‘കലാമണ്ഡലം ഹൈദരാലി’ ഒരു ക്ലാസിക്കൽ സിനിമയാണ്
ഓട്ടുപാറയിൽ നിന്നും ലോകം അറിയപ്പെടുന്ന കലാകാരനായി, കഥകളിപ്പാട്ടുകരനായി വളർന്ന ഹൈദരാലിയുടെ ജീവിതം ഒരു പാട് തിരസ്ക്കാരങ്ങളുടേതായിരുന്നു
206 total views

രമേഷ് പെരുമ്പിലാവ്
‘കലാമണ്ഡലം ഹൈദരാലി’ ഒരു ക്ലാസിക്കൽ സിനിമയാണ്
ഓട്ടുപാറയിൽ നിന്നും ലോകം അറിയപ്പെടുന്ന കലാകാരനായി, കഥകളിപ്പാട്ടുകരനായി വളർന്ന ഹൈദരാലിയുടെ ജീവിതം ഒരു പാട് തിരസ്ക്കാരങ്ങളുടേതായിരുന്നു. സംഗീതത്തെ ദൈവമായി പറയുന്നവർക്കും ഹൈദരാലി മറ്റൊരു മതത്തിൽ ജനിച്ചവനായതിനാൽ തൊട്ടു കൂടാത്തവനാേ അശുദ്ധമുള്ളവനാേ ആയിരുന്നു.
അവഹേളനങ്ങളുടെ പഠന കാലവും തൊഴിൽ കാലവും പിന്നിട്ടത് ഹൈദരാലി തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചേർത്ത് പിടിച്ചവരും ഒട്ടേറെയുണ്ടായിരുന്നു. വള്ളത്തോളും എം.കെ.കെ. മേനോനുമൊക്കെ അവരിൽ ചിലർ.
രാജ്യാതിർത്തികൾ കടന്ന് പാടി പേരെടുത്തപ്പോഴും സ്വന്തം നാട്ടിൽ അയാൾ അന്യ മതസ്ഥനായി തുടർന്നുപോന്നു. കാലങ്ങളെടുത്തു ചില മതിലുകൾ പൊളിച്ച് കളയാൻ, ദൈവങ്ങളെ ഒന്നു കൈ നീട്ടിയാൽ തൊടാവുന്ന അകലത്തിൽ ചേർത്തുനിർത്തി പാട്ടുപാടിക്കാൻ.
കഥകളിസംഗീതത്തിനു തനതായ ഒരു മുഖം നൽകാനും കഥകളിയിൽ നിന്നു വേറിട്ടു കഥകളിസംഗീതത്തിനെ പ്രത്യേകമായി അനുവാചകരിലെത്തിക്കുവാനും കഴിഞ്ഞ ഒരു ജനകീയകലാകാരനാണ് കലാമണ്ഡലം ഹൈദരാലി.
ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം. ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനാണ്. സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ ആലാപനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി എതിർപ്പുകളെ നേരിട്ടാണ് ഹൈദരാലി കലാപ്രവർത്തനം നടത്തിയത്.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ മൊയ്തൂട്ടിയുടെയും ഫാത്തിമയുടെയും മകനായി 1946 ഒക്ടോബർ ആറിന് ജനിച്ച ഹൈദരാലി കടുത്ത ദാരിദ്ര്യലാണ് കുട്ടിക്കാലം ചെലവഴിച്ചത്. ബാല്യം മുതൽ സംഗീതം ഇഷ്ടപ്പെട്ട ഹൈദരാലി പാട്ടുകാരൻ ബാപ്പൂട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കലാമണ്ഡലത്തിലെത്തിയതോടെ കഥകളി സംഗീതമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞു. പതിനൊന്നാം വയസിൽ അഞ്ചാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം കലാമണ്ഡലത്തിൽ കഥകളിസംഗീതവിദ്യാർത്ഥിയായി. കഥകളിസംഗീതത്തിൽ നിരവധി എതിർപ്പുകളെ നേരിട്ടാണ് ഹൈദരാലി പ്രവർത്തിച്ചത്. പിന്നീട് ഈ രംഗത്തുള്ള തന്റെ കഴിവു മൂലം യാഥാസ്ഥിതികരെ നിശ്ശബ്ദനാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1957 മുതൽ 65 വരെ കലാമണ്ഡലത്തിൽ കഥകളിസംഗീതം അഭ്യസിച്ച ഹൈദരാലി നീലകണ്ഠൻനമ്പീശൻ, ശിവരാമൻനായർ, കാവുങ്ങൽ മാധവപ്പണിക്കർ, കലാമണ്ഡലം ഗംഗാധരൻ എന്നിവരിൽ നിന്നും കഥകളിപ്പദം പഠിച്ചു. 1960ലായിരുന്നു അരങ്ങേറ്റം. പിന്നീട് കളമശ്ശേരിയിലെ ഫാക്ടിൽ കഥകളി അദ്ധ്യാപകനായി. കലാമണ്ഡലത്തിൽ വിസിറ്റിംഗ് പ്രഫസറായും പ്രവർത്തിച്ചു.
