ഗ്രാമ പഞ്ചായത്ത് എന്ന സിനിമയെ ഹിന്ദു സാമൂഹ്യക്രമം, ജാതിപരമായ ചിന്തകൾ എന്നിവയെ ആസ്പദമാക്കി വിശകലനം ചെയുന്ന പോസ്റ്റാണിത്. മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ Aravind Indigenous ആണ് ഇത് പങ്കുവച്ചത്. പോസ്റ്റ് വായിക്കാം
Aravind Indigenous
ഹിന്ദു സാമൂഹ്യ ക്രമം
സ്വത്തുടമസ്ഥ, അധികാരം, സ്വീകാര്യത എന്നിവ ഒരു അധ്വാനവും കൂടാതെ സവര്‍ണ പുരുഷന്മാർക്ക് ശ്രേണീകൃതമായി വിതരണം ചെയ്യണം എന്നുള്ളതാണ് ഹിന്ദുയിസത്തിന്റെ മർമപ്രധാനമായ സാമൂഹ്യ ക്രമം എന്ന് അംബേദ്കർ വിശദീരിക്കുന്നുണ്ട്. ആർക്കാണ് ഈ ക്രമത്തിന്റെ ഗുണം ലഭിക്കുന്നത് എന്ന ചോദ്യം ഉയർത്തിയതുകൊണ്ടാണ് മറ്റുള്ള എല്ലാ സാമൂഹ്യ ശാസ്ത്രജ്ഞരിൽ നിന്നും അംബദ്കറെ വ്യത്യസ്തനാകുന്നത്.
ഹിന്ദു വിഭാഗങ്ങളിലെ ഓരോ ജാതി വിഭാഗങ്ങളേക്കാൾ അവർക്ക് മുകൾ തട്ടിൽ ഉള്ളവർക്ക് സ്വത്തുടമസ്ഥതയും അധികാരവും സ്വീകാര്യതയും ലഭിക്കും. ഈ ക്രമത്തിന്റെ ഏറ്റവും ഗുണം ലഭിക്കുന്നവർ ബ്രാഹ്മണരിലെ പുരുഷന്മാർ ആയിരിക്കും എന്ന അംബേദ്കർ പറയുന്നു.
മറ്റൊരു സാമൂഹ്യ ശാസ്ത്രജ്ഞനും ഉയർത്താത്ത മർമപ്രധാനമായ അഭിപ്രായമാണ് ഇത്. തങ്ങളുടെ ഈ അധീശത്വം നിലനിർത്താൻ ബ്രാഹ്മണർ മറ്റു വിഭാഗങ്ങളുമായുള്ള ഇടകലരലും കൂട്ടായ്മയും അവസാനിപ്പിച്ചു. ഒരു കുടുംബത്തിലെ ഏറ്റവും മൂത്ത പുരുഷന് മാത്രമേ സ്വസമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ അധികാരമുണ്ടായിരുന്നുള്ളൂ. സ്വസമുദായത്തിലെ പുരുഷന്മാർക്ക് ഔദ്യോഗികമായി വിവാഹം കഴിക്കാനുള്ള സാദ്ധ്യതകൾ അടച്ചത് അവിവാഹിതകളായ സ്വ സമുദായത്തിലെ സ്ത്രീകളുടെ എണ്ണം വർധിപ്പിച്ചു.
