ഞാനാണ്‌ മക്കളെ, അമർഗാസോറസ്‌

132

രാജു വാടാനപ്പള്ളി

ഞാനാണ്‌ മക്കളെ, അമർഗാസോറസ്‌

ഞാന്‍ അമർഗാസോറസ്‌, നിങ്ങള്‍ക്ക്‌ എന്നെ അറിയാമോ?. എവിടെ അറിയാന്‍ അല്ലേ. ഞാന്‍ ഡിനോസർ വിഭാഗത്തില്‍പ്പെട്ട ആളാണ്‌. എന്റെ ഫോസിലാണത്‌. നല്ലവണ്ണം നോക്കിക്കോ. ഒരു കാലത്ത്‌ ഞാന്‍ അതില്‍ നിറഞ്ഞുനിന്നിരുന്നു. ഞാന്‍ പത്ത്‌ മീറ്ററോളം നീളവും അഞ്ച്‌ ടണ്ണോളം ഭാരവുമുള്ള ഒരു വലിയ സസ്യഭുക്ക്‌ വിഭാഗത്തില്‍പ്പെട്ട ജീവിയായിരുന്നു. എന്റെ ജീവിതകാലം എന്നാണെന്നറിയേണ്ടെ!.

Image result for amargasaurusഅത്‌ പതിമൂന്ന്‌ കോടിവർഷം മുമ്പ്‌, ക്രിറ്റേഷ്യസ്‌ യുഗത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു. പതിമൂന്ന്‌ കോടിവർഷം, ക്രിറ്റേഷ്യസ്‌യുഗം എന്നുപറഞ്ഞപ്പോള്‍ നിങ്ങള്‍ അല്‍പ്പമൊന്ന്‌ അമ്പരന്നുവോ?. നിങ്ങള്‍ അമ്പരക്കും അത്‌ എനിക്കറിയാം. കാരണം, നിങ്ങള്‍തന്നെ ഒരു പുസ്‌തകം തട്ടിക്കൂട്ടിയുണ്ടാക്കിയിട്ടുണ്ടല്ലോ, മതഗ്രന്ഥം എന്നുപേരായി. അതില്‍ ഒരുത്തനുണ്ടല്ലോ ദൈവം, എല്ലാ ജീവികളേയും സൃഷ്‌ടിച്ചവനായിട്ട്‌.

ശുദ്ധമണ്ടത്തരം അല്ലാതെന്ത്‌ പറയാന്‍.

മക്കളെ, നിങ്ങളെ ദൈവവും പിശാചുമൊന്നുമല്ല സൃഷ്‌ടിച്ചത്‌. നിങ്ങളെങ്ങനെയാണ്‌ ഉണ്ടായതെന്ന്‌ എനിക്കറിയാം. ഞങ്ങളുടെ ജീവിതകാലത്ത്‌ ഉണ്ടായിരുന്നു; സസ്‌തനികളായ നിങ്ങളുടെ പൂർവികർ, ഒരു പെരുച്ചാഴിയോളം വലുപ്പത്തില്‍. അന്നംതേടി അവർ ഞങ്ങളുടെ കാലിന്നടിയിലൂടെയെല്ലാം ഓടിയിരുന്നു. ആ കുഞ്ഞ്‌ ജീവികളുടെ പില്‍ക്കാല സന്തതിപരമ്പരകളാണ്‌ നിങ്ങള്‍. ഇനി, ആ ചെറിയ ജീവികളില്‍നിന്ന്‌ നിങ്ങള്‍ ഉണ്ടാവുന്നതിലേക്ക്‌ നയിച്ച പ്രധാന സംഭവം എന്താണെന്നറിയാമോ?. അത്‌ ഞങ്ങളുടെ വംശത്തിന്റെ കൂട്ടവിനാശമായിരുന്നു.

അന്ന്‌, ആറരക്കോടി വർഷം മുമ്പ്‌ ആ ആസ്‌റ്ററോയിഡ്‌ പതനം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ജീവന്റെ ചരിത്രം തന്നെ മാറിപ്പോകുമായിരുന്നില്ലേ. ഞങ്ങളുടെ കൂട്ടർ നശിച്ചില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍, സസ്‌തനികളുടെ വികാസം എങ്ങിനെ നടക്കും. ഫലം നിങ്ങള്‍ ഉണ്ടാവില്ല എന്ന്‌ തന്നെയാണ്‌. അപ്പോള്‍ പരിണാമത്തിന്റെ ചരിത്രത്തില്‍ ഉല്‍ക്കാപതനത്തിന്റെ പ്രാധാന്യം നിങ്ങള്‍ക്കിപ്പോള്‍ പിടികിട്ടിക്കാണുമല്ലോ.

എന്നീട്ടും നിങ്ങള്‍ക്ക്‌ എന്തിന്റെ കൃമികടിയാണ്‌ ഇല്ലാത്ത ദൈവത്തെ സൃഷ്‌ടിച്ച്‌, അവനാണ്‌ എല്ലാം സൃഷ്‌ടിച്ചതെന്ന്‌ പറയാന്‍. നിങ്ങള്‍ അങ്ങനെ പറുന്നത്‌ നിങ്ങള്‍ക്ക്‌ മാത്രമല്ല, എനിക്കും എന്റെ വംശത്തിനും അപമാനമാണെന്നറിയുക. നിങ്ങള്‍ക്ക്‌ അത്രക്ക്‌ മുട്ടിയിട്ടാണോ നടക്കുന്നത്‌; പ്രാർത്ഥനക്കും ആരാധനക്കും ആയി. എങ്കില്‍ പോ, മെക്‌സിക്കോയിലേക്ക്‌ പോ അവിടെ യുക്കാത്താന്‍ പ്രവിശ്യയിലേക്ക്‌ ചെല്ല്‌. അവിടെയാണ്‌ ആസ്‌റ്ററോയിഡ്‌ വീണ സ്ഥലം. അവിടെ ചെന്ന്‌ അതിനെ ആരാധിക്ക്‌. അതിന്‌ ഒരു അന്തസ്സുണ്ട്‌. അല്ലാതെ ഇല്ലാത്ത ദൈവത്തെ സൃഷ്‌ടിച്ച്‌ ജീവലോകത്തെ നാണംകെടുത്തരുത്‌..