ചംബൽ കൊള്ളക്കാരൻ പാൻസിങ്ങ് തൊമാറിന്റെ കഥ

409

എഴുതിയത്  : Raman Mundanad 

ചംബൽ കൊള്ളക്കാരൻ പാൻസിങ്ങ് തൊമാറിന്റെ കഥ

===

ദൈവത്തിന്റെ കൈക്കുടന്നയിൽ നിന്നും

പെറ്റുവീഴുന്നൂ യേശുദേവന്മാർ യുഗങ്ങളിൽ

അവരെ ജൂഡാസുകളാക്കിയീ ജയിലറയ്ക്കുള്ളിൽ

തളച്ചാലേ സംതൃപ്തനാവൂ കാലം.’

(കൈത്തിരി, കരിന്തിരി – വയലാർ)

Raman Mundanad
Raman Mundanad

ചരിത്രത്താളുകളിൽ ഒരേ പേരു തന്നെ സുവര്ണ്ണലിപികളാലും ചോരക്കറയാലും അടയാളപ്പെടുത്തപ്പെടുക. നിയതിയുടെ നിയോഗം വിസ്മയാവഹം തന്നെ. ജീവിതത്തിന്റെ ആദ്യപകുതിയിൽ എല്ലാവരെയും അഭിമാനത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ്ക്കുകയും പിന്നീട് ഭീതിയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിടുകയും ചെയ്ത പരസ്പരവിരുദ്ധങ്ങളായ രണ്ടു വ്യക്തിത്വങ്ങൾക്കുടമ. അതായിരുന്നു പാൻ. ഒരു ദശാബ്ദത്തോളം ചംബൽ താഴ്വരയേയും മദ്ധ്യപ്രദേശ് സര്ക്കാരിനേയും മുൾമുനയിൽ നിര്ത്തിയ കുപ്രസിദ്ധനായ ഡാക്കു – പാൻസിങ്ങ് തൊമാർ.