മറ്റുവിഭാഗങ്ങളുമായി സമുദായത്തിന്റെ ഇടകലരൽ സാധ്യത ഭയപ്പെട്ടിരുന്ന പുരുഷന്മാർ ബ്രാഹ്മണ സ്ത്രീകളെ നിഷ്ടൂരമായ രീതിയിൽ നിയന്ത്രിക്കാൻ ആരംഭിച്ചെന്നും അംബേദ്കർ കണ്ടെത്തി.പതിവ്രത്യത്തിന്റെ മഹത്വവത്കരിക്കൽ, ശൈശവ വിവാഹം, വിധവത്വം എന്നിവ സമുദായത്തിലെ സ്ത്രീകളെ നിയന്ത്രിക്കുവാൻ ബ്രാഹ്മണർ രൂപീകരിച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കീഴത്തട്ടിൽ ഉള്ളവരെ സ്വത്തുടമസ്ഥയിൽ നിന്നും അധികാരത്തിൽ നിന്നും പുറത്തു നിർത്തുക, സ്വസമുദായത്തിലെ സ്ത്രീകളെ മറ്റു വിഭാഗങ്ങളുമായി ഇടകലരാൻ അനുവദിക്കാതിരിക്കുക എന്നിവയൊക്കെ ബ്രാഹ്മണ പുരുഷന്മാർ തുടർന്ന് വന്ന സാമൂഹ്യക്രമങ്ങളും പെരുമാറ്റ രീതിയുമാണ്.
ബ്രാഹ്മണരോളമോ അതിനൊപ്പമോ അധികാരവും സ്വീകാര്യതയും നേടുവാൻ കീഴത്തട്ടിലെ വിഭാഗങ്ങളും ഇത്തരം പെരുമാറ്റ രീതികൾ അനുകരിച്ചു തുടങ്ങിയതാണ് ജാതി വ്യവസ്ഥയുടെ പുനരുത്പാദനത്തിന് കാരണം എന്ന് അംബേദ്കർ “Castes in India: Their Mechanism, Genesis and Development, 1917” എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. അങ്ങനെ വരുമ്പോൾ മുഴുവൻ വ്യവസ്ഥയുടെയും അതിക്രമങ്ങൾ കീഴാളരും ഏറ്റുവാങ്ങുമെന്ന് പിന്നീട് ഈ വ്യവസ്ഥയെക്കുറിച്ചു പഠിച്ച അനേകം സാമൂഹ്യ ശാസ്ത്രജ്ഞർ വ്യക്തമാക്കി. കീഴാളരിൽത്തന്നെ സ്ത്രീകൾ സമുദായത്തിനകത്തും കൂടുതൽ അതിക്രമങ്ങൾക്ക് ഇരയാകും എന്നത് ഇതിന്റെ തുടർച്ചയാണ്.
References. Ambedkar, B. R. (May 1917). “Castes in India: Their Mechanism, Genesis and Development”. Indian Antiquary.
—————————————
ഗ്രാമപഞ്ചായത്ത് 1998
2.16 Hour
സംവിധാനം രാമസിംഹൻ
ഈ സിനിമ ഈ കാലഘട്ടത്തിൽ സവിശേഷമാകുന്നത് അതിന്റെ കഥ സന്ദർഭം ഹിന്ദു സാമൂഹിക ക്രമത്തെ വിമർശിക്കുകയും അതിന്റെ സങ്കല്പങ്ങളെ പുനഃക്രമീകരിക്കുകയും ചെയുന്നു എന്നതുകൊണ്ടാണ്. സമ്പത്തുള്ള വിദ്യാഭ്യാസവുമുള്ള കീഴാളന് രണ്ട് സുഹൃത്തുക്കൾ. ഒരാൾ കീഴാളനും മറ്റെയാൾ സവർണനും. രാജൻ പി ദേവ് അവതരിപ്പിക്കുന്ന പപ്പു കീഴാളനും എൻ എഫ് വർഗീസ് അവതരിപ്പിക്കുന്ന ഗുണശേഖരൻ സവര്‍ണനും. ബാര്‍ബറായ പപ്പുവിന്റെ സാമ്പത്തികവും സാമൂഹികവുമായ സഹായം കൊണ്ട് ജീവിതം മെച്ചപ്പെടുത്തിയെടുക്കുന്ന ഗുണശേഖരൻ. തന്റെ മകനെ (ജഗതീഷ്) ഗുണശേഖരന്റെ മകൾ സുനന്ദയെക്കൊണ്ട് (കാവേരി) വിവാഹം കഴിപ്പിക്കാനുള്ള ആഗ്രഹം പപ്പു പറയുന്നതോടെ ഗുണശേഖരൻ അയാളെ ജാതീയമായി അധിക്ഷേപിക്കുകയും അവർ തമ്മിൽ അകലുകയും ചെയുന്നു. പപ്പുവിന്റെ മകന് ചക്രപാണിക്ക് ഗുണശേഖരന്റെ മകളോട് പ്രണയം തോന്നുകയും ഗുണശേഖരന്റെ എതിർപ്പിനെ മറികടന്നുകൊണ്ട് മകൾ സുനന്ദയ്ക്ക് ചക്രപാണിയോട് തിരിച്ച് പ്രണയം തോന്നുകയും അനേകം പ്രശ്നങ്ങൾക്കൊടുവിൽ അവർ ഒന്നാകുകയും ചെയുന്നുതാണ് കഥ.
