മോദി ‘ടാഗോർ ലുക്കിൽ’ വരുന്നതും നേതാജിയുടെ ജന്മദിനാഘോഷത്തിന് കൽക്കട്ടയിലെത്തുന്നതും വെറുതെയല്ല

0
55

രജിത് ലീല രവീന്ദ്രൻ

2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ബിജെപിക്ക് ഉണ്ടായിരുന്നത് വെറും മൂന്നു സീറ്റുകൾ മാത്രമാണ്. എന്നാൽ 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ അവർക്ക് ജയിക്കാനായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ വലിയൊരു രാഷ്ട്രീയ ശക്തിയായി ബി ജെ പി ബംഗാളിൽ മാറിക്കഴിഞ്ഞിരിക്കുന്നു.

സിപിഎം, കോൺഗ്രസ്‌ എന്നീ പാർട്ടികളിലെ നിരവധി നേതാക്കളും, പ്രവർത്തകരും ആദ്യ ഘട്ടങ്ങളിൽ തന്നെ ബി ജെ പി യിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് അടുക്കാറായപ്പോളേക്കും മമതയുടെ പാർട്ടിയിൽ നിന്നും മുൻ നിര നേതാവായ സുവേന്ദു അധികാരി ഉൾപ്പെടെയുള്ളവർ വലിയ തോതിൽ ബി ജെ പി യിൽ ചേരുകയുണ്ടായി. ബി ജെ പി എന്ന ദേശീയ പാർട്ടിയുടെ എല്ലാ മെഷീനറിയും ‘വംഗനാട്ടിൽ’ കേന്ദ്രീകരിച്ചിരിക്കുകയാണ്. ബംഗാളിക്ക്‌ സവിശേഷമായ ദേശാഭിമാനത്തെ പ്രോജ്വലിപ്പിക്കാൻ പ്രധാനമന്ത്രി ‘ടാഗോർ ലുക്കിൽ’ വരുന്നതും, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിന ആഘോഷത്തിന് കൽക്കട്ടയിലെത്തുന്നതും വെറും വെറുതെയല്ല. മമതയുടെ വോട്ട് ബാങ്കിൽ പ്രമുഖമായ മുസ്ലിം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാൻ അബ്ബാസ് സിദ്ധിക്കി എന്ന നേതാവിനെ കൊണ്ട് പുതിയ പാർട്ടി ഉണ്ടാക്കുന്നതിലും സംഘ പരിവാർ വിജയിച്ചു.

പക്ഷേ മമത ബാനർജി എന്ന പോരാളി വിട്ടുകൊടുക്കുന്നില്ല. ഒരിഞ്ചു പോലും പിന്നോട്ട് മാറാതെ വാശിയോടെ പൊരുതി നിൽക്കുകയാണവർ. തന്റെ ഇരുപത്തി ഒമ്പതാമത്തെ വയസ്സിൽ 1984ൽ ജാദവ്പൂർ മണ്ഡലത്തിൽ സി പി എമ്മിന്റെ കരുത്തനായ നേതാവ് സോമനാഥ് ചാറ്റർജിയെ തോൽപ്പിച്ചു ലോക്സഭയിലെത്തുകയും, പിന്നീട് ഓൾ ഇന്ത്യ യൂത്ത് കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി ആവുകയും ചെയ്ത മമത ബാനർജി എന്ന ബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിക്കൊപ്പമാണെന്റെ മനസ്സ്. അവരുടെ പോരാട്ടവീര്യത്തിനൊപ്പം, മതനിരപേക്ഷതയ്ക്കായുള്ള വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾക്കൊപ്പം ബംഗാളിലെ ജനങ്ങൾ നിൽക്കുമെന്നാണ് പ്രതീക്ഷയും.

പശ്ചിമ ബംഗാളിൽ ഭൂതകാല സ്‌മൃതികളിൽ അഭിരമിക്കാൻ മാത്രം പ്രാപ്തിയുള്ള സി പി എം, കോൺഗ്രസ്‌ പാർട്ടികളുടെ സഖ്യത്തിനു മതേതര വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി ബി ജെ പിയെ വിജയത്തിലെത്തിക്കാനെ ഇന്ന് സാധിക്കുകയുള്ളൂ.കോൺഗ്രസ്‌ മുക്ത ഭാരതവും, സി പി എം മുക്ത ഭാരതവും നടപ്പിലാക്കാനുള്ള ബി ജെ പി എന്ന രാഷ്ട്രീയ പാർട്ടിയുടെ ആത്മാർത്ഥത ബി ജെ പി മുക്ത ഭാരതം നടപ്പിലാക്കാൻ കോൺഗ്രസ്‌, സി പി എം പാർട്ടികൾക്കില്ല എന്നു തന്നെയാണ് ബംഗാളിലെ സി പി എം – കോൺഗ്രസ്‌ ‘ഗണബന്ധൻ’ നമ്മളോട് പറയുന്നത്.