രാമായണവും മഹാഭാരത കഥയും
( ആദിപുരുഷുവിൽ ഇല്ലാത്തത് )

Sanuj Suseelan

കൊറോണ കാരണം വിനോദ ചാനലുകളൊക്കെ ബിസിനസ്സ് ഇടിഞ്ഞു കട പൂട്ടി നിൽക്കുമ്പോൾ അവിചാരിതമായി ലോട്ടറി അടിച്ച ഒരാളാണ് ദൂരദർശൻ. മഹാഭാരതവും രാമായണവും പരീക്ഷണാടിസ്ഥാനത്തിൽ സംപ്രേഷണം തുടങ്ങിയപ്പോൾ ആദ്യത്തെ ആഴ്ച പരസ്യമില്ലാതെയും പിന്നീട് ആകെപ്പാടെ ഒന്നോ രണ്ടോ പരസ്യവും മാത്രമാണ് ഉണ്ടായിരുന്നത്. അമുൽ ആയിരുന്നു ആദ്യ സ്പോൺസർ. എന്നാൽ ഇപ്പോൾ എൽ ഐ സി ഹൗസിങ് ഫിനാൻസ്, ഘടി ഡിറ്റർജെന്റ്റ് തുടങ്ങി നാലോ അഞ്ചോ കമ്പനികൾ കൂടി സ്പോൺസേഴ്‌സായി വന്നിട്ടുണ്ട്. ഓരോ ദിവസവും പരസ്യങ്ങൾ കൂടി വരുന്നുമുണ്ട്. ദൂരദർശൻ ഒരു സർക്കാർ സ്ഥാപനം ആണല്ലോ. കേന്ദ്ര സർക്കാർ നിർദേശം ഉള്ളതുകൊണ്ട് മാത്രം പണ്ടത്തെ ബീറ്റമാക്സ് ടേപ്പുകൾ പൊടി തട്ടിയെടുത്ത് നീളമുള്ള ഭാഗങ്ങൾ എഡിറ്റ് ചെയ്തു കളഞ്ഞിട്ടു കാണിക്കുകയാണ് അവർ. എന്തോ ഒരു ചടങ്ങു പോലെ. തങ്ങളുടെ കയ്യിലുള്ള നിധിയുടെ യഥാർത്ഥ വില അവർക്ക് പിടികിട്ടിയിട്ടില്ല . ഇത്രയും കച്ചവടമൂല്യമുള്ള ഈ രണ്ടു സീരിയലുകളും ഏതെങ്കിലും സ്വകാര്യ ചാനലുകളുടെ പക്കൽ കിട്ടിയാൽ അവർ അതിലെ ഓരോ സീനും വിറ്റു കാശാക്കിയേനെ. എന്തായാലും ഇത്രയും വർഷങ്ങൾക്കു ശേഷവും രാമായണത്തിനും മഹാഭാരതത്തിനും നമ്മുടെ രാജ്യത്ത് ഇത്രയും കാഴ്ചക്കാരുണ്ട് എന്നത് കൗതുകകരമാണ്. ഏപ്രിൽ മൂന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട ചാനൽ ദൂരദർശൻ ആയിരുന്നുവെന്നാണ് BARC റേറ്റിംഗുകൾ സൂചിപ്പിക്കുന്നത്.

