മലയാളിയ്ക്ക് അത്രയൊന്നും ദഹിയ്ക്കാത്ത ബിരിയാണി
വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ” എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയാറുണ്ട്.
99 total views

മലയാളിയ്ക്ക് അത്രയൊന്നും ദഹിയ്ക്കാത്ത ബിരിയാണി
വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ” എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയാറുണ്ട്. ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നത് ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകൾ തുടങ്ങിയ അവയിലെ പ്രധാന ഘടകങ്ങളാണ്.ബിരിയാണി എല്ലാവർക്കും ഇഷ്ടമാണ്.ഇടയ്ക്കൊക്കെ ബിരിയാണി കഴിക്കുക എന്നത് നമ്മൾ മലയാളികളുടെ ഒരു അഭിരുചിയും ശീലവുമാണ്.സജിൻ ബാബു സംവിധാനം ചെയ്ത്, കനി കുസൃതി നായികയായി അഭിനയിച്ച ‘ബിരിയാണി’ എന്ന സിനിമ പക്ഷേ മലയാളിയ്ക്ക് എത്രമാത്രം ദഹിക്കും എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്.
ദഹിക്കാതെ പിന്നെയും പിന്നെയും തികട്ടി വരുന്ന ഒരു അരുചിയാണ് ഈ സിനിമ. അപ്രിയ സത്യങ്ങൾ വേവിച്ചെടുത്ത ആവി പാറുന്ന ചുടു ബിരിയാണി പൊള്ളുന്ന നേരുകളുടെ വറച്ചട്ടിയാണ്.ബിരിയാണി എന്ന സിനിമ നഗ്നമായ കാഴ്ചകളുടെ ഒരു കാലിഡോസ്ക്കോപ്പാണ്. പല നഗ്നമായ, സത്യസന്ധമായ കാഴ്ചകളും നമുക്ക് ഇഷ്ടമല്ല. നമ്മുടെ പല ഇഷ്ടങ്ങളും പൊതിഞ്ഞുവെച്ചതാണ്. അതു കൊണ്ടാണ് ബിരിയാണിയിൽ വെളിപ്പെടുന്ന പല ചിത്രങ്ങളോടും നാം നെറ്റിചുളിക്കുന്നത്. ഇങ്ങനെയൊക്കെ തുറന്ന് കാണിക്കാമോ എന്ന് ചോദിക്കുന്നത്.
ബിരിയാണി ഒരുപക്ഷത്തോടും ചേർന്ന് നിൽക്കുന്ന സിനിമയല്ല. എല്ലാതരത്തിലുമുള്ള ഇരകളേയും ചേർത്ത് നിർത്തുന്ന കാഴ്ചകളാണ് അവ മുന്നോട്ട് വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം ചിത്രക്കാഴ്ചകള് ഒട്ടും സുഖകരമല്ല. അവ കാഴ്ചക്കാരെ പ്രകോപിപ്പിക്കാം, അവരുടെ ഹൃദയത്തിൽ ആഴത്തില് വൃണപ്പെടുത്തുന്നതായിരിക്കാം, മറ്റൊരവസരത്തിൽ അത് വന്യവും ക്രൂരവുമായി പരിണമിക്കാം. എന്നാൽ എല്ലാ കാഴ്ചകളും നൂറു ശതമാനവും സത്യസന്ധമായ നിരീക്ഷണങ്ങളാണ് എന്നതാണ് ബിരിയാണിയെന്ന കലാരൂപത്തിന്റെ പ്രസക്തിയും രുചിയും.
ബിരിയാണി സുതാര്യമായ കാഴ്ചയുടെ ചിത്രീകരണമാണ്. കിടപ്പറയിലെ നഗ്നതയും, അഗ്രചർമ്മം മുറിക്കുന്ന ചടങ്ങും, ആട് മാടിന്റെ കഴുത്തിൽ കത്തിവെയ്ക്കുമ്പോൾ തെറിയ്ക്കുന്ന ചോരയും, സ്വയം ഭോഗത്തിന്റെ ജാലക കാഴ്ചകളും, ലൈംഗിക തൊഴിലാളിയുടെ ജീവിതവുമൊക്കെ നഗ്നമായി വെളിപ്പെടുത്തുന്ന വെല്ലു വെല്ലുവിളികളാണ്, ഈ സിനിമയുടെ സ്വാതന്ത്ര്യവും വിജയവും.
ബിരിയാണി മുസ്ലിം മത സ്ഥാപനങ്ങളിലെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന കപടതയെ മറനീക്കി കാണിക്കുന്നുണ്ട്. അവസാനത്തെ ആശ്രയമെന്ന് കരുതി എത്തിപ്പെടുന്ന അഭയസ്ഥാനം, പലപ്പോഴും അരക്ഷിതമാക്കുന്നുണ്ട് ജീവിതങ്ങളെ. അതിന്റെ പൊള്ളത്തരങ്ങൾ സംരക്ഷിക്കേണ്ടവരെ തഴയുകയും കല്ലെറിയാൻ കുട പിടിക്കുകയും ചെയ്യുമ്പോൾ, വേട്ടക്കാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നു.
