രക്ഷാധികാരി ബൈജു: ആര്‍ജെ മാത്തുക്കുട്ടിയുടെ റിവ്യൂ

903

പണ്ട് സ്‌കൂൾ വിട്ട് വന്ന ചായ പോലും കുടിക്കാതെ താഴത്തെ പാടത്തേക്ക് ഒരു ഓട്ടമുണ്ട്. ഫീൽഡ് ചെയ്യാൻ മാത്രം ചാൻസ് കിട്ടിയിരുന്ന ആ കാലത്ത് ഷർട്ടിൽ ഏറ്റവും കൂടുതൽ വിയർപ്പും, മുട്ടിൽ ഏറ്റവും കൂടുതൽ ചെളിയുമുള്ള ചേട്ടന്മാരായിരുന്നു ഹീറോസ്. വൈകുന്നേരമായാൽ ചേട്ടന്മാർ ഗ്രൗണ്ട് കീഴടക്കും. അത്കൊണ്ട് പലപ്പോഴും നട്ടുച്ച വെയിലിലായിരുന്നു ഞങ്ങൾ ജൂനിയേഴ്‌സിന്റെ ലോകകപ്പുകൾ. അങ്ങനൊരു പകലിൽ “ഇനി ഒരു ഓവർ കൂടി എറിഞ്ഞാൽ ചോര തുപ്പുമെന്ന്” തീർത്ത് പറഞ്ഞ നേരത്താണ് വെള്ളം കുടിക്കാൻ കേറുന്ന വീട്ടിൽ വിരുന്നിനു വന്ന പെൺകുട്ടി ഞങ്ങളുടെ കളി കാണാൻ ചെങ്കൽ മതിലിന്റെ ഗാലറിയിൽ ഒറ്റക്ക് കേറിയിരുന്നത് സത്യമാണ്. അതിനു ശേഷം സീയോൻ കുന്ന് എൻഡിൽ നിന്നും ഞാൻ എറിഞ്ഞ എല്ലാ ഓവറിലെയും എല്ലാ ബോളുകൾക്കും ഷുഹൈബ് അക്തറിന്റേതിനേക്കാൾ വേഗതയുണ്ടായിരുന്നു എന്ന് ഞാൻ ഇന്നും ഉറച്ച് വിശ്വസിക്കുന്നു.

കളി കഴിഞ്ഞാലും വിയർപ്പാറാൻ ഇരിക്കുന്ന രാത്രികൾ. നനവ് മാറാത്ത പാടത്തെ മണ്ണിൽ വരമ്പിലേക്ക് തല വെച്ച് ആകാശം നോക്കി കിടന്ന ആ അവധിക്കാല രാത്രികളിൽ ഒന്നിലാണ് ലോകം ഭയങ്കര വലുതാണെന്ന് എനിക്ക് ആദ്യമായി ബോധോദയം ഉണ്ടായത്. പിന്നെ പെട്ടെന്ന് ഒരു ദിവസം അവിടെ JCB വന്നു. കപ്പ നടാനാണെന്നാണ് പറഞ്ഞത്. ആകാശം പോലെ കിടന്ന ഞങ്ങളുടെ ഗ്രൗണ്ട് അവർ കോരിക്കൂട്ടി അസംബ്ലിക്കു അടക്കത്തോടെ നിൽക്കുന്ന നിര പോലെയാക്കി. ഒരു വലിയ കളിയാരവം എന്നെന്നേക്കുമായി നിലച്ചു!!!

എനിക്ക് റിവ്യു എഴുതാനൊന്നും അറിയില്ല. എങ്കിലും പറയാം.രക്ഷാധികാരി ബൈജു മൈതാനം നഷ്ടപ്പെട്ട നമ്മുടെ നാട്ടിൻ പുറത്തിന്റെ കഥയാണ്.

ബിജുവേട്ടാ.. ഷാർജ കപ്പിന്റെ ഫൈനൽ കാണുമ്പോൾ സച്ചിനോടുള്ള ഇഷ്ടം എത്ര ഇരട്ടിയായോ ആ ഇഷ്ടമാണ് ഈ സിനിമ കണ്ട് കഴിയുമ്പോൾ നിങ്ങളോട് തോന്നുക. നേരിൽ ഒരു പരിചയം ഇല്ലെങ്കിലും രഞ്ജൻ പ്രമോദ്.. തിരിച്ച് തന്ന ഓർമകൾക്ക് നന്ദി.

അഭിനയിച്ച സർവ സകലതുകളും (പശുവും കമ്മലും പഴയ ബാറ്റും ഉൾപ്പെടെ)പൊളിച്ചടുക്കി. കൂടുതൽ പറഞ്ഞു വഷളാക്കുന്നില്ല.

ഒറ്റ വാക്കിൽ ഈ സിനിമ നമ്മുടെ തലമുറയിൽ നിന്നും ചീന്തിയെടുത്ത ഒരു ഏടാണ്. അരികുകളിൽ നനവ് മാറാത്ത പറമ്പിലെ ചെളി പുരണ്ടിരിക്കുന്നു.