മണിച്ചിത്രത്താഴിന്റെയത്ര ഓവർറേറ്റഡ് ആയതും ഒരു സിനിമ അർഹിക്കുന്ന വിമർശനത്തിന്റെ പകുതി പോലും കിട്ടാത്ത വേറൊരു സിനിമ കാണില്ല മലയാളത്തിൽ. മാനസികാരോഗ്യം, മാനസിക രോഗം എന്നിവയെ കുറിച്ച് ഇത്രയും പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ സമൂഹത്തിന് പകർന്നുകൊടുക്കാൻ സാധിച്ച ഒരേയൊരു സിനിമയായിയിരിക്കും മണിച്ചിത്രത്താഴ്. ഇന്നിന്റെ പൊളിറ്റിക്കൽ കറക്റ്റ്നസും വിശാലമായി കൊണ്ടിരിക്കുന്ന നമ്മുടെ നീതിബോധവും വെച്ച് പഴയൊരു സൃഷ്ടിയെ വിമർശിക്കുന്നതിൽ വല്യ കഥയില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ്. പക്ഷേ ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്ന നമ്മളിൽ മിക്കവരും ഇത്രയും പിന്തിരിപ്പനായിരുന്ന ഒരു സിനിമയെ ,ആ ആശയത്തെ ഗ്ലോറിഫൈ ചെയ്യുന്നത് വിരോധാഭാസമാണ്.
ഏതൊരു കൂട്ടരെയും പോലെ മലയാളികൾക്കിടയിലും വിമർശിക്കപ്പെടാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ബുള്ളറ്റ്, മോഹൻലാൽ, മമ്മൂട്ടി, കോഴിക്കോടൻ നന്മ, തൃശ്ശൂർ പൂരം എന്നിങ്ങനെ പോകും ആ ലിസ്റ്റ്. അതിൽപ്പെടുന്ന ഒന്നാണ് മണിച്ചിത്രത്താഴ് എന്ന പടവും. അപ്പോൾ അതിനെ വിമർശനാത്മകമായി ആരെങ്കിലും സമീപിക്കുന്നത് സ്വാഭാവികമായും വെട്ടുകിളികളെയും പൊങ്കാല പടയാളികളെയും ക്ഷണിച്ച് വരുത്തലാണ്. അത് മനസിലാക്കി തന്നെയാണ് ആ പോസ്റ്റിൽ തന്നെ മണിച്ചിത്രത്താഴിനെ കുറിച്ചുള്ള വിമർശനങ്ങൾ പറയാതിരുന്നത്. പക്ഷേ പോസ്റ്റിലെ പ്രതികരണങ്ങളിലുള്ള കുമ്മോജിയുടെ കുറവ് എന്നെ നന്നേ നിരാശപ്പെടുത്തി എന്നു പറയാമല്ലോ. ഇനി കാര്യത്തിലേക്ക് കടക്കാം.
സിനിമയെ പി.സി അഥവാ പൊളിറ്റിക്കൽ കറക്റ്റ്നസ് അളന്ന് വിധിയെഴുതുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, പി.സിയേക്കാൾ ഗൗരവമുള്ളതും ആഴമുള്ളതുമായ ഒരു വിഷയമാണ് സിനിമയിലൂടെ പ്രചരിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളും അത്തരം തെറ്റായ വിവരങ്ങൾ പൊതുബോധത്തെ നിർമ്മിക്കുന്നതുമാണ്. ആ വസ്തുതാവിരുദ്ധതയെയാണ് ഇവിടെ വിമരർശനവിധേയമാക്കുന്നത്. നമ്മുടെ ആധുനിക സമൂഹത്തിൽ പോലും ഏറ്റവും വിരളമായി ചർച്ച ചെയ്യപ്പെടുന്നതും ഏറ്റവും രൂഢമായ സ്റ്റിഗ്മ ഉള്ളതുമായ ഒന്നാണ് മാനസികാരോഗ്യം. അഭ്യസ്തവിദ്യരായ മിക്ക ആളുകൾക്ക് പോലും ഒരു കാൻസർ പോലെയോ ക്ഷയം പോലെയോ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് എന്ന് പോലും അഭിപ്രായം കാണില്ല. കൂടാതെ അതിന്റെ ചികിത്സാരീതികളെയും രോഗലക്ഷണങ്ങളെക്കുറിച്ചുമൊക്കെയുള്ള അടിസ്ഥാന ധാരണകൾ പോലും അതിദയനീയമാണ്.