എഴുത്തുകാരൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടു. ‘ഓർത്താൽ വിസ്മയം’ എന്ന പേരിൽ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശത്തും സ്വദേശത്തുമായി ഒട്ടനവധി വേദികളിൽ കഥകളി സംഗീതമവതരിപ്പിച്ചു. കഥകളിസംഗീതവും കർണ്ണാടക സംഗീതവും താരതമ്യപ്പെടുത്തിയുള്ള ഗവേഷണത്തിന് കേന്ദ്ര മാനവശേഷിവിഭവവകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചു.
പദങ്ങൾ ആവർത്തിച്ച് പാടേണ്ടിവരുമ്പോൾ വൈവിധ്യമാർന്ന സംഗതികൾ കോർത്തിണക്കാൻ ഹൈദരാലി ശ്രദ്ധിച്ചിരുന്നു. പലപ്പോഴും അരങ്ങിലെ നടീനടന്മാരെ മറന്ന് സംഗീതത്തിന്റെ ഭാവത്തിൽ ലയിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആലാപനശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായി. പക്ഷേ ഹൈദരാലി തന്റെ രീതിയിൽ ഉറച്ചുനിൽക്കുകയും കഥകളിസംഗീതത്തിൽ ആ ശൈലിക്ക് സ്വീകാര്യത നേടുകയും ചെയ്തു.
സംഗീതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നാടൻപാട്ട് തൊട്ട് ശാസ്ത്രീയ സംഗീതകച്ചേരിയുടെ അവതരണം വരെയുള്ള എല്ലാ മേഖലകളിലും അദ്ദേഹം സ്വന്തം സ്ഥാനം അദ്വിതീയം എന്ന് തെളിയിച്ചു. കർണാടക സംഗീതത്തിന്റെയോ കഥകളിയുടെയോ പശ്ഛാത്തലവും അറിവുമില്ലാതെ കലാമണ്ഡലത്തിലെത്തിയ ഹൈദരാലി കഥകളി സംഗീതത്തിലെ കുലപതിയായി മാറുകയായിരുന്നു. 2006 ജനുവരി അഞ്ചിന് തൃശ്ശൂർ-ഷൊർണൂർ റോഡിലുണ്ടായ ഒരു വാഹനാപകടത്തിൽ ഹൈദരാലി മരണപ്പെട്ടു.
ക്ലാസിക്കൽ സിനിമയുടെ തലത്തിലേയ്ക്ക് ഉയർന്നിട്ടുള്ള ഈ ചലച്ചിത്രം, കിരൺ ജി. നാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ ഷോട്ടുകളിലും പ്രതിഭയുള്ള കലാകാരന്റെ കൈവിരുത് പ്രകടമാക്കുന്ന സംവിധാന മികവ് പ്രശംസനീയമാണ്. കലാമണ്ഡലം ഹൈദരാലിയുടെ അനുഭവ പരിസരങ്ങൾ, ഹൈദരാലി തന്നെ നരേറ്ററായി കഥ പറയുന്ന രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
അജു നാരായണനാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. ഛായഗ്രഹണം എം.ജെ രാധാകൃഷ്ണൻ. നിർമ്മാണം: വിനീഷ് മോഹൻ, ബാനർ: വേധാസ് ക്രിയേഷൻസ്, എഡിറ്റിംഗ്: മിഥുൻ, സംഗീതം: അനിൽ ഗോപാൽ, ആലാപനം: കോട്ടയ്ക്കൽ മധു, നൃത്ത സംവിധാനം കലാമണ്ഡലം വിമല, കലാമണ്ഡലം ഗണേശൻ.
അശോകൻ, ടി.ജി. രവി, ജയപ്രകാശ് കുളൂർ, റെയ്ഹാൻ ഹൈദരലി, കുടമാളൂർ മുരളി കൃഷ്ണൻ, പുൺണിയൂർക്കോണം ജയൻ, രഞ്ജൻ, മീര നായർ, പാരിസ് ലക്ഷ്മി, വാണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
207 total views, 1 views today
