ജോർജ് ❣️ബൈജു ❣️
രാഗീത് ആർ ബാലൻ
എന്നത്തേയും പോലെ രാവിലെ ബൈജു കവലക്കു എത്തി.. ടൂർണമെന്റ് ഉണ്ട് അന്ന്.. അപ്പോൾ പരിചയം ഇല്ലാത്ത ഒരു കാർ ബൈജുവിന്റെ അടുത്ത് നിർത്തും.. ബൈജു ആ കാറിലേക്ക് നോക്കുമ്പോൾ കാറിനു അകത്തു നിന്നും “ഹനുമാൻ മിസ്റ്റർ ഹനുമാൻ “.ബൈജുവിന്റെ സുഹൃത്തു ജോർജ് ആയിരുന്നു അത്..
ബൈജു : നിനക്ക് ഒരു മാറ്റവും ഇല്ലട്ടോ പഴയ പോലെ തന്നെ
ജോർജ് : ഇല്ലടാ ഞാൻ റിച് ആയി
ഒരുകാലത്തു കുമ്പളം ബ്രദർ സിന്റെ എല്ലാം ആയിരുന്നു ജോർജ് ഇടിവെട്ട് ബാറ്റ്സ്മാൻ ഓൾ റൗണ്ടർ അങ്ങനെ പലതും ..അമേരിക്കയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള ആൾ.. ബൈജു ടൂർണമെന്റ് കാണാൻ ആയി വിളിക്കുമ്പോൾ കളിക്കാരുടെ ഒപ്പം ജോർജും പോകുന്നു…
ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിൽ എത്തിയപ്പോൾ തന്നെ അവരിൽ ഒരാൾ ആയി മാറി ജോർജും.. കോട്ടും സ്യുട്ടുമൊക്കെ ഇട്ടു കസേരയിൽ ഇരുന്നു കളി കണ്ടു തുടങ്ങുന്ന ജോർജ് പതിയെ പഴയ ജോർജ് ആയി മാറുന്നു.. കളിയുടെ ആവേശത്തിൽ അയാൾ പതുക്കെ കോട്ടും സ്യുട്ടും ഒക്കെ അഴിച്ചു മാറ്റി പഴയ നാട്ടിൻപുറത്തുകാരനായി ബൈജുവിനോപ്പം മണ്ണിലേക്ക് ഇറങ്ങി ചെല്ലുന്നു.. കളി ജയിച്ചു സന്തോഷം പങ്കിട്ടു കുമ്പളം ബ്രദർസിനൊപ്പം ആഘോഷിച്ചു അവസാനം ബൈജുവും ജോർജും മാത്രമായി പഴയ കാല ഓർമ്മകൾ പൊടി തട്ടി അങ്ങനെ ഇരിക്കും.
പഴയ കൂട്ടുകാരായ ഹാരിസിനെ കുറിച്ചും ജെയിംസിനെ കുറിച്ചും മുഹമ്മദിനെ കുറിച്ചും എല്ലാം അവർ തമ്മിൽ സംസാരിക്കുന്നു..
ബൈജു : സ്ഥലമൊക്കെ വിറ്റ സ്ഥിതിക്ക് ഇനി നീ ഇങ്ങോട്ടേക്കൊന്നും ഉണ്ടാകില്ല.. ല്ലേ..
