ആര്‍ഷഭാരത സംസ്കാര സംരക്ഷകരുടെ വേഷം അഭിനയിച്ചുകൂട്ടുന്ന സദാചാരക്കൃമികൾ പ്രണയിക്കുന്നവരെ ഒളിഞ്ഞുനോക്കി ആസ്വദിച്ചിട്ടു ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ദിവസമാണിന്ന്

86

Rakhee Madhavan

ഇന്ന് പ്രണയദിനമാണ്. പ്രണയിച്ചു നടന്നപ്പോള്‍ അങ്ങനൊരു ദിവസമാഘോഷിച്ചിട്ടുമില്ല, അങ്ങനെ ആഘോഷിക്കുന്നവരോടൊരു വിയോജിപ്പുമില്ല. പറയാനുള്ളത് മറ്റൊരു കാര്യമാണ്, അത് മനുഷ്യരെന്ന് വിളിക്കാൻ കഴിയാത്തവരെക്കുറിച്ചാണ്..

ഈ ഭൂമിയില്‍ എവിടെയെങ്കിലും ഒരാണും പെണ്ണും അവരുടെ സ്നേഹമോ സൗഹൃദമോ പങ്കുവെക്കുന്ന നേരത്ത് അതിന്റെ ഒത്തനടുക്ക് കേറിയിരുന്നു കാരണവന്മാരുടെയും അഭ്യുദയകാംക്ഷികളുടെയും ആര്‍ഷഭാരത സംസ്കാര സംരക്ഷകരുടെയും വേഷം അഭിനയിച്ചുകൂട്ടുന്ന സദാചാരക്കൃമികളില്ലേ, അവർ തങ്ങളുടെ സകല വൈകൃതങ്ങളും പുറത്തെടുക്കുന്ന ദിവസം കൂടിയാണ് .
കഴുത്തും കണ്ണും കൊണ്ട്‌ കാണിക്കാവുന്ന അഭ്യാസമൊക്കെ കാണിച്ചൊടുക്കം, ബസിലോ ട്രെയിനിലോ അടുത്തിരിക്കുന്ന സഹയാത്രികന്റെ സോഷ്യൽ മീഡിയ ചാറ്റുകളും കോൾ ലിസ്റ്റിലെ മൊബൈൽ നമ്പറുകളും വരെ മനപ്പാഠമാക്കി ഉള്‍പ്പുളകം കൊള്ളുന്ന മനോരോഗികളുടെ ദിവസം.

പാർക്കിലും ബീച്ചിലും റെയിൽവേ സ്റ്റേഷനിലും സിനിമാ തീയറ്ററിലുമടക്കം പൊതുവിടങ്ങളിലത്രയും കാമുകീ കാമുകന്‍മാരുടെ ചിരിയും വാക്കുകളും നോട്ടവും സ്പര്‍ശവും സി സി ടിവി ക്യാമറ കണക്കെ ഒപ്പിയെടുത്ത് നിര്‍വൃതിയടയാൻ വേണ്ടി മാത്രം ജീവിക്കുന്നവരുടെ ദിവസം.നാട്ടിലെ സകല സ്ത്രീകളെയും തനിക്ക് ജനിക്കാതെ പോയ സഹോദരിമാരാക്കിത്തീര്‍ത്ത് കുലസ്ത്രീചരിതവും ഭാവശുദ്ധിയും സമാസമം ചേര്‍ത്ത് അശ്ലീലം ഉപന്യസിക്കുന്ന, അപ്പുറത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന ചേച്ചിയുടെ ചാരിത്ര്യശുദ്ധിയെക്കുറിച്ചോർത്ത് മനസ്സമാധാനം നഷ്ടപ്പെടുന്ന, വഴിയില്‍ വെച്ചൊരു ആൺസുഹൃത്തിന്റെ കൂടെ നടന്നുപോയ കോളേജ് വിദ്യാര്‍ത്ഥിനി തിരികെ വീട്ടിലെത്തുന്ന സമയത്തെക്കുറിച്ചോർത്ത് ഉറക്കം നഷ്ടപ്പെടുന്ന ഞരമ്പാങ്ങളമാരുടെ ദിവസം.

അയല്‍വാസിയുടെ മകളുടെ ഇറക്കം കുറഞ്ഞ പാവാടയുടെ പേരില്‍ അവളെ കുടുംബത്തിൽ കയറ്റാൻ കൊള്ളാത്തവളാക്കുന്ന, മറ്റൊരാളുടെ ജീവിതത്തിലേക്ക് കണ്ണും കാതും മൂക്കും തുറന്നുവെച്ച് ജീവിക്കുന്ന കുലസ്ത്രീക്കൊച്ചമ്മമാരുടെ ദിവസം.

