പത്തൊമ്പതാം നൂറ്റാണ്ട് ഒരു സ്ത്രീപക്ഷ സിനിമ

രമേഷ് പെരുമ്പിലാവ്

രാജഭരണകാലഘട്ടത്തിൽ പണിയെടുക്കാൻ ശരീരശേഷിയുള്ള പുരുഷൻ കൊടുക്കേണ്ട നികുതിയായിരുന്നു തലക്കരം. സ്ത്രീകളിൽ ആ നികുതിയെ വിളിച്ചിരുന്ന പേര് മുലക്കരമെന്നാണ്. പലരും ധരിച്ചിരിക്കുന്നതുപോലെ മുലകളുടെ വലിപ്പമനുസരിച്ചോ, മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയോ നൽകേണ്ടിയിരുന്ന നികുതിയല്ല മുലക്കരം. ഇപ്പോഴത്തെ വരുമാനനികുതിപോലെയായിരുന്നു തലക്കരവും മുലക്കരവും മീശക്കരവുമൊക്കെ. രണ്ടുചക്രമായിരുന്നു അക്കാലത്തെ കരം. എന്നാൽ നങ്ങേലി മുലക്കരമൊടുക്കിയില്ല. ഇതു പിരിക്കാനെത്തിയ രാജകിങ്കരനുമുമ്പിൽ അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽവച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. തിരുവിതാംകൂർ രാജഭരണകാലത്തെ അന്യായനികുതികളിൽ പ്രതിഷേധിച്ച് രക്തസാക്ഷിയാവുകയായിരുന്നു അവർ.

ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിന് മുപ്പത്തിയാറ് വർഷം മുമ്പ്, (1852) വേലായുധ പണിക്കർ അവർണർക്കായി ക്ഷേത്രം പണിത് ശിവനെ പ്രതിഷ്ഠിച്ചിരുന്നു. ഈഴവർ അടക്കം പിന്നാേക്ക സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കാൻ അവസരം ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രസക്തമായ മൂക്കുത്തി വിളംബരവും, കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്. സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തുകൊണ്ട് മിശ്രവിവാഹത്തിനും പണിക്കർ മുൻകൈ എടുത്തിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്.
നങ്ങേലിയുടേയും ആറാട്ടുപുഴ വേലായുധ പണിക്കരുടേയും ജീവചരിത്രം രേഖപ്പെടുത്തുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചില ചരിത്രങ്ങളെല്ലാം രേഖപ്പെടുത്തേണ്ടതു കൂടിയാണെന്ന ഈ സിനിമ കാഴ്ചക്കാരോട് പറയുന്നുണ്ട്.

ജാതി വ്യവസ്ഥയും ഉച്ചനീചത്തങ്ങളും പുരുഷമേധാവിത്തവും കുടികൊണ്ട് വാഴ്ന്നിരുന്ന ഒരു കാലഘട്ടത്തിൽ സ്ത്രീ സമൂഹം നേരിട്ട ദുരിതപൂർണ്ണമായ അവസ്ഥയെ സംവിധായകൻ വിനയൻ മലയാള സിനിമയിൽ വളരെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. സൂപ്പർസ്റ്റാർ എന്ന തൻ്റെ ആദ്യ സിനിമ മുതൽ അവസാനമായെടുത്ത പത്തൊമ്പതാം നൂറ്റാണ്ടിൽ എത്തി നിൽക്കുമ്പോൾ തൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ തന്നെയാണദ്ദേഹം ഈ ചരിത്ര കഥയിലൂടെ ഒരുക്കിയിരിക്കുന്നത്. തിരക്കഥ ശക്തവും കെട്ടുറപ്പുള്ളതുമാണ്. വരുംകാലം വിനയൻ എന്ന സംവിധായകൻ അറിയയപ്പടുന്നത് ഈ ചലച്ചിത്രത്തിൻ്റെ നാമധേയത്തിൽ ആയിരിക്കും എന്നുറപ്പ്.

