2013ൽ WHO പോളിയോ വിമുക്ത രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചു, ആ മഹാന്റെ പ്രവർത്തനത്തെ സ്മരിക്കാം

0
90

കടപ്പാട് : സേലം വിഷ്ണു

നാട്ടിൻ പുറത്തെ അംഗൻവാടി ചുമരുകളിൽ മെലിഞ്ഞു ശോഷിച്ചകാലുമായി ഊന്നുവടിയിൽ നിൽക്കുന്ന ആ ഒരു കുട്ടിയുടെ ദയനീയചിത്രം ഇപ്പോഴും നമ്മുടെയൊക്കെ ഓർമ്മകളിൽ ഉണ്ടാകും !പോളിയോമൈലൈറ്റിസ് ‘ എന്ന മഹാരോഗം എങ്ങനെയാണ് ഒരു തലമുറയെ ചലനശേഷി ഇല്ലാത്തവരാക്കി മാറ്റുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് അന്നെടുത്ത ഇൻജെക്ഷനുകളും തുള്ളിമരുന്നുകളും ഈ വായിക്കുന്ന നമ്മളടക്കമുള്ള ഒരുപാട് തലമുറകളെ പോളിയോ മുക്തമാക്കി നിലനിർത്തിയത് എന്ന തിരിച്ചറിവുണ്ടാകുന്നത്.

1987-ൽ ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പോളിയോ രോഗികൾ ഉണ്ടായിരുന്നത് നമ്മുടെ ഇന്ത്യാരാജ്യത്തായിരുന്നു. ലോകത്ത് പോളിയോ വാക്‌സിൻ കണ്ടുപിടിച്ചു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യയിൽ ഫലപ്രദമായി വാക്‌സിനേഷൻ നടപ്പിലാക്കാൻ അപ്പോഴും നമുക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു അതിനു കാരണം. സാമ്പ്രദായികമായി നിലനിന്നിരുന്ന കുത്തിവെപ്പ് വേണോ മറിച്ച് സൗകര്യപ്രദമായ തുള്ളിമരുന്ന് രീതി വേണമോ എന്ന ഡോക്ടർമാരുടെ തർക്കങ്ങൾക്കിടയിൽ പോളിയോ വാക്‌സിനേഷൻ ഫലത്തിൽ ഏകോപനമില്ലാതെ മുന്നോട്ട് നീങ്ങുകയായിരുന്നു..!

Polio Vaccine, For Clinical, Dattatraya Medical & General Stores | ID:  9909702955എനിക്ക് എൻ്റെ രാജ്യത്തെക്കുറിച്ചു ചിലസ്വപ്നങ്ങളുണ്ട്. എൻ്റെ രാജ്യം ശക്തവും കെട്ടുറപ്പുള്ളതും സ്വതന്ത്രവും സ്വയംപര്യാപ്‌തവുമായിരിക്കണം. പൗരസേവനത്തിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിൽ എത്തണമെന്ന് ഞാൻ സ്വപ്നംകാണുന്നു. അർപ്പണബോധത്തോടുകൂടി കഠിനാധ്വാനം ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടായ_പരിശ്രമത്തിലൂടെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന് പറഞ്ഞു കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത ശ്രീ രാജീവ് ‌ഗാന്ധി തന്റെ സ്വപ്നപദ്ധതി ആയ ടെക്നോളജിമിഷൻ’ന് തുടക്കം കുറിച്ച സമയമായിരുന്നു അത്.

പോളിയോ പ്രശ്നം അടിയന്തിരമായി പരിഹരിക്കണം എന്ന് രാജീവ്‌ ഗാന്ധി ആവശ്യപ്പെട്ടു. അതനുസരിച്ചു ഇത്തരം പദ്ധതികളുടെ നടത്തിപ്പിൽ രാജീവ്‌ ഗാന്ധിയുടെ വലംകൈ ആയിരുന്ന സാം പിട്രോഡ, ജയറാം രമേശ്‌ എന്നിവർ രാജ്യത്തെ പ്രഗല്ഭരായ 70 ഡോക്ടർമാരെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. Dr.ജേക്കബ് ജോൺസ് ൻ്റെ നേതൃത്വത്തിൽ ഉള്ള ആ സംഘത്തോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.
” നിങ്ങൾക്ക് മൂന്നു ദിവസം സമയം ഉണ്ട് . പോളിയോ പ്രതിരോധത്തിന് തുള്ളിമരുന്ന് വേണോ അതോ കുത്തിവെപ്പ് വേണോ എന്ന് വിശദമായി പരസ്പരം ചർച്ച ചെയ്തോളു. പക്ഷെ ഈ ഹാൾ വിട്ട് നിങ്ങൾ പുറത്തുപോകുമ്പോൾ ഇന്ത്യയിൽ നടപ്പാക്കേണ്ട പോളിയോ വാക്‌സിനേഷൻ രീതിയെ കുറിച്ച് എല്ലാവർക്കും ഒരൊറ്റ അഭിപ്രായമേ ഉണ്ടാകാൻ പാടൂ “.
ഒടുവിൽ ആ വൈദ്യസംഘം ‘തുള്ളിമരുന്ന്’ തന്നെയാണ് പോളിയോ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ രീതി എന്ന നിഗമനത്തിൽ എത്തിചേർന്നു. അതുവരെ ഇന്ത്യ പിന്തുടർന്നിരുന്ന വാക്‌സിനേഷൻ രീതികൾ മാറ്റി തുള്ളിമരുന്ന് രീതിയിൽ രാജ്യവ്യാപകമായി പോളിയോ പ്രതിരോധം തുടങ്ങാൻ രാജീവ്‌ ഗാന്ധി സർക്കാർ തീരുമാനിച്ചു.എന്നാൽ തുള്ളിമരുന്ന് രീതി നടപ്പാക്കുന്നതിന് അത്യാവശ്യമായി വേണ്ട കോൾഡ്_ചെയിൻ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഉറപ്പുവരുത്തുന്നത് പ്രയാസകരമാണെന്ന് ആ വൈദ്യസംഘം രാജീവ്‌ ഗാന്ധിയെ അറിയിച്ചു. ഇത് പരിഹരിക്കാൻ അടിയന്തിരമായി ഈ മേഖലയിലെ വ്യവസായികളെയും ലോജിസ്റ്റിക് കമ്പനി മേധാവികളെയും വിളിച്ചുവരുത്തി അവരുടെ സഹായം അദ്ദേഹം ഉറപ്പുവരുത്തി.

