പൗരോഹിത്യം തകർക്കാൻ ശ്രമിക്കുന്നത് കന്യാസ്ത്രികളുടെ ജീവിത അഭിലാഷങ്ങളെ മാത്രമല്ല

0
141

രാജു സെബാസ്റ്റ്യൻ

സിസ്റ്റർ ലൂസികളപ്പുരയ്ക്കലിന്റെ “കർത്താവിന്റെ നാമത്തിൽ ” എന്ന പുസ്തകം വായിച്ച് തീർത്തത് ഒന്നര മണിക്കൂർ കൊണ്ട്. ലൈംഗീക അതിക്രമ കേസിൽ ഉൾപ്പെട്ട ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് എതിരെ പരസ്യനിലപാട് എടുത്തതോടെയാണ് സിസ്റ്റർ ലൂസി കളപ്പുര പൊതു സമൂഹത്തിൽ ശ്രദ്ധേയ ആയത്.

കത്തോലിക്കാ സഭയുടെ മമോദീസ വെള്ളം തലയിൽ വീണ ഒരാൾക്ക് അതിന്റെ ഉള്ള്കള്ളികളെക്കുറിച്ച് ഏകദേശ ധാരണകൾ ഉള്ള ഒരാൾക്ക് ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ഒരു ഞെട്ടലും ഉണ്ടാക്കില്ല. പൗരോഹിത്യത്തിന്റെ ഇടയിലെ ലൈംഗീക അരാജകത്വവും തമ്മിൽതല്ലും വളരെ ചെറുപ്രായം മുതൽ സഭാ വിശ്വാസികൾ തന്നെ അടക്കം പറയുന്നത് കേട്ട് വളർന്നത് കൊണ്ട് പ്രത്യേകിച്ചും.
അമിതമായി സമ്പത്ത് കുന്നുകൂടിയ ആത്മീയ വ്യവസായത്തിന്റെ ഉള്ളിലെ ചീഞ്ഞുനാറ്റങ്ങൾ മാത്രം. വെള്ളയടിച്ച കുഴിമാടങ്ങളുടെ അന്തപുര നാടകങ്ങൾ.

പക്ഷേ സിസ്റ്റർ ലൂസി കളപ്പുര മുന്നോട്ട് വെയ്ക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വിമർശനം സഭാ നേതൃത്വത്തിൽ നിലനിൽക്കുന്ന പുരുഷ പൗരോഹിത്യ അധീശത്വം, അധികാരം. അതിൽ കന്യാസ്ത്രീകൾ ബലിയാടാകുന്നു. കഴിഞ്ഞ 25 വർഷത്തിലേറെ സന്ന്യസ ജീവിതം നയിച്ച സിസ്റ്ററിന് നാല് തവണ ക്രൈസ്തവ പുരോഹിതരിൽ നിന്നു ലൈംഗിക അതിക്രമം നേരിട്ടതും അതിനെ അതിജീവിച്ചതതും സിസ്റ്റർ ഇതിൽ സൂചിപ്പിക്കുന്നു. യാദൃശ്ചികമായി സംഭവിച്ച ലൈംഗക ചോദനകളല്ല ഈ സംഭവങ്ങൾ. പുരുഷൻമാരായ പുരോഹിതർ മുൻകൂട്ടി പ്ലാൻ ചെയ്ത ആസൂത്രിത നീക്കങ്ങൾ.! സ്ത്രീകൾക്കെതിരായി / ചെറിയ പെൺകുട്ടികൾക്കെതിരായി ലൈംഗീക അതിക്രമങ്ങൾ നടക്കുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട് പ്രകോപനം സൃഷ്ടിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണന്ന്!! ഇവിടെ മുഖം മാത്രം പുറത്ത് കാണാവുന്ന തരത്തിൽ ശരീരം മൂടിക്കെട്ടി നടക്കുന്ന കന്യാസ്ത്രിക്കെതിരെ പോലും സ്വ സഭയിലെ പുരുഷ പൗരോഹിത്യത്തിൽ നിന്നും ഏൽക്കേണ്ടി വരുന്ന ലൈംഗീക അതിക്രമങ്ങൾ , പുരുഷ അധീശത്വത്തിന്റെ അധികാരത്തിന്റെ ബഹിർസ്ഫുരണങ്ങൾ!

എല്ലാ ക്രൈസ്തവ സഭകളിലും ഈ പുരുഷ മേൽക്കോയ്മ നിലനിൽക്കുന്നു. അതാണ് തകരേണ്ടത്. പൗരോഹിത്യം തകർക്കാൻ ശ്രമിക്കുന്നത് കന്യാസ്ത്രികളുടെ ജീവിത അഭിലാഷങ്ങളെ മാത്രമല്ല. സഭാ വിശ്വാസികളുടെ ജനാധിപത്യ അവകാശങ്ങളെയും പൊതു സമൂഹത്തിന്റെ യുക്തിബോധത്തെക്കൂടിയാണ്.

” ദാരിദ്ര്യം എന്ന പദം ഉപയോഗിക്കാൻ യോഗ്യത ഇല്ലാത്ത വിധം സാമ്പത്തിക കേന്ദ്രീകരണമാണ് ക്രൈസ്തവ സഭകളുടെ മുഖമുദ്ര” യെന്ന് സിസ്റ്റർ തുറന്ന് പറയുമ്പോൾ ദരിദ്രരോടും അടിച്ചമർത്തപ്പെട്ടവരോടും ഒപ്പമല്ല സഭാനേതൃത്വം നിലകൊള്ളുന്നതെന്ന് ചൂണ്ടി കാണിക്കുകയാണ്.

അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ത്രീവിരുദ്ധമായി പ്രവർത്തിക്കുന്ന സഭയ്ക്കുള്ളിൽ നിന്നും ഒരു കന്യാസ്ത്രി നടത്തുന്ന പോരാട്ടങ്ങൾക്ക് ദീർഘകാല രാഷ്ട്രീയ വിവക്ഷകൾ ഉണ്ട്. പുസ്തകത്തിന്റെ ആമുഖത്തിൽ സിസ്റ്റർ കുറിച്ചിട്ടിരിക്കുന്നു.

” സന്ന്യസ്തമoങ്ങളുടെ കുറ്റൻ മതിലുകൾക്കുള്ളിൽ ഞെരിഞ്ഞമരുന്ന പ്രിയ സഹോദരിമാരുടെ രോദനം എന്റെ കർണപുടങ്ങളെ വേദനിപ്പിക്കുന്നുണ്ട്. പുരുഷ മേൽക്കോയ്മയുടെയും പുരോഹിത ആധിപത്യത്തിന്റെയും ചവിട്ടടിയിൽ അമർന്ന് ഇഴഞ്ഞുനീങ്ങുന്ന സഹോദര ജീവിതങ്ങൾക്കു വഴിവിളക്കായി ഈ അക്ഷരങ്ങൾ മാറണമെന്നാണ് ആഗ്രഹം ”

 

Advertisements