ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളാണ് 19(1)(a)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
373 VIEWS

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളാണ് 19(1)(a)
**********************************
രമേഷ് പെരുമ്പിലാവ്

19(1)(a) ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ശക്തമായ സിനിമയാണ്. വൈകാരികവും രാഷ്ട്രീയവുമായ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തിൽ നിത്യ മേനൻ, വിജയ് സേതുപതി, ശ്രീകാന്ത് മുരളി, ഇന്ദ്രജിത്ത്, ഇന്ദ്രൻസ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 19(1)(a) എന്നത് ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന അനുച്ഛേദത്തെ കുറിക്കുന്നതാണ്. ശീർഷകം ഓർമ്മിപ്പിക്കുന്നതു പോലെ, ഹിന്ദുത്വ അജണ്ട നടപ്പിൽ വരുത്തുന്ന ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളെയാണ് ഈ സിനിമ പ്രതിനിധാനം ചെയ്യുന്നത്‌.

തമിഴ്നാട്ടിലെ ഏതോ ഒരു തെരുവിലെ, മരച്ചുവട്ടിലൊരു ചായക്കട. ലോഡ്ജിൽ നിന്നിറങ്ങി, സിഗരറ്റ് കത്തിച്ച്, ചായ വാങ്ങി, കടയ്ക്ക് കുറച്ചപ്പുറം മാറി നിന്ന് ചായ കുടിക്കാൻ, സിഗരറ്റ് വലിക്കാൻ നടക്കുന്ന നായകൻ. (വിജയ് സേതുപതി) കാലിൽ തട്ടിയ ആരോ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ബോട്ടിൽ കച്ചറ ഡബ്ബയിലേക്ക് എടുത്തിടുമ്പോൾ, തെരുവിൻ്റെ മറ്റൊരു മൂലയിലെ ഇരുട്ടിൽ നിന്ന് ഒരു ബൈക്കിൻ്റെ മുരൾച്ചയും അതിൽ നിന്നുമുള്ള വെളിച്ചവും അയാളെ മൂടുന്നു. തുടർന്ന് ഒരു വെടിയൊച്ചയുടെ ഭികരതയോടെ ബൈക്കിൻ്റെ അലർച്ച സ്ക്രീനിനെ വിഴുങ്ങുന്നു. തിരശ്ശീലയിൽ 19(1)(a)എന്ന അക്ഷരം തെളിയുന്നു.എന്തൊരു ഉജ്ജ്വല തുടക്കമാണ് ഒരു സിനിമയുടേത്.

കാമറ പിന്നെ കാണിക്കുന്നത് കേരളത്തിലെ അടഞ്ഞുകിടക്കുന്ന ഒരു ഫോട്ടോ കോപ്പി സെൻ്ററിൻ്റെ ഷട്ടർ ചിത്രത്തിൻ്റെ പ്രഭാത കാഴ്ചയാണ്. തുടർച്ചയായി ആലിലകളുടെ ആകാശമാണ്, വാച്ചുകെട്ടുന്ന, വളയിടുന്ന, പൊട്ടുകുത്തുന്ന, ഹെൽമെറ്റ് വെച്ച് സ്കുട്ടിയോടിച്ച് പോകുന്ന നായികയിലേക്കാണ് (നിത്യ മേനോൻ)
“അല്ലേലും എനിക്കിത് പറയാൻ ആരുമില്ല.പറഞ്ഞാലും ആരു വിശ്വസിക്കില്ല.

