ഓര്‍മകള്‍ എപ്പോഴും ഓടിപ്പോവുക കുട്ടിക്കാലത്തേക്കാണ്. ഭക്ഷണത്തോടും വെള്ളത്തോടും സമരം പ്രഖ്യാപിച്ച് ഒരു പകല്‍ എന്നതാണ് കുട്ടിക്കാലത്തെ നോമ്പിന്റെ ആകെത്തുക. അതിന് ഭക്തിയുടെ നിറവോ പ്രാര്‍ത്ഥനയുടെ മികവോ ഉണ്ടാവാനിടയില്ല. “മ്മാ, വെള്ളം…” ദാഹിച്ച് വലയുമ്പോള്‍ ഉമ്മയുടെ അടുത്തേക്ക്‌ ഓടിച്ചെല്ലാന്‍ പറ്റില്ല. പത്തായത്തിന്റെ ഉള്ളറകളിലെ ഉരുണ്ട ഭരണികളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന എള്ളുണ്ടയും മൈസൂര്‍ പാക്കും നാവിന്‍ തുമ്പത്ത് എത്ര പ്രലോഭനം ഉണ്ടാക്കിയാലും മമ്മത്താലിക്കായുടെ വെടി പൊട്ടുന്നത് വരെ കാത്തിരുന്നേ പറ്റൂ..

മമ്മത്താലിക്കായാണ് എന്റെ കുട്ടിക്കാല നോമ്പിന്‍റെ ഓര്‍മകളില്‍ ജ്വലിച്ചു നില്‍ക്കുന്ന താരം. വള്ളിക്കുന്നിലെ അരിയല്ലൂര്‍ മഹല്ലില്‍ അന്നൊരു പള്ളിയേ ഉള്ളൂ. അവിടെ നിന്ന് കൊടുക്കുന്ന ബാങ്ക് വീട്ടില്‍ കേള്‍ക്കില്ല. മമ്മത്താലിക്ക പൊട്ടിക്കുന്ന ആ കതീന വെടിക്ക് വേണ്ടിയാണ് ദിവസം മുഴുവനുള്ള കാത്തിരുപ്പ്. മൂത്തേറും ചുള്ളീം വടീം കളിച്ച് നട്ടുച്ചക്ക് ദാഹിച്ചു വലയുമ്പോള്‍ മമ്മത്താലിക്ക ഇപ്പോള്‍ വെടി പൊട്ടിച്ചിരുന്നെങ്കില്‍ എന്ന് കൊതിക്കും. റമദാന്‍ മാസത്തില്‍ മഗ് രിബ് സമയത്ത് പൊട്ടിക്കുന്ന ആ വെടി കൊല്ലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വീരനായകന്‍റെ പരിവേഷം അദ്ദേഹത്തിന് നല്‍കി. .