       ഭാരതത്തിലെ രണ്ടു ഇതിഹാസങ്ങളാണല്ലോ രാമായണവും മഹാഭാരതവും. ഇതിലെ പല കഥകളും ഉപകഥകളും ആസ്പദമാക്കി ചലച്ചിത്രങ്ങൾ ഒരുപാടെണ്ണം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഈ ഇതിഹാസങ്ങൾ പൂർണമായും ഉൾക്കൊള്ളുന്ന രീതിയിൽ ആവിഷ്കരിക്കാൻ നടത്തിയിട്ടുള്ള ശ്രമങ്ങൾ കുറവാണ്. അതിൽ ആദ്യത്തേതാണ് രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണവും ബി ആർ ചോപ്ഡായും രവി ചോപ്ഡായും സംവിധാനം ചെയ്ത മഹാഭാരതവും. അക്ഷരാർത്ഥത്തിൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ സീരിയലുകളായിരുന്നു ഇത് രണ്ടും. കഥകളുടെയും വിശ്വാസങ്ങളുടെയും മന്ത്രവാദത്തിന്റെയും ഒക്കെ വളക്കൂറുള്ള ഇന്ത്യൻ സമൂഹത്തിൽ ഇതെല്ലാമുള്ള രണ്ടു കഥകൾ ചരിത്രം സൃഷ്ടിച്ചതിൽ അത്ഭുതമില്ല. ഇത് സംപ്രേഷണം ചെയ്തിരുന്ന ഞായറാഴ്ച പ്രഭാതങ്ങളിൽ ടി വിയുടെ മുന്നിൽ ദീപം തെളിയിച്ചു പ്രാർത്ഥനാ ഭാവത്തോടെ അത് ആസ്വദിച്ചിരുന്ന കോടിക്കണക്കിനു പ്രേക്ഷകർ ഇന്ത്യയിലുണ്ടായിരുന്നു. ജാതി മത ഭേദമെന്യേ പ്രേക്ഷകർ അതാസ്വദിച്ചു. ദൂരദർശൻ മാത്രം നിലവിലുണ്ടായിരുന്ന അക്കാലത്തെ മൊത്തം ടി വി പ്രേക്ഷകരുടെ എൺപതു ശതമാനവും കണ്ടിരുന്ന സീരിയലുകളാണ് ഇവ രണ്ടും എന്ന് കണക്കുകൾ തെളിയിച്ചിട്ടുണ്ട്.

ഈ സീരിയലുകളുടെ വമ്പിച്ച വിജയം സ്വാഭാവികമായും പല ചലച്ചിത്ര പ്രവർത്തകരെയും ആകർഷിച്ചു. ഇതിന്റെ അതേ ഫോർമുല പിന്തുടർന്ന സീരിയലുകൾ ദൂരദർശനിൽ തന്നെ തുരുതുരാ വരാൻ തുടങ്ങി. എന്നാൽ അതിൽ വളരെ ചുരുക്കം സീരിയലുകൾക്ക് മാത്രമാണ് വിജയിക്കാനായത്. അന്നത്തെ കാലത്ത് വൻതുക മുടക്കി നിർമിച്ച ഓം നമഃശിവായ തന്നെ ഉദാഹരണം. വർഷങ്ങൾക്ക് ശേഷം സ്വകാര്യ ചാനലുകൾ പ്രചാരത്തിലായപ്പോളും ഇതേ ട്രെൻഡ് ആവർത്തിച്ചു. പക്ഷെ കോർപറേറ്റ് രീതിയിൽ നിർമിക്കപ്പെട്ട അത്തരം “ഭക്തി” സീരിയലുകളിൽ ഇല്ലാതിരുന്നത് ഒന്ന് മാത്രമായിരുന്നു. മറ്റൊന്നുമല്ല, ഭക്തി തന്നെ. സോണി, സീ ടി വി തുടങ്ങിയ ചാനലുകളിലെ അത്തരം സീരിയലുകൾക്ക് പലപ്പോഴും ഒരു ബോളിവുഡ് സിനിമയുടെ കെട്ടുമാറാപ്പായിരുന്നു ഉണ്ടായിരുന്നത്. സിക്സ് പാക്ക് ബെല്ലി ഉള്ള ശിവൻ, ഡിസൈനർ ടാറ്റൂ അടിച്ചു നടക്കുന്ന ഫ്രീക്കൻ കിഷൻ, റാമ്പ് വോക്ക് മോഡലുകളെ പോലുള്ള അപ്സരസ്സുകൾ തുടങ്ങി ബോളിവുഡ് വെറും കെട്ടുകാഴ്ചകൾ മാത്രമായി അതിൽ പലതും അവസാനിച്ചു. സമയം കുമ്മായവും സ്നോസവും ഒക്കെ അടിച്ചു ഭംഗി വരുത്തിയ സെറ്റുകളിൽ ഷൂട്ട് ചെയ്ത രാമായണവും ഭാരതവും ഇപ്പോളും ആസ്വാദ്യകരമാവുന്നത് അതിൻ്റെ സമഗ്രതയിലും ഉള്ളടക്കത്തിന്റെ അധികാരികതയിലുമാണ്. സംഗീതത്തിന്റെ അമിതമായ ഉപയോഗം കൊണ്ടും അല്പം വലിച്ചു നീട്ടൽ ഉള്ളതുകൊണ്ടും രാമായണം വ്യക്തിപരമായി ഇഷ്ടമല്ല. പക്ഷെ മഹാഭാരതം അങ്ങനെയല്ല. എല്ലാ രീതിയിലും മികവ് പുലർത്തിയ ഒരു സൃഷ്ടി ആയിരുന്നു അത്.