കീഴാളനായ പപ്പുവിന് മെച്ചപ്പെട്ട സമ്പത്തുണ്ട്, അയാളുടെ മകൻ ചക്രപാണി ഗ്രാമത്തിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ളയാളാണ്.കീഴാളനെ ഒരിക്കലും അംഗീകരിക്കാൻ തയ്യാറാവാത്ത സവർണ്ണൻ. കീഴാളനായ പപ്പുവിന് മെച്ചപ്പെട്ട സമ്പത്തുണ്ട്, അയാളുടെ മകൻ ചക്രപാണി ഗ്രാമത്തിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ളയാളാണ് എന്നിട്ട് പോലും അയാളെ അംഗീകരിക്കുവാൻ ഗുണശേഖരന് തയ്യാറാകുന്നില്ല. ഒരു സർക്കാർ ജോലി ലഭിച്ചാൽ പോലും തണ്ടിന്റെ മകളെ ഒരു ബാർബറുടെ കുടുംബത്തിലേക്ക് അയക്കില്ല എന്നാണ് അയാൾ അധിക്ഷേപിച്ചുകൊണ്ട് പറയുന്നത്.
സ്ത്രീകളെ നിയന്ത്രിക്കുന്ന സവർണ പുരുഷൻ
സിനിമയുടെ തുടക്കത്തിൽ തന്നെ ഹിന്ദു സാമൂഹ്യക്രമത്തിന്റെ സങ്കല്പങ്ങളെ പൊളിക്കുന്ന സന്ദര്‍ഭങ്ങളാണ് ഉള്ളത്. മെച്ചപ്പെട്ട രീതിയിൽ സാമ്പത്തിക സാഹചര്യമുള്ള കീഴാളനായ പപ്പുവിന്റെ സഹായത്തോടെ ജീവിതം മെച്ചപ്പെടുത്തുന്ന ഗുണശേഖരൻ. ഗ്രാമത്തിലെ തന്നെ ഏറ്റവും വിദ്യാഭ്യാസമുള്ളയാളാണ് പപ്പുവിന്റെ മകൻ ചക്രപാണി. എല്ലാത്തരത്തിലും സ്വന്തം മകളെ കീഴ്ത്തട്ടിലേക്ക് വിവാഹം കഴിക്കുന്നതിനെ അറപ്പോടെ കാണുന്ന ഗുണശേഖരൻ. അയാളുടെ തീരുമാനപ്രകാരമാണ് പിന്നീട് ആ കുടുംബങ്ങൾ തമ്മിൽ അകലുന്നത്. കുടുംബങ്ങൾ അകലുന്നു എന്നതിലുപരി ആ കുടുംബത്തിലെ സ്ത്രീകളെ നിയന്ത്രിക്കുന്നത്.