1932ൽ മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലെ പോർസയ്ക്കടുത്തുള്ള ദിഡോസ എന്ന ഗ്രാമത്തിലാണ് പാൻ ജനിച്ചത്. പാനിന്റേത് ഒരു രജപുത്രകുടുംബമായിരുന്നു. റൂർക്കിയിലെ ബംഗാൾ എൻജിനീയേഴ്‌സ് റജിമെന്റിൽ സുബേദാർ ആയിട്ടാണ പാൻ ഔദ്യോഗികജീവിതം ആരംഭിച്ചത്. ആർമിയിൽ വച്ച് ഒരു മികച്ച കായികതാരമായി വളർന്ന തൊമാർ ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി മെഡലുകൾ കരസ്ഥമാക്കി. 1958 ലെ ടോക്യോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. സ്റ്റീപ്പിൾ ചെയ്‌സിംഗിൽ ഏഴുവർഷത്തോളം ദേശീയചാമ്പ്യൻ ആയിരുന്നു. സ്റ്റീപ്പിൾ ചെയ്‌സിംഗിൽ അദ്ദേഹം കൈവരിച്ച റക്കോർഡ് – 3000 മീ. 9 മിൻ 2 സെക്. – ഏകദേശം പത്തുവര്ഷത്തോളം അഭേദ്യമായി തുടർന്നു. കായികരംഗത്തുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങൾ മാനിച്ച് 1962 ലേയും 65 ലേയും യുദ്ധങ്ങളിൽ മുൻനിരയിലേക്ക് അയച്ചില്ല. 1972ൽ അദ്ദേഹം ആർമിയിൽ നിന്നും വിരമിച്ച് സ്വന്തം ഗ്രാമത്തിലേയ്ക്ക് മടങ്ങി. കൃഷിയും സാമൂഹ്യസേവനവും മറ്റുമായി തന്റെ ശിഷ്ടജീവിതം ഫലപ്രദമായി വിനിയോഗിയ്ക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. കൂടാതെ കായികരംഗത്തും ചില Related imageകർമ്മപരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. അങ്ങനെയിരിക്കെ അയൽക്കാരനായിരുന്ന ബാബുസിങ്ങുമായി ഒരു ഭൂമിത്തര്ക്കം ഉടലെടുത്തു. 200ലധികം അംഗങ്ങളും ഏഴോളം ലൈസൻസുള്ള തോക്കുകളുമുണ്ടായിരുന്ന വലിയൊരു ഹവേലിയുടെ തലവനായിരുന്നു ബാബുസിങ്ങ്. രാഷ്ട്രീയരംഗത്തും ഉദ്യോഗസ്ഥരുടെ ഇടയിലും അദ്ദേഹത്തിന് നല്ല പിടിപാടുണ്ടായിരുന്നു. പാനിന്റെ പിതാവ് ഭൂമി പണയം വച്ച് ബാബുസിങ്ങിൽ നിന്നും കുറച്ചു പണം കടം വാങ്ങിയിരുന്നു. പട്ടാളത്തിലായിരുന്ന സമയത്ത് പാൻ ആ കടം കൊടുത്തു തീര്ത്തിരുന്നു. എങ്കിലും ഭൂമി വിട്ടു നല്കാൻ ബാബുസിങ്ങ് തയ്യാറായില്ല. കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. തര്ക്കം പരിഹരിയ്ക്കുന്നതിനായി ഗ്രാമസഭ കൂടുകയും കളക്റ്ററുടെ സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പ് ഉടമ്പടിയിൽ ഇരുവരും ഒപ്പുവയ്ക്കുകയും ചെയ്തു. തൊമാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അത് കൈവശം വച്ചിരുന്ന ബാബുസിങ്ങിൽ നിന്നും വിട്ടുകിട്ടുന്നതിനായി 3000 രൂപ നൽകണമെന്നായിരുന്നു വ്യവസ്ഥ. മനസ്സില്ലാ മനസ്സോടെയെങ്കിലും ഗ്രാമസഭാംഗങ്ങളുടേയും Image result for paan singh tomarകലക്ടറുടേയും നിർബന്ധത്തിനു വഴങ്ങി തൊമാർ ആ തീരുമാനം അംഗീകരിയ്ക്കുകയായിരുന്നു. പതിനഞ്ചുദിവസത്തിനുശേഷം താൻ തിരിച്ചുവരാമെന്നും തന്റെ സാന്നിദ്ധ്യത്തിൽ തുക കൈമാറി തർക്കം അവസാനിപ്പിയ്ക്കാമെന്നും കളക്ടർ പറഞ്ഞു. പക്ഷെ തൊമാറിന്റെ സഹോദരപുത്രനായ ബൽവന്ദിന് ഈ ഒത്തുതീർപ്പ് സ്വീകാര്യമായില്ല. തങ്ങളുടെ ഭൂമിയ്ക്ക് തങ്ങളെന്തിന് വിലനൽകണമെന്നായിരുന്നു ബൽവന്ദിന്റെ നിലപാട്. പക്ഷെ അങ്ങിനെയെങ്കിലും വഴക്ക് അവസാനിയ്ക്കാൻ ആഗ്രഹിച്ച് തൊമാർ കുടുംബാംഗങ്ങൾ ബൽവന്ദിനെ അനുനയിപ്പിച്ചു.

ഇതിനിടയിൽ ഒരു ദിവസം ബാബുസിങ്ങ് തൊമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന് സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു. പാനിന്റെ തൊണ്ണൂറ്റഞ്ചുവയസ്സായ വൃദ്ധമാതാവിനെ മൃഗീയമായി മര്ദ്ദിച്ചു. ആ അമ്മയുടെ മകനാണ് പാനെങ്കിൽ ഇതിനു പ്രതികാരം ചെയ്യ് എന്ന് ആക്രോശിച്ച് ഇറങ്ങിപ്പോയി. ആ സമയത്ത് പുറത്തുപോയിരുന്ന പാനും ബൽവന്ദും തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അവരെ കോപാന്ധരാക്കി. പ്രതികാരം ചെയ്യാനായി പാനും ബൽവന്ദും ബാബുവിന്റെ കൃഷിസ്ഥലത്തെത്തി. പാൻ ഉതിർത്ത വെടി ഏറ്റ ബാബു ഒരു കിലോമീറ്ററോളം ദൂരം ഓടിയശേഷം വീണു മരിയ്ക്കുകയാണുണ്ടായത്.

