“ഒരു പെണ്ണിന് ഇത്രയും അഹങ്കാരം പാടുണ്ടോ? ആ പെണ്ണ് എന്തൊരു ചിലപ്പാണ്”

188

Rakesh Radhakrishnan

ഒരു പെണ്ണിന് ഇത്രയും അഹങ്കാരം പാടുണ്ടോ? ആ പെണ്ണ് എന്തൊരു ചിലപ്പാണ് (ഉച്ചത്തിലുള്ള സംസാരം), പോരാത്തതിന് രജിത് എന്ന പാവം മനുഷ്യൻ എന്ത് പറഞ്ഞാലും ഉടനെ അതിൽ പിടിച്ചു തൂങ്ങി കടിച്ചു കീറാൻ നിൽക്കും, പോരാത്തതിന് അവളുടെ നാണമില്ലാത്ത കുറെ വേഷവും (വസ്ത്രധാരണ രീതി).

ബിഗ് ബോസ് കാണുന്നവരിൽ ഭൂരിഭാഗം പേരുടെയും ജസ്‌ല എന്ന മത്സരാർത്ഥിയെ പറ്റിയുള്ള അഭിപ്രായം ഇങ്ങനെയാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ ജസ്‌ല അധികനാൾ ഇതിൽ തുടരാനുള്ള സാധ്യത കുറവാണ്. പക്ഷെ, ഈ ഉച്ചത്തിൽ സംസാരിക്കുന്ന ജസ്‌ല പറയുന്ന ഏതെങ്കിലും ഒരു വിഷയം ആശയപരമായി തെറ്റാണ് എന്ന് തെളിയിക്കാൻ പറ്റില്ല എന്നതാണ് സത്യം. തർക്കത്തിനിടയിൽ ആണെങ്കിൽ പോലും തന്റെ നിലപാടുകളോ അഭിപ്രായങ്ങളോ ഒരിക്കലും അവർ മാറ്റിപ്പറയുന്നില്ല. രജിത് കുമാർ ശാസ്ത്രത്തിന്റെ പിന്തുണയുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു പറയുന്ന അശാസ്ത്രീയ വാദങ്ങളെയാണ് ജസ്‌ല കൂടുതലും എതിർക്കുന്നത്. അവിടെ പക്ഷെ, രജിത് കുമാർ ഒരു സാത്വികനെ പോലെ അഭിനയിച്ചു കൊണ്ട് പതുങ്ങിയ സ്വരത്തിൽ സംസാരിക്കുമ്പോൾ, തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ ഉറക്കെ സംസാരിക്കുന്ന ജസ്‌ല, അവർ തമ്മിൽ സംവദിക്കുന്ന വിഷയത്തിനെ പറ്റി ആധികാരികമായി അറിയാത്ത ഭൂരിഭാഗം മലയാളി പ്രേക്ഷകർക്ക് കണ്ണിലെ കരടാകുന്നു.

ഈ കഴിഞ്ഞ ദിവസം പോലും, വീണാ നായരുമായി ഉണ്ടായ തർക്കവും അതുപോലെ തന്നെ. വികാരാധീനയായി ക്ഷോഭിക്കുന്ന വീണാ നായർ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുമ്പോൾ വ്യക്തമായ ബോധത്തോടെയാണ് ജസ്‌ല സംസാരിച്ചത്. അതിൽ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം, എന്റെ ഭർത്താവ് എനിക്ക് ദൈവമാണ്, ഭർത്താവിന്റെ കാലിൽ തൊട്ട് പൂജിക്കണം എന്നൊക്കെ അനവസരോചിതമായി വിളിച്ചു കൂവിയ വീണാ എന്ന നടിയെ നമ്മൾ കാണാതെ പോകരുത്. കണ്ണീർ സീരിയലുകളുടെ അടിമകളായ ഭൂരിഭാഗം ഏഷ്യാനെറ്റ് പ്രേക്ഷകരുടെ വോട്ട് എങ്ങനെ നേടാം എന്ന് ഒരു സിനിമാ/സീരിയൽ നടിയെ ആരും പറഞ്ഞു മനസിലാക്കിക്കേണ്ട കാര്യമില്ലലോ! കൂടാതെ, മൂന്ന് കോടി മലയാളികളിൽ 1000 പേര് പോലും നിരീശ്വരവാദികൾ കാണില്ല എന്ന ബോധ്യമുള്ള വീണക്കറിയാം പ്രേക്ഷകരെ കയ്യിലെടുക്കാൻ ദൈവവിശ്വാസം എന്ന തുറുപ്പ് ചീട്ട് കൂടി എടുത്തിട്ടാൽ സംഗതി ഒന്നുകൂടി ഉഷാറാകുമെന്ന്.