കൃത്യമായ വൈദ്യുതി പോലും എത്താത്ത ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള പോളിയോ ബൂത്തു കളിലേക്ക് പോളിയോവാക്‌സിൻ നിറച്ച മഞ്ഞനിറത്തിൽ തണുപ്പിച്ച ഐസ്പെട്ടിയും കൊണ്ട് നമ്മുടെ ആരോഗ്യപ്രവർത്തകർ എത്തിയിരുന്ന ദൃശ്യം നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇപ്പോഴും ഉണ്ടാകും.എന്നാൽ ആ ഐസ് കട്ടകൾ ഉരുകാതെ അതാത് കേന്ദ്രങ്ങളിൽ വാക്‌സിൻ എത്തിക്കുന്നതിന് ആവശ്യമായ ലോജിസ്റ്റിക് സംവിധാനമടക്കം ഒരുക്കിയത് രാജീവ്‌ഗാന്ധി എന്ന ഒറ്റ മനുഷ്യന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമെന്ന് മാന്യമായ രാഷ്ട്രീയ വിരോധികൾ പോലും സമ്മതിക്കും..( അന്ധമായ വെറുപ്പ് സൂക്ഷിക്കുന്നവരല്ല.)

അതുവരെ സ്വന്തമായി വാക്‌സിൻ നിർമിക്കാൻ കഴിയാതിരുന്ന ഇന്ത്യ വാക്‌സിനു വേണ്ടി മറ്റുരാജ്യങ്ങളെ ആശ്രയിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പോളിയോ രോഗികൾ ഉള്ള ഒരു രാജ്യത്ത് എത്രയും പെട്ടന്ന് വാക്‌സിൻനിർമാണം തുടങ്ങുന്നതിനു രാജീവ്‌ ഗാന്ധി തീരുമാനിക്കുന്നു. അതിന് വിദഗ്ദ്ധരെ പഠനത്തിനായി ഫ്രാൻസിലേക്കും റഷ്യയിലേക്കും അയക്കുന്നു. പോളിയോ വാക്‌സിൻ യജ്ഞത്തിനും നിർമാണത്തിനും ആവശ്യമായ 300മില്യൺഡോളർ, ഇന്നത്തെ ഏകദേശം 2,200 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ അദ്ദേഹം പോളിയോ എന്ന മഹാവിപത്തിനെ ഇന്ത്യയുടെ മണ്ണിൽ നിന്നും എന്നെന്നേക്കുമായി തുടച്ചുനീക്കുന്നതിനുള്ള തുടക്കം കുറിച്ചു. ഇന്ത്യയുടെ ആത്മാവറിയുന്ന രാജീവ് ഗാന്ധിയും സംഘാംഗങ്ങളും അന്ന് ചെയ്ത പുണ്യം എത്ര വലുതായിരുന്നു എന്ന് ഈ മഹാമാരിക്കാലം നമ്മെ ഓർമിപ്പിക്കുന്നു.

അന്ന് ആ മഹാരഥൻ തുടക്കം കുറിച്ച പോളിയോ യജ്ഞത്തിലൂടെ മുന്നോട്ട് പോയ ഇന്ത്യയെ ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം 2013ൽ WHO സമ്പൂർണ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു…!ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ അങ്ങനെയാണ്…തന്റെ ജനതയുടെ യഥാർത്ഥ പ്രശ്നങ്ങൾ യാഥാർഥ്യബോധത്തോടെ തിരിച്ചറിഞ്ഞു അതിനുള്ള ശാശ്വത_പരിഹാരം അവർ തേടി കണ്ടെത്തിയിരിക്കും.ടെക്നോളജി, ബോഫേഴ്സ്,ദാരുണാന്ത്യം.. എന്നൊക്കെയല്ലാതെ രാജീവ്‌ ഗാന്ധിയെകുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചാൽ ഈ പറഞ്ഞതോന്നും ഒഴിവാക്കി നിർത്താൻ വയ്യ..