എൻ്റെടുത്ത് നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത് മാത്രമേ ഞാനിതുവരെ ചെയ്തിട്ടുള്ളു. ”
ഈ സിനിമയിലെ നായിക പറയുന്ന സംഭാഷണങ്ങളാണ് മുകളിൽ പറഞ്ഞത്. അവളെ മനസ്സിലാക്കാൻ ഇത്രയും മതി. അവൾക്കൊരു പേര് പേരില്ലായെന്നത് സിനിമ കണ്ട പലരും ശ്രദ്ധിച്ചു കാണില്ല. അവളെ പോലെ പേരില്ലാത്ത നിരവധി പെൺജീവിതങ്ങളുടെ പ്രതിനിധിയായതിനാലാവാം സംവിധായിക അവളെ ഒരു പേരിലൊതുക്കാൻ ശ്രമിക്കാതിരുന്നത്‌. അല്ലെങ്കിൽ തന്നെ ഒരു സെറോക്സ് ഷോപ്പിലെ ‘പെൺകുട്ടിയുടെ പേര് ആര് ശ്രദ്ധിക്കാൻ, അവളുടെ ജീവിതമെന്തെന്ന് ആര് അന്വേഷിക്കാൻ.

നായിക അവളുടെ കൂട്ടുകാരിയുടെ നിക്കാഹിൻ്റെ തലേ ദിവസം ചോദിക്കുന്ന ഒരു ചോദ്യത്തിലേക്ക്.
“നിനക്കിപ്പോൾ നിക്കാഹ് വേണ്ടെങ്കിൽ അതു പറഞ്ഞൂടെ ” കൂട്ടുകാരിയുടെ മറുപടി: ” അവര് പറയുമ്പോൾ കേൾക്കുന്നതാ എളുപ്പം. തിരിച്ചെന്തെങ്കിലും പറഞ്ഞാൽ തന്നെ തിരിയില്ലായെന്ന് ഉറപ്പല്ലേ ” പെൺജീവിതങ്ങൾ മറ്റുള്ളവരുടെ ഇഷ്ടങ്ങളിൽ ഇല്ലാതാവുന്നത് അടയാളപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്. നായികയുടെ ഫോട്ടോ കോപ്പി സെൻ്ററിലേക്ക്, ഗൗരി ശങ്കർ എന്ന നായകൻ അയാളുടെ ഏറ്റവും പുതിയ പുസ്തകത്തിൻ്റെ കയ്യെഴുത്തുപ്രതി കോപ്പിയെടുക്കാൻ എത്തുന്നു. കറുപ്പ് എന്ന തന്റെ പുസ്തകം, അതിന്റെ പേര് സൂചിപ്പിക്കും വിധം മനുഷ്യരുടെ ജാതിയുടെയും നിറത്തിന്റെയും കഥ കൂടിയാണ്.

“ഷോപ്പ് എത്ര മണി വരെ കാണും.” എന്നയാൾ തമിഴ് കലർന്ന മലയാളത്തിൽ ചോദിക്കുന്നുണ്ട്
“കൊഞ്ചം ലേറ്റായാലും ഞാൻ വരും. ലേറ്റായാലും ഉങ്കൾക്കൊന്നും ബുദ്ധിമുട്ടില്ലയാ” വൈകാതെ വരാമെന്ന ഉറപ്പാേടെ, അയാൾ ഓട്ടോ കയറി പോകാൻ ശ്രമിക്കുന്നു. കോപ്പി ബെെൻസ് ചെയ്യേണ്ടതുണ്ടോയെന്ന് അവൾ തെരുവിലേക്ക് വിളിച്ചു ചോദിക്കുന്നു. ഉങ്കളുടെ ഇഷ്ട പോലെ ചെയ്തോയെന്ന അയാളുടെ മറുപടി അവളിൽ സന്തോഷം നിറയ്ക്കുന്നു. പക്ഷേ ആ രാത്രി വളരെ വൈകീട്ടും അയാൾ തിരിച്ചെത്തുന്നില്ല. അയാളുടെ തിരോധാനം പേരില്ലാത്ത പെൺകുട്ടിയിൽ ഉണ്ടാക്കുന്ന അവസ്ഥയാണ് പിന്നെ സിനിമ മുന്നോട്ട് വെയ്ക്കുന്ന പ്രമേയം.