അതിനുശേഷം അറസ്റ്റ് ഒഴിവാക്കാനായി തൊമാറും ബൽവന്ദും ചംബൽകാട്ടിലേയ്ക്ക് പലായനം ചെയ്തു. അവിടെ ചില കൊള്ളസംഘാംഗങ്ങളുമായി ചങ്ങാത്തത്തിലാകുകയും കൊള്ള, തട്ടിക്കൊണ്ടുപോകൽ മുതലായ കുറ്റകൃത്യങ്ങളുടെ വഴിയിലേയ്ക്ക് കടക്കുകയും ചെയ്തു. അതോടെ സർക്കാർ തൊമറിനെ Image result for paan singh tomarഡാക്കുവായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ തലയ്ക്ക് പതിനായിരം രൂപ വിലയിടുകയും ചെയ്തു. ദസ്യുരാജ് പാൻസിങ്ങ് തൊമാർ, ചമ്പൽ കാ ശേർ ( King pf Dacoits and the Tiger of Chambal )എന്നായിരുന്നു അദ്ദേഹം റാൻസം നോട്ടുകളിൽ ഒപ്പിട്ടിരുന്നത്. A-10 Gang എന്നായിരുന്നു പോലീസ് റക്കോർഡുകളിൽ ഈ സംഘത്തിന്റെ സീക്രട്ട് കോഡ്. പാനിനു വേണ്ടി ജീവത്യാഗം ചെയ്യാൻ മടിയില്ലാത്ത ചെറുപ്പക്കാരായിരുന്നു സംഘാംഗങ്ങൾ. ഇതിനിടെ പാനിന്റെ സഹോദരനും ബൽവന്ദിന്റെ പിതാവുമായിരുന്ന മഥാദിന്റെ കൊലപാതകത്തിനു കാരണക്കാരായ പന്ത്രണ്ടുപേരെ ഇവര്ക്ക് കൊല്ലേണ്ടി വന്നു. ഇതോടെ ഏതുവിധേനയും ഈ സംഘത്തെ ഉന്മൂലനാശനം ചെയ്യാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകി.

കായികക്ഷമതയും സൈനികപരിശീലനത്തിന്റെ ഭാഗമായി ഏതു പ്രതികൂലകാലാവസ്ഥയെയും അതിജീവിയ്കാനും ശത്രുവിന്റെ നീക്കങ്ങൾ മണത്തറിയാനുമുള്ള കഴിവും ചംബൽ ഖാട്‌സിൽ തൊമാറിനെ അജയ്യനാക്കി. പോലീസ് തൊമാറിനായി വ്യാപകമായി തിരച്ചിൽ തുടങ്ങി. ഗ്രാമങ്ങൾ വളഞ്ഞ് തൊമറിനെ സഹായിയ്ക്കുന്നവരെന്നു സംശയിക്കപ്പെടുന്ന ഗ്രാമീണരെയെല്ലാം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. പോലീസിന്റെ നരനായാട്ട് സഹിയ്ക്കാൻ കഴിയാതെ ഗ്രാമവാസികൾ വീടുവിട്ട് മറ്റുപല ഗ്രാമങ്ങളിലേയ്ക്കും ഓടിപ്പോയി. ഈ ദുരിതങ്ങളെല്ലാം കണ്ട ഗ്രാമമുഖ്യന്മാരും തൊമറിന്റെ അഭ്യുദയകാക്ഷികളും അദ്ദേഹത്തോട് കീഴടങ്ങാൻ അഭ്യർത്ഥിച്ചു. ആർമിയിൽ പാനിന്റെ സുപ്പീരിയർ ഓഫീസറും അദ്ദേഹം ഏറ്റവും ആദരിച്ചിരുന്നയാളുമായിരുന്ന മേജറെക്കൊണ്ട് തൊമറിനെ അനുനയിപ്പിയ്ക്കാൻ ശ്രമിച്ചു. അവരുടെയെല്ലാം കൂട്ടായ ശ്രമങ്ങളുടെ ഫലമായി തൊമാർ കീഴടങ്ങാൻ തയ്യാറായി. കീഴടങ്ങിയാൽ തൂക്കുമരം ഉറപ്പാണെന്നറിയാമായിരുന്നെങ്കിലും ഗ്രാമീണരുടെ ദുരിതങ്ങൾക്കൊരു അറുതിവരുത്തേണ്ടത് തന്റെ കടമായാണെന്ന് തിരിച്ചറിഞ്ഞ തൊമാർ ആയുധം വച്ച് സ്വജീവൻ നിയമത്തിന്റെ കരങ്ങളിലർപ്പിയ്ക്കാൻ തയ്യാറായി.

