ദൈവം സൃഷ്‌ടി നടത്തിയിട്ടുണ്ടെങ്കില്‍ ഈ ഡിനോസറിന്റെ സമീപത്തായി ഒരു മനുഷ്യന്റെ ഫോസില്‍ കൂടി കിട്ടണം

0
342

Raju Vatanappally

സൃഷ്‌ടിവാദമോ അതോ പരിണാമമോ?

കുറച്ചു നാളുകളായി മുഖപുസ്‌തകത്തില്‍ വന്നുകൊണ്ടിരിക്കുന്നതാണ്‌; പരിണാമം തെറ്റാണ്‌ സൃഷ്‌ടിയാണ്‌ നടന്നിട്ടുള്ളത്‌ എന്ന തരത്തിലുള്ള പോസ്‌റ്റുകള്‍. പരിണാമം തെറ്റെന്ന്‌ സൃഷ്‌ടിവാദികള്‍ തെളിയിച്ചാല്‍ സ്വാഗതം. യാതൊരു മടിയുമില്ല, അത്‌ സ്വീകരിക്കാന്‍.

സൃഷ്‌ടി നടന്നിട്ടുണ്ടെങ്കില്‍, അതായത്‌ ദൈവം ജീവികളെ സൃഷ്‌ടിച്ചിട്ടുണ്ടെങ്കില്‍; അത്‌ ആറ്‌ ദിവസം കൊണ്ടാണ്‌ നടന്നത്‌. അത്‌ കൊണ്ട്‌ ഇന്ന്‌ ജീവിച്ചിരിക്കുന്നവയും ഭൂതകാലങ്ങളില്‍ ജീവിച്ചിരുന്നവയുമായ ജീവികള്‍ തമ്മിലുള്ള കാലവ്യത്യാസം വെറും ആറ്‌ ദിവസം മാത്രം. അങ്ങനെയെങ്കില്‍ എല്ലാ ജീവികളുടേയും ഫോസിലുകള്‍; ഒരേ ഫോസില്‍ അടരില്‍ തന്നെ കാണണം. അങ്ങനെ കണ്ടാല്‍ പരിണാമം, യാതൊരു സംശയവും വേണ്ടാ; തെറ്റാകും.

ഇനി ചിത്രത്തിലേക്ക്‌ നോക്കുക. ഒരു ഡിനോസറിന്റെ ഫോസില്‍, അതിനെ മൂടിയിരുന്നതെല്ലാം നീക്കി, ഗവേഷകർ പുറത്തെടുക്കുകയാണ്‌. സ്‌ഥലം ചൈന. ഡിനോസറിന്റെ പേര്‌ ലുഫെന്‍ഗോസോറസ്‌. പ്രായം 18 കോടി വർഷം, ജുറാസിക്‌ യുഗത്തിന്റെ ആദ്യഘട്ടം; കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ടോർഷ്യന്‍ പീരിയഡ്‌. ഇനി നോക്കുക പരിണാമം തെറ്റാവണമെങ്കില്‍, ദൈവം സൃഷ്‌ടി നടത്തിയുട്ടെണ്ടെങ്കില്‍ ഈ ഡിനോസറിന്റെ അടിയിലോ, തൊട്ട്‌ ചേർന്ന്‌ വശങ്ങളിലോ ആയി ഒരു മനുഷ്യന്റെ ഫോസില്‍ കിട്ടണം. ഇനിയിപ്പോള്‍ മനുഷ്യന്റേതു തന്നെ കിട്ടണമെന്നില്ല. ഒരു പശുവിന്റെ, കുതിരയുടെ, ആടിന്റെ, പോത്തിന്റെ ഫോസിലായാലും മതി. പരിണാമം തെറ്റാകും.

പരിണാമ നിയമമനുസരിച്ച്‌ 18 കോടി വർഷം മുമ്പത്തെ ഡിനോസറുകളുടെ ഫോസിലിനോടൊപ്പം യാതൊരു കാരണവശാലും ഇന്നത്തെ സസ്‌തനികളുടെ ഫോസിലുകള്‍ കാണാന്‍ പാടില്ല. ഇത്തരം ഫോസിലുകള്‍, സൃഷ്‌ടിവാദികള്‍ക്ക്‌ എവിടെ നിന്നെങ്കിലും കണ്ടെത്തി ഹാജരാക്കാനാവുമോ? അങ്ങനെ കണ്ടെത്തിയാല്‍ മാത്രമേ, നിങ്ങള്‍ക്ക്‌ പരിണാമം തെറ്റെന്ന്‌ തെളിയിക്കാനാവൂ. അങ്ങനെ കണ്ടെത്തി നിങ്ങളുടെ സർവജ്ഞനും സർവജ്ഞാനിയുമായ ദൈവത്തിന്റെ അസ്‌തിത്വം തെളിയിക്കൂ.

പരിണാമശാസത്രകാരന്‍മാർ, പാലിയന്തോളജിസ്‌റ്റുകള്‍ ഇപ്പോള്‍ തുടർച്ചയായി ഡിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തികൊണ്ടിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ 20 കോടി വർഷം തൊട്ട്‌ കഴിഞ്ഞ 6.5 കോടി വർഷം വരെയുള്ള ഈ ഡിനോസർ കാലഘട്ടങ്ങളില്‍, ഗവേഷകർ പുറത്ത്‌ കൊണ്ടുവന്ന ഫോസിലുകളില്‍, ഡിനോസറുകളോടപ്പം മനുഷ്യന്റെ ഫോസില്‍ ഇല്ല എന്നത്‌; പരിണാമ നിയമത്തെ അരക്കിട്ടുറപ്പിക്കുന്നു. ഡിനോസറുകളോടപ്പം മനുഷ്യന്റെ ഫോസില്‍ കിട്ടിയിട്ടില്ല, ഒരിക്കലും കിട്ടുകയുമില്ല. അത്‌ പരിണാമമാണ്‌, പരിണാമ നിയമമാണ്‌.

അപ്പോള്‍ എപ്പോഴാണ്‌ മനുഷ്യന്റെ ഫോസില്‍ കിട്ടുക? അതിന്‌ ഡിനോസറുകള്‍ ഭൂമുഖത്ത്‌ നിന്ന്‌ അപ്രത്യക്ഷരായി, പിന്നെയും 6.5 കോടി വർഷം കഴിയണം. അതായത്‌ കഴിഞ്ഞ 2 ലക്ഷം വർഷം തൊട്ടു മാത്രമേ മനുഷ്യന്റെ ഫോസില്‍ കിട്ടൂ. അതിനർത്ഥം എന്താണ്‌ സൃഷ്‌ടിവാദമാണ്‌ തെറ്റ്‌ എന്നല്ലേ. ഓർക്കുക, മനുഷ്യന്‌ മുമ്പേ ഒരു ദൈവവുമില്ല. എന്നാല്‍ മനുഷ്യന്‌ ശേഷം ദൈവമുണ്ട്‌. അത്‌ പൂർണമായും മനുഷ്യന്റെ സൃഷ്‌ടിയാണ്‌. കോടിക്കണക്കായ വർഷങ്ങളിലൂടെ നടന്ന ജൈവ പരിണാമ പ്രക്രിയയിലൂടെ രൂപപ്പെട്ട മനുഷ്യന്‍ തന്നെയാണ്‌, ദൈവത്തെ സൃഷ്‌ടിച്ച്‌, ആ ദൈവം തന്നെയാണ്‌ തന്നെ സൃഷ്‌ടിച്ചത്‌ എന്ന്‌ പറയുന്നത്‌. എന്തൊരു തമാശ അല്ലേ.