ഫാസിസത്തിൻ്റെ വർത്തമാനത്തോട് തൻ്റെ എഴുത്തുകളിലൂടെ നിരന്തരം കലഹിക്കുന്ന എഴുത്തുകാരനാണ് ഗൗരീശങ്കർ. തന്നെ ഇല്ലാതാക്കാൻ പുറപ്പെട്ട ബൈക്കിൻ്റെ മുരൾച്ച അയാളുടെ കാതുകളിൽ കേൾക്കാൻ കഴിയുന്നുണ്ട്. എഴുത്ത് എന്ന തൻ്റെ പ്രതിഷേധം, തനിക്ക് ശേഷവും പുറം ലോകത്ത് എത്തണമെന്ന അയാളുടെ ലക്ഷ്യമാണ്, ഫോട്ടോ കോപ്പി സെൻ്ററിലേക്ക് അയാളെ എത്തിക്കുന്നത്. അവളിലൂടെ തൻ്റെ പ്രതിഷേധം വായനാ സമൂഹത്തിൽ എത്തുമെന്ന് തന്നെ അയാൾ വിചാരിച്ചിരിക്കണം. അവളറിയാതെ അയാൾ അവളെ നിരീക്ഷിച്ചിരിക്കണം.
പലപ്പോഴും നമ്മളറിയാത്ത ആളുകൾക്ക് നമ്മുടെ ലൈഫിൻ്റെ മുൻ സീറ്റിൽ ഇടം കൊടുക്കേണ്ടി വരുന്നതു കൂടിയാണ് ജീവിതം.

ഗൗരിശങ്കർ, മാധ്യമപ്രവർത്തകയും സോഷ്യൽ ആക്ടിവിസ്റ്റുമായിരുന്ന കർണാടകയിലെ
ഗൗരി ലങ്കേഷിനെ ഓർമ്മപ്പെടുത്തുന്നുണ്ട്. സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകരസംഘടനാപ്രവർത്തകർ വെടിവച്ചു കൊല്ലുകയായിരുന്നു അവരെ. എന്നാൽ സിനിമയ്ക്ക് അവരുടെ ജീവിതകഥയുമായി ബന്ധമൊന്നുമില്ല. പക്ഷേ ഇന്നിൻ്റെ ഇന്ത്യയിൽ പ്രതിഷേധിക്കുന്നവർക്കെല്ലാം ഒരേ അവസാനമാണ് സംഭവിക്കുന്നതെന്ന് വേണമെങ്കിൽ വായിച്ചെടുക്കാം എന്ന് എഴുത്തുകാരികൂടിയായ സംവിധായിക പറയാതെ പറയുന്നുണ്ട്.

സിനിമ അവസാനിക്കുമ്പോൾ, അതൊരു രാത്രിയാണ്. തൻ്റെ ഫോട്ടോ കോപ്പി സെൻ്ററിൽ നിന്ന് അവൾ പുറത്തേക്കിറങ്ങുമ്പോൾ കടയാകമാനം ഒന്ന് നിരീക്ഷിക്കുന്നുണ്ട്. ഇനിയൊരിക്കലും താൻ ഇവിടെ വരില്ലായെന്ന് ആ നോട്ടം വെളിപ്പെടുത്തുന്നു. തുടർന്ന് ഷട്ടർ താഴ്ത്തുമ്പോൾ ബൈക്കുകളുടെ അലർച്ച സ്ക്രീനിനെ മൂടുന്നു. ഇതിലും മനോഹരമായി എങ്ങനെ ഒരു സിനിമ അവസാനിപ്പിക്കും.
എത്ര ഹൃദ്യവും കാവ്യവുമാണ് ഈ സിനിമയുടെ ഭാഷയെന്നത് ആശ്ചര്യം തോന്നി. ഒരു കഥ പോലെ കവിത പോലെ ഉരുവിടുന്ന സംഭാഷണങ്ങളാൽ സമൃദ്ധമാണ് ഓരോ സീനും. ഒരു വാക്കും വെറുതെ പറയുന്നില്ലായെന്നതാണ്, തിരക്കഥയുടെ ശക്തി.