സിനിമ എന്നത് അടിസ്ഥാനപരമായി ഒരു കലാരൂപമാണ്. എല്ലാ കലകളും മനുഷ്യന് വേണ്ടിയുള്ളതാവണം. മനുഷ്യനെ സാംസ്ക്കാരികമായും രാഷ്ട്രീയമായും മുന്നോട്ടേക്ക് കൊണ്ടുപോകാൻ പറ്റുന്നതാവണം. ഒരു സിനിമയുടെ മെയ്ക്കിങ്ങിൽ ഉപയോഗിച്ച ഏതെങ്കിലും മെച്ചപ്പെട്ട സാങ്കേതികവിദ്യയോ ഛായാഗ്രാഹകന്റെ കണ്ണഞ്ചിപ്പിക്കുന്ന സ്കില്ലോ അതിനെ പിന്തിരിപ്പൻ അല്ലാതെ ആക്കുന്നില്ല എന്ന് ചുരുക്കം.
ഇരുപത് വർഷങ്ങൾ പഴക്കമുള്ള മണിച്ചിത്രത്താഴ് എന്ന, മാനസികാരോഗ്യത്തെ ഉടനീളം പ്രതിപാദിച്ച സിനിമ ഇന്നത്തെ സാമൂഹിക-നീതി ബോധത്തിൽ ജീവിക്കുന്ന മനുഷ്യർ എന്തോ ഉദാത്തകലയാണ് എന്ന രീതിയിൽ ആഘോഷിക്കുന്നത് തന്നെയാണ് അത് വിമർശിക്കപ്പെടേണ്ടതുണ്ട് എന്ന് തെളിയിക്കുന്നത്.
1.അമേരിക്കയിൽ പോയി മോഡേൺ മെഡിസിൻ പഠിച്ച ഡോക്ടർ സണ്ണിക്കും നാട്ടിലെ പ്രധാന ലാടവൈദ്യനായ മന്ത്രവാദി തിലകനും ഒരുമിച്ച് ഒരേപോലെ ഇടപെടാൻ പറ്റുന്ന കാര്യമാണ് മാനസികാരോഗവും അതിന്റെ ചികിത്സയും എന്ന അബദ്ധജടിലമായ സന്ദേശം വളം വെച്ച് കൊടുക്കുന്നത് നാട്ടിലെമ്പാടുമുള്ള ആയുർവേദ-പാരമ്പര്യവാദി-യുനാനി- പ്രകൃതിചികിത്സകർക്കാണ്. അവർക്ക് ലെജിറ്റിമസി ഉണ്ടാക്കി കൊടുക്കുകയാണ് പടം ചെയ്യുന്നത്.
- തന്നോട് ജനുവിൻ ആയ സംശയം ചോദിച്ച് വരുന്ന പപ്പുവിന്റെ കഥാപാത്രത്തെ കളിയാക്കുന്നത് മാനസികാരോഗ്യ ഡോക്ടർ എന്ന തൊഴിലിനെ മാത്രം ഡീഗ്രേഡ് ചെയ്യുന്ന ഒന്നല്ല. മാനസികരോഗത്തെയും രോഗികളെയും കുറിച്ച് തെറ്റായ ബോധ്യം ഉണ്ടാക്കുകയും കൂടിയാണ് ചെയ്യുന്നത്. ആ സ്പെസിഫിക് സീൻ അങ്ങേയറ്റം ഇൻസെൻസിറ്റിവ് ആണ്.
- ഇതിൽ ഡോക്ടർ സണ്ണിയുടെ ഗുരുവായി പറയപ്പെടുന്ന ബ്രാഡ്ലി പാരസൈക്കോളജി വിദഗ്ധനാണത്രെ. അങ്ങനെയാണെങ്കിൽ ആ നാട്ടിലെ മോഹനൻ വൈദ്യനായ തിലകനുമായി അന്താരാഷ്ട്ര തലത്തിൽ സെമിനാർ നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം, പാരസൈക്കോളജി എന്നത് ഭൂലോകതട്ടിപ്പാണ്. ആയുർവേദയ്ക്കും ഹോമിയോയ്ക്കും അതിലും കൂടുതൽ ന്യായമുണ്ട് എന്ന് വേണമെങ്കിൽ പറയാം.
- സിനിമയിലെ പ്രധാന കഥാപാത്രമായ ഗംഗയ്ക്ക് ഉള്ളതായി സൂചിപ്പിക്കുന്ന അസുഖം ഡിസോസിയേറ്റിവ് എന്നോ ഡീപേഴ്സണലൈസേഷൻ എന്നോ വിളിക്കാവുന്ന ഒരു സൈക്കോട്ടിക്ക് അവസ്ഥയാണ്. സൈക്കോട്ടിക്ക് മാനസിക രോഗങ്ങളുടെ മുഖ്യസവിശേഷത എന്നത് താനൊരു രോഗിയാണെന്നോ ചികിത്സ തേടേണ്ടതുണ്ട് എന്നോ ഉള്ള തിരിച്ചറിവ് ഉണ്ടാവില്ല എന്നതാണ്. അതേ മാനസികാവസ്ഥയാണ് ഗംഗയ്ക്കും എന്നാണ് സിനിമ പറയുന്നത്. സൈക്കോട്ടിക്ക് രോഗാവസ്ഥയ്ക്ക് സൈക്കോതെറാപ്പിയോടൊപ്പം തന്നെ പ്രധാനമാണ് മരുന്നുകളും. സിനിമയിൽ ഗംഗ ഒരു വൈറ്റമിൻ ഗുളിക കഴിക്കുന്നതായി പോലും ഒരിടത്തും കാണിക്കുന്നില്ല. ഇതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ , ഇത്തരം രോഗങ്ങൾക്ക് സിനിമയുടെ ക്ലൈമാക്സിൽ കാണിക്കുന്നതുപോലെ ഒരു പൊറാട്ട് നാടകം നടത്തിയാൽ രോഗം ഭേദമാകും എന്നൊരു അന്ധവിശ്വാസം സമൂഹത്തിൽ ഉറപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇന്നും പലരും മാനസികാസ്വാസ്ഥ്യമുള്ള വ്യക്തികളെ മന്ത്രവാദിയുടെ പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കുന്നത്.
5.നാഗവല്ലിയുടെ പകയടക്കാനായി തമ്പുരാന്റെ പ്രതിമ ഉണ്ടാക്കി വെട്ടാനായി ഒരുക്കുന്നതൊക്കെ കോമഡിയേക്കാൾ വലിയ ട്രാജടിയാണ്. വിഷാദരോഗിയായ വിധവയെ വീണ്ടും കല്യാണം കഴിപ്പിച്ചാൽ അവളുടെ പ്രശ്നമെല്ലാം മാറും എന്നുപറയുന്ന നാട്ടുകാരുടെ യുക്തിയുടെ മോഡൺ മെഡിസിൻ രൂപമാണ് ഡോക്ടർ സണ്ണിയും ലാടവൈദ്യൻ കം മന്ത്രവാദി തിലകനും കൂടി ആവിഷ്കരിച്ചത്.
അവസാനമായി, സിനിമയിലെ ശോഭനയുടെ അഭിനയവും നൃത്തവും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പക്ഷേ അതുകൊണ്ട് ഒരു ആർട്ട്പീസ് സമൂഹത്തോട് നീതി പുലർത്തുന്നു എന്ന് പറയാനാവില്ല. പ്രത്യേകിച്ചും സമൂഹത്തെ ഇത്രയധികം ദ്രോഹിച്ച ഒരു പടം. തികച്ചും സാങ്കേതികമായ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഒരു സിനിമ എന്നനിലയിൽ ആ വിഷയം അർഹിക്കുന്ന മിനിമം ഗവേഷണം പോലും ചെയ്തില്ല എന്ന വസ്തുത അതിനെ വീണ്ടും വീണ്ടും വിമർശനവിധേയമാക്കുകയാണ് വാസ്തവത്തിൽ.