ഇന്ത്യൻ ടെലികോം മേഖലയിലെ ഭീമനായിരുന്ന ബി.എസ്.എൻ.എല്ലിൻ്റെ പതനം ആസൂത്രിതവും നിഷ്ഠൂരവുമായ കോർപ്പറേറ്റ് സ്വാർത്ഥതയുടെ ഫലമാണ്

0
642

Rajulal Rafeek

വെടക്കാക്കി തനിക്കാക്കാം എന്ന്, പറഞ്ഞ് മാത്രം കേട്ടിട്ടുള്ളവർ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഇന്ത്യൻ ടെലികോം മേഖല ഒന്ന് പരിശോധിച്ചാൽ മാത്രം മതിയാകും. ആസ്തി കൊണ്ടും, വലിപ്പം കൊണ്ടും, വ്യാപനം കൊണ്ടും ഇന്ത്യൻ ടെലികോം മേഖലയിലെ ഭീമനായിരുന്ന ബി.എസ്.എൻ.എല്ലിൻ്റെ പതനം ആസൂത്രിതവും നിഷ്ഠൂരവുമായ കോർപ്പറേറ്റ് സ്വാർത്ഥതയുടെ ഫലമാണ്. പിന്നിലെ കരങ്ങളും, അതിനും പിന്നിലെ ബുദ്ധിയുമൊക്കെ പകൽ പോലെ വ്യക്തവും. സർക്കാർ പങ്കാളിത്തത്തിലുള്ള ഒരു കമ്പനി ഇവ്വിധം മൃതപ്രായമാകുമ്പോൾ പൊതുമുതൽ തന്നെയാണ് കൊള്ളയടിക്കപ്പെടുന്നത്.

ഇന്ത്യയിലേറ്റവുമധികം വരിക്കാരുണ്ടായിരുന്ന BSNL നെ കാലികമായ സാങ്കേതിക മാറ്റങ്ങൾക്ക് വിധേയമാക്കാതെ, മന: പൂർവ്വം കാലഹരണപ്പെടുത്തുകയായിരുന്നു. 10 April 2012 ഇന്ത്യയിൽ ആദ്യത്തെ 4G ടെലിഫോൺ/ ബ്രോഡ്ബാൻ്റ് ഓപ്പറേറ്ററായി എയർടെൽ വന്നു. പിന്നാലെ മറ്റ് ഓപ്പറേറ്റർമാരായ ഭാരതി, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവരും. ജിയോയുടെ വരവായിരുന്നണ്ണാ വരവ്. ഫുൾ ഫ്രീ. ഡേറ്റയോട് ഡേറ്റ. പരസ്യം കേട്ടാ തോന്നും ഓരോ ഇന്ത്യക്കാരനും ഡേറ്റ തിന്ന് ജീവിക്കുന്നവരാണെന്ന്. വരിക്കാരെല്ലാപേരും കൂടി ജിയോക്ക് പത്തു മുപ്പത്താറ് കോടിയായി; അംബാനി മുതലാളി പണിയും തുടങ്ങി. കൊഴിഞ്ഞ് പോയ വരിക്കാർ ഉയർന്ന പ്രവർത്തനച്ചെലവാണ് മറ്റു കമ്പനികൾക്ക് സമ്മാനിച്ചത്. അവരെല്ലാം കടക്കെണിയിലാകുമ്പോൾ നമ്മുടെ അംബാനി മുതലാളിയുടെ കമ്പനി മാത്രം ഒരേ ഒരു കടരഹിത ടെലികോം കമ്പനിയായി തലയുയർത്തുന്നു. 4G യും സൗകര്യങ്ങളുമുള്ള മറ്റ് കമ്പനികളുടെ അവസ്ഥയിതാണെങ്കിൽ BSNLൻ്റെ കാര്യം പറയേണ്ടല്ലോ! ഒരിക്കൽ മാർക്കറ്റ് ഷെയറിൻ്റെ മഹാഭൂരിപക്ഷവും കൈയിലുണ്ടായിരുന്ന BSNL, മാറ്റാർക്കോ വേണ്ടിയുള്ള കളിയിൽ കരുവായി, 10.28 % വിപണി സാന്നിധ്യം മാത്രമായി വീണ്ടെടുക്കാനാവാത്ത പണയ പണ്ടമായി ചുരുങ്ങുന്നു. മറ്റ് സ്വകാര്യ കമ്പനികൾ 5G യിലേക്ക് ചുവടുമാറാനൊരുങ്ങുമ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള BSNL ന് ഇനിയും 4G പോലും കരസ്ഥമാക്കാൻ കഴിഞ്ഞില്ലയെന്ന് പറയുമ്പോൾ, അതാരുടെ നിർബന്ധം ആണെന്ന്, ആർക്ക് വേണ്ടിയാണെന്ന് ഗണിച്ചെടുക്കാൻ സൂപ്പർ ബുദ്ധിയൊന്നും വേണ്ട.

BSNL ൻ്റെ 4G കാര്യം ഇപ്പോഴും ത്രിശങ്കുവിലാണ്. ഇനി കിട്ടിയാലും വലിയ കാര്യമില്ല. അപ്പോഴേക്കും മറ്റെല്ലാ കമ്പനികളും 5G യിലേക്ക് മാറിയിട്ടുണ്ടാകും. മാറണമല്ലൊ.ആര് മാറിയില്ലങ്കിലും ജിയോ മാറും വരെയെങ്കിലും കാത്തിരിക്കണം.അങ്ങിനെ പതുക്കെ പതുക്കെ ഒരേ ഒരിന്ത്യ, ഒറ്റ ടെലിഫോൺ കമ്പനി എന്ന സ്വപ്നത്തിലേക്ക് നമുക്കെത്തണം. ഇതൊക്കെ ഒരു പരീക്ഷണ നേട്ടമാണ്.ടെണ്ടറുകളുടെയോ, അനുവാദങ്ങളുടെയോ കുരുക്കുകളില്ലാതെ എങ്ങിനെ പൊതുമുതലുകൾ മാറ്റിയെഴുതാമെന്നുള്ള ഒരു സൂത്രവാക്യം. സമ്മതിക്കണം ചേട്ടാ.പണ്ട് സോമൻ ചേട്ടൻ ഹിറ്റ്ലർ സിനിമയിൽ ആശങ്കപ്പെട്ടതു പോലെ ആരെങ്കിലുമൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ… ഒന്ന് നിലവിളിച്ചിരുന്നെങ്കിൽ എന്ന് പിന്നീട് ഖേദിക്കുന്ന ജനതയായി നാം മാറും. കൺമുന്നിൽ നിന്ന് പൊതുമുതലുകൾ ഒന്നൊന്നായി ഒലിച്ച് പോയകലുമ്പോൾ.ഇന്ത്യൻ ജനത അത്ഭുതപ്പെടുത്തുന്ന നിസംഗതയോടെ ഏതും നേരിട്ടു കഴിഞ്ഞ് പോകുന്ന ഒരു കാലത്ത് ഇതും അങ്ങിനെ പോകുന്നു. ഓ, എത്രയാന്ന് വച്ചാ!… എന്താച്ചാ ആയിക്കോ!!