മമ്മത്താലിക്ക കുപ്പായമിടാറില്ല. ആ കറുത്ത ശരീരത്തിന് കള്ളിത്തുണിയും തലേക്കെട്ടും ചേരുമ്പോള്‍ പൂര്‍ണത കൈ വരും. മകന്‍ ബാപ്പുട്ടിയുടെ കല്യാണത്തിന് വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിച്ച് മമ്മത്താലിക്കയെ കുപ്പായം ഇടുവിപ്പിച്ചു. “മമ്മത്താലിക്ക കുപ്പായട്ട്ക്ക്ണ്!!”.. നാട്ടിലാകെ ആ വാര്‍ത്ത പെട്ടെന്ന് പരന്നു. ഞങ്ങള്‍ കുന്നില്‍ ചെരുവിലെ കല്യാണപ്പുരയിലേക്ക് ഓടി. ശരിയാണ്. മമ്മത്താലിക്ക കുപ്പായട്ട്ക്ക്ണ്. കുട്ടികളും മുതിര്‍ന്നവരുമൊക്കെ അദ്ദേഹത്തെ ഒരു അത്ഭുത വസ്തുവെപ്പോലെ നോക്കി നിന്നു. തലേക്കെട്ട് കെട്ടി നെഞ്ച് വിരിച്ച് നില്‍ക്കാറുള്ള മമ്മത്താലിക്ക ഈന്തപ്പനത്തട്ട കൊണ്ട് അലങ്കരിച്ച പന്തലിന്റെ ഒരു മൂലയില്‍ നാണം കൊണ്ട് ചൂളി നിന്നു. കല്യാണത്തിന് വിളിച്ചവരും വിളിക്കാത്തവരുമൊക്കെ ആ കുപ്പായം കാണാന്‍ ഓടി വന്നു. നെയ്ച്ചോറും പോത്തും തികഞ്ഞില്ല. പുതിയാപ്പിള ഇറങ്ങുന്നതിന് മുമ്പ് തന്നെ മമ്മത്താലിക്ക കുപ്പായം ഊരി എന്നാണ് എന്റെ ഓര്‍മ. അദ്ദേഹം ഇന്നില്ല. കതീന വെടിയും നിലച്ചു. മുക്കിന് മുക്കിന് പള്ളിയുള്ളതിനാല്‍ ഇന്നിപ്പോള്‍ അത്തരമൊരു വെടിയുടെ ആവശ്യം ഇല്ല. മൂന്നോ നാലോ പള്ളികളിലെ ബാങ്ക് വിളികള്‍ ഒന്നിച്ച് കേള്‍ക്കാം. പക്ഷേ എല്ലാ നോമ്പ് കാലം വരുമ്പോഴും ആ പഴയ കതീന വെടിയും അതിന്റെ ത്രസിപ്പിക്കുന്ന ശബ്ദത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഓര്‍മയില്‍ എത്തും.
.
വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത കുഞ്ഞിരാരുവിന്റെ ചായക്കടയില്‍ നോമ്പ് കാലമായാല്‍ ഒരു പുതിയ കര്‍ട്ടന്‍ തൂക്കും. നോമ്പ് കര്‍ട്ടന്‍ എന്നാണ് അതിന് പറയുക. വീട്ടില്‍ നിന്നു നോമ്പ് നോല്‍ക്കുന്ന പലരും കുഞ്ഞിരാരുവിന്റെ കടയില്‍ വന്നു നോമ്പ് മുറിക്കും. ചായക്കടയുടെ പിറകിലൂടെ കയറി പിറകിലൂടെ തന്നെ തരിച്ചു പോകാവുന്ന രീതിയിലാണ് കര്‍ട്ടനുണ്ടാവുക. മണ്‍കുടുക്കയില്‍ ചീരുള്ളിയും ഉലുവയും ഇട്ടു വെക്കുന്ന ബീഫ്‌ കറിയും പുട്ടുമാണ് കുഞ്ഞിരാരുവിന്റെ റമദാന്‍ സ്പെഷ്യല്‍. ളുഹര്‍ ബാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ അത് കാലിയാവും. റമദാന്‍ മാസമായിരിക്കണം കുഞ്ഞിരാരുവിന് ഏറ്റവും തിരക്കുള്ള കാലം എന്ന് തോന്നുന്നു. ആ ചായക്കടയും ഇന്നില്ല. അന്നത്തെപ്പോലെ ‘അത്താഴക്കള്ളന്മാരും’ ഇന്ന് കുറവാണ്.
മമ്മത്താലിക്കയുടെ കതീന പോലെ റമദാന്‍ മാസത്തില്‍ പ്രത്യേക പ്രാധാന്യം കൈവരുന്ന ഒന്നാണ് വള്ളിക്കുന്ന് സ്റ്റേഷനില്‍ നിര്‍ത്താതെ ചൂളമടിച്ച് പോകുന്ന പാതിരാത്രിയിലെ തെക്കോട്ടും വടക്കോട്ടുമുള്ള എക്സ്പ്രസ്സ് വണ്ടികള്‍. അരിയല്ലൂര്‍ മഹാല്ലിന്റെ ഏതാണ്ട് ഒത്ത നടുവിലൂടെയാണ് തീവണ്ടിപ്പാളയം പോകുന്നത്. അതുകൊണ്ട് തന്നെ രാത്രിയില്‍ കടന്നു പോകുന്ന വെസ്റ്റ്‌ കോസ്റ്റ്‌ എക്സ്പ്രസ്സുകള്‍ ആയിരുന്നു മിക്ക വീടുകളിലും അലാറം ക്ലോക്കിന്റെ പണിയെടുത്തിരുന്നത്. വടക്കോട്ടുള്ള വണ്ടി പോകുമ്പോള്‍ അത്താഴത്തിന് എഴുന്നേല്‍ക്കും. തെക്കോട്ടുള്ളത് പോകുമ്പോഴേക്ക് അത്താഴം കഴിച്ച് കിടക്കണം. ഇന്നത്തെ പോലെ സുബഹ് ബാങ്കിനോട് അടുപ്പിച്ചു എഴുന്നേറ്റു നമസ്കാര ശേഷം കിടക്കുന്ന പതിവല്ല അന്നുള്ളത്. അത്താഴം ‘നട്ടപ്പാതിരയ്ക്ക്’ കഴിക്കണം അല്ലെങ്കില്‍ നോമ്പ് ശരിയാവില്ല എന്നതായിരുന്നു എന്‍റെ വെല്ലിമ്മിച്ചിയുടെ വിശ്വാസം. അതുകൊണ്ട് തന്നെ തീവണ്ടിയുടെ ശബ്ദവും കാതോര്‍ത്ത് അവര്‍ ഉറങ്ങാതെ കിടക്കും. അസമയത്ത് ഗൂഡ്സ് ട്രെയിനുകള്‍ വന്നാല്‍ അതിന്റെ ശബ്ദം വെല്ലിമ്മ പെട്ടെന്ന് തിരിച്ചറിയും.. ആരെങ്കിലും ആ ശബ്ദം കേട്ട് എഴുന്നേറ്റാല്‍ “നീക്കണ്ട.. അത് കൂട്സാ കുട്ട്യോളേ ..” എന്ന് വിളിച്ചു പറയും. കൃത്യത പാലിക്കാറുള്ള ഈ തീവണ്ടികള്‍ വളരെ അപൂര്‍വമായെങ്കിലും വൈകിയെത്തി നാട്ടില്‍ പലരുടെയും അത്താഴം മുടക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മൊബൈലുകളും വാള്‍ ക്ലോക്കുകളും കൊണ്ട് നിറഞ്ഞ ഇന്നത്തെ ഗൃഹാന്തരീക്ഷത്തില്‍ നിന്ന് കൊണ്ട് ഏതാനും വര്‍ഷങ്ങളുടെ പഴക്കം മാത്രമുള്ള ആ കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ എവിടെയൊക്കെയോ എന്തെന്നില്ലാത്തൊരു നഷ്ടബോധം.