ഐ എസ് പോലുള്ള തീവ്രവാദ സംഘങ്ങളിലേക്ക് ആകർഷിക്കപ്പെടുന്ന യുവാക്കളുടെ യാത്രകൾ ഒരിക്കലും അവരുടെ കുടുംബങ്ങളെ അറിയിച്ചോ അവരുടെ അനുമതി തേടിയോ ആയിരിക്കില്ല. എന്നാൽ ഭരണകൂടവും പോലീസും അവരുടെ കുടുംബങ്ങളെ വേട്ടയാടുന്നത് ഭീകരരായ രാജ്യദ്രോഹികളോടെന്നവിധമാണ്. ഖദീജയെന്ന സിനിമയിലെ നായികയും അത്തരം വേട്ടയാടലിന്റെ ഇരയായി കുടുംബ ജീവിതം മൊഴി ചൊല്ലി വഴിയാധാരമായി പോയവളാണ്. വീട് നഷ്ടപ്പെട്ടവളാണ്. സമൂഹം കല്ലെറിഞ്ഞവളാണ്. പോലീസ് വേട്ടയാടിയവളാണ്.
സിനിമയിൽ നിരന്തരമായി കാണിക്കുന്ന ടി.വി.ചാനലുകളുടെ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതാണ്. സമൂഹത്തിലെ സംഭവങ്ങളെ ചർച്ച ചെയ്ത് ശർദ്ദിക്കുന്ന ഇത്തരക്കാർക്ക്, ( വെറും കക്ഷി രാഷ്ട്രീയക്കാരുടെ വിവരക്കേടുകൾ) അതനുഭവിക്കുന്നവരുടെ ജീവിതവുമായി പുലബന്ധ പോലും ഇല്ലായെന്ന് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. പരമ്പരാഗതമായി സ്ത്രീ ജീവിച്ചു പോരുന്ന ഒരു സാധാരണ കിടപ്പറ രംഗത്തിലൂടെയാണ് ബിരിയാണി എന്ന സിനിമ തുടങ്ങുന്നത്. എന്നാൽ അവൾ ആഗ്രഹിക്കുന്ന, സ്വപ്നം കാണുന്ന ഒരു കിടപ്പറയുടെ ഫാന്റസിയുടെ കാഴ്ചയിലാണ് സിനിമ അവസാനിക്കുന്നത്.കനി കുസൃതി അവതരിപ്പിച്ച ഖദീജ എന്ന സ്ത്രീ ജീവിതത്തിലൂടെ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ അരക്ഷിതജീവിതം പച്ചയായി വെളിപ്പെടുത്തുന്നു സംവിധായകൻ സജിൻ ബാബു. പുരുഷകേന്ദ്രീകൃത വ്യവസ്ഥയിൽ അഭിരമിക്കുന്ന മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിൽ സ്ത്രീയുടെ അതിജീവന കഥകൾ മുമ്പും കാഴ്ചക്കാർക്കു മുന്നിലെത്തിയിട്ടുണ്ട്. എന്നാൽ ഖദീജ നേരിട്ട ജീവിതം പറയാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. മത വിരോധമെന്ന സാദ്ധ്യത പലരേയും വൃണപ്പെടുത്തും, അതിന്റെ പ്രതിപ്രവർത്തനങ്ങൾ പലപ്പോഴും ഭീകരമായത് നാം കണ്ടതാണ്. അറ്റുപോയ ജീവിതങ്ങളുണ്ട്.
ആ വെല്ലുവിളിയെ .അതിജീവിച്ചാണ് ബിരിയാണിയുടെ സംവിധായകൻ കാഴ്ചയെ രുചികരമായി വിളമ്പിയത്.ഖദീജയായി കനി കുസൃതി,സുഹ്ര ബീവിയായി ഷൈലജ ജല,മുഹമ്മദ് ബിജിൽ എന്ന മുസ്ല്യാരായി വേഷമിട്ട സുർജിത്ത് ഗോപിനാഥ്,എൻ.ഐ.എ ഓഫീസറായി അനിൽ നെടുമങ്ങാട്, ജേണലിസ്റ്റായി മിനി ഐ.ജി.നസീറായി തോന്നയ്ക്കൽ ജയചന്ദ്രൻ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കേരള സർക്കാറിന്റെ കഴിഞ്ഞ വർഷത്തെ മികച്ച നടിയ്ക്കുള്ള പുരസ്ക്കാരം ഖദീജയിലൂടെ കനി കരസ്ഥമാക്കി. 42-ാമത് മോസ്കോ ചലച്ചിത്രമേളയിലെ മികച്ച നടി. റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ്.
സ്പെയിനിലെ മാഡ്രിഡിൽ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം.ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജൻ അവാർഡ്.റോമിൽ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങളിലുടെയാണ് ഈ ബിരിയാണിയുടെ സുഗന്ധം പരക്കുന്നത്.
100 total views, 1 views today