പണ്ടൊരു ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലിരുന്ന മനുഷ്യരെ കുറുവടിയും തെറിയും കൊണ്ട്‌ സ്നേഹിച്ച, ആണും പെണ്ണും ഒന്നിച്ച് ഭക്ഷണം കഴിച്ച കോഴിക്കോട്ടെ ഹോട്ടലിന്റെ ചില്ല് തകര്‍ത്ത, അതിനും മുമ്പൊരു കാലം മംഗലാപുരത്തെ പബ്ബുകള്‍ അടിച്ചു തകര്‍ത്ത് പൊതുമുതൽ തീയിട്ട് ചുട്ട് പെണ്ണുങ്ങളുടെ തലയടിച്ച് പൊട്ടിച്ച് സംസ്കാരം സംരക്ഷിച്ച, നാലാള് കാണ്‍കെ ആണും പെണ്ണും ഒരുമിച്ച് നടന്നാല്‍ ഈ ലോകം കീഴ്മേല്‍ മറിയുന്ന ഹനുമാന്‍/ശ്രീരാമ/ശിവ സേനക്കാരുടെ ദിവസം.ഉദാത്തമായ(?) തത്ത്വചിന്തയുടെ മറവില്‍ ഒളിഞ്ഞു നോട്ടത്തിന്റെ സകലസാധ്യതകളും പരീക്ഷിക്കുന്ന, വാ കൊണ്ട്‌ കുലമഹിമയുടെയും കുടുംബത്തിൽ പിറക്കുന്നതിന്റെയും മേന്മ പറയുന്ന നിമിഷം തന്നെ, കണ്ണുകൊണ്ട് പെണ്ണുങ്ങളുടെ നെഞ്ചളവെടുക്കുന്ന ഞരമ്പുരോഗികളുടെ ദിവസം.

ഇൻഫീരിയോരിറ്റി കോംപ്ലക്സിന് ലൈംഗിക വൈകൃതത്തിലുണ്ടായ ആ ഇരുകാലികൾക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും വ്യക്തിസ്വാതന്ത്ര്യവും ലിംഗനീതിയും നൈതികതയും കൂട്ടിക്കുഴച്ച് ക്ലാസെടുത്തു കൊടുത്തിട്ട് കാര്യമൊന്നുമില്ല. ലൈംഗിക വിദ്യാഭ്യാസം എന്നതിന് അവര് നീലച്ചിത്രങ്ങൾ എന്നര്‍ത്ഥം കാണും. വ്യക്തിസ്വാതന്ത്ര്യവും ലിംഗനീതിയും പറയുന്ന ഫെമിനിച്ചികളെ അവർ നിംഫോമാനിയാക് എന്ന് പേരിട്ടു വിളിക്കും. സമത്വത്തെപ്പറ്റി സംസാരിക്കുന്ന ആണുങ്ങളെ അവർ പാവാടയാക്കും. നൈതികതയും സ്വകാര്യതയും ഏറ്റവും വലിയ തമാശയാകും. അവര്‍ക്കിത് തൊലിപ്പുറമേ ചികിത്സകൊടുത്താൽ മാറാവുന്ന രോഗവുമല്ല. വൈകൃതത്തെ അതര്‍ഹിക്കുന്ന രീതിയില്‍ പ്രതിരോധിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ നിലകൊള്ളുന്നിടത്ത് തന്നെയാണ് അവരുടെ ഓരിയിടൽ അവസാനിക്കുന്നത്, ചുരുങ്ങിയപക്ഷം അടിച്ചമര്‍ത്തപ്പെടുന്നത്.

അതുകൊണ്ട്‌ നാളെ ഇരപിടിക്കാന്‍ വരുന്ന ഇഷ്കിലെ ഷൈന്‍ ടോം ചാക്കോമാരോട് മറുപടി കൊടുക്കുമ്പോ ഒരു പൊളിറ്റിക്കൽ കറക്റ്റ്നസുമാവശ്യമില്ല, ഒരു മനുഷ്യാവകാശവും അവരര്‍ഹിക്കുന്നുമില്ല. കലാപങ്ങള്‍ പകല്‍ വെളിച്ചത്തിൽ പൊതുജനമധ്യത്തിൽ പതിവാകുന്ന, എന്നാല്‍ പ്രണയിക്കാനും പ്രണയം പങ്കുവെക്കാനും ഒളിത്താവളങ്ങൾ കണ്ടുപിടിക്കേണ്ട ഗതികേടുള്ള രാജ്യത്ത് നാം ജീവിക്കുന്നുവെന്ന് ഒരിക്കല്‍ പറഞ്ഞ ചിന്തകനെ തിരുത്തേണ്ടത്, സ്വകാര്യതയും സ്വാതന്ത്ര്യവും ജന്മാവകാശമെന്ന് ബോധ്യമുള്ളവര്‍ തന്നെയാണ്.. അത് ഈ കെട്ട കാലത്തിന്റെ അനിവാര്യതയുമാണ്. പ്രണയദിനാശംസകൾ