“ഇതിലുള്ളത് എല്ലായിടത്തുമുണ്ട്, ഇതിലില്ലാത്തത് ഒരിടത്തുമില്ല” എന്ന ആമുഖത്തോടെയാണ് മഹാഭാരതം ആരംഭിക്കുന്നത് എന്നെവിടെയോ വായിച്ചിട്ടുണ്ട്. അത്രയ്ക്കും വിശാലമാണ് നൂറു കണക്കിന് കഥകളും ഉപകഥകളും അത്രയും തന്നെ കഥാപാത്രങ്ങളും വിചിത്രമായ പല ബന്ധങ്ങളും ഒക്കെ നിറഞ്ഞ ഈ ഇതിഹാസം. ടി വി സ്ക്രീനിനു ചേർന്ന രീതിയിൽ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന എപ്പിസോഡിൽ ഒതുങ്ങുന്നതല്ല അതിലെ പല കഥകളും. ഒറ്റനോട്ടത്തിൽ അസാധ്യമെന്നു വിലയിരുത്താവുന്ന ഒരു ദൗത്യമാണ് ഇതിന്റെ അണിയറക്കാർ ഏറ്റെടുത്തത് എന്ന് വേണം കരുതാൻ. അന്ന് നിലവിലുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യയ്ക്ക് പോലും പൂർണമായി വഴങ്ങാത്ത വിശാലമായ കഥാ സന്ദർഭങ്ങൾ, ആയിരക്കണക്കിന് പോരാളികൾ പങ്കെടുക്കുന്ന മഹാ യുദ്ധങ്ങൾ, പല രീതിയിലുള്ള അത്ഭുതങ്ങൾ, രൂപമാറ്റങ്ങൾ, കോട്ടകൾ, കൊത്തളങ്ങൾ തുടങ്ങി ദൃശ്യവൽക്കരണം എങ്ങനെയാവും എന്ന് വെല്ലുവിളി ഉയർത്തുന്ന പലതും ബുദ്ധി കൊണ്ടും കൗശലം കൊണ്ടും അവർ മറികടന്നു. കുരു രാജവംശത്തിന്റെ ഉദയത്തിൽ നിന്ന് തുടങ്ങി യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ സിംഹാസനമേറുന്നത് വരെയുള്ള ഗംഭീരമായ കഥ നൂറോളം എപ്പിസോഡുകളിലൂടെയാണ് ഇതൾ വിരിയുന്നത് . ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും അവിടത്തെ പ്രാദേശിക ഭാഷകളിൽ ഡബ്ബ് ചെയ്തായിരുന്നു ഇത് കാണിച്ചിരുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോക ടെലിവിഷൻ ചാനലുകളായ ബി ബി സി , ഫിജി ടെലിവിഷൻ എന്നിവരൊക്കെ ഇത് സംപ്രേഷണം ചെയ്തു. ഇന്തോനേഷ്യയിൽ ഇത് ഒരു വലിയ ഹിറ്റാവുകയും ചെയ്തു.

