രമേഷ് പെരുമ്പിലാവ്
ഇന്ത്യക്കാരൻ എന്ന പരിചയപ്പെടുത്തലിൽ ഒരഭിമാനമോ അഹങ്കാരമോ ഉണ്ടായിരുന്നതാണ് പ്രവാസ ജീവിതം. എന്നാലിപ്പോൾ കാര്യങ്ങളൊക്കെ തകിടം മറിയുകയാണ്.കൂടെ ജോലി ചെയ്യുന്ന പാക്കിസ്ഥാനികളും ഫിലിപ്പിനോകളും കെനിയക്കാരുമൊക്കെ കുറച്ചു നാൾ മുമ്പ് ചോദിച്ചിരുന്നത്, നിന്റെ നാട്ടിൽ ബീഫ് ഇറച്ചി തിന്നുന്ന മനുഷ്യരെ കൊല ചെയ്യും അല്ലേ എന്നായിരുന്നു.
മറ്റൊരു ചോദ്യം നിന്റെ നാട്ടിൽ ജാതിയിൽ ഉയർന്നതോ താഴയോ ഉള്ള മനുഷ്യർ തമ്മിൽ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ വീട്ടുകാരാൽ കൊല ചെയ്യപ്പെടും അല്ലേ എന്നായിരുന്നു.
ഇങ്ങനേയും ചോദിച്ചവരുണ്ട്, നിന്റെ നാട്ടിൽ സ്ത്രീകൾ ദേവാലയത്തിൽ പോയാൽ, ആ ദൈവത്തിന്റെ പേര് പറഞ്ഞ് സ്ത്രീകളെ കല്ലെറിഞ്ഞ് ഓടിക്കുന്ന ഭക്തരുടെ ആചാരമുണ്ട് അല്ലേയെന്ന്.
ഇന്നലെയാണ് ഏറ്റവും അപമാനം തോന്നിയ ആ ചോദ്യം കേട്ടത്. ഒരു ബംഗ്ലാദേശിയാണ് ആ ചോദ്യം ചോദിച്ചത്. “ഹേ! ഭായ് നിന്റെ നാട്ടിൽ ഹിന്ദുവല്ലാത്ത മറ്റു മതസ്ഥരെ മാത്രം പാർപ്പിക്കാൻ ജയിൽ പണിയുന്നുവെന്ന് കേട്ടല്ലോ ശരിയാണോ ” തല കുനിഞ്ഞു പോയി ഉത്തരങ്ങളൊന്നും പുറത്തേയ്ക്ക് വന്നില്ല. ചോദിച്ചവനും ഉത്തരം ആവശ്യമില്ലായിരുന്നു. ഇന്ത്യക്കാരനെന്ന എന്റെ അഭിമാനത്തിന്റെ ശിരസ്സിൽ ഒരു കനത്ത പ്രഹരം അതാണ് അയാളുടെ ചോദ്യത്തിന്റെ അർത്ഥം.
സത്യമാണ് ലോകത്തിലുള്ള എല്ലാ അഭിമാനുള്ള ഇന്ത്യക്കാരുടേയും തല കുനിയുകയാണ്. ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളിൽ. ഹിന്ദു രക്ഷകരെന്നോ, ഹിന്ദു സംരക്ഷകരെന്നോ കൊട്ടിഘോഷിച്ച് നിങ്ങൾ അക്രമങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമ്പോൾ ഏറ്റവും കൂടുതൽ അപമാനിതരാവുന്നത് ഹിന്ദു മത വിശ്വാസത്തിൽ ജനിച്ചവരുടേതാണ്. (ഒരാൾ ജനിക്കുന്ന മതമോ രാജ്യമോ നിറമോ ലിംഗമോ അയാളുടെ ചോയ്സല്ല) ഹിന്ദു മതമെന്ന മാനവിക മൂല്യങ്ങളുള്ള ഒരു വിശ്വസംസ്ക്കാരത്തെയാണ് നിങ്ങൾ കളങ്കപ്പെടുത്തുന്നത്.
വസുധൈവ കുടുംബകം (ഭൂമി എല്ലാവരുടെയുമാണ്) എന്ന വിശാലമായ കാഴ്ചപ്പാടിൽ നിന്നും ‘പശുദൈവ കുടുംബകം’ എന്ന ചാണക കുഴിയിലേക്കാണ് ഇന്ത്യ വീണിരിക്കുന്നത്.ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് ലോകത്തിലുള്ള സമസ്ത സംഘികളുടേയും സുഖം മാത്രം എന്നല്ല !.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.