മാതൃഭാഷയ്ക്ക് മഹാവിവരങ്ങളെ ഉൾക്കൊള്ളാനാവില്ലെന്നു വാദിക്കുന്നവരോട് ചിലത് പറയാനുണ്ട്

265

 Ramankutty Vadakkedath എഴുതുന്നു

മാതൃഭാഷയ്ക്ക് മഹാവിവരങ്ങളെ ഉൾക്കൊള്ളാനാവില്ലെന്നു വാദിക്കുന്നവരോട് ചിലത് പറയാനുണ്ട്.

തത്ത്വചിന്തയ്ക്ക് ദേശഭാഷയായ പാലി പാകപ്പെട്ടത് ഗൗതമ ബുദ്ധൻ അതിലൂടെ ചിന്ത പങ്കുവച്ചപ്പോഴാണ് – അതു വരെ പുരോഹിത ഭാഷയായ സംസ്കൃതമായിരുന്നു തത്ത്വചിന്തയുടെയും ഭാഷ – ബുദ്ധൻ്റെ തത്വചിന്ത പുരോഹിത ഭാഷക്കെതിരെ പൗരഭാഷ നടത്തിയ കലഹവും കടന്നിരിക്കലുമാണ് –

ആരാധനയ്ക്ക് പൗരഭാഷ (ദേശഭാഷ) മതിയെന്നായത് അനവധി ഭക്തി കവികളും പ്രചാരകരും തങ്ങളുടെ രചനകളും കണ്ടെത്തലുകളും അതിലൂടെ അവതരിപ്പിച്ചപ്പോഴാണ് . അതുവരെ ആരാധനാഭാഷ ദേവഭാഷയായ സംസ്കൃതമായിരുന്നു.ദേശഭാഷകൾ സർഗ്ഗ രചനകളാലും വിജ്ഞാനഭാരത്താലും വികസിച്ച ചരിത്രഘട്ടമാണ് ഭക്തിപ്രസ്ഥാന കാലം.

സാമൂഹിക വേർതിരിവിനെതിരെ മാനവ മൂല്യങ്ങളെ ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഉൾക്കൊണ്ടത് നവോത്ഥാന ചിന്തകൾ അതിൽക്കൂടി പുറത്തു വന്നപ്പോഴാണ് – നവോത്ഥാനം നാമ്പിട്ടത് ദേശഭാഷയിലാണ് .

ദേശഭാഷകളാണ് സ്വാതന്ത്ര്യ സമരത്തെ സാധ്യമാക്കിയത് – രാഷ്ട്രീയചിന്തകളെ ദേശ ഭാഷകൾ ഉൾക്കൊണ്ടതന്നാണ്. അടിമത്തത്തിനെതിരെ പോരാടാനുള്ള രാഷ്ട്രീയായുധമായി ദേശഭാഷകൾ പരുവപ്പെട്ടു വന്നതിൻ്റെ വഴി കൂടിയാണ് സ്വാതന്ത്ര്യ സമരം.

ഭാഷാധികാര വ്യവസ്ഥയിലെ ജനകീയ ഇടപെടലാണ് ഒരു ഭാഷയിലെ പരപ്പും ആഴവുമേറ്റുന്നത്.

PSC സമരത്തിൻ്റെ ആവശ്യവും ഇതിനോട് ചേർത്തു വായിക്കണം.ഇംഗ്ലീഷിനോടല്ല ഇംഗ്ലീഷ് മേൽക്കോയ്മയോടാണ് അതേറ്റു മുട്ടുന്നത്.മാതൃഭാഷയെ വേണ്ടതുപോലെ സ്ഥാനപ്പെടുത്തണമെന്നാണ് ഈ സമരം അധികാരസ്ഥാനങ്ങളെ ചൂണ്ടി ആവശ്യപ്പെടുന്നത് .

സമരത്തോടുള്ള എതിർപ്പുകൾ പരിശോധിച്ചാൽ ഒന്നു വ്യക്തമാണ്. മാതൃഭാഷയ്ക്കുള്ള കഴിവില്ലായ്മയാണത് കരഞ്ഞു പറയുന്നതെങ്കിലും എതിർപ്പിലടങ്ങിയ കാര്യം ഭാഷാപരമായ അടിമബോധമാണ്.
മാതൃഭാഷയ്ക്കല്ല, മാതൃഭാഷാ ബോധത്തിനാണ് കാര്യമായ കൊറങ്ങട് – അതിനാണ് ചികിത്സ വേണ്ടത്.

അധികാരത്തിൻ്റെ ഭാഷയോട് അടിച്ചമർത്തപ്പെട്ട ഭാഷയ്ക്ക് സന്ധിയല്ല, സമരമാണെപ്പോഴും .അത്തരം സമരങ്ങളാണ് ഭാഷാവികാസത്തെയും ഭാഷാ സമൂഹങ്ങളുടെ പദവിയെയും നിർണയിക്കുന്നതും നയിക്കുന്നതും. PSC സമരത്തിൽ ഈ രാഷ്ട്രീയവും കാണാനാവും. ഒരു ചോദ്യപ്പേപ്പർ മാറ്റമല്ല ചരിത്രമാവശ്യപ്പെടുന്ന ഉയർന്ന സ്ഥാനത്തേക്ക് അകത്തും അധികാര വഴിയിലും മാതൃഭാഷയെ സ്ഥാനപ്പെടുത്തുന്നതിനാണ് ഈ സമരം.