൂപ്പിൽ ഡോക്ടർമാർക്ക് സന്ദേശമയച്ചയാളുടെ പേര് ഡോക്ടർ ലി വെനിലിയങ് എന്നാണ്. 2019 ഡിസംബർ 30നാണ് ഈ സന്ദേശം അദ്ദേഹം ഗ്രൂപ്പിൽ പങ്കു വെക്കുന്നത്. ഒട്ടും വൈകിയില്ല അടിയന്തിരമായി വുഹാനിലെ പോലീസ് സംവിധാനം ഈ പ്രശ്നത്തിൽ ഇടപെടുകയും ഡോക്ടറെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. ഡോക്ടർ ലിയെ നിർബന്ധിപ്പിച്ചു ഒരു പേപ്പറിൽ ഒപ്പിടീപ്പിക്കുകയും തെറ്റായ പ്രചരണം നടത്തി സമൂഹത്തിൽ അശാന്തി പടർത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന് കുറ്റപത്രവുമുണ്ടായി.

കോവിഡ് എന്ന മഹാമാരി മറച്ചു വെക്കാൻ സാധിക്കാത്തത് പോലെ വ്യാപകമാവുകയും, ഡോക്ടർ ലി കോവിഡിന് കീഴടങ്ങി മരണപ്പെടുകയും ചെയ്തത് പിൽക്കാല ചരിത്രം. വുഹാൻ ഭരണകൂടം യുവ ഡോക്ടറായ ലിയോടും കുടുംബത്തോടും മാപ്പപേക്ഷിക്കുകയായിരുന്നു. സോഷ്യൽ മീഡിയക്ക് കർശന നിയന്ത്രണമുള്ള ചൈനയിലായിട്ട് പോലും ഭരണകൂടവും, സർക്കാർ സംവിധാനങ്ങളും ഡോക്ടറോട് കാണിച്ച ക്രൂരതയോടും,വൈകി വന്ന മാപ്പിനെതിരായും വ്യാപക പ്രതിഷേധമുയരുന്നുണ്ടായിരുന്നു.
താൻ ജോലി ചെയ്യുന്ന കമ്പനിയിലോ, സ്ഥാപനത്തിലോ അപകടകരമായ കാര്യങ്ങൾ നടക്കുന്നുവെങ്കിൽ അത് പൊതുജന മധ്യത്തിലെത്തിക്കുന്നവർക്ക് ജനാധിപത്യ രാജ്യങ്ങളിലെ പേര് ‘വിസിൽ ബ്ലോവെർസ് ‘എന്നാണ്. ഇത്തരം ‘വിസിൽ ബ്ളോവർമാർ’ അവരുടെ ജീവൻ അപകടത്തിൽ പെടുത്തിയാണ് പലപ്പോഴും തുറന്നു പറച്ചിലിന് തയ്യാറാകുന്നത്. പറഞ്ഞു വരുന്നത് ചൈനയിലെ വുഹാനിലും, ഉത്തർപ്രദേശിലെ ഗോരഖ്പുരിലും, കേരളത്തിലെ കളമശ്ശേരിയിലും ‘വിസിൽ ബ്ളോവർ ‘ആകുന്നത്‍ ജീവൻ പണയപ്പെടുത്തലാണ് എന്നു തന്നെയാണ്.

ഡോക്ടർ ലി വെനീലിയങ് മരണപ്പെട്ടപ്പോൾ വന്ന ഔദ്യോഗിക ക്ഷമാപണത്തോടുള്ള ജനങ്ങളുടെ പ്രതികരണമായ “Apology is too late, Weniliyang can’t hear that” എന്ന വാചകത്തിലെ ഡോക്ടർ ലി വെനിലിയാങ്ങിന്റെ പേരിന് പകരം ഡോക്ടർ കഫീൽ ഖാൻ എന്നോ, ഡോക്ടർ നജ്മ എന്നോ വായിക്കേണ്ട ദുരന്താവസ്ഥ നമുക്കൊരിക്കലും ഉണ്ടാകാതിരിക്കട്ടെ.