ആ സമയത്താണ് പോലീസിന് തൊമറിന്റെ ഒളിസങ്കേതത്തെക്കുറിച്ചുള്ള രഹസ്യവിവരം കിട്ടുന്നത്. മോതിരാം ജാഠവ് എന്ന തൊമറിന്റെ അനുയായി ഒറ്റിക്കൊടുക്കുകയായിരുന്നു. വിവരം കിട്ടിയ ഉടനെ എസ്.പി. വിജയ് രാമനും എ.എസ്.പി. ഹൺഡയും സർക്കിൾ ഇന്‌സ്‌പെക്ടർ മഹേന്ദ്രപ്രതാപ് സിങ്ങ് ചൗഹാനുമായി തിരക്കിട്ട കൂടിയാലോചന നടത്തി. തൊമറിനെ കീഴ്‌പ്പെടുത്താനുള്ള മാസ്റ്റർ പ്‌ളാൻ തയ്യാറാക്കി. ആദ്യമായി രഹസ്യവിവരം സ്ഥിരീകരിയ്ക്കണം. തൊമാർ അന്നു രാത്രി മാത്രമേ രത്യങ്കപുര ഗ്രാമത്തിൽ ഉണ്ടാവൂ എന്നാണ് കിട്ടിയ വിവരം. പെട്ടെന്നു തന്നെ ആക്ഷൻ തുടങ്ങേണ്ടിയിരിക്കുന്നു. ചൗഹാന്റെ ഒപ്പം ആ സ്റ്റേഷനിൽ അന്ന് വെറും ആറു പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചൗഹാന്റെ നേതൃത്വത്തിൽ ആറംഗസംഘം രത്യങ്കപുര എന്ന ഗ്രാമത്തിലേയ്ക്ക് പുറപ്പെട്ടു. വളരെ ദൂരെ ജീപ്പ് നിറുത്തി കാൽനടയായാണ് അവർ പോയത്. തൊമാർ അപകടം മണത്താൽ പ്‌ളാനെല്ലാം അവതാളത്തിലാകും. ഏഴു പോലീസുകാരുടെ ശവങ്ങളാകും ബാക്കിയാവുക. അവർ സന്ധ്യയാവുന്നതു വരെ ഗ്രാമത്തിന്റെ പുറത്ത് ഒളിച്ചിരുന്ന് നിരീക്ഷിച്ചു. തൊമാർ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി. സന്ധ്യയോടെ വിജയ് രാമൻ പലയിടത്തുനിന്നും സംഘടിപ്പിച്ച അമ്പതുപേരോളമടങ്ങുന്ന പോലീസ് സംഘവുമായി അവിടെയെത്തി. താമസിയാതെ ഡി.വൈ.എസ്.പി ഗുരയ്യയുടെ നേതൃത്വത്തിൽ നൂറുപേരടങ്ങുന്ന ഒരു ബറ്റാലിയൻ സ്‌പെഷൽ ആംഡ് ഫോഴ്‌സും എത്തിച്ചേർന്നു. രണ്ടു പോലീസുകാർ പെട്ടെന്ന് ഒരു വീടിന്റെ മേൽക്കൂരയിൽ കയറി നിന്ന് തലങ്ങും വിലങ്ങും വെടിയുതിർത്തു. കൊള്ളക്കാരെ പരിഭ്രാന്തരാക്കി പുറത്തു ചാടിയ്ക്കുകയായിരുന്നു ലക്ഷ്യം. തങ്ങൾ വളഞ്ഞു കഴിഞ്ഞു എന്നു മനസ്സിലാക്കിയ കൊള്ളക്കാർ തിരിച്ചടിയ്ക്കാൻ തുടങ്ങി. പോലീസുകാരും നിർലോഭം വെടിയുണ്ട ചിലവാക്കി. ഇതിനിടെ ഗ്രാമത്തിനുള്ളിലേയ്ക്ക് കയറിയ ചൗഹാൻ തൊമാറിനെ വെടിവച്ചു വീഴ്ത്തി. സന്ധ്യയ്ക്കു തുടങ്ങിയ ഓപ്പറേഷൻ തീർന്നപ്പോഴേയ്ക്കും വെളുപ്പാൻ കാലമായിരുന്നു. പന്ത്രണ്ടുമണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പിനൊടുവിൽ തോമറും അദ്ദേഹത്തിന്റെ പതിന്നാലു അനുയായികളും കൊല്ലപ്പെട്ടു. മാരകമായി പരുക്കേറ്റ ബൽവന്ദ പോലീസിന്റെ പിടിയിലകപ്പെട്ടു.

