Rajkumar Santha Rajendran
“മന്ദാര ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യിൽ വാർമതിയേ “
1989 ൽ ഇറങ്ങിയ ദശരഥം എന്ന സിനിമയിലെ ഗാനം … മോഹൻലാൽ തകർത്തഭിനയിച്ച അവിസ്മരണീയമായ സിനിമ. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ ഈണം നൽകിയ ഗാനം. ഒരു മലയാളിയ്ക്ക് ഈ ഗാനം ഏത് പടത്തിലേതാണെന്നോ ജോൺസൺ മാസ്റ്ററിന്റെ ഈണമാണെന്നോ പരിചയപ്പെടുത്തേണ്ട ഒരു കാര്യവുമില്ല എന്നതായിരുന്നു കുറേകാലം മുൻപ് വരെ എന്റെ ഒരു ധാരണ.. പക്ഷേ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു ടീനേജ്കാരൻ ഇത് തൈക്കുടം ബ്രിഡ്ജിന്റെ മനോഹരമായ പാട്ടാണ് എന്ന് പറഞ്ഞപ്പോൾ, അതിനെ പറ്റി ചെറുതായി തർക്കിക്കേണ്ടി വന്നപ്പോൾ ആ ഗതികേടോർത്ത് വിഷമം തോന്നി.
പിന്നീട് തൈകുടത്തിന്റെ ആ പാട്ടിന്റെ പല വീഡിയോകളും യൂട്യൂബിൽ കണ്ടു. കപ്പടീവിയും മറ്റ് പലരും അപ്ലോഡ് ചെയ്തവ… ചിലതിന്റെ ഡീറ്റൈൽ നോക്കിയാൽ ആൽബം : ദശരഥം എന്നുണ്ട് , ചിലതിൽ വരികൾ പൂവച്ചൽ ഖാദർ എന്നുണ്ട്… ജോൺസൺ മാസ്റ്ററിന്റെ പേര് കണ്ടതേയില്ല.അതൊക്കെ കവർ വേർഷനാണ് എന്ന് ആർക്കാണ് അറിയാത്തത് എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ഇതിനൊക്കെ കൃത്യമായി ക്രെഡിറ്റ് കൊടുത്ത് അവതരിപ്പിക്കുകയും അപ്ലോഡ് ചെയ്യുകയും ഒക്കെ ചെയ്തൂടെ എന്ന് സ്വാഭാവികമായും തോന്നി.
1989 ൽ ഇറങ്ങിയ പടത്തിലെ പാട്ട് 2013 ൽ തുടങ്ങിയ ബാൻഡിന്റെ പാട്ടാണ് എന്ന് തെറ്റിദ്ധരിച്ചത് ആ ടീനേജ്കാരന്റെ പൊട്ടത്തരമായിരിയ്ക്കാം. കുറെ വർഷങ്ങൾ കഴിയുമ്പോൾ കന്താരയിലെ പാട്ട് തൈക്കുടം കോപ്പി അടിച്ചെന്ന് തെറ്റിദ്ധരിയ്ക്കുന്നവരും ഉണ്ടാകുമായിരിയ്ക്കും. വരാഹരൂപവും നവരസവും ഉണ്ടാക്കിയ വിവാദങ്ങളിൽ ഒന്നും പറയാനില്ല. ഒരാളിന്റെ സർഗാത്മകതയുടെ ക്രെഡിറ്റ് അറിഞ്ഞോ അറിയാതെയോ മറ്റൊരാൾക്ക് കിട്ടുന്നത് അതിന്റെ സൃഷ്ടാവിന് വല്ലാത്ത വേദനയുണ്ടാക്കുന്ന കാര്യമാണ്. കാലം കാത്ത് വച്ച കാവ്യനീതി എന്നൊക്കെ പറയുന്നത് ഇതായിരിയ്ക്കും.