Ramdas Kadavallur
മലയാളത്തിൽ നിന്നും ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി സിനിമകളുടെ പോസ്റ്ററുകളുടെ പിറകിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി ദിലീപിന്റെ (Dileep Daz ) പ്രതിഭയുണ്ട്. സിനിമ പല വിധത്തിൽ പ്രചാരം നേടുമ്പോഴും , അതിൻ്റെ അണിയറ പ്രവർത്തകരുടെ പട്ടികയിൽ പലപ്പോഴും രേഖപ്പെടുത്താതെ പോലും പോകുന്ന പേരുകളിൽ ഒന്നാണ് പോസ്റ്റർ ഡിസൈനറുടേത്. അതിനൊരു കാരണം , പോസ്റ്റർ ഡിസൈനിംഗ് എന്നത് മൗലികമായ കരവിരുത് ആവശ്യമുള്ള ഒരു creative art ആയി മലയാള സിനിമ പരിഗണിച്ചിട്ടില്ല എന്നത് കൊണ്ട് കൂടിയാണ്. സിനിമ പോസ്റ്റർ ഡിസൈനിംഗിലെ പ്രധാനപ്പെട്ട സംഗതികളിൽ ഒന്നായ ‘ സിനിമ പേരെഴുത്ത് ‘ ഭരതൻ സിനിമകളുടെ കാലം മുതൽ ഇങ്ങോട്ട് പല രീതിയിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും , അത് , തലക്കെട്ടെഴുത്തിൽ മാത്രം ഒതുങ്ങി നിന്ന സംഗതികൾ മാത്രമാണ്. അതിനപ്പുറം പോസ്റ്റർ ഒരു independent creative form ആയി ഒട്ടുമേ develop ചെയ്യപ്പെട്ടിട്ടില്ല.

സിനിമയിലെ ഒരു വൈകാരിക മുഹൂർത്തമോ പ്രധാന നടീ നടൻമാരുടെ ചിത്രങ്ങളോ പതിപ്പിച്ചു വച്ച് തീയേറ്ററിലേക്ക് ആളെ വിളിച്ചു കയറ്റുകയും അത് വഴി സിനിമയുടെ കച്ചവടം വർധിപ്പിക്കുകയും ചെയ്യുക എന്നതിനപ്പുറം creative designer ക്ക് വലിയ ദൗത്യം ഒന്നും കച്ചവട സിനിമ അവശേഷിപ്പിച്ചു വച്ചിട്ടില്ല എന്നതു കൊണ്ട് കൂടിയാണത്. അത് കൊണ്ട് തന്നെ , മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടൻ്റ് കോപ്പിയടിക്കപ്പെടുന്ന ഇടം കൂടിയാണ് പോസ്റ്റർ ഡിസൈൻ. മലയാളത്തിൽ ഇറങ്ങുന്ന / ഇറങ്ങിയിട്ടുള്ള ഒട്ടനവധി സിനിമകളുടെ പോസ്റ്ററുകൾ വിദേശ സിനിമകളുടെയും ചില മറുഭാഷ സിനിമകളുടെയും വികലാനുകരണം മാത്രമാണ്. എങ്ങനെയും ഉത്പന്നം വിറ്റാൽ മതി എന്നത് കൊണ്ട് , ഈ ആശയചോരണം വലിയ രീതിയിൽ ചർച്ചയാവാറുമില്ല.
അതിനു പകരം, പോസ്റ്റർ ഡിസൈനിംഗിനെ ഒരു creative art form ആയി സമീപിക്കണമെങ്കിൽ അതിനെ സ്വയം പൊളിക്കാനുള്ള കെൽപ്പുണ്ടാകണം. സിനിമയെ പൂർണമായും മനസ്സിലാക്കാനുള്ള പ്രതിഭാ ശേഷിയുണ്ടാകണം. ആശയങ്ങളെ പുതുക്കി പണിയാനുള്ള ചിന്താ ശേഷി ഉണ്ടാകണം, അതിനു തക്ക രാഷ്ട്രീയ ബോധ്യം ഉണ്ടാകണം. ദിലീപ് ദാസ് മലയാള സിനിമയിലെ പോസ്റ്റർ ഡിസൈനിൽ കൊണ്ട് വന്ന മൗലികമായ ഇടപെടൽ അതാണ്. ആ ഒരു shift കൊണ്ട് വരാനുള്ള ശേഷിയുണ്ട് എന്നത് കൊണ്ട് തന്നെയാകണം , കഴിഞ്ഞ ഏഴെട്ടു വർഷക്കാലമെങ്കിലും ദിലീപ് പോസ്റ്റർ ചെയ്ത സിനിമകളിൽ ഒന്നെങ്കിലും ഇല്ലാത്ത ഒരു ഫെസ്റ്റിവൽ കാലവും ഇല്ലാതെ പോയത്…
ദിലീപിൻ്റെ പ്രതിഭ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നു എന്നത് ദീർഘ കാലമായുള്ള സഹയാത്രികൻ, ഒന്നിച്ചു സിനിമ സ്വപ്നം കണ്ടവർ, ക്ലോണിൻ്റെ executive അംഗങ്ങളിൽ ഒരാൾ, ‘ മണ്ണിൻ്റെ ‘ പോസ്റ്റർ ഡിസൈൻ ചെയ്ത വ്യക്തി എന്നിങ്ങനെ പല നിലകളിൽ സന്തോഷം തരുന്ന കാര്യം ആണ്.. അതോടോപ്പം , സിനിമയുടെ കൂടുതൽ മേഖലകളിൽ ദിലീപിൻെറ പ്രതിഭയെ ഉപയോഗപ്പെടുത്താൻ മലയാള സിനിമക്ക് കഴിയട്ടെ എന്ന് കൂടി ആഗ്രഹിക്കുന്നു.
സമ്മാനാർഹമായ പോസ്റ്ററും ദിലീപ് ഡിസൈൻ ചെയ്ത പ്രധാന സിനിമകളുടെ പോസ്റ്ററുകളും ചുവടെ…
53 മത് IFFI യോട് അനുബന്ധിച്ച് NFDC അഖിലേന്ത്യാ തലത്തിൽ നടത്തിയ സത്യജിത്ത് റായ് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ , പ്രദർശന യോഗ്യത നേടിയ പ്രിയപ്പെട്ട ദിലീപ് ദാസിന് അഭിനന്ദനങ്ങൾ.. ♥️