രജിത് കുമാറിന്റെ സ്ത്രീവിരുദ്ധതയ്ക്ക് ചുട്ടമറുപടി

0
868

സ്ത്രീകൾ ജീൻസിട്ടാൽ കുഞ്ഞുണ്ടാകില്ലെന്നും കായികാഭ്യാസങ്ങളിൽ ഏർപ്പെട്ടാൽ ഗർഭപാത്രത്തിനു സ്ഥാനചലനം സംഭവിക്കുമെന്നും സിസ്സേറിയൻ ചെയ്‌താൽ സ്തനാർബുദം വരുമെന്നും ആൺവേഷധാരികളായ പെണ്ണിന്‌ ജനിക്കുന്ന കുഞ്ഞുങ്ങൾ ആണും പെണ്ണുമല്ലാത്തവരായിരിക്കും. അവരെ വിളിക്കുന്ന പേരാണ്‌ ട്രാൻസ്‌ജെൻഡറെന്നും സ്ത്രീവിരുദ്ധപ്രസ്താവനകളും മണ്ടത്തരങ്ങളും നിരന്തരമായി പറയുന്ന ഡോ.രജിത് കുമാർ എന്ന സാമൂഹ്യമാലിന്യത്തിനു സ്ത്രീയുടെ ഇച്ഛാശക്തി വെളിപ്പെടുത്തിക്കൊണ്ട് നസീർ ഹുസ്സൈൻ കിഴക്കേടത്ത് നൽകിയ മറുപടി. വിമൻസ് കോളേജിൽ രജിത് കുമാർ സ്ത്രീവിരുദ്ധത പ്രസംഗിക്കുമ്പോൾ ആര്യ എന്ന വിദ്യാർത്ഥിനി കൂവിയത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു .

Nazeer Hussain Kizhakkedathu എഴുതുന്നു

രജിത് കുമാർ (Dr.Rajith Kumar) എന്ന വിവരക്കേട് ഒന്നുകൂടി വാർത്തകളിൽ നിറയുമ്പോൾ ഒരു റീപോസ്റ്റ്.

വിമാനം പറന്നുയർന്ന് 30,000 അടി ഉയരത്തിൽ എത്തിയപ്പോൾ ആണ് ഒരു എൻജിൻ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ഫലമായി ഒരു ഭാഗം വന്നിടിച്ചു ഒരു ജാലകം തകർന്നു, അടുത്ത സീറ്റിൽ ഇരുന്ന ഒരു സ്ത്രീയുടെ ശരീരം പകുതി പുറത്തേക്കു തള്ളിപ്പോയി. ഓക്സിജൻ മാസ്കുകൾ താഴേക്ക് വന്നു.

ചൊവ്വാഴ്ച രാവിലെ ന്യൂ യോർക്കിൽ നിന്ന് ഡാലസിലേക്ക് പോയ സൗത്‌വെസ്റ്റ് എയർ ലൈൻസിന്റെ വിമാനത്തിനാണ് ഈ ദുര്യോഗം ഉണ്ടായതു. വിമാനത്തിലെ യാത്രക്കാർ ഭയന്നു വിറച്ചു. പലരും ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും തുടങ്ങി. ചിലർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ അയച്ചു.

വിമാനത്തിന്റെ പൈലറ്റ് ഒരു സ്ത്രീ ആയിരുന്നു. അമേരിക്കൻ നേവിയിൽ ദശകങ്ങൾ ആയി സൂപ്പർ സോണിക് വിമാനങ്ങൾ വരെ പറത്തി പരിചയം ഉള്ള ക്യാപ്റ്റൻ ടാമി ഷുൾട്സ്.. അമേരിക്കൻ നേവിയിലെ ആദ്യത്തെ സ്ത്രീ ഫൈറ്റർ പൈലറ്റുമാരിൽ ഒരാൾ. എമർജൻസി പ്രോട്ടോകോൾ പ്രകാരം അഞ്ച് മിനിറ്റ് കൊണ്ട് അവർ വിമാനം 10,000 അടി താഴത്തേക്കു കൊണ്ടുവന്നു. ഏറ്റവും അടുത്തുള്ള ഫിലാഡൽഫിയ എയർപോർട്ടിൽ എമർജൻസി സന്ദേശം അയച്ചു, റൺവേയിൽ ആംബുലൻസും മറ്റും റെഡി ആക്കി വയ്ക്കാൻ നിർദ്ദേശം നൽകി. തന്റെ എല്ലാ അനുഭവ സമ്പത്തും ഉപയോഗിച്ച് അവർ സുരക്ഷിതമായി വിമാനം നിലത്തിറക്കി.

അത് കഴിഞ്ഞു അവർ ചെയ്ത കാര്യം ആണ് ഞാൻ ഏറ്റവും ശ്രദ്ധിച്ചത്. അവർ ഇറങ്ങി പോകുന്ന ഓരോ യാത്രക്കാരുടെ അടുത്ത് വന്നും ഷേക്ക് ഹാൻഡ് ചെയ്തു, അവർ സുഖം അല്ലെ എന്ന് അന്വേഷിച്ചു, അവരോട് നന്ദി പറഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ യാത്രക്കാർ അവരെ കെട്ടിപ്പിടിച്ചു.

ഇത്രയും ഞാൻ എഴുതാൻ കാരണം, ചിലർക്കെങ്കിലും തങ്ങൾ സഞ്ചരിക്കുന്ന വിമാനത്തിന്റെ പൈലറ്റ് ഒരു സ്ത്രീ ആണെന്നറിഞ്ഞാൽ ഒരു ഉൾഭയം ഉണ്ടാവാറുണ്ട്. പക്ഷെ ഈ സംഭവം തെളിയിക്കുന്നത് സ്ത്രീകൾ പുരുഷന്മാരെ പോലെ നിർണായക സന്ദർഭങ്ങൾ കൈകാര്യം ചെയ്യും എന്ന് മാത്രം അല്ല, സ്ത്രീകൾക്ക് മാത്രം കഴിയുന്ന തരത്തിൽ അതിനു ഒരു മാനുഷിക വശം കൂടി കൊണ്ട് വരാൻ നോക്കും.

പെൺകുട്ടികൾ ഓടി ചാടി നടന്നാൽ ഗർഭ പാത്രം പുറത്തേക്കു വരും എന്ന് മണ്ടത്തരം പറയുന്ന രജിത് കുമാറിനെ ഓരോ സ്കൂളുകളിലും ക്ലാസ് എടുക്കാനും ടിവി ഇന്റർവ്യൂവിനും കൊണ്ട് നടക്കുന്ന ആളുകൾ വായിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇതെഴുതുന്നത്. രജിത് കുമാറായിരുന്നു ഈ വിമാനത്തിന്റെ പൈലറ്റ് എങ്കിൽ കണ്ടി ഇട്ടേനെ.