മഹാഭാരതം സീരിയൽ ഇത്രയും ആസ്വാദ്യമാകാനുള്ള രണ്ടു കാരണങ്ങൾ എന്താണെന്നു ചോദിച്ചാൽ ഞാൻ പറയും അതിന്റെ തിരക്കഥയും അതിലെ താരങ്ങളുമാണ് എന്ന്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ, ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച, ഉറുദു കവി കൂടിയായ ഡോക്ടർ റാഹി മഹൂം രാസയാണ് ഈ ഇതിഹാസ കഥയുടെ ടെലിവിഷൻ രൂപാന്തരത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. കോടിക്കണക്കിനു ഹിന്ദുക്കൾ വികാരമായി കൊണ്ട് നടക്കുന്ന ബൃഹത്തായ ഈ ഇതിഹാസത്തിനു തിരക്കഥയെഴുതാൻ അദ്ദേഹം തയാറായത് അതിലുള്ള അറിവും സമകാലിക സമൂഹത്തിൽ എങ്ങനെയാണു ആ കഥ അവതരിപ്പിക്കേണ്ടത് എന്നതിനുള്ള ആത്മവിശ്വാസം കൊണ്ടുമാണ്. ആ ജോലി അദ്ദേഹത്തെ ഏൽപ്പിച്ചത് എത്ര നന്നായി എന്ന് ആ സീരിയൽ കണ്ടാൽ മനസ്സിലാവും. നാടകീയമായ സന്ദർഭങ്ങൾ നിറഞ്ഞ ഒരു കഥയെ ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ, ഉദാഹരണ സഹിതമുള്ള സംഭാഷങ്ങൾ ചേർത്ത് മനോഹരമാക്കി മാറ്റി അദ്ദേഹം. ഇന്നത്തെ അപേക്ഷിച്ചു നോക്കുമ്പോൾ മത സ്പർദ്ധ അധികമില്ലാതിരുന്ന അക്കാലത്ത് ഒരു മുസ്ലീമാണ് ഒരു ഹിന്ദു ഇതിഹാസത്തിനു തിരക്കഥയും സംഭാഷണവും എഴുതുന്നത് എന്നത് ആർക്കും ഒരു വിഷയമായിരുന്നില്ല. കുറച്ചു വർഷം മുമ്പ് മഹാഭാരതം ഒരു മൂവി സീരിസായി നിർമിക്കാൻ റിലയൻസ് ഒരുങ്ങുന്നു എന്ന മട്ടിൽ വാർത്തകൾ വന്നിരുന്നു. അതിൽ ശ്രീകൃഷ്ണനെ അവതരിപ്പിക്കുന്നത് പ്രശസ്ത ബോളിവുഡ് താരം ആമിർഖാൻ ആണെന്ന ട്വീറ്റുകൾ സൃഷ്ടിച്ച വിവാദങ്ങൾ ഓർമയുണ്ടാവുമല്ലോ അല്ലേ ?