സ്ത്രീകൾ തമ്മിലുള്ള സാഹോദര്യം
അപ്പോഴും രണ്ടു വീടുകളിലുമുള്ള സ്ത്രീകൾ തമ്മിൽ സവിശേഷമായ ഒരു സ്നേഹവും പരസ്പര വിശ്വാസവും നമുക്ക് സിനിമയിൽ കാണാനാകും.സ്വത്തുടമസ്ഥയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കൽ
പപ്പുവിനോട് ശത്രുത വർധിക്കുന്ന ഗുണശേഖരൻ അയാളോട് പകരം ചെയുന്നത് പുതിയൊരു ബാർബർ ഷോപ് അതെ ഗ്രാമത്തിൽ തുടങ്ങി അയാളുടെ വരുമാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടാണ്. അതും വിജയിക്കാതെ ആയപ്പോൾ താൻ പുതുതായി തുടങ്ങിയ ബാര്‍ബര്‍ഷോപ്പിൽ സൗജന്യമായി സർവീസ് കൊടുത്തുകൊണ്ട് അയാൾ പപ്പുവിന്റെ കുടുംബത്തിന്റെ വരുമാനം ഇല്ലാതാക്കാനും ശ്രമിക്കുന്നുണ്ട്.
ശക്തരായ കീഴാള സ്ത്രീകൾ
സ്വത്തുടമസ്ഥയിൽ നിന്നും കീഴാളരെ പുറത്താക്കാൻ ശ്രമിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ഏറ്റവും ലക്ഷണമൊത്ത വരച്ചുകാട്ടൽ ആയിരുന്നു അത്.എന്നാൽ അതിനെ പപ്പു അതിനെ തകർക്കുന്നത് മോഡേൺ ആയ തന്റെ മരുമകൾ പങ്കജാക്ഷിയെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നുകൊണ്ടാണ്. കീഴാള സ്ത്രീയെ വളരെ മോഡേൺ ആയി അവതരിപ്പിക്കുന്നു എന്ന് മാത്രമല്ല കീഴാള സ്ത്രീകൾ സ്വയം തീരുമാനം എടുക്കാൻ ശേഷിയുള്ളവരായും സിനിമ ചിത്രീകരിക്കുന്നു. കീഴാളരെ മോശപ്പെട്ടവരായി സവർണർ കാണുമ്പോഴും അതിനെ ഒന്നും വകവെക്കാതെ വളരെ മോഡേൺ ആയി പുതിയ കാലത്തിനൊത്ത രീതിയിലുള്ള ഒരു സ്ത്രീ ആയിട്ടാണ് പങ്കജാക്ഷിയെ സിനിമയിൽ അവതരിപ്പിക്കുന്നത്. കഥാഗതിയെ നിയന്ത്രിക്കുന്നതിൽ ഈ കഥാപാത്രത്തിന് നിർണായകമായ സ്ഥാനമുണ്ട്.
കീഴാളർ തമ്മിലുള്ള സാഹോദര്യം
ഹിന്ദുത്വത്തിനെതിരെയുള്ള ഏറ്റവും ശക്തമായ മറ്റൊരു ആയുധം കീഴാളർ തമ്മിലുള്ള സഹോദര്യമാണ്. പപ്പുവിന്റെ വരുമാനം ഇല്ലാതാക്കാൻ മറ്റൊരു ബാര്‍ബറായ ആർ എ ജപ്പാനെ ഗുണശേഖരൻ കൊണ്ടുവരുന്നുണ്ടെങ്കിലും അവസാനമാകുമ്പോൾ ആർ എ ജപ്പാൻ പങ്കജാക്ഷിയെ വിവാഹം കഴിക്കുകയും ചക്രപാണിയോടൊപ്പം നീക്കുകയും ചെയുന്നു.
Note : ഈ സിനിമ വിജയിച്ചിരുന്നു ഇല്ലയോ എന്നെനിക്കറിയില്ല, എന്നാൽ ഈ സിനിമ സംവിധാനം ചെയ്തത് മലയാള സിനിമയിലെ ഏറ്റവും ആദിവാസി വിരുദ്ധ സിനിമയായ ബാംബൂ ബോയ്സ് സംവിധാനം ചെയുകയും പിന്നീട് രാമ സിംഹൻ എന്ന പേര് സ്വീകരിച്ച് ഇന്ന് സംഘപരിവാർ പാളയത്തിൽ എത്തുകയും ചെയ്ത പഴയ അലി അക്ബർ ആണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.