അങ്ങിനെ പുതിയൊരു പാരിസ്ഥിതിക പ്രശ്നം കൂടി നമ്മുടെ മുന്നിലേക്കെത്തി

22

Rajulal Rafeek

അങ്ങിനെ പുതിയൊരു പാരിസ്ഥിതിക പ്രശ്നം കൂടി നമ്മുടെ മുന്നിലേക്കെത്തി.നമ്മൾ ഉപയോഗിച്ചുപേക്ഷിക്കുന്ന ബില്യൺ കണക്കിനുള്ള P P E (പെഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെൻസ് ) തന്നെ പ്രശ്നം. അതിൽ ഏറെയും പ്ലാസ്റ്റികിൻ്റെ അംശം ഏറിയവയാകുമ്പോൾ പ്രത്യേകിച്ചും. നിരത്തു വക്കിലും, പൊതുയിടങ്ങളിലും ഇപ്പോൾ തന്നെ ഉപയോഗിച്ച് വലിച്ചെറിയപ്പെട്ട മാസ്കുകളും കൈയുറകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. പാരിസ്ഥികപ്രശ്നങ്ങൾക്കുപരി ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ ഉയർത്തുന്ന ആരോഗ്യപ്രശ്നം ഭീഷണമാണ്. നല്ലൊരു ഭാഗം സംരക്ഷണോപകരണങ്ങളിലും പ്ലാസ്റ്റിക് ഒരു ഘടകമാണ്. പ്ലാസ്റ്റികിനെതിരെ നിലവിളിച്ചിരുന്ന അധികാര കേന്ദ്രങ്ങൾ പോലും ഇപ്പോൾ നിശ്ശബ്ദമാണ്. തൽക്കാലം അതൊക്കെ വലിച്ച് കേറ്റി കൊറോണയിൽ നിന്നും ജീവൻ രക്ഷിച്ചെടുക്കുകയെന്നതിനാണ് ശ്രദ്ധ.

എളുപ്പത്തിൽ നശീകരണത്തിന് വിധേയമാകാത്ത സിന്തറ്റിക് / അർദ്ധ സിന്തറ്റിക്, ഓർഗാനിക് പോളിമേഴ്സാണ് പ്ലാസ്റ്റിക്‌. 1907 ലാണ് ടിയാൻ്റ ജനനം. കണ്ടു പിടിച്ച ലിയോ ബേക്ലാൻ്റിൻ്റെ പേരിനെയോർമ്മിപ്പിച്ച് ആദ്യ പ്ലാസ്റ്റികിനെ ബേക് ലൈറ്റ് (bakelite) എന്ന് വിളിച്ചു. എന്ത് കുന്തം വിളിച്ചാലും ശരി, പ്ലാസ്റ്റിക് ആള് കിടിലമാണ്. മണ്ണിലലിയില്ല. വായുവിലെരിഞ്ഞ് തീരില്ല. അങ്ങിനെ കിടക്കും. മണ്ണിൽ സസ്യജാലങ്ങൾക്ക് വേരാഴ്ത്താനിടമില്ലാത്ത, ജലാശയങ്ങളിൽ മീനുകൾക്ക് നിന്ന് തിരിയാനിടമില്ലാത്ത ഒരു കാലത്തിലേക്ക് പ്ലാസ്റ്റിക്കുകൾ കുമിഞ്ഞുയരും. എങ്കിലും,ഇപ്പോൾ വേറെ നിവൃത്തിയില്ല. ഏറ്റവും കരുതലോടെ, ശ്രദ്ധയോടെ രക്ഷാ കവചങ്ങൾ ഉപയോഗിക്കുക.കരുതലോടെയുള്ള ഉപയോഗശേഷം അവ നിർമ്മാർജ്ജനം ചെയ്യുക. കഴിയുന്നതും,പ്ലാസ്റ്റിക്കിതര കവചങ്ങൾക്ക് മുൻഗണന നൽകുക.

ഈ വർഷാവസാനത്തോട് കൂടി 2.2 ബില്യൺ സർജിക്കൽ മാസ്കുകളും , 1.1 ബില്യൺ ഗ്ലൗസുകളും, 13 മില്യൺ ഗോഗിൾസും, 8.8 മില്യൺ ഫെയ്സ് ഷീൽഡുകളും അത്യാവശ്യമെന്ന് UNICEF മാത്രം കണക്ക് കൂട്ടുന്നു. സത്യത്തിൽ,ഇതിലും വളയേറെ കരുതേണ്ടിയിരിക്കുന്നു. പാരമ്പര്യമായി പി.പി.ഇ മാത്രം ഉത്പാദിപ്പിച്ചിരുന്ന കമ്പനികൾക്കുപരി കാക്കത്തൊള്ളായിരം പുതിയ കമ്പനികളും ഈ രംഗത്ത് കാലും കയ്യും തലയുമൊക്കെ കുത്തിത്തുടങ്ങി. ഗുണനിലവാര നഷ്ടവും, കിടമത്സരവുമൊക്കെ ഇനി പ്രതീക്ഷിക്കാം. ശരി, എല്ലാം വേണം… മാസ്ക്, ഗ്ലൗസ്, ഗ്ലാസ്.ഹായ്, ഒക്കെ ഇട്ടിറങ്ങുമ്പോ തന്നെ ഒരു ഭംഗിയൊക്കെയുണ്ട്. പക്ഷെ പറയ്, എവിടെ കൊണ്ട് തള്ളും ഉപയോഗശേഷം ഇതൊക്കെയും ! എൻ്റെ പൊന്നണ്ണാ, എല്ലാം കൃത്യമായി ഊരിയെടുത്ത് കളയേണ്ടിടത്തോ, കത്തിച്ചോ, കളഞ്ഞേക്കണെ.അവസാനം വെളുക്കാൻ തേച്ചത് പാണ്ടാകരുത്…!

Advertisements