ശകുനിയുടെ വേഷം അവതരിപ്പിച്ച ഗുഫി പൈന്റൽ തന്നെയായിരുന്നു മഹാഭാരതത്തിലെ കാസ്റ്റിംഗ് ഡയറക്ടറും. ദുര്യോധനനെ അവതരിപ്പിച്ച പുനീത് ഇസ്സർ, ഭീമനെ അവതരിപ്പിച്ച പ്രവീൺ കുമാർ , കൃഷ്ണനെ അവതരിപ്പിച്ച നിതീഷ് ഭരദ്വാജ്, ദ്രൗപദിയെ അവതരിപ്പിച്ച രൂപാ ഗാംഗുലി, ഭീഷ്മരെ അവതരിപ്പിച്ച മുകേഷ് ഖന്ന, കർണ്ണനെ അവതരിപ്പിച്ച പങ്കജ് ധീർ തുടങ്ങി എത്രയോ പേരെയാണ് അദ്ദേഹം കണ്ടെടുത്തത്. യഥാർത്ഥ ജീവിതത്തിൽ ഒരു മൃഗ ഡോക്ടർ ആയ നിതീഷും ഗുസ്തി ചാമ്പ്യൻ ആയ പ്രവീൺ കുമാറുമൊക്കെ ആ കഥാപാത്രങ്ങളുടെ ടെംപ്ലേറ്റ് പോലെ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. അത്രയും പെർഫെക്ട് ആയിരുന്നു അതിലെ ഓരോ അഭിനേതാക്കളും. രാമായണത്തിൽ ഹനുമാനെ അവതരിപ്പിച്ച മറ്റൊരു ഗുസ്തി ചാമ്പ്യനായ ധാരാ സിങ് തന്നെയാണ് ഭാരതത്തിലും അതേ കഥാപാത്രമായി വന്നത്. ഇവരെയൊക്കെ യഥാർത്ഥ ജീവിതത്തിലും ആ കഥാപാത്രങ്ങളായിട്ടാണ് പ്രേക്ഷകർ കണ്ടത്. അർജുനനെ അവതരിപ്പിച്ച നടൻ സ്വന്തം പേര് ഔദ്യോഗികമായി തന്നെ അർജുൻ എന്ന് മാറ്റിയിരുന്നു. ഇതിലെ പല അഭിനേതാക്കളും നേരിട്ട മറ്റൊരു പ്രശ്നം അവർ വലിയ രീതിയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ്. രാമായണത്തിന് പുറകെ വന്ന മറ്റൊരു സീരിയലിൽ മിഡിയും ടോപ്പും അണിഞ്ഞു പ്രത്യക്ഷപ്പെട്ട ദീപിക ചിക്ലിയയ്ക്ക് വലിയ വിമർശനം നേരിടേണ്ടി വന്നത് വാർത്തയായിരുന്നു. രാമന്റെ വേഷം ചെയ്തത് കാരണം പുറത്തിറങ്ങി ഒരു സിഗരറ്റ് വലിക്കാൻ പോലും ജനം അനുവദിക്കുന്നില്ല എന്ന് അരുൺ ഗോവിൽ തമാശ പറഞ്ഞതും ഓർമ വരുന്നു. ദ്രൗപദിയെ അവതരിപ്പിച്ച രൂപാ ഗാംഗുലി പരസ്യമായി പുകവലിക്കുന്നതിന്റെ ചിത്രം അവർക്ക് വധഭീഷണി വരെ നേടിക്കൊടുത്തിരുന്നു. ഞാൻ ഗന്ധർവ്വൻ എന്ന മലയാള ചിത്രത്തിൽ ഗന്ധർവനെ അവതരിപ്പിക്കാൻ നിധീഷിനെ തെരഞ്ഞെടുത്തതിന് പിന്നിലും കൃഷ്ണനെ അവതരിപ്പിച്ചതിൽ കാണിച്ച മികവും അതിൽക്കൂടി നേടിയ ജനപ്രീതിയുമാണ് ഒരു ഘടകമായത് എന്നും കേട്ടിട്ടുണ്ട്. കൃഷ്ണനിൽ പ്രത്യക്ഷമായ ആ കുസൃതിച്ചിരിയും സുന്ദരിമാരെ മയക്കുന്ന ഭാവ ഹാവാദികളുമാണ് സമാനമായ പ്രത്യേകതകളുള്ള ഗന്ധർവ്വ കഥാപാത്രത്തെ അവതരിപ്പിക്കാൻ പദ്മരാജനെ പ്രേരിപ്പിച്ചുണ്ടാവുക. എന്തായാലും അന്നത്തെ തലമുറയിലെ പലരും ഇപ്പോളും രാമനായും കൃഷ്ണനായും അർജുനനായും ഭീമനായുമൊക്കെ മനസ്സിൽ കാണുന്നത് ഈ അഭിനേതാക്കളുടെ മുഖമാണ്.