ജോർജ് : എനിക്ക് അമേരിക്കയില് മൂന്ന് കമ്പനി ഉണ്ട് സ്വന്തമായിട്ടു..പത്ത് നാനൂറ് ജോലിക്കാരും .. റോൾസ് റോയ്‌സ് കാറൊക്കെ ഉണ്ടടാ എനിക്ക് ..സത്യത്തിൽ ഞാൻ കരുതിയത് ഞാൻ ഭയങ്കര ഹാപ്പിയാണെന്നാ.. പക്ഷേ നിന്നെ കണ്ടപ്പോഴാ മനസ്സിലായത് എന്റെയൊക്കെ ഹാപ്പി…(കുറച്ചു നേരം മിണ്ടാതെ ഇരുന്നു നിരാശയോടെ ഒന്ന് ചിരിച്ചിട്ട് ജോർജ് പറയും )നീ കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തിട്ട്ണ്ട്രാ..അന്നും ഇന്നും എന്നും എല്ലാം ഒരേ പോലെ ഹാപ്പിമാൻ..You Are Lucky”
എന്ന് ജോർജ് ബൈജുവിനോട് പറയുമ്പോൾ നമുക്ക് മനസിലാകും എത്രത്തോളം അയാൾ അയാളുടെ പഴയ ഒരു ലൈഫ് മിസ്സ് ചെയ്യുന്നുണ്ട് എന്ന്.സത്യത്തിൽ ഇത്രയും നല്ല നിലയിൽ കഴിയുമ്പോഴും ജോർജ് കരുതിയിരുന്നത് അയാൾ ഹാപ്പി ആണെന്ന് ആണ്..പക്ഷെ ബൈജുവിനെ കാണുമ്പോ അയാളുടെ ലൈഫ് കാണുമ്പോൾ… ജീവിതത്തിന്റെ ഓട്ട പാച്ചിലിനിടയിൽ എല്ലാം നേടിയിട്ടും താൻ ഹാപ്പി അല്ല എന്ന് ജോർജ് തിരിച്ചറിയുന്നു. അവസാനം ജോർജ് ബൈജുവുമായി പിരിയുന്ന നേരം പറയുന്നുണ്ട്
“പോട്ടെ നാളെ രാത്രിയിൽ ഫ്ലൈറ്റ് ആണ് അല്ല ഇന്ന് രാത്രിയിൽ…അപ്പോ താങ്ക്സ്..അപ്രതീക്ഷിതമായിട്ട് ഇങ്ങനെയൊരു സന്തോഷം തന്നതിന്…”
ബൈജു : വല്യ ഡയലോഗ് ഒക്കെയാണല്ലോ
ജോർജ് : ഇതൊക്കെ അല്ലേ അളിയാ ജീവിതത്തിലെ സുവർണനിമിഷങ്ങൾ എന്നൊക്കെ പറയുന്നത്
സിനിമയുടെ ഒരു മണിക്കൂർ പതിനാറാം മിനിറ്റിൽ ആണ് ജോർജ് എന്ന കഥാപാത്രം എത്തുന്നത്. വെറും 12മിനിറ്റ് മാത്രമുള്ള ഒരു കഥാപാത്രം. പക്ഷെ ജോർജ് നമ്മളെയൊക്കെ വല്ലാതെ അങ്ങ് വേദനപ്പിക്കുന്നുണ്ട്.. സുഖമുള്ള കുറേ ഓർമകളുടെ പുറകെ പോകുവാനായി പ്രേരിപ്പിക്കുന്നുണ്ട്..
നമ്മുടെ ഒക്കെ ഉള്ളിലും ഉണ്ട് ഒരു ജോർജും ബൈജുവും എല്ലാം.. ജീവിതത്തിന്റെ ഓട്ട പാച്ചിലിനിടയിൽ എന്നോ നാം തന്നെ മറന്നു പോയ കുറേ ഏറെ നല്ല ഓർമകളിലേക്ക് ഉള്ള തിരിച്ചു പോക്ക് സമ്മാനിക്കുന്ന ഒരു രംഗം ആണ് ബൈജുവും ജോർജും തമ്മിൽ ഉള്ള സംഭാഷണങ്ങളും ആ സീനും.ജീവിതത്തിൽ നമ്മൾ എന്തൊക്കെയോ നേടി എന്ന് പറഞ്ഞാലും വിശ്വസിച്ചാലും..ജീവിതത്തിൽ തോറ്റു പോയവർ ആണെങ്കിലും ജയിച്ചവർ ആണെങ്കിലും.. നമ്മളൊക്കെ സന്തോഷിച്ച ആഘോഷിച്ച കുറേ നല്ല നിമിഷങ്ങൾ നമ്മുടെയെല്ലാം ലൈഫിൽ ഉണ്ടായിട്ടുണ്ട്… പിന്നിട്ട വഴികളിലൂടെ തിരിഞ്ഞു നോക്കുക… അവിടെ നമുക്ക് നമ്മളിലെ തന്നെ ജോർജിനെയും ബൈജുവിനെയും എല്ലാം കാണാൻ സാധിക്കും…
വല്ലാത്ത ഒരു തരം മാജിക് ഉള്ള ജീവനുള്ള ഒരു സിനിമ ആണ് രക്ഷാധികാരി ബൈജു. എത്ര തവണ ഈ സിനിമ കണ്ടിട്ടുണ്ടെന്നു എനിക്കറിയില്ല.. എത്ര തവണ ജോർജിന്റെയും ബൈജുവിന്റെയും രംഗങ്ങൾ മാത്രമായി കണ്ടിട്ടുണ്ടെന്നു അറിയില്ല.. അത്രേമേൽ ആഴത്തിൽ പതിഞ്ഞു പോയ കഥയും കഥാപാത്രങ്ങളും ആണ് ബൈജുവിന്റെ…പഴകും തോറും വീര്യം കൂടുന്ന സിനിമ ❣️