DUEL (1971)
Rameez Muhammed
1969 മുതൽ 1975 വരെ അമേരിക്കയിലെ ABC Network എല്ലാ ആഴ്ചയിലും Movie of the Week എന്ന പേരിൽ ടെലിവിഷനുവേണ്ടി പ്രത്യേകം നിർമിച്ച സിനിമകൾ സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു… ടിവി പ്രധാന വിനോദോപാധിയായ കാലത്ത് രാത്രികളിൽ പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഏക ലക്ഷ്യം മാത്രമേ ഇവയ്ക്കുണ്ടായിരുന്നുള്ളൂ… ചുരുങ്ങിയ ബജറ്റിൽ നിർമിച്ച ഈ സിനിമകളിൽ അധികവും ബി-ഗ്രേഡ് ക്വാളിറ്റി മാത്രമുള്ളവയായിരുന്നു.

Richard Matheson എന്നയാൾ പ്ലേബോയ് മാഗസിനിൽ എഴുതിയ ചെറുകഥ ഇത്തരത്തിൽ ടിവി സിനിമയാക്കാൻ സെലക്ട് ചെയ്യപ്പെട്ടു.ഒറ്റക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് Matheson കഥയാക്കി മാറ്റിയത്… ആ സിനിമ സംവിധാനം ചെയ്യാനുള്ള അവസരം കറങ്ങിതിരിഞ്ഞ് അവസാനം 24 വയസ്സ് മാത്രമുള്ള ഒരു യുവ സംവിധായകന്റെ കയ്യിലാണെത്തിയത്… ആകെ കുറച്ചു ടിവി ഷോ എപ്പിസോഡുകൾ മാത്രം സംവിധാനം ചെയ്ത പരിചയമുള്ള അയാൾക്ക് പക്ഷേ സിനിമയിലെ ഓരോ ഷോട്ടിനെക്കുറിച്ചും അസാമാന്യമായ വിഷനുണ്ടായിരുന്നു.
പരിമിതമായ സാഹചര്യങ്ങളിൽ വിരലിലെണ്ണാവുന്ന അഭിനേതാക്കളുമായി ആകെ 45000 ഡോളർ മാത്രം ചെലവാക്കി വെറും 12 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഒരു രാത്രി ടിവിയിൽ കണ്ടാസ്വദിച്ചു പിറ്റേന്ന് എല്ലാരും മറക്കുമെന്നേ നിർമാതാക്കൾ പ്രതീക്ഷിച്ചുകാണൂ… പക്ഷേ ആദ്യാവസാനം ടെൻഷനടിപ്പിച്ചു ത്രില്ലിന്റെ പരകോടിയിലെത്തിച്ച ദൃശ്യവിസ്മയമാണ് അന്നവിടെ പിറന്നത്… വൻ ജനപ്രീതി കാരണം അതു പിന്നീട് തിയേറ്ററിൽ റിലീസ് ചെയ്തു… ആ സിനിമയാണ് Duel… ആ സംവിധായകന്റെ പേര് സ്റ്റീവൻ സ്പിൽബർഗ്❣️ഇറങ്ങി 52 വർഷം പിന്നിട്ടിട്ടും ഇന്നും മികച്ച ത്രില്ലർ സിനിമകളുടെ ലിസ്റ്റ് എടുത്താൽ Duel മുൻപന്തിയിൽകാണും
ചിത്രം പകർന്ന ഊർജം മുതലാക്കി സ്പിൽബർഗ് വെട്ടിപ്പിടിച്ച ഉയരങ്ങൾ എത്രയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!തന്റെ കാർ ഒരു ട്രക്കിനെ ഓവർടേക്ക് ചെയ്തതിന് വലിയ വില കൊടുക്കേണ്ടിവന്ന ഡേവിഡ് എന്ന ബിസിനസ്മാൻ… അയാളെ പിന്തുടർന്ന് ജീവൻ അപകടപ്പെടുത്തി രസിക്കുന്ന സൈക്കോ ട്രക്ക് ഡ്രൈവർ… പിന്നെ നീണ്ടുനിവർന്നുകിടക്കുന്ന മരുഭൂമിയും.ചുരുക്കിപ്പറഞ്ഞാൽ ചിത്രം ഇത്രയേയുള്ളൂ.പക്ഷേ ആ സിമ്പിൾ സ്റ്റോറി വച്ച് സ്പിൽബർഗ് സൃഷ്ടിക്കുന്ന ഹൊറർ മൂഡ് ഹോ! അതൊക്ക പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.ഭീമൻ ട്രക്കിന്റെ ഹോണടി ശബ്ദം കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു ആന്തലാണ്.ട്രക്ക് ഡ്രൈവറുടെ മുഖം പ്രേക്ഷകർ ഒരിക്കലും കാണാത്തത് ഉണ്ടാകുന്ന ഭയം പതിന്മടങ്ങാക്കുന്നു.Duel കൊണ്ടുവന്ന പെർഫെക്ഷൻ അനുകരിക്കാൻ പല ശ്രമങ്ങളും പിന്നീട് നടന്നെങ്കിലും ഒന്നിനും അതിന്റെ ഏഴയലത്തുപോലും എത്താനായിട്ടില്ലന്നതാണ് സത്യം.