ഒരു സിനിമ അതിന്റെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കും എന്നത് എല്ലാവരും ഉറ്റുനോക്കുന്നതാണ്. ഇതിലും ഗംഭീരമായി ഈ സിനിമയ്ക്ക് മറ്റൊരു അവസാനം ഒരുക്കാൻ ആവില്ല. ക്ലൈമാക്സ് ചിത്രീകരണത്തോടെയാണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരു ക്ലാസ് സിനിമയുടെ തലത്തിലേയ്ക്ക് ഉയരുന്നത്. സംവിധായകനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ❤

നങ്ങേലിയായി കയാഡു ലോഹർ എന്ന തെന്നിന്ത്യൻ നടി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.സിജു വിത്സൻ്റെ ആക്ഷൻ രംഗങ്ങളുടെ മികവിൽ വേലായുധ പണിക്കർ എന്ന കഥാപാത്രം മലയാള സിനിമ അവതരിപ്പിച്ച ചരിത്ര പുരുഷന്മാരുടെ പട്ടികയിൽ മുൻ നിരയിൽ തന്നെ തൻ്റെ സ്ഥാനം ഉറപ്പിക്കുന്നു.
അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, രാമു, അലൻസിയർ, സുദേവ് നായര്‍, ദീപ്തി സതി, ചെമ്പന്‍ വിനോദ്, ഇന്ദ്രൻസ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിരിക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു കാലഘട്ടത്തിൻ്റെ മുഖഛായ ഏറെ ഹൃദ്യമായി, പോരായ്മകളില്ലാതെ അവതരിപ്പിക്കുക ശ്രമകരവുമായ ദ്വൗത്യമാണ്. അജയൻ ചാലിശ്ശേരിയുടെ കലാസംവിധാനത്തിൽ അക്കാലത്തെ രാജകൊട്ടാരവും കമ്പോളവും തെരുവുകളുമെല്ലാം പുനഃർനിർമ്മിച്ചത് സിനിമയെ മനോഹരമാക്കിയിരിക്കുന്നു. ഷാജികുമാറിൻ്റെ ക്യാമറയും സന്തോഷ് നാരായണന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറിംഗും പത്തൊമ്പതാം നൂറ്റാണ്ടിനെ ഒരേ സമയം ക്ലാസിക് ചിത്രമായും മികച്ച എൻ്റർടൈനറായും രൂപപ്പെടുത്താൻ ഏറെ സഹായിച്ചിട്ടുണ്ട്.

***

പത്തൊമ്പതാം നൂറ്റാണ്ട്- മികച്ച ഒരു കലാസൃഷ്ടി

Jijeesh Renjan

കേരളത്തിൽ ഒരുകാലത്ത് നിലനിന്നിരുന്ന അയിത്തം ഉൾപ്പെടെയുള്ള അനാചാരങ്ങൾക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും ജനദ്രോഹ നികുതികൾക്കെതിരെയും പടപൊരുതിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെയും നങ്ങേലിയുടെയും കഥയാണ് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സംവിധായകൻ വിനയൻ വരച്ചു കാട്ടുന്നത്.ആയോധന കലകളിൽ പ്രാവീണ്യം നേടിയ,സുഗന്ധ വ്യജ്ഞനങ്ങൾ യൂറോപ്പിലേക്ക് കയറ്റി അയച്ച കച്ചവടക്കാരനായിരുന്ന,പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി സമരം നയിച്ച അവർക്കായി ക്ഷേത്രം പണിത ആറാട്ടുപുഴ വേലായുധ പണിക്കരെ പറ്റി ഇതുവരെയും ആരും സിനിമ എടുക്കാത്തതിൽ അത്ഭുതം.അങ്ങനെ ഒരു യോദ്ധാവിന്റെ കഥ തെരഞ്ഞെടുത്ത് നല്ല സിനിമയാക്കി മാറ്റിയ സംവിധായകന് അഭിനനനങ്ങൾ.ചരിത്രം സിനിമയാക്കുമ്പോൾ ഒരുപാട് പരിമിതികളും വിട്ടുവീഴ്ചകളും ഉണ്ടാകും അത്തരത്തിലുള്ള പ്രതിസന്ധികൾക്കിടയിലും ചരിത്രത്തോടും നീതിപുലർത്തി തന്നെയാണ് സംവിധായകൻ വിനയൻ ഈ സിനിമ വാർത്തെടുത്തിരിക്കുന്നത്.