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഈ രണ്ടു സീരിയലുകളും വി സി ആറിൽ റെക്കോർഡ് ചെയ്തു പുറത്തു കൊണ്ട് പോയി വിദേശികൾക്ക് വിൽക്കുന്ന സംഘങ്ങൾ അന്നുണ്ടായിരുന്നു. അത്തരം പൈറേറ്റഡ് കോപ്പികൾ കണ്ടു ഇന്ത്യൻ മിത്തോളജിയുടെ ആരാധകരായി മാറിയ പാശ്ചാത്യരെക്കുറിച്ചുള്ള വാർത്തകൾ ഒരുപാടു കണ്ടിട്ടുണ്ട്. ലോകം മുഴുവൻ പ്രേക്ഷകരെ ലഭിക്കാവുന്ന, ലോകത്തുള്ള ഏത് പൗരാണിക ഇതിഹാസത്തോടും കിട പിടിക്കുന്ന, ഒരുപക്ഷെ അതിനും മുകളിൽ നിൽക്കുന്ന മഹാഭാരതം എന്തുകൊണ്ടാണ് സിനിമയാക്കാൻ ലോകസിനിമയിലെ പ്രശസ്തർ ശ്രമിക്കാത്തത് എന്ന് പലപ്പോളും ആലോചിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ മണിക്കൂറിൽ ഒതുങ്ങാത്ത അതിൻ്റെ വലിപ്പമാവണം കാരണം. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഇക്കാലത്ത് അതിലെ ദൃശ്യവൽക്കരണത്തിലെ വെല്ലുവിളികളൊന്നും ഒരു പ്രശ്നമാവാൻ സാധ്യതയില്ല. എന്തായാലും ദൂരദർശന്റെ കയ്യിലുള്ള ടേപ്പുകൾ നശിക്കുന്നതിന് മുമ്പേ ആരെങ്കിലും മുൻകൈയടുത്ത് അതിനെ ഡിജിറ്റലായി കൺവെർട്ട് ചെയ്തു മാർക്കറ്റിൽ ഇറക്കിയിരുന്നുവെങ്കിൽ നന്നായിരുന്നു.

പരസ്യങ്ങളൊക്കെ കിട്ടുന്നതുകൊണ്ടാവണം, അന്നത്തെ ഇടിവെട്ട് സീരിയലുകളായ ശക്തിമാൻ, ബോംകേഷ് ബക്ഷി, ഷാഹ്‌റുഖ് ഖാൻ ആദ്യമായി അഭിനയിച്ച സർക്കസ്, ശ്രീമാൻ ശ്രീമതി, ദേഖ് ഭായ് ദേഖ്, ബുനിയാദ് തുടങ്ങിയവയൊക്കെ പുനഃസംപ്രേഷണം തുടങ്ങിയിട്ടുണ്ട്. അന്നത്തെ ഹരമായിരുന്ന ശാന്തിയും സ്വാഭിമാനും എന്ന് വരുമെന്ന് നോക്കിയിരിക്കുകയാണ് ഞാൻ

Leave a Reply
You May Also Like

കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം ‘നിഴലാഴം’

കൊച്ചി ബിനാലയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം ‘നിഴലാഴം’ ‘തോൽപ്പാക്കൂത്ത് കല’ പ്രമേയമാക്കി രാഹുൽ രാജ് തിരക്കഥയെഴുതി…

‘മുള്ളൻകൊല്ലി വേലായുധനെ പേടിച്ചു മുണ്ട് അഴിച്ചു നിൽക്കുന്ന കീരി’, ഭീമൻ രഘു സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

കഴിഞ്ഞ ദിവസം വൈകിട്ട് നിശാ​ഗന്ധിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച…

തെലുങ്ക് സിനിമാ ലോകത്ത് സെന്‍സേഷണലായ സിനിമയാണ് ഇറോട്ടിക് ത്രില്ലർ ‘ഡേര്‍ട്ടി ഹരി’

‘തുനേഗാ തുനേഗാ’ സിനിമയ്ക്ക് എട്ട് വർഷങ്ങൾക്കപ്പുറം എം.എസ്. രാജു സംവിധാനം ചെയ്ത ചിത്രമാണ് ‘ഡേർട്ടി ഹരി’…

ഗോഡ്ഫാദർ – ലൂസിഫർ : 30 വ്യത്യാസങ്ങൾ (29 നെഗറ്റീവ്, 1 പോസിറ്റീവ്)

ഗോഡ്ഫാദർ – ലൂസിഫർ : 30 വ്യത്യാസങ്ങൾ (29 നെഗറ്റീവ്, 1 പോസിറ്റീവ്) നാരായണൻ പ്രിത്വിരാജിന്റെ…