You May Also Like

കുമാരനാണ് താരം !

ഈ പ്രാവശ്യം നാട്ടിലേക്ക് പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ നാട്ടില്‍ ചെന്നാല്‍ കാണേണ്ട പ്രധാനികളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന കൂട്ടത്തിലാണ് ഇ.എം.എസ് കുമാരേട്ടന്‍! നാട്ടിലെ താരമായ വാര്‍ത്ത അനിയന്‍ പറഞ്ഞത്.

വീഡിയോ ഗെയിം കളിക്കുന്ന ഓന്തും പൂച്ചയും

സ്മാര്‍ട്ട് ഫോണില്‍ വീഡിയോ ഗെയിം കളിക്കുന്ന ഓന്ത് യൂട്യൂബില്‍ വന്‍ ഹിറ്റാകുന്നു. വേഗത്തില്‍ ഉറുമ്പുകളെ കൊന്ന് സ്കോര്‍ ഉയര്‍ത്തുന്ന, ‘ആന്റ് സ്മാഷ്’ എന്ന ഗെയിമാണ് ഓന്ത് കളിക്കുന്നത്. എല്ലാ ഉറുമ്പുകളെയും കൊന്ന ശേഷം സ്കോര്‍ എത്രയായി എന്ന ഭാവത്തില്‍ ഉടമസ്ഥന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന ഓന്തിന്റെ ഭാവം കാണേണ്ടതു തന്നെയാണ്.

ഫേസ്ബുക്ക് അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ?

അക്കൗണ്ട് എന്നെന്നേക്കുമായി നീക്കം ചെയ്യാന്‍ സെറ്റിങ്‌സില്‍ പോയി ചില കാര്യങ്ങള്‍ ചെയാതാല്‍ മതി.

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി

അറിയപ്പെടാത്ത ഹിറ്റ്‌ലർ മാധവൻകുട്ടി Rohith Kp എഴുതിയത് ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ഇവിടെ പോസ്റ്റുകൾ…