ജാതിയുടെയും ആചാരങ്ങളുടെയും പേരിൽ ഒരു വിഭാഗം ജനങ്ങളെ ഇരുട്ടിൽ നിർത്തുന്ന മേലാളന്മാർക്കെതിരെയാണ് സിനിമ സംസാരിക്കുന്നത്.മേൽ വസ്ത്രം ധരിക്കാൻ കഴിയാതിരുന്ന ക്ഷേത്രത്തിൽ കയറാൻ അനുവാദം ഇല്ലാതിരുന്ന അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം സിനിമയിൽ കേൾക്കാം.ജാതി ഭ്രാന്തും കാമവും വെറിയുമുള്ള അധികാരി വർഗത്തെ ചിത്രത്തിൽ കാണാം.അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ് ഉള്ള സിജു വിൽസണ് ധീരയോദ്ധാവിന്റെ പരിവേഷം നൽകി താര പദവിയിലേക്കുയർത്താൻ വിനയൻ കഴിഞ്ഞിരിക്കുന്നു. വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ആത്മാർത്ഥമായ പരിശ്രമം കൊണ്ട് ഏറ്റെടുത്തപ്പോൾ ശരീരംകൊണ്ടും ശാരീരം കൊണ്ടും ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന യോദ്ധാവായി മാറാൻ സിജുവിന് കഴിഞ്ഞു.

നങ്ങേലിയുടെ കഥാപാത്രത്തെ ഉജ്ജ്വലമാക്കാൻ കയാദു ലോഹറിനു സാധിച്ചിട്ടുണ്ട്.സിനിമയിലെ ഒട്ടു മിക്ക അഭിനേതാക്കളും തങ്ങളുടെ വേഷം മികച്ചതാക്കി. നിർമ്മാതാവായ ഗോകുലം ഗോപാലന്റെ പെരുമാൾ എന്ന വേഷം മറ്റൊരാൾ ചെയ്തിരുന്നെങ്കിൽ നന്നായേനെ.എങ്കിലും ഇങ്ങനെ ഒരു സിനിമ സിജു വിൽസനെ നായകനാക്കി ചെയ്യുവാൻ നിർമ്മാതാവ് എന്ന നിലയിൽ കാണിച്ച ധൈര്യത്തിന്റ്റെ പേരിൽ അദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്.മികച്ച ചായാഗ്രാഹണം സിനിമയുടെ സവിശേഷതയാണ്. മനം നിറയ്ക്കുന്ന വിഷ്വലുകൾ കൊണ്ട് സമ്പന്നമാണ് സിനിമ.സംഘട്ടന രംഗങ്ങളും മികവ് പുലർത്തി.എന്നാൽ ഗാനങ്ങൾക്ക് നിലവാരം ഉണ്ടായില്ല. പല ഹിറ്റ് ഗാനങ്ങളും കോപ്പി ചെയ്തത് പോലെ തോന്നി.ബിജി എം ത്രസിപ്പിച്ച്ചില്ല. ചിലയിടത്ത് സംഭാഷണങ്ങളിലും പോരായ്മ തോന്നി.എന്നാൽ അതിനെ എല്ലാം കവച്ച് വയ്ക്കുന്ന രീതിയിലെ സംവിധായക മികവും അഭിനേതാക്കളുടെ പ്രകടനവും സിനിമയെ ആസ്വാദ്യകരമാക്കുന്നു.നല്ല ഒരു തയ്യാറേടുപ്പ് സിനിമയ്ക്ക് വേണ്ടി സംവിധായകൻ വിനയൻ നടത്തിയിട്ടുണ്ട്.

