ദൈവമുണ്ടത്രെ, ദൈവം
കൃഷി കണ്ടെത്തുന്നതിന് മുമ്പുള്ള, മാനവജീവിതമെന്ന മഹാഗ്രന്ഥത്തിലെ ഒരേടാണ് ചിത്രത്തില്‍ ചിത്രീകരിക്കപ്പെട്ടീട്ടുള്ളത്.അതില്‍ ഭാവനയുണ്ട്. സമ്മതിച്ചു.പക്ഷേ അത് വസ്തുതാധിഷ്ഠിത ഭാവനയാണ്.നോക്കു സുഹൃത്തെ, താങ്കള്‍ അറിയണം; അല്ല, അറിഞ്ഞേ തീരു ഇങ്ങനേയും നമുക്ക് ഒരു ജീവിതമുണ്ടായിരുന്നു എന്ന്; അതോടപ്പം അവർക്ക് ദൈവങ്ങളില്ലായിരുന്നു എന്ന്. ജൈവപരിണാമപ്രക്രിയയില്‍, മനുഷ്യനായിതീരുന്ന ആ മഹാപ്രവർത്തനത്തിന്റെ തൊണ്ണൂറ്റൊമ്പതേമുക്കാല്‍ സമയത്തും നമ്മുടെ പൂർവികർക്ക് ദൈവങ്ങളില്ലാതിരിക്കെ; എന്തിന്ന് ആ കാല് സമയത്ത് ഈ ലുട്ടാപ്പികളെ എഴുന്നുള്ളിക്കുന്നത്?.
ചിത്രത്തിലെ ചിത്രീകരണം ഒരു ലുട്ടാപ്പികളുടേയും സഹായമില്ലാതെ അന്നംതേടി (വേട്ടയാടി) അത് പങ്കിട്ട് ഭക്ഷിക്കുന്നതാണ്. ശിലായുഗങ്ങളില്‍, ശിലായുധം മാത്രം ഉപകരണം ആയിരിക്കെ, (കുന്തങ്ങളും മറ്റും കണ്ടെത്തും മുമ്പ്) വേട്ട എളുപ്പമുള്ള കാര്യമല്ല. മൃഗത്തെ ഓടിച്ച്, ഓടിച്ച്, ഓടിച്ച് തളർത്തി; അത് വീഴുമ്പോള്‍ അതിനെ അടിച്ചുകൊല്ലുക അതാണ് വേട്ടയാടലിന്റെ ആദ്യഘട്ടങ്ങളിലെ രീതി. ( ഒരു സിംഹത്തെപ്പോലെ ഇരയെ കൊല്ലാന്‍ നമുക്കാവില്ല). ഈ രീതി പൊന്നുതമ്പുരാന് അവർക്ക് പറഞ്ഞു കൊടുത്തതല്ല. പിന്നെയോ?.
ചിന്തയിലൂടെയാണത് സാധിച്ചത്. ഭാവനയിലൂടെയാണത് സാധിച്ചത്. സർവ്വോപരി പരിണാമമാണത്. ചിത്രത്തിലെ പ്രസക്തകാലത്ത്, അതായത് പ്രാചീന ശിലായുഗമെന്ന കഴിഞ്ഞ 24 ലക്ഷം വർഷം തൊട്ട് കഴിഞ്ഞ പതിനായിരം വർഷം വരെയുള്ള കാലത്ത് ദൈവമെന്ന കാന്‍സർ മനുഷ്യമസ്തിഷ്കത്തെ ബാധിച്ചിരുന്നില്ല. പരിസ്ഥിതിയോട് മല്ലിട്ട്, വന്യപ്രകൃതിയില്‍ മറ്റ് ജീവികളുമായി മല്‍സരിച്ച് (ആഹാരത്തിന്നായി) ജീവിതം ഉന്തിനീക്കുന്ന മനുഷ്യന് ലുട്ടാപ്പികളോ?. അത്താഴം തന്നെ പൊത്തും പിടിയുമാണ് പിന്നെയാണോ വെള്ളച്ചോറ്.
പക്ഷേ, പതിനായിരം വർഷത്തിന് ശേഷമുള്ള മനുഷ്യന്റെ സാമൂഹ്യ, സാംസ്കാരിക പരിതസ്ഥിതികളില്‍ ദൈവമെന്ന കാന്‍സർ മെല്ലെ ഉയർന്ന് വരാന്‍ തുടങ്ങി. ഇന്ന് ഈ രോഗബാധ അതിരൂക്ഷമാണ്. ഈ കാന്‍സറില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുറുക്കു വഴിയുമില്ല; പൂർവികരുടെ ചരിത്രം പഠിക്കുകയല്ലാതെ. അതെ, ലക്ഷകണക്കിന് വർഷങ്ങള്‍ നീണ്ടുനിന്ന പൂർവികതയുടെ ചരിത്രപഠനമാണ് ഈ കാന്‍സർ ബാധക്കുള്ള ഏക പ്രതിരോധം. താങ്കള്‍ ആ ചരിത്രത്തിലൂടെ കടന്നുപോകു അപ്പോള്‍ കാണാം, ചൂടുള്ള, പ്രകാശം ചൊരിയുന്ന ബള്ബിന് നേരെ വരുന്ന ഇയാംപാറ്റകള്‍ കരിഞ്ഞു വീഴുന്നത്പോലെ ലുട്ടാപ്പികള്‍ ചാമ്പലാകുന്നത്.
ദൈവബാധയേല്ക്കാതെ ലക്ഷകണക്കിന് വർഷങ്ങള്‍ ജീവിച്ച നമ്മുടെ പൂർവികരെ പറ്റി താങ്കള്‍ക്ക് അഭിമാനം തോന്നുന്നുണ്ടോ; എങ്കില്‍ അവർക്കൊരു സാഷ്്ടാംഗനമസ്കാരം നല്കു, മനസുകൊണ്ട്.
ഇതുകൂടി ഓർമ്മയില്‍ വെക്കു. മനുഷ്യപരിണാമമെന്ന ആയിരക്കണക്കിന് പേജുകളുള്ള മഹാഗ്രന്ഥത്തിലെ അവസാനപേജിലെ അവസാനഖണ്ഡിക മാത്രമാണ് ദൈവം.