നിത്യ മേനൻ മലയാളത്തിൽ മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുടെ ഇതുവരെ കാണാത്ത ഒരു അഭിനയശൈലി നമുക്ക് ഈ സിനിമയിൽ കാണാം. പതിവ് ബഹളങ്ങളില്ലാതെ, വളരെ കയ്യടക്കത്തോടെ ഗൗരിയായ വിജയ് സേതുപതിയെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാൻ വേറെ കാരണങ്ങളൊന്നുമില്ല. പ്രസാധകൻ സുഹൃത്തിൻ്റെ വേഷം ഇന്ദ്രജിത് സുകുമാരനിൽ ഭദ്രം. സാധാരണക്കാരിൽ സാധാരണക്കാരനായ നായികയുടെ അച്ഛൻ കഥാപാത്രത്തിൻ്റെ അലസ ജീവിതവും, നിസ്സഹായതയും, അടക്കിപ്പിടിച്ച സങ്കടങ്ങളും ശ്രീകാന്ത് മുരളി വ്യത്യസ്തമായി അവതരിപ്പിച്ചു. നായികയുടെ കൂട്ടുകാരനും ജോലി അന്വേഷകനും ഇന്നിൻ്റെ പ്രതിഷേധ സ്വരവുമായ ഭഗത് മാനുവലിന്റെ സഖാവും പ്രധാനപ്പെട്ട വേഷം തന്നെയാണ് ഈ ചിത്രത്തിൽ.
നായികയുടെ കൂട്ടുകാരിയായ അതുല്യയുടെ ഫാത്തിമ എന്ന കഥാപാതം ഫോട്ടോ കോപ്പി സെൻ്ററിനടുത്തുള്ള ലേഡീസ് ഷോപ്പിലെ ജോലിക്കാരിയുടേതാണ്. സമൂഹവും കുടുംബവും വരച്ചിട്ട കളങ്ങളിൽ തങ്ങളുടെ വേഷങ്ങൾ കെട്ടിയാടുക മാത്രമാണ് കടമയെന്ന് കരുതുന്ന ഫാത്തിമ വർക്കിംഗ് ഗേൾസിൻ്റെ പ്രതിനിധിയാണ്‌.

ദീപക് പറമ്പോലിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനും ഇന്ദ്രൻസിൻ്റെ പോലീസ് വേഷവും ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്നതാണ്. ഗോവിന്ദ് വസന്തയുടെ സംഗീതം, മനേഷ് മാധവന്റെ ക്യാമറ മനോജിന്റെ ചിത്രസംയോജനവും കഥയുടെ ഒഴുകിനെ മനോഹരമായി ഒഴുകാൻ സഹായിച്ചിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ കൈ പൊള്ളുന്നത് പലപ്പോഴും നിർമ്മാതാക്കളുടേതായിരിക്കും. ആന്റോ ജോസഫും നീറ്റ പിന്റോയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കെതിരെ ഇത്തരമൊരു ചിത്രമൊരുക്കാൻ മുന്നോട്ടു വന്ന അവർക്ക് ഇരുവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ്. തന്നെയാണ്. ആദാമിന്റെ മകന്‍ അബു, പത്തേമാരി എന്നീ ചിത്രങ്ങളിൽ സഹസംവിധായകയായി പ്രവർത്തിച്ച ഇന്ദുവിൻ്റെ പ്രഥമ സ്വതന്ത്ര സിനിമയാണ് 19 (1) (a).ഇന്ത്യയിൽ ഒരു മികച്ച സംവിധായക കൂടി ഉണ്ടായിരിക്കുന്നുവെന്നതിന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