മലയാളി എവിടെയാണോ അവിടുത്തെ സാമ്പ്രദായിക ശീലങ്ങളോട് ചേർന്ന് നിന്നുകൊണ്ട് കൂടുതൽ പ്രവർത്തന ക്ഷമനാകും

0
73

Rajulal Rafeek

ഇന്ത്യ ഒരു ഫെഡറൽ സ്റ്റേറ്റാണ്, അല്ലന്നാരു പറഞ്ഞു.അത് കൊണ്ടാണല്ലൊ ഇന്ത്യയൊട്ടുക്കുള്ള നഗരങ്ങളിൽ മലയാളികൾ പണിയെടുത്തിരുന്നത്. പക്ഷെ വ്യത്യാസം എന്ന് പറയുന്നത് മലയാളി എവിടെയാണോ അവിടുത്തെ സാമ്പ്രദായിക ശീലങ്ങളോട് ചേർന്ന് നിന്ന് കൊണ്ട് തനിക്കും, ഇടമേകിയ മേഖലയ്ക്കും ഗുണകരമായ വിധത്തിൽ പ്രവർത്തന ക്ഷമനാകും. അവിടുത്തെ അവസ്ഥയെ തൻ്റെ ശീലങ്ങളുടെ ഭാഗമാക്കും. നാട്ടിൽ നിയമം അനുസരിച്ചില്ലെങ്കിലും ചെന്നെത്തുന്നയിടത്തിലെ നിയമവും, വ്യവസ്ഥകളുമെല്ലാം കടുകിടെ പാലിക്കും. അത് കൊണ്ട് തന്നെയാണ് മലയാളി എവിടെയും സ്വീകാര്യനാവുന്നതും, നേട്ടമുണ്ടാക്കുന്നതും.പറഞ്ഞ് വരുന്നത് കേരളത്തിലെ അതിഥി തൊഴിലാളികളെ കുറിച്ചാണ്. അവരിലേറെപ്പേരും വർഷങ്ങളായി ഇവിടെ കഴിയുന്നവരാണ്… മാസം ഇരുപതിനായിരവും അതിനു് മുകളിലുമൊക്കെ വരുമാനമുണ്ടാക്കുന്നവരാണ്. അവരുടെ നാടുകളിലേതിനേക്കാൾ മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവും, സേവന വേതന വ്യവസ്ഥകളും അനുഭവിക്കുന്നവരാണ്. ലോകം മുഴുവൻ നേരിടുന്ന ഒരു വ്യാധിയെ ചെറുക്കാൻ ഇന്ത്യൻ സർക്കാർ രാജ്യം മുഴുവൻ പ്രഖ്യാപിച്ച ലോക്ഡൗൺ പ്രാവർത്തികമാക്കാൻ സംസ്ഥാന സർക്കാർ ഭക്ഷണവും , താമസവും, വെള്ളവുമൊക്കെ നൽകി അകത്തിരിക്കാൻ പറഞ്ഞപ്പോൾ അവർക്ക് പറ്റില്ലയത്രെ. അമ്മയെക്കാണണം, അച്ഛനെ കാണണം എന്നൊക്കെ പറഞ്ഞ് റോഡിലിറങ്ങി നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അനുനയിപ്പിക്കാൻ ഒരു സംസ്ഥാന സർക്കാർ കാല് പിടിക്കുന്ന കാഴ്ച തന്നെ ദയനീയമാണ്. സത്യത്തിൽ ഇതിങ്ങനെ വിട്ടാൽ പറ്റില്ല.അവരും ഭാരതീയരാണ് (ആണെങ്കിൽ ). ഇവിടയാണ് ഇഷ്ടമെങ്കിൽ (ഇഷ്ടമാവാതിരിക്കാൻ ന്യായമില്ല) അവരിവിടെ ജോലി ചെയ്യട്ടെ… നമുക്കിടയിൽ നമ്മെപ്പോലയോ കൂടുതൽ മെച്ചപ്പെട്ട രീതിയിലൊ ജീവിക്കട്ടെ. സന്തോഷമേയുള്ളു. പക്ഷെഏറ്റവും കുറഞ്ഞ പക്ഷം ഈ തൊഴിലാളികളുടെ കൃത്യമായ സ്ഥിതി വിവര കണക്കെങ്കിലും, നിർബന്ധമായും തിരിച്ചറിയൽ രേഖകളെങ്കിലും ഉണ്ടാവണം. സംസ്ഥാന സർക്കാരിന് ഇവരുടെ മേൽ നിയന്ത്രണവും കൃത്യമായ തൊഴിൽ നയവും ഉണ്ടാവണം. അല്ലെങ്കിൽ, ഇത് കേരളമാണ്…രാഷ്ട്രീയക്കാർ ഇവർക്കിടയിലേക്കും പ്രീണനവും, താഢനവുമായൊക്കെ കയറികൂടും… അത്തരം ആഘാതങ്ങൾ കൂടി താങ്ങാനുള്ള ത്രാണിയില്ല കേരളത്തിന്…!