തിരിച്ചു വീട്ടിലെത്തിയ വിജയ് രാമനെ തികച്ചും അപ്രതീക്ഷിതമായ ആന്റി ക്‌ളൈമാക്‌സാണ് കാത്തിരുന്നത്. കുളിച്ച് വസ്ത്രം മാറി ചായകുടിയ്ക്കുകയായിരുന്നു വിജയ് രാമൻ. പെട്ടെന്ന് ഫോൺ ശബ്ദിച്ചു. റിസീവർ എടുത്തപ്പോൾ..

“എസ്.പി.സാബോണോ സംസാരിയ്ക്കുന്നത്. ?”

“അതെ. ആരാണിത്.. ?”

“സർ ഹവാനായിൽ നിന്നും അങ്ങേയ്‌ക്കൊരു കാൾ.”

ആരാണിപ്പൊ ഹവാന(ക്യൂബ)യിൽ നിന്നു തന്നെ വിളിയ്ക്കാൻ എന്നു ശങ്കിച്ചുനിന്ന അദ്ദേഹത്തിന്റെ ചെവിയിൽ ഒരു ഗംഭീരശബ്ദം മുഴങ്ങി.

“ഇത് മഹാരാജ് ആണ്. ആദ്യമായി താങ്കളിന്നലെ നടത്തിയ ധീരമായ എൻകൗണ്ടറിന് താങ്കളേയും മറ്റു പോലീസുദ്യോഗസ്ഥരേയും ഹാർദ്ദമായി അഭിനന്ദിയ്ക്കുന്നു. വളരെ റിസ്‌കെടുത്ത് നിങ്ങൾ നടത്തിയ ഈ ഓപ്പറഷൻ ചംബലിന്റെ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.” ( മാധവ്‌റാവ് സിന്ധ്യ – പ്രമുഖരാഷ്ട്രീയ നേതാവ്- മഹാരാജ് എന്നാണ് അറിയപ്പെട്ടിരുന്നത്)

“താങ്ക്യൂ സർ.. പക്ഷെ താങ്കളിതെങ്ങനെ അറിഞ്ഞു ? ഇപ്പോൾ സമയം ഒമ്പതുമണി. രാത്രി വെളുക്കുവോളം നടന്ന ഓപ്പറേഷൻ ഹവാനയിലിരിയ്ക്കുന്ന അങ്ങ് അറിഞ്ഞെന്നോ..”

“ബിബിസിയുടെ അപ്‌ഡേറ്റ്‌സ് വഴി. അവരുടെ ന്യൂസിൽ തൊമാറിന്റെ കൊലപാതകം ഒരു പ്രധാന വിഷയമായിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.”

അത്ഭുതസ്തബ്ദനായ രാമനോട് സിന്ധ്യ പറഞ്ഞു.