ഇവിടെ, മത്സരാർത്ഥികളിൽ കൂടുതൽ പേരും നല്ല അഭിനേതാക്കളും അവസരത്തിനൊത്ത് നിലപാടുകളും ആശയങ്ങളും മാറ്റിപറയുമ്പോഴും താൻ എങ്ങനെയാണോ, തന്റെ ആശയങ്ങളും താൽപര്യങ്ങളും എന്താണോ അത് തന്നെയാണ് ജസ്‌ല പ്രകടിപ്പിക്കുന്നത്. അത് തന്നെയല്ലേ സത്യത്തിൽ ഈ പരിപാടിയുടെ മാനദന്ധവും?

എന്നിട്ടും ജസ്‌ലയോട് പൊതുമലയാളി പ്രേക്ഷകസമൂഹത്തിന് എതിർപ്പാണ്, അവർ പുറത്ത് പോകണം എന്നാഗ്രഹിക്കുന്നവർ കുറവല്ല. അതിന് അവർക്ക് (പ്രേക്ഷകർക്ക്) അവരുടേതായ കാരണങ്ങളുമുണ്ട്. മതവിശ്വാസിയല്ല മതവിമർശകയുമാണ് എന്നതും അടക്കവും ഒതുക്കവും “മാന്യമായ” വേഷവും മാത്രമേ സ്ത്രീകൾക്ക് പാടുള്ളൂ എന്ന നമ്മുടെ സമൂഹത്തിന്റെ തെറ്റായ പൊതുബോധത്തിന് വിപരീതമായി പെരുമാറുന്നതും, ശബ്ദം അത്യാവശ്യത്തിന് മാത്രം പുറത്ത് കേൾക്കേണ്ട പെണ്ണിൽ നിന്ന് ഉച്ചത്തിൽ സംസാരവും ഒക്കെയാകും ജസ്‌ലയുടെ കാര്യത്തിൽ തീരുമാനമാകാൻ പോകുന്നത്.

മതവിശ്വാസിയല്ലാഞ്ഞിട്ടും, പരിപാടിയിൽ ഭൂരിഭാഗം സമയങ്ങളിലും ഷോർട്ട്സ് ധരിക്കുകയും, ഉറക്കെ സംസാരിക്കുകയും വാക്ക് തർക്കത്തിലേർപ്പെടുകയും, എന്തിന്റെ പേരിലായാലും സ്ത്രീകളുമായിപ്പോലും കയ്യേറ്റം വരെയുണ്ടായിട്ടും കഴിഞ്ഞ വർഷത്തെ ബിഗ് ബോസ് വിജയി സാബുമോൻ മലയാളിക്ക് അരോചകമല്ലായിരുന്നു.. അപ്പൊ “മോൻ” അല്ല മോൾ ആണ് എന്നതാണോ ഇവിടെ പ്രശ്നം? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

എന്തൊക്കെയായാലും സ്ത്രീശരീരത്തെ പറ്റിയും അവരുടെ ബയോളജിക്കൽ പ്രക്രിയകളെ പറ്റിയുമൊക്കെ രജിത്ത് അടക്കമുള്ള സ്യൂഡോശാസ്ത്രജ്ഞർ പരത്തുന്ന തെറ്റായ വിവരങ്ങൾ ബിഗ് ബോസ്സിൽ രജിത്തുമായുള്ള സംവാദങ്ങളിലൂടെ തിരുത്തിയ ജസ്‌ലയുടെ പ്രകടനം പ്രശംസനീയമാണ്.
നിങ്ങൾ ബിഗ് ബോസ്സിൽ എത്രദൂരം പോകുമെന്നറിയില്ല, എങ്കിലും ഇന്നത്തെ യുവതലമുറയിൽ ചിന്താശേഷിയുള്ള നല്ലൊരു വിഭാഗം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യം എന്തെന്ന് അറിയാവുന്ന, ആത്മാഭിമാനമുള്ള ഒരുപാട് സ്ത്രീകൾക്കും പെണ്കുട്ടികൾക്കും നിങ്ങൾ ഒരു പ്രചോദനമാണ്. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും..