“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ്

Rakesh Sanal

മുഴക്കമുള്ള ശബ്ദവും തെളിച്ചമില്ലാത്ത ചിന്തയും സ്വന്തമായുള്ള രഞ്ജിത്ത്…

തിരക്കഥ സാഹിത്യശാഖയില്‍പ്പെടാത്ത ഒന്നാണെന്നു പറയാറുണ്ടെങ്കിലും എന്തുകൊണ്ടോ, പ്രിയപ്പെട്ട രഞ്ജിത്ത് നിങ്ങളെ ഒരു സാഹിത്യകാരന്‍ എന്നുതന്നെ വിളിക്കാനായിരുന്നു താല്‍പര്യം. എംടിയും പത്മരാജനും കഴിഞ്ഞാല്‍ തീര്‍ച്ചയായും ശൈലിവത്കൃതമായ രചനാചാരുതയാല്‍ തീര്‍ത്ത തിരക്കഥകള്‍ നിങ്ങള്‍ക്ക് സ്വന്തമായ ഇടം സിനിമാലോകത്തു നേടിത്തന്നിരുന്നു. നിങ്ങള്‍ കുറിച്ച പല സംഭാഷണശകലങ്ങളും പ്രയോഗങ്ങളും ശൈലികളും നിത്യോപയോഗ ഭാഷയിലേക്കു വരെ സ്വീകരിക്കപ്പെട്ടു. ഒരിക്കല്‍ എം ടി വാസുദേവന്‍ നായരെ സമീപിച്ച് ഒരു തിരക്കഥ ആവശ്യപ്പെട്ട താങ്കളോട്, ‘രഞ്ജിത്തിന് എന്തിനാണ് എന്റെ തിരക്കഥ’ എന്ന് കാലത്തെ ജയിച്ച കഥാകാരന്‍ സാക്ഷ്യപ്പെടുത്തിയതായി കേട്ടിട്ടുണ്ട്. പറഞ്ഞുകേട്ടതില്‍ പതിരുണ്ടോയെന്നറിയില്ലെങ്കിലും അതിശോക്തിപരം എന്നും കരുതിയില്ല.

എഴുത്തില്‍ മാത്രമല്ല, പറഞ്ഞും നിങ്ങള്‍ മറ്റുള്ളവരുടെ ആരാധന നേടിയെടുത്തിരുന്നു. ഭംഗിയായി സംസാരിക്കും. ദാര്‍ശനികമായും ദൃഷ്ടാന്തപരമായും ജീവിതത്തിന്റെ അര്‍ത്ഥ-നിരര്‍ത്ഥതകളെ കുറിച്ചും പറയുന്നതു കേട്ടിട്ടുണ്ട്. ലേഖനങ്ങളായും ചെറു കുറിപ്പുകളായും എഴുതുന്നതൊക്കെ വായിക്കുമ്പോള്‍ സിനിമ നിങ്ങളെ സ്വന്തമാക്കിയതില്‍ ആ കലാരൂപത്തിന്റെ ആസ്വാദകര്‍ സന്തോഷിച്ചു. കാലമിത്തിരി പഴക്കമുള്ളൊരു അവാര്‍ഡ് ദാന ചടങ്ങില്‍, കാവിമുണ്ടിന്റെ ലാളിത്യത്തില്‍ സ്റ്റേജിലേക്കു കയറി വന്ന നിങ്ങളെ കണ്ടപ്പോള്‍ നിര്‍ത്താതെ കൈയടിച്ചവരുണ്ട്. അതൊരു ഹീറോവര്‍ഷിപ്പിന്റെ ആസ്വാദനം കൂടിയായിരുന്നു. എഴുത്തും വാക്കും കടന്ന് അണിയുന്ന വേഷത്തില്‍പ്പോലും നിങ്ങളോടു തോന്നിയ ആരാധന..

കച്ചവടപ്പടങ്ങളുടെ തമ്പുരാന്‍ എന്ന് വിദൂഷികള്‍ വാഴ്ത്തി പാടിയിട്ടുണ്ട്, ഏറെക്കാലം. പിന്നീട് കേട്ടത് രഞ്ജിത്ത് സ്വയം മാറി സഞ്ചരിക്കാന്‍ തുടങ്ങിയതിന്റെ സ്തുതിവചനങ്ങള്‍. ആ ‘മാറ്റം’ പശ്ചാത്താപം ആയും കണ്ടു. പണ്ടു തീര്‍ത്തുവച്ച കഥയും കഥാപാത്രങ്ങളും നഗ്നശരീരങ്ങള്‍ ധരിച്ച പ്രേതങ്ങളായി അലോസരപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ നിങ്ങളിലെ ഉഗ്രമൂര്‍ത്തിയായ രചയിതാവിനെ നിങ്ങളില്‍ തന്നെ ആണിയടിച്ചു തളച്ചശേഷം നടത്തിയ പശ്ചാത്താപം പോലെ. തിരക്കഥയും പാലേരി മാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ ആ പ്രായശ്ചിത്തങ്ങളായിരുന്നുവെന്നു വിശ്വസിച്ചു. പക്ഷെ അപ്പോഴും നിങ്ങളിലെ മോഹം അടങ്ങിയിരുന്നില്ല എന്നതായിരുന്നു സത്യം. രാവണപ്രഭുക്കളുടെയും പ്രജാപതിമാരുടെയും സൃഷ്ടാവ് എന്നറിയപ്പെടാന്‍ വീണ്ടും വീണ്ടും കൊതിച്ചു രഞ്ജിത്ത് എന്ന സിനിമാക്കാരന്‍. അടങ്ങാത്ത ആണ്‍വെറികളുടെ അവതാരങ്ങളെ പടച്ചുണ്ടാക്കാന്‍ കൈ തരിച്ചു. ലോഹമൊക്കെ അങ്ങനെ പുറത്തു ചാടിയതാണ്.

അവതാരപ്പിറവികള്‍ക്ക് നിങ്ങള്‍ ദേവഭാവം കൊടുക്കുമ്പോഴും അവരിലെ ആസുരത്വം മറനീക്കി കാണുന്നതിനും അവസരമുണ്ടായിട്ടുണ്ട്. ലോഹത്തില്‍ പിതാവിന്റെ ശിരസ് കുനിയാന്‍ ഇടവരുത്തരുതേയെന്ന് ഓര്‍മ്മിപ്പിച്ചവന്‍ തന്നെയാണ് സര്‍വം തികഞ്ഞ നായകന്റെ കാലില്‍ താന്‍ ചെയ്തുപോയ പാപങ്ങള്‍ക്കെല്ലാം പരിഹാരമേകണേയെന്ന അപേക്ഷയോടെ സ്വന്തം പിതാവിനെ കൊണ്ട് പിടിപ്പിച്ചതും. മരണത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലനായവന്‍ തന്നെയാണ് നായകകോപത്തിന്റെ കാല്‍ച്ചുഴറ്റലില്‍ സ്വന്തം പിതാവിന്റെ ചിതാഭസ്മം കൊണ്ടുപോയി തെങ്ങിന്‍മൂട്ടിലിട്ടു മൂടാന്‍ എതിരാളിയോടു കല്‍പ്പിച്ചതും.

പഴയകാല നക്സലൈറ്റുകള്‍ പിന്നീട് വചനപ്രഘോഷകരായി നടക്കുന്നുണ്ട്. അവരോടായിരുന്നു രഞ്ജിത്തിനും സാമ്യം. എല്ലാ രഞ്ജിത്തിയന്‍ നായകന്മാരിലും ഇന്ദുചൂഢന്മാരും ജഗന്നാഥന്മാരുമുണ്ട്. പെരുവിരലില്‍ കുത്തിനിന്ന് ശത്രുക്കളുടെ നെഞ്ചുകൂടു പൊളിക്കുന്ന സ്ഥിതി-സംഹാര മൂര്‍ത്തികളെ ഓര്‍മ്മപ്പെടുത്താതെ പോകുന്നില്ല ഒരു രഘുനന്ദനനും രാജുവുമൊന്നും. ഉടയ്ക്കപ്പെടുന്ന ഓരോ വിഗ്രഹങ്ങളും അതിനുള്ള കാരണങ്ങള്‍ സ്വയം ഉണ്ടാക്കാറുണ്ട്. രഞ്ജിത്ത്, താങ്കളും അതുതന്നെ ചെയ്യുന്നു. നിങ്ങളെ എതിര്‍ക്കേണ്ടി വരികയാണ്. നിങ്ങളുടെ മുഴക്കമുള്ള ശബ്ദത്തെ, ഫിലോസഫിയെ, ഉറപ്പുകളെ അവിശ്വസിക്കേണ്ടി വരികയാണ്. ഒന്നുറങ്ങിയെഴുന്നേറ്റപ്പോള്‍ മാറിവന്ന ചിന്തയല്ലയിത്. കഴിഞ്ഞ കുറച്ചു കാലത്തെ നിരീക്ഷണത്തില്‍ നിന്നും മനസിലായത്; നിങ്ങള്‍ തന്നെ കെട്ടിയുണ്ടാക്കിയ ഏതോ മാടമ്പി കഥാപാത്രത്തെ സ്വയം ചുമന്നു നടക്കുകയാണ് നിങ്ങള്‍. സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു…

Leave a Reply
You May Also Like

Y+ സുരക്ഷയോടെ ഷാരൂഖ് ഖാൻ ആദ്യമായി പ്രത്യക്ഷപ്പെടുന്നു, വീഡിയോ വൈറലാകുന്നു

വധഭീഷണിയെ തുടർന്ന് ഷാരൂഖ് ഖാന് കഴിഞ്ഞയാഴ്ച Y+ സുരക്ഷ അനുവദിച്ചിരുന്നു. മുംബൈയിലെ ഒരു തിയേറ്ററിൽ Y+…

യുദ്ധ ചിത്രങ്ങൾ അസഹനീയമായി അവർത്തന വിരസതയുണ്ടാക്കുമ്പോൾ കങ്കണ റണാവത്തിന്റെ തേജസ് സ്വാഗതാർഹമായ മാറ്റമാണ്

പതിറ്റാണ്ടുകളായി, ഹിന്ദി യുദ്ധ ചിത്രങ്ങൾ അസഹനീയമായി അവർത്തനവിരസതയുണ്ടാക്കി. എന്നാൽ നവാഗത സംവിധായകൻ സർവേഷ് മേവാര സംവിധാനം…

‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം

Sanjeev S Menon വാത്സല്യം എന്ന ചിത്രത്തിൽ കണ്ട ആ നാടൻ പെൺകുട്ടിയായിരുന്നില്ല പിന്നീട് കണ്ട…

ഇഷ്ടമുള്ള എല്ലാ വസ്ത്രവും ധരിക്കും, അത് തന്റെ ചോയിസ് എന്ന് അഭയ ഹിരണ്മയി

പിന്നണി ഗായികയാണ് അഭയ ഹിരണ്മയി . മലയാളം തെലുങ്ക് സിനിമാ മേഖലയിലാണ് ഹിരണ്മയി കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത്.…