“അതവിടെ നിൽക്കട്ടെ. അതല്ല ഇപ്പോൾ വിഷയം. ബിബിസി നിങ്ങളുടെ വീരകൃത്യത്തെപ്പറ്റിയല്ല പരാമർശിച്ചത്. സ്വതന്ത്രഭാരതത്തിൽ ഒരു പട്ടാളക്കാരൻ, അതും കായികരംഗത്ത് നിരവധി നേട്ടങ്ങൾ കൊയ്ത ഒരു അത്‌ലറ്റ്, ഒരു കൊള്ളക്കാരനായി മാറേണ്ടി വന്ന സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളാണ് ബിബിസി പങ്കുവച്ചത്. പരിഷ്‌കൃതസമൂഹമെന്ന് ലോകത്തിന് മുന്നിൽ അവകാശപ്പെടുന്ന ഭാരതത്തെക്കുറിച്ച് ഒരു അന്താരാഷ്ട്രമാദ്ധ്യമം ഇങ്ങനെ പറഞ്ഞപ്പോൾ സ്ത്യത്തിൽ എന്റെ തല കുനിഞ്ഞുപോയി. ആ വിഷമം താങ്കളോടു കൂടി പങ്കുവയ്ക്കണമെന്ന് തോന്നി. താങ്കളുടെ നേട്ടത്തെ വില കുറച്ചു കാണുകയാണെന്നു കരുതരുത്.”

അതിനു ശേഷവും വിജയ് രാമൻ പലപ്പോഴും ചംബൽ കൊള്ളക്കാരുമായി ഏറ്റുമുട്ടി വിജയം വരിച്ചിട്ടണ്ട്. മറ്റൊരു കുപ്രസിദ്ധ ഡാക്കുവായിരുന്ന മൽഖൻസിങ്ങുമായും ഒരിയ്ക്കൽ അദ്ദേഹം കൊമ്പുകോര്ത്തു. വിജയ് രാമൻ 2011 ൽ CRPF ൽ നിന്നും ഡി.ജി.പി ആയി വിരമിച്ചു. ഇപ്പോൾ പൂനെയിൽ വിശ്രമജീവിതം നയ്ക്കുന്നു. ഇതിനിടെ രാജ്യത്തെ ബി.എസ്എഫ് അടക്കം പല സശസ്ത്രസേനകളിലും സുപ്രധാനപദവികൾ വഹിച്ചു. പല അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പാൻസിങ്ങിന്റെ കൊലപാതകത്തിൽ പ്രധാന പങ്കുവഹിച്ച മഹേന്ദ്രപ്രതാപ്‌സിങ്ങ് ചൗഹാനെ 1984ൽ ധീരത്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നല്കി രാജ്യം ആദരിച്ചു. 40 വര്ഷത്തോളം മദ്ധ്യപ്രദേശ് പോലീസിലെ ആന്റി ഡക്കോയിറ്റി വിങ്ങിൽ എൻകൗണ്ടർ സ്‌പെഷലിസ്റ്റ് ആയി ജോലി ചെയ്തു. റിട്ടയർ ചെയ്തത് ഡി.വൈ.സ്.പി ആയിട്ടായിരുന്നു.

ആരാദ്ധ്യനായ ഒരു കായികതാരത്തിൽ നിന്നു ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി ആയിത്തീർന്ന തൊമാറിന്റെ രൂപാന്തരത്തിന്റെ മനശ്ശാസ്ത്രം ലോകപ്രശസ്തരായ മനോരോഗവിദഗ്ദരെക്കൂടി അമ്പരപ്പിച്ചു.

തൊമാറിന്റെ ജീവിതത്തെ ആസ്പദമാക്കി 2012ൽ പുറത്തുവന്ന പാൻസിങ്ങ് തൊമാർ എന്ന സിനിമയ്ക്ക് ഇർഫാൻ ഖാന് 2013 ലെ ബെസ്റ്റ് ആക്ടർ അവാര്ഡടക്കം നാലു അവാര്ഡുകൾ കിട്ടി. സഞ്ജയ് ചൗഹാന്റെ് തിരക്കഥക്ക് ത്രിമാൻഷു ധുലിയ സംവിധാനം നിർവ്വഹിച്ചു. എ-10 ഗ്യാങ്ങിന്റെ സെക്കന്റ് ഇൻ കമാന്റ് ആയിരുന്ന ബൽവന്ദ് 2012 മാര്ച്ച് രണ്ടിന് കൈലാഷ് ടാക്കീസിൽ ഈ സിനിമയുടെ ആദ്യത്തെ ഷോ കാണാനെത്തി എന്നത് ചരിത്രനിയോഗം ആയിരുന്നിരിയ്ക്കാം.

(Raman Mundanad) 

Pansingh Tomar full movie