ആചാര സംരക്ഷണം എന്ന പേരിലും കീഴ് വഴക്കങ്ങളുടെ പേരിലും ജനങ്ങളെ അടിച്ചമർത്താൻ അധികാരി വർഗം കൂട്ടമായി നിൽക്കുമ്പോൾ രാജാവിന് പോലും ഒന്നും ചെയ്യാൻ കഴിയുന്നില്ല.ഇന്ന് ജനാധിപത്യം നിലനിൽക്കുമ്പോഴും സമാന പ്രശ്നങ്ങൾ സ്ഥാപിത താത്പര്യക്കാർക്ക് ഉണ്ടാക്കാൻ കഴിയുന്നു എന്നതിലേക്കും സംവിധായകൻ പരോക്ഷമായി വിരൽ ചൂണ്ടുന്നു.ഇന്നും ജാതീയതയും തൊട്ടുകൂടായ്മയും അയിത്തവും ഭ്രഷ്ട്ടും എല്ലാം സമൂഹത്തിലുണ്ട്.മറ്റൊരു രീതിയിലാണെന്ന് മാത്രം.വിനയനും ഇത്തരത്തിൽ സിനിമാ പ്രമാണിമാരിൽ നിന്ന് തൊട്ട് കൂടായ്മയും അയിത്തവും ഭ്രഷ്ട്ടും എല്ലാം നേരിട്ടതാണ്.താര രാജാക്കന്മാരായ മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും അതിനെ തടുക്കാനായില്ല.എന്തായാലും പത്തൊമ്പതാം നൂറ്റാണ്ട്‌ ഒരു സ്ത്രീ പക്ഷ മനുഷ്യ പക്ഷ സിനിമയാണ്.

***

ഈ അടുത്ത കാലത്തു വന്ന വലിയ ബജറ്റ് ചരിത്ര സിനിമയേക്കാൾ പതിന്മടങ്ങു ക്വാളിറ്റി ഉള്ള സിനിമ

Pradeev Pillai

ആറാട്ടുപുഴ വേലായുധ പണിക്കരെ ചരിത്രത്തിൽ ഒന്നും പഠിച്ചതായി ഓർക്കുന്നില്ല അതുകൊണ്ടു തന്നെ ഇത് ആരാണെന്നു ഗൂഗിൾ , യൂട്യൂബ് ഒക്കെ ഒന്ന് സെർച്ച് ചെയ്തിട്ടാണ് ഈ സിനിമയ്ക്കു പോയത് .ശ്രീനാരായണ ഗുരുവിനു മുൻപ് ,1800 കളിൽ തന്നെ നവോദ്ധാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച , ജാതി വ്യവസ്ഥ , ജന്മിത്തം ഇവക്കെതിരെ പോരാടിയ , ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിനും മുൻപ് തന്നെ താഴ്ന്ന ജാതിക്കാർക്കായി അമ്പലം പോലും നിർമിച്ച, പണിക്കർ എന്ന പേര് രാജാവിൽ നിന്നും ലഭിച്ച ആദ്യ താഴ്ന്ന ജാതിക്കാരൻ ആയ ഒരു പോരാളി തന്നെ ആയിരുന്നു വേലായുധ പണിക്കർ .

സിനിമ മേക്കിങ് കൊണ്ട് വളരെ മികച്ചത് എന്ന് നിസ്സംശയം പറയാം ഛായാഗ്രഹണം , പശ്ചാത്തല സംഗീതം , കളർ ഗ്രേഡിംഗ് ഒക്കെ എടുത്തു പറയേണ്ടത് ആണ് , അഭിനേതാക്കളിലേക്കു വന്നാൽ സാധരണ ലൈറ്റ് കോമഡി വേഷങ്ങളിൽ വന്നിരുന്ന സിജു വിൽ‌സൺ ഇൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനം തന്നെ ആയിരുന്നു , സിജു ഈ വേഷത്തിനു വേണ്ടി നന്നായി അധ്വാനിച്ചിട്ടുണ്ട് . ‘ബന്ധു നിയമനത്തിൽ ‘ വന്ന രണ്ടുപേർ ഒഴികെ എല്ലാപേരും മികച്ചു തന്നെ നിന്നു .

വിനയനെ കുറിച്ച് പറയുക ആണെങ്കിൽ നമ്മുടെ സിനിമ ചർച്ചകളിൽ ഒക്കെ പുള്ളിയുടെ അടുത്തുവന്ന സിനിമകൾ ഒക്കെ ടെക്‌നിക്കലി ക്വാളിറ്റി കുറവാണു എന്നാണ് ഭൂരിപക്ഷ അഭിപ്രായം , അതൊക്കെ വിലക്ക് കാരണം നല്ല ടെക്നിഷ്യൻസ് നെ കിട്ടാത്തത് കൊണ്ടാണെന്നു ഈ സിനിമ കണ്ടപ്പോൾ ബോധ്യം ആയി ..
ഈ അടുത്ത കാലത്തു വന്ന വലിയ ബജറ്റ് ചരിത്ര സിനിമയേക്കാൾ പതിന്മടങ്ങു ക്വാളിറ്റി ഉള്ള സിനിമ തന്നെയാണ് അതിന്റെ നാലിൽ ഒന്നു ബജറ്റ് ഉള്ള ഈ സിനിമ.തീയേറ്റർ ഇൽ നിന്നു തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട കൊടുക്കുന്ന പൈസ മുതലാകുന്ന ഒരു സിനിമ തന്നെയാണ് , ധൈര്യം ആയി ടിക്കറ്റ് എടുക്കാം .
പലരും അറിയപ്പെടാതെയിരുന്ന വേലായുധ പണിക്കരെ നാലുപേർ അറിയുന്ന ആൾ ആക്കിയ വിനയന് അഭിമാനിക്കാം … ആ അർത്ഥത്തിൽ തീർച്ചയായും സിനിമ ഒരു വൻ വിജയം തന്നെയാണ് .

***

എഴുതപ്പെട്ട ചരിത്രത്തിൻറെ ഏടുകളിൽ ഇപ്പോഴും സ്ഥാനം കിട്ടാത്തവർക്ക് പറയാനുള്ളത് മറ്റൊരു ചരിത്രമായിരിക്കും

Raj Kr

എഴുതപ്പെട്ട ചരിത്രത്തിൻറെ ഏടുകളിൽ ഇപ്പോഴും സ്ഥാനം കിട്ടാത്തവർക്ക് പറയാനുള്ളത് മറ്റൊരു ചരിത്രമായിരിക്കും. സമ്പത്തും അധികാരവുമുള്ള ന്യൂനപക്ഷം എപ്പോഴും അവർക്ക് അനുകൂലമായ കഥയെ പറയുകയുള്ളൂ. ചരിത്രം ആദരിക്കാൻ മറന്നുപോയ ഒരു വ്യക്തിത്വമാണ് ആറാട്ടുപുഴ വേലായുധ പണിക്കർ.
പത്തൊമ്പതാം നൂറ്റാണ്ടിലും മറ്റും നാടുവാഴി ഭരണക്രമം അധ്വാനിക്കുന്ന ജനങ്ങളോട് കാണിച്ചിരുന്ന അനീതിയുടെ പൂർണ്ണരൂപം മനസ്സിലാക്കണമെങ്കിൽ അന്നത്തെ നികുതി സമ്പ്രദായത്തെപ്പറ്റി ഏകദേശം രൂപം ഗ്രഹിച്ചാൽ മതിയാകും.

ബ്രാഹ്മണരെയും ക്ഷേത്രങ്ങളെയും ഭൂനികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. അതേസമയം തന്നെ സാധാരണക്കാർ ഏർപ്പെട്ടിരുന്ന എല്ലാ തൊഴിലുകൾക്കും പലവിധ നികുതികൾ ഏർപ്പെടുത്തിയിരുന്നു. ഏണിക്കാണം തളക്കാണം മേനിപ്പോന്ന് പൊലിപ്പൊന്ന് മുലൈവില, തലൈവില തുടങ്ങിയ നികുതികൾ ഉദാഹരണമാണ്. തെങ്ങ് പന തുടങ്ങിയവയിൽ നിന്നും മദ്യം ഉണ്ടാക്കുന്നതിന് കൊടുത്തിരുന്ന നികുതികളാണ് ഏണിക്കാണം തളക്കാണം എന്നിവ. തൊഴിലാളി സ്ത്രീകൾക്ക് ചുമത്തിയിരുന്ന കരമാണ് മുലൈവില. മുല മറക്കുന്നതിനും ആഭരണം അണിയുന്നതിനും മൂക്കുത്തി ധരിക്കുന്നതിനും തുടങ്ങി എല്ലാത്തിനും നികുതികൾ.

സാധാരണക്കാരനും സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവനും ഭരണ യന്ത്രത്തിന്റെ എല്ലാവിധ ദുശാസന നീതികൾക്കും വിധേയരായി. അവർക്ക് ഭരണത്തിൽ ശബ്ദമോ പങ്കോ ഉണ്ടായിരുന്നില്ല. അതേസമയം തന്നെ സമൂഹത്തിൻറെ മുകൾതട്ടിൽ ഉള്ളവർ അധികാരം പങ്കിട്ടെടുക്കുകയും അവരുടെ മാത്രം നന്മയ്ക്ക് വേണ്ടി പിരിച്ചെടുത്ത നികുതി ഉപയോഗപ്പെടുത്തുകയും ചെയ്തു.

അടിമകളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യാം. അന്നത്തെ ജനസംഖ്യയിലെ വലിയൊരു വിഭാഗം അടിമകളായിരുന്നു. ഈ ഫ്യൂഡൽ കാലഘട്ടത്തിൽ കാർഷികവേലകൾ അധികവും ചെയ്തിരുന്നത് ഇത്തരം കാർഷിക അടിമകളായിരുന്നു. പാടത്ത് കൃഷി ഇറക്കുന്നതും കുരുമുളക് വള്ളികൾ വെച്ചുപിടിപ്പിക്കുന്നതും നനയ്ക്കുന്നതും വയലിൽ വെള്ളം തേകുന്നതും വിള കാക്കുന്നതും കൊയ്യുന്നതും തെങ്ങുകയറി നാളികേരം പറിക്കുന്നതും കാട്ടിൽ നിന്ന് ഏലം പറിച്ചു കൊണ്ടുവരുന്നതും എല്ലാം അവരായിരുന്നു.അന്ധമായ ബ്രാഹ്മണ ഭക്തിയും ബ്രാഹ്മണർ പ്രചരിപ്പിച്ച വിധിവിശ്വാസവും ആണ് കേരളത്തിലെ കൃഷിക്കാരെയും അടിമകളെയും അവരുടെ ദയനീയ അവസ്ഥ സ്വീകരിക്കുവാനും അത് നിശബ്ദമായി സഹിക്കുവാനും അവരെ പ്രേരിപ്പിച്ചത്.വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് നല്ല ഒരു സിനിമ അനുഭവം തന്നെ ആയിരുന്നു.

കടപ്പാട്: കേരളത്തിന്റെ സാംസ്കാരിക ചരിത്രം

Leave a Reply
You May Also Like

വേലക്കാരിയായ ഗബ്രിയേലയും മുതലാളിയായ നാസീബും തമ്മിലുള്ള പ്രണയം, ബ്രസീലിൽ നിന്നുള്ള ഇറോട്ടിക്ക് മൂവി ‘ഗബ്രിയേല’

Raghu Balan Gabriela (1983)🔞🔞 Country : Brazil🇧🇷 Language :Portuguese ബ്രസീലിൽ നിന്നുള്ള ഒരു…

ഒരു നടനും പ്രൊഡക്ഷൻ കൺട്രോളർക്കും എന്നോട് ദേഷ്യം ഉണ്ട്, അതിന്റെ കാരണമെന്താണെന്ന് എനിക്ക് പുറത്തു പറയാൻ പറ്റില്ല

ഇൻഹരിഹർ നഗർ എന്ന സൂപ്പർ മെഗാഹിറ്റ് മൊമടി ചിത്രത്തിൽ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയത്തിലേക്ക്…

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

തയ്യാറാക്കിയത് രാജേഷ് ശിവ ആരോഗ്യത്തിന് ഒരു കലയും താളവും ഒക്കെയുണ്ട്. അത് അറിയുന്നവനാണ് ഒരു ഡോക്ടർ.…

ഒരു സുഹൃത്തുമായുള്ള കൂടിക്കാഴ്‌ചയിൽ അവൾ വർഷങ്ങളോളം ഉള്ളിൽ ഒതുക്കി വെച്ച വികാരങ്ങളെല്ലാം ഉണർന്നു

ഭാഷ- ജർമൻ സംവിധാനം- Sergej Moya ജോണർ- ഡ്രാമ, റൊമാൻസ്, ഷോർട് അവിവാഹിതയും ഒരു